Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>മുദ്രകള്‍



ഇസ്ലാമിസ്റുകളുമായി അമേരിക്ക ചര്‍ച്ചക്ക് തയാറാവണം

 

 

 
 


അമേരിക്കയുടെ ആഭ്യന്തരവും വൈദേശികവുമായ നയരൂപവത്കരണത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന ബുദ്ധികേന്ദ്രം ഏതെന്ന് ചോദിച്ചാല്‍ ബ്രൂക്കിംഗ്സ് എന്നാവും മിക്കവരുടെയും മറുപടി. ഇതിന് ലോകത്തിന്റെ പല ഭാഗങ്ങളിലും ശാഖകളുണ്ട്. മധ്യ പൌരസ്ത്യ ദേശത്തെക്കുറിച്ച് പഠിക്കാന്‍ മാത്രമായി ഒരു ശാഖയുണ്ട്- സാബന്‍ സെന്റര്‍. ഇതിലെ ഗവേഷകനായ ശാദി ഹമീദ് ഈയിടെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ മുമ്പാകെ ഒരു നിര്‍ദേശം വെച്ചു: ഇസ്ലാമിസ്റുകളായ ജോര്‍ദാനിലെയും ഈജിപ്തിലെയും ഇഖ്വാനികളുമായി അമേരിക്ക രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തയാറാകണം. അല്ലാത്ത പക്ഷം മിതവാദികളായ ഈ ഇസ്ലാമിസ്റ് ഗ്രൂപ്പുകളുടെ അഭാവം രാഷ്ട്രീയ രംഗത്തുണ്ടാക്കുന്ന ശൂന്യതയിലേക്ക് ചില സലഫി തീവ്രവാദി വിഭാഗങ്ങള്‍ കയറിയിരിക്കാനുള്ള സാധ്യതയുണ്ട്!
തന്റെ വാദമുഖങ്ങള്‍ സമര്‍ഥിക്കുന്ന ഒരു ലേഖനവും ശാദി ഹമീദ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇസ്ലാമിസ്റുകള്‍ ഉള്‍പ്പെടെ എല്ലാ പ്രതിപക്ഷ ഗ്രൂപ്പുകള്‍ക്കും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സ്വതന്ത്രമായി പങ്കാളികളാകാനുള്ള അവസരം അമേരിക്ക ഒരുക്കിക്കൊടുക്കണമെന്നാണ് ആദ്യത്തെ നിര്‍ദേശം. നിരന്തരം തെരഞ്ഞെടുപ്പ് കൃത്രിമങ്ങളുടെ ഇരകളായിക്കൊണ്ടിരിക്കുകയാണ് ഈജിപ്തിലെ ഇഖ്വാനും ജോര്‍ദാനിലെ ഇസ്ലാമിക് ആക്ഷന്‍ ഫ്രന്റും. പലപ്പോഴും ഈ രണ്ട് പാര്‍ട്ടികളെയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കുന്നുമില്ല. ഇത് നിലവിലുള്ള ഭരണകൂടങ്ങളുടെ നിയമസാധുത ഇല്ലാതാക്കുക മാത്രമല്ല, തീവ്രവാദി സംഘങ്ങളുടെ വളര്‍ച്ചക്ക് വഴിയൊരുക്കുകയും ചെയ്യും. കുവൈത്തിലെ കോണ്‍സ്റിറ്റ്യൂഷനല്‍ മൂവ്മെന്റ്, യമനിലെ ഇസ്ലാഹ് പാര്‍ട്ടി, മൊറോക്കോയിലെ ജസ്റിസ് ആന്റ് ഡവലപ്മെന്റ് പാര്‍ട്ടി തുടങ്ങിയ മിതവാദ ഇസ്ലാമിക കക്ഷികളോടും ഇതേ നിലപാട് തന്നെ കൈകൊള്ളണമെന്നാണ് ശാദി ഹമീദിന്റെ വാദം. ഹിസ്ബുല്ലയെയും ഹമാസിനെയും അദ്ദേഹം ഈ ലിസ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അവ മിലിറ്റന്റ് സ്വഭാവം കൈവിട്ടിട്ടില്ല എന്നദ്ദേഹം പറയുന്നു. അതേസമയം ആ രണ്ട് വിഭാഗങ്ങളും തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ പങ്കാളികളായി ജനാധിപത്യ രീതികള്‍ സ്വായത്തമാക്കുന്നത് രചനാത്മകമായ മാറ്റമാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
അഴിമതിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും രാഷ്ട്രീയ പരിഷ്കരണത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന ഇസ്ലാമിസ്റുകളല്ലാതെ അറബ് നാടുകളിലൊരിടത്തും മറ്റു രാഷ്ട്രീയ ബദലുകളില്ല എന്നാണ് ശാദി ഹമീദ് മുന്നോട്ടുവെക്കുന്ന ന്യായം. ഈ പ്രസ്ഥാനങ്ങള്‍ ജനാധിപത്യത്തോടും മറ്റും സ്വീകരിക്കുന്ന ഉദാര സമീപനങ്ങള്‍ എടുത്ത് കാണിക്കുകയും ചെയ്യുന്നു. ഈജിപ്തിലെ ഇഖ്വാന്‍ ഇംഗ്ളീഷില്‍ ഒരു വെബ് സൈറ്റ് തന്നെ തുടങ്ങിയത് (ikhwanweb.com) പാശ്ചാത്യ മാധ്യമ പ്രവര്‍ത്തകരുമായും ഗവേഷണ കേന്ദ്രങ്ങളുമായും എന്‍.ജി.ഒകളുമായും അടുത്ത ബന്ധം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ്. മൊറോക്കോയിലെ ജസ്റിസ് പാര്‍ട്ടി പ്രതിനിധികള്‍ സ്പെയിനും ഫ്രാന്‍സും സന്ദര്‍ശിച്ച് അവിടത്തെ ഉയര്‍ന്ന നേതാക്കളുമായി ആശയവിനിയമം നടത്തിയതും ശ്രദ്ധേയമാണ്.
ഒബാമ ഭരണകൂടവുമായി ചര്‍ച്ചക്കുള്ള സാധ്യത നിലനില്‍ക്കുന്നില്ലെന്നാണ് നിര്‍ദേശത്തോട് പ്രതികരിച്ചുകൊണ്ട് ജോര്‍ദാനിലെ ഇഖ്വാന്‍ നേതാവ് ഡോ. ഹമ്മാം സഈദ് അഭിപ്രായപ്പെട്ടത്. "അഫ്ഗാന്‍, ഇറാഖ്, ഫലസ്ത്വീന്‍ പ്രശ്നങ്ങളില്‍ അമേരിക്കയുടെ ശത്രുതാപരമായ നിലപാട് മാറ്റാത്തേടത്തോളം ചര്‍ച്ചക്ക് എന്ത് പ്രസക്തി?'' അദ്ദേഹം ചോദിക്കുന്നു.

ഗ്രൌണ്ട് സീറോയിലെ 'പള്ളി'
സെപ്റ്റംബര്‍ പതിനൊന്ന് ആക്രമണം നടന്നിട്ട് ഏകദേശം ഒരു പതിറ്റാണ്ടാവാറായി. എന്നിട്ടും നാം കാര്യമായൊന്നും പഠിച്ചിട്ടില്ല. പരസമൂഹ വിദ്വേഷവും ഇസ്ലാമോഫോബിയയും സാംക്രമിക രോഗം പോലെ പടരുന്ന അമേരിക്കയില്‍, മിക്ക അമേരിക്കക്കാര്‍ക്കും യഥാര്‍ഥ ശത്രു ആരാണെന്ന് തിരിച്ചറിയാനാവുന്നില്ല. ഭീകരാക്രമണം നടന്ന ഗ്രൌണ്ട് സീറോയില്‍ പണിയുമെന്ന് പറയപ്പെടുന്ന പള്ളിയെക്കുറിച്ച് ഉയര്‍ന്നുവന്നിട്ടുള്ള വിവാദങ്ങള്‍ ഈ സത്യം ഉറക്കെ വിളിച്ചു പറയുന്നുണ്ട്. ഇതൊരു പള്ളിയെ ചൊല്ലിയുള്ള വിവാദം മാത്രമാണെന്ന് ധരിക്കരുത്. യഥാര്‍ഥ പ്രശ്നം അമേരിക്കന്‍ മുസ്ലിം സമൂഹവുമായും മതസ്വാതന്ത്യ്രവുമായും ബന്ധപ്പെട്ടതാണ്. പള്ളി വിവാദം അതിനൊരു നിമിത്തമായെന്ന് മാത്രം.
ഈ വിവാദത്തില്‍ ഉന്നയിക്കപ്പെടുന്ന പലതും അവാസ്തവങ്ങളാണ്. വിവാദത്തില്‍ പെട്ട നിര്‍ദിഷ്ട പ്രോജക്ട് - പാര്‍ക്ക് 51 പ്രോജക്ട് എന്നാണതിന്റെ പേര്- ഒരു പള്ളി മാത്രമല്ല, കൊര്‍ദോവ ഇനീഷിയേറ്റീവ് എന്ന കൂട്ടായ്മക്ക് കീഴിലുള്ള ഒരു സാംസ്കാരിക കേന്ദ്രമാണ്. കെട്ടിടത്തില്‍ ഒരുക്കുന്ന നിരവധി സൌകര്യങ്ങളില്‍ ഒരു പ്രാര്‍ഥനാ മുറിയും പെടുമെന്ന് മാത്രം. ഇതിന് പള്ളി എന്നു പോലും പറയാന്‍ പറ്റുമോ എന്ന് സംശയമാണ്. പള്ളി സ്ഥാപിക്കാന്‍ പോകുന്നത് ഗ്രൌണ്ട് സീറോയില്‍ ആണ് എന്നതാണ് മറ്റൊരു അവാസ്തവം. ഗ്രൌണ്ട് സീറോയില്‍നിന്ന് രണ്ട് ബ്ളോക്ക് അകലെ അംബരചുംബികള്‍ക്കിടയില്‍ ഒരു കൊച്ചു കെട്ടിടമാണ് നിര്‍ദിഷ്ട പ്രോജക്ട്. ന്യൂയോര്‍ക്ക് സിറ്റിയില്‍ മാത്രം നൂറിലധികം പള്ളികളുണ്ട്. ഇതിലൊന്ന് ഗ്രൌണ്ട് സീറോയില്‍ നിന്ന് നാല് ബ്ളോക്ക് മാത്രം അകലെയാണ്. പള്ളിവിരുദ്ധ പ്രക്ഷോഭകരുടെ ന്യായമനുസരിച്ച് ഈ പള്ളികളും പൊളിച്ച് നീക്കേണ്ടിവരില്ലേ?
ലാന്റ് മാര്‍ക്സ് പ്രിസര്‍വേര്‍ഷന്‍ കമീഷന്‍ എന്ന സ്ഥാപനം പ്രോജക്ടിന് നിയമ സാധുത നല്‍കിയ ശേഷമാണ് റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാരും നവയാഥാസ്ഥിതികരും പ്രക്ഷോഭവുമായി ഇറങ്ങിയത്. തീവ്രവാദി ഗ്രൂപ്പുകളാണ് സംരംഭത്തിന് പിന്നിലെങ്കില്‍ പ്രക്ഷോഭകരുടെ വാദങ്ങളെ ന്യായീകരിക്കാമായിരുന്നു. പക്ഷേ, ഫൈസല്‍ അബ്ദുര്‍റഊഫ് എന്ന മിതവാദിയായ സ്വൂഫി പണ്ഡിതനാണ് ഇതിന് മേല്‍നോട്ടം വഹിക്കുന്നത്. അദ്ദേഹത്തിന്റെ ഒപ്പമുള്ളവരും മതങ്ങള്‍ തമ്മിലുള്ള സമാധാനപരമായ സഹവര്‍ത്തിത്വത്തിന് ഊന്നല്‍ നല്‍കുന്നവരാണ്. ഈ കൂട്ടായ്മയുടെ പേര് തന്നെ 'കൊര്‍ദോവ സംരംഭം' എന്നാണല്ലോ. ജൂതന്മാരും ക്രിസ്ത്യാനികളും മുസ്ലിംകളും ഒരുമയോടെ കഴിഞ്ഞിരുന്ന പത്താം നൂറ്റാണ്ടിലെ മുസ്ലിം സ്പെയിനിന്റെ ആസ്ഥാനമായിരുന്നല്ലോ കൊര്‍ദോവ. "തീവ്രവാദികള്‍ പ്രചരിപ്പിക്കുന്ന ആശയങ്ങള്‍ക്ക് മറുമരുന്നായി''ട്ടാണ് തങ്ങള്‍ ഈ സംരംഭം തുടങ്ങിയതെന്ന് അബ്ദുര്‍റഊഫിന്റെ ഭാര്യ ഡെയ്സി ഖാനും പറയുന്നു.
ഇതൊന്നും പ്രക്ഷോഭകര്‍ക്ക് അറിയാത്തതല്ല. എന്നിട്ടും നിര്‍ദിഷ്ട പ്രോജക്ടിനെ ഒരു 'ഭീകരവാദ സ്മാരക'മാക്കി അവര്‍ മുദ്രകുത്തുന്നത്, മുസ്ലിംകളില്‍ മിതവാദികളില്ല എന്ന് വ്യംഗമായി സൂചിപ്പിക്കാനാണ്. ഇതാണ് പ്രശ്നത്തിന്റെ മര്‍മം.
ഇങ്ങനെ ശ്രദ്ധേയമായ ഒട്ടേറെ നിരീക്ഷണങ്ങളടങ്ങുന്നതാണ് ബ്രിട്ടറോസ് 'കൌണ്ടര്‍ കറന്റ്സി'ല്‍ എഴുതിയ "ഗ്രൌണ്ട് സീറോയില്‍ ഒരു 'പള്ളി' നിര്‍മിക്കപ്പെടണം'' എന്ന ലേഖനം (countercurrents.org , 2010 ആഗസ്റ് 12).
മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് റഷ്യ വഴികാട്ടുന്നു
ഈജിപ്ത്, ടുണീഷ്യ പോലുള്ള അറബ് നാടുകളില്‍ പാഠപുസ്തകങ്ങളിലെ 'മതവത്കരണ'ത്തിനെതിരെ ഭരണകൂടത്തിന്റെ നിര്‍ലോഭ പിന്തുണയോടെ മീഡിയാ പ്രചാരണം ശക്തിപ്പെട്ടിരിക്കുകയാണ്. മതവുമായി (ഇസ്ലാമുമായി) ബന്ധപ്പെട്ട സകലതും പാഠ്യപദ്ധതികളില്‍നിന്ന് നീക്കാനുള്ള മണ്ണൊരുക്കമാണ് നടത്തുന്നത്. അഭിവാദ്യ വാക്യമായ 'അസ്സലാമു അലൈകും' പോലും നീക്കം ചെയ്യണമെന്ന് ഒരു മീഡിയാ വിദ്വാന്‍ ആവശ്യപ്പെട്ടതായി പ്രശസ്ത അറബ് പത്രപ്രവര്‍ത്തകന്‍ ഫഹ്മീ ഹുവൈദി തന്റെ കോളത്തില്‍ എഴുതുന്നു.
ഈ ബഹളത്തിനിടയില്‍ തീര്‍ത്തും അപ്രതീക്ഷിതമായ ഒരു കോണില്‍നിന്ന് മതവത്കരണത്തിന് ആഹ്വാനമുയരുന്നത് കൌതുകമുണര്‍ത്തുന്നു. റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവാണ് റഷ്യന്‍ കലാലയങ്ങളിലെ പാഠ്യപദ്ധതിയില്‍ മതമൂല്യങ്ങള്‍ക്ക് അര്‍ഹമായ ഇടം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യന്‍ ഇസ്ലാമിക് കൌണ്‍സില്‍ പ്രസിദ്ധീകരിക്കുന്ന 'ഇസ്ലാം റഷ്യയില്‍' എന്ന മാഗസിന്‍ 'വിപ്ളവകരമായ ചുവടുവെപ്പ്' എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. സാര്‍ ഭരണത്തിലോ സോവിയറ്റ് കാലഘട്ടത്തിലോ ഇതുപോലൊരു നീക്കം സ്വപ്നം കാണാനാകുമായിരുന്നില്ലെന്ന് പത്രം വിലയിരുത്തുന്നു. എന്നല്ല, മതത്തിന്റെ സകല ചിഹ്നങ്ങളും തൂത്തുമാറ്റാനുള്ള ശ്രമങ്ങളാണല്ലോ സോവിയറ്റ് കാലഘട്ടത്തിലുടനീളം അരങ്ങേറിയത്. പ്രശസ്ത റഷ്യന്‍ നോവലിസ്റ് ഡസ്റോവസ്കിയിടെ ഒരു കഥാപാത്രം 'ദൈവം ഇല്ലെങ്കില്‍ എന്തും പിന്നെ അനുവദനീയമാണല്ലോ' എന്ന് പറയുന്നുണ്ട്. ഈ അപകടം മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള നീക്കമാണ് ഭരണകൂടം നടത്തുന്നതെന്നും പത്രം വിലയിരുത്തുന്നു. വ്യാപകമാകുന്ന ലഹരി ഉപയോഗവും കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയും ഭീതിദമാം വിധം കുറഞ്ഞുവരുന്ന ജനസംഖ്യയും ഉപഭോഗസംസ്കാരത്തിന്റെ മറ്റു ദൂഷ്യങ്ങളും മതമൂല്യങ്ങളിലേക്ക് തിരിച്ചുപോകാന്‍ ഭരണകൂടത്തിന് പ്രേരണയായിട്ടുണ്ട്.
40 മില്യന്‍ വരുന്ന റഷ്യന്‍ മുസ്ലിംകളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് നിലവിലെ പ്രസിഡന്റ്. ഒട്ടേറെ പള്ളികള്‍ നിര്‍മിക്കാനും ജീര്‍ണിച്ചവ പുനരുദ്ധരിക്കാനും ഇതുവഴി സാധിച്ചിട്ടുണ്ട്. 96 ദീനീ കലാലയങ്ങളും ഏഴ് ഇസ്ലാമിക് യൂനിവേഴ്സിറ്റികളും തുടങ്ങാനുള്ള അനുവാദം അദ്ദേഹം നല്‍കുകയുണ്ടായി. അടുത്തുതന്നെ ഒരു ഇസ്ലാമിക ചാനലും അവര്‍ തുടങ്ങാനിരിക്കുകയാണ്. പ്രസിഡന്റ് മെദ്വദേവ് ഈയിടെയാണ് മോസ്കോയിലെ പ്രസിദ്ധമായ ജുമാ മസ്ജിദ് സന്ദര്‍ശിച്ചത്. നാളിതുവരെയുള്ള റഷ്യന്‍ പ്രസിഡന്റുമാരൊന്നും ഇതുപോലൊരു സന്ദര്‍ശനം നടത്തിയിട്ടില്ല. ഈ ക്രിയാത്മക ചുവടു വെപ്പുകള്‍ കാരണമായിത്തന്നെയാവണം റഷ്യക്ക് മുസ്ലിം രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയില്‍ നിരീക്ഷക പദവി ലഭിച്ചത്. ഇസ്ലാമിനെതിരെ യുദ്ധം പ്രഖ്യാപിച്ച മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് റഷ്യ വഴികാട്ടുന്നു!
അഫ്ഗാനില്‍ കണക്കുകള്‍ പിഴക്കുന്നു
ഒബാമയുടെ അഫ്ഗാന്‍ നയങ്ങളെക്കുറിച്ച പരാമര്‍ശങ്ങളെത്തുടര്‍ന്ന് സ്ഥാനമൊഴിയേണ്ടി വന്ന അഫ്ഗാന്‍ യു.എസ് സൈനിക കമാണ്ടര്‍ ജനറല്‍ സ്റാന്‍ലി മാക് ക്രിസ്റലിന്റെ വെളിപ്പെടുത്തലുകള്‍, അഫ്ഗാനില്‍ അമേരിക്കയുടെ കണക്കുകൂട്ടലുകള്‍ പാളുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്. അഫ്ഗാന്‍ അധിനിവേശത്തിന് ഒമ്പത് വര്‍ഷം തികയുന്ന വേളയില്‍ സി.ബി.എസ് ന്യൂസ് പോളിംഗ് യൂനിറ്റ് നടത്തിയ സര്‍വേ പ്രകാരം 62 ശതമാനം അമേരിക്കക്കാരും അഫ്ഗാനില്‍ അമേരിക്കയുടെ കണക്കുകൂട്ടലുകള്‍ തെറ്റിയാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് അഭിപ്രായപ്പെടുന്നു. 33 ശതമാനം പേരും സേന ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഇനി അഫ്ഗാനില്‍ നില്‍ക്കരുതെന്ന പക്ഷക്കാരാണ്. 54 ശതമാനം പേര്‍ അഫ്ഗാനില്‍ നിന്ന് പിന്‍വാങ്ങാന്‍ അമേരിക്ക സമയക്രമം തയാറാക്കണമെന്ന് അഭിപ്രായപ്പെട്ടു. അധിനിവേശത്തില്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഈ വര്‍ഷമാണെന്ന് അഫ്ഗാന്‍ റൈറ്റ്സ് മോണിറ്റര്‍ (എ.ആര്‍.എം) എന്ന മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഒബാമ 30,000 അമേരിക്കന്‍ സേനയെ അധികമായി അഫ്ഗാനില്‍ വ്യന്യസിച്ചിട്ടും സ്ഥിതിഗതികളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കാനായിട്ടില്ല.
സൈനികരുടെ എണ്ണം വര്‍ധിപ്പിച്ചത് ഏറ്റുമുട്ടലുകള്‍ വര്‍ധിക്കാനും അതുവഴി മരണസംഖ്യ കൂടാനും മാത്രമേ ഉപകരിച്ചിട്ടുള്ളൂ. ഒബാമയുടെ അഫ്ഗാന്‍ നയങ്ങള്‍ പരാജയത്തിലേക്ക് നീങ്ങുകയാണെന്നാണ് മുന്‍ ഡെപ്യൂട്ടി ദേശീയ സെക്യൂരിറ്റി ഉപദേഷ്ടാവ് റോബര്‍ട്ട് ഡി. ബ്ളാക്ക് വെല്ലിന്റെയും അഭിപ്രായം. അഫ്ഗാന്‍ ജില്ലകളില്‍ പ്രത്യേകിച്ച് തെക്കന്‍ അഫ്ഗാനിലെ പുഷ്ത്തൂണ്‍ മേഖലയില്‍ താലിബാന്‍ നേടിയെടുത്ത സ്വാധീനം എല്ലായിടത്തേക്കും വ്യാപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. 121 ജില്ലകളില്‍ 92-കളിലും താലിബാന് വ്യക്തമായ സഹായം ലഭിക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ പെന്റഗണ്‍ വിലയിരുത്തല്‍.
അഫ്ഗാന്‍ ആക്രമണം അമേരിക്കന്‍ നികുതിദായകര്‍ക്ക് ഓരോ വര്‍ഷവും 200 മില്യന്‍ ഡോളര്‍ വരെ അധികഭാരം ഏല്‍പിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള 10 വര്‍ഷങ്ങളില്‍ ഈ നില തുടരുകയാണെങ്കില്‍ ട്രില്യന്‍ കണക്കിന് ഡോളറുകളുടെ അധികച്ചെലവുകളുണ്ടാവും. മാനം കാക്കാന്‍ അഫ്ഗാന്‍-പാകിസ്താന്‍ ഗവണ്‍മെന്റുകളുടെ നേതൃത്വത്തില്‍ സമാധാന ശ്രമങ്ങള്‍ക്ക് വാഷിംഗ്ടണ്‍ തന്ത്രങ്ങള്‍ മെനയുന്നുണ്ട്. അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയും പാകിസ്താന്‍ സൈന്യവും ചേര്‍ന്ന് പ്രധാന പാര്‍ട്ടികളായ താലിബാനുമായും ഹിസ്ബെ ഇസ്ലാമിയുമായും സിറാജുദ്ദീന്‍ ഹഖാനി, ജലാലുദ്ദീന്‍ എന്നിവരുമായും സംഭാഷണങ്ങള്‍ക്ക് തുടക്കമിട്ട് തടി സലാമത്താക്കാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. 212 സിവിലിയന്മാരും, 60 അമേരിക്കക്കാരുള്‍പ്പെടെ 103 അന്താരാഷ്ട്ര സേനാംഗങ്ങളും കഴിഞ്ഞൊരു മാസത്തിനകം കൊല്ലപ്പെടുകയുണ്ടായി.
അഫ്ഗാന്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കെ, വാഗ്ദാനം ചെയ്ത പ്രകാരം 2011 ജൂലൈയില്‍ ഒബാമക്ക് എങ്ങനെ അഫ്ഗാനില്‍നിന്ന് പിന്‍വാങ്ങാനാവുമെന്നാണ് നിരീക്ഷകര്‍ ചോദിക്കുന്നത്.
നസീര്‍ അയിരൂര്‍

 

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly