Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>കത്തുകള്‍



മുസ്ലിം വിരുദ്ധതയുടെ 'കേരളശബ്ദം'

 

 

 
 


സ്വതന്ത്ര രാഷ്ട്രീയ വാരികയെന്ന ലേബലില്‍ കൊല്ലത്തുനിന്ന് അരനൂറ്റാണ്ടുകാലമായി പ്രസിദ്ധീകരിക്കുന്ന ഇടതുപക്ഷ പ്രസിദ്ധീകരണമായ കേരളശബ്ദം ഏതാനും വര്‍ഷങ്ങളായി ജന്മഭൂമി പത്രത്തെ തോല്‍പിക്കും വിധം മുസ്ലിം സമുദായത്തെ ഒന്നടങ്കം ഭീകരരും രാജ്യദ്രോഹികളുമായി ചിത്രീകരിക്കുന്ന സചിത്ര വാര്‍ത്തകളും ലേഖനങ്ങളും മുഖപ്രസംഗങ്ങളും കൊണ്ട് നിറയുകയാണ്. എവിടെ ഒരു ഏറ് പടക്കം പൊട്ടിയാലും ആര് തലതല്ലിച്ചത്താലും അതിന് പിന്നില്‍ മുസ്ലിം ഭീകരരാണെന്നതാണ് ജന്മഭൂമിയെ പോലെ കേരളശബ്ദവും ഇന്‍വെസ്റിഗേഷന്‍ ജേര്‍ണലിസം നടത്തി അച്ചുനിരത്തുന്നത്. മൂവാറ്റുപുഴയിലെ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തെ മുസ്ലിം സമുദായം ഒന്നടങ്കം അപലപിച്ചത് കാണാതെ കേരളത്തിലെ ചില വര്‍ഗീയ മാധ്യമക്കോമരങ്ങളെ പിന്തുടര്‍ന്ന ശബ്ദവും പരമ്പര എഴുതുകയാണുണ്ടായത്. കേരളത്തിലെ മുസ്ലിം ലീഗില്‍ തുടങ്ങി തബ്ലീഗ് സംഘടന വരെ എല്‍.ഡി.എഫ് പ്രസ്ഥാനത്തിന്റെ ബീജാവാപത്തിന് തുല്യപങ്ക് വഹിച്ചിട്ടുണ്ടെന്നാണ് വാരിക കണ്ടെത്തിയിരിക്കുന്നത്.
ജമാഅത്തെ ഇസ്ലാമിയെയും വാരിക വെറുതെ വിടുന്നില്ല. മൂവാറ്റുപുഴ സംഭവത്തിനു ശേഷം മുസ്ലിം സമുദായത്തിനു നേരെ വാരികയുടെ ആക്രമണം രൂക്ഷമായിട്ടുണ്ടെന്ന് പറയാതെ വയ്യ. വാരികയുടെ കവര്‍പേജ് തന്നെ മുസ്ലിംകളെ അടച്ചാക്ഷേപിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അകത്തെ പേജുകളില്‍ ഉണ്ടെന്നുള്ള സൂചനകള്‍ നല്‍കുന്ന തരത്തിലാണ്. ഇത്തരം വാര്‍ത്തകള്‍ പടച്ചുണ്ടാക്കാന്‍ പണത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത മുസ്ലിം പേരുകളുള്ള കുറെ എഴുത്തുകാര്‍ നാട്ടിലും മറുനാട്ടിലുമൊക്കെയായി ഇവര്‍ക്കുണ്ട്.
മുസ്ലിം സമുദായത്തിനുമേല്‍ ഇങ്ങനെ കുതിരകയറാനും ആക്രമിക്കാനും കേരളശബ്ദം വാരികയെ പ്രകോപിച്ച കാരണങ്ങളെന്താണ്?
ബഷീര്‍ റാവുത്തര്‍ പത്തനംതിട്ട

സാമൂഹിക സേവനം
റമദാനും സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളും പരസ്പര പൂരകങ്ങളാണ്. റമദാന്‍ പ്രസരിപ്പിക്കുന്ന ആത്മീയതയും ഭക്തി നിര്‍ഭരതയും സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കനിവാര്യമത്രെ. അതുകൊണ്ടാണല്ലോ അവസാന നോമ്പുകാലത്ത് സാകാത്തുല്‍ ഫിത്വറുമായി വിശ്വാസികള്‍ സമൂഹത്തിലേക്കിറങ്ങുന്നത്. സാമൂഹിക ക്ഷേമത്തില്‍ റമദാന് വളരെ പ്രധാനമായ പങ്കുണ്ട് എന്ന് വ്യക്തം. നോമ്പുതുറകള്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍, സംഘടിത പ്രാര്‍ഥനകള്‍, തിന്മകളില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള ഔത്സുക്യം തുടങ്ങിയ പുണ്യകരമായ കാര്യങ്ങളെല്ലാം തന്നെ ഒരു മാതൃകാ സമൂഹത്തെ സ്വപ്നം കാണാനും ശുഭപ്രതീക്ഷയോടുകൂടി പ്രവര്‍ത്തിക്കാനും മനുഷ്യനെ പ്രാപ്തനാക്കുന്നു.
മത സൌഹാര്‍ദത്തിന് ഏറ്റവും അനുയോജ്യമായ സന്ദര്‍ഭം കൂടിയാണല്ലോ നോമ്പ്. മതത്തില്‍നിന്നും മതമൂല്യങ്ങളില്‍നിന്നും വിട്ടുനിന്നുകൊണ്ടുള്ള ഒരു സാമൂഹിക സങ്കല്‍പമല്ല ഇത് പ്രദാനം ചെയ്യുന്നത്. മറിച്ച്, മതമൂല്യങ്ങളെ അടിത്തറയാക്കി കൊണ്ടുള്ള ഒരു സാമൂഹിക വീക്ഷണമാണ്. അത്തരമൊരു മാതൃകാ സമൂഹത്തെയാണ് ഇസ്ലാം സങ്കല്‍പിക്കുന്നതും. നീതിയും സമാധാനവുമായിരിക്കുമതിന്റെ മുഖമുദ്ര. ഇസ്ലാം അടിസ്ഥാനപ്പെടുത്തിയിട്ടുള്ള സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍ വളരെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഇക്കാലത്ത് റമദാന്‍ പ്രോത്സാഹിപ്പിക്കുന്ന സാമൂഹിക ക്ഷേമത്തെ ജനങ്ങള്‍ക്കു മുമ്പാകെ സമര്‍പ്പിക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കണം. സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കുവേണ്ടിയാവരുത്, മറിച്ച് സമൂഹത്തോടുള്ള പ്രതിബദ്ധതയും മനുഷ്യ പുരോഗതിയിലുമുള്ള നിഷ്കളങ്കമായ ആഗ്രഹവുമായിരിക്കണം അതിന്റെ പിന്നില്‍.
മുസ്ലിം സമൂഹം ധാരാളമായി റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഒരുപക്ഷേ, ഇത്തരം കാര്യങ്ങളില്‍ സമുദായ സംഘടനകള്‍ക്കിടയിലെ ഭിന്നത സമൂഹത്തിന് ഗുണകരമാവാനും മതി. അതോടൊപ്പം സാമുദായിക അതിര്‍ത്തികള്‍ ഭേദിച്ചുകൊണ്ട് ബഹുസ്വര സമൂഹത്തിലേക്കിറങ്ങാന്‍ സമുദായത്തിന് കഴിയണം. ഇസ്ലാമിന്റെ ജീവകാരുണ്യ ഇടപെടലുകളെ പൊതു സമൂഹത്തിന് മാതൃകയായി അവതരിപ്പിക്കാനും വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മുന്‍കരുതലുകള്‍ ആവശ്യമായ മേഖലയാണിത്. സൂക്ഷ്മമായി ഇടപെട്ടില്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷകരമായിരിക്കും ഫലം. ഏത് സന്ദര്‍ഭമാണ് നാം തെരഞ്ഞെടുക്കേണ്ടത്? എങ്ങനെയാണ് ധനം സംഭരിക്കേണ്ടത്? എങ്ങനെ ചെലവഴിക്കണം? ആര്‍ക്ക് മുന്‍ഗണന നല്‍കണം? ഏതൊക്കെ മേഖലകളില്‍ ഇടപെടാം? ഇതെല്ലാം സൂക്ഷ്മമായി, ജാഗ്രതയോടെ കൈകാര്യം ചെയ്യണം.
ഇന്‍സാഫ് പതിമംഗലം

രാഷ്ട്രീയ പ്രവേശനത്തില്‍ ഭയമെന്തിന്?
രാഷ്ട്രീയ പാര്‍ട്ടികളുടെയും മതസംഘടനകളുടെയും കടുത്ത എതിര്‍പ്പ് നേരിടുകയാണ് ജമാഅത്തെ ഇസ്ലാമി. പ്രസ്ഥാനം രാഷ്ട്രീയനീക്കം നടത്തുന്നു എന്നതു തന്നെ കാരണം. ഇസ്ലാമില്‍ രാഷ്ട്രീയം ഉണ്ട്. പ്രവാചകന്മാരുടെ കാലഘട്ടത്തിലും ശേഷവും ഇസ്ലാമില്‍ രാഷ്ട്രീയം ഉണ്ടായിട്ടുണ്ട്. സാമ്രാജ്യത്വ ശക്തികള്‍ക്കും അതിന്റെ അനുഭാവികള്‍ക്കും സയണിസ്റുകള്‍ക്കും കമ്യൂണിസ്റുകള്‍ക്കും ഫാഷിസ്റുകള്‍ക്കും ഏറ്റവും വലിയ ഭയം ഇസ്ലാമിക രാഷ്ട്രീയമാണ്. മതസംഘടനകള്‍ മാത്രം മതി, അവര്‍ ആരാധനാ കര്‍മങ്ങളിലും നേര്‍ച്ചകളിലും വാദപ്രതിവാദങ്ങളിലും മാത്രമായി ചടഞ്ഞു കൂടട്ടെ - ഇതാണ് സാമ്രാജ്യത്വ ശക്തികളുടെ ആവശ്യം.
പി.എ അബ്ദുല്‍ ജബ്ബാര്‍ ഇടപ്പള്ളി

കെ.ടി പതിപ്പിനെ പറ്റി...
പ്രബോധനം കെ.ടി പതിപ്പ് ഗംഭീരമായി. കെ.ടിയെന്ന മഹാപ്രഭാവത്തെ അക്ഷരത്തില്‍ പകര്‍ത്തിയെഴുതിയ ഓരോ ലേഖനവും ആത്മപരിശോധനക്ക് വിധേയമാക്കിക്കൊണ്ട് മാത്രമേ വായിച്ചു തീര്‍ക്കാനാവൂ. പ്രബോധനം മുമ്പിറക്കിയ പല അനുസ്മരണ പതിപ്പുകളിലെന്നപോലെ ഈ പതിപ്പിലും ഒരു പരിമിതിയുണ്ടായി. കെ.ടിയുടെ ജീവിതത്തെക്കുറിച്ച് പിന്നീടൊരാള്‍ക്ക് പഠിക്കാവുന്ന രീതിയില്‍ ജനനം, വിദ്യാഭ്യാസം, ജോലി മേഖലകള്‍, വിവാഹം, പ്രസ്ഥാന ഭാരവാഹിത്വകാലം തുടങ്ങിയ സുപ്രധാന സംഭവങ്ങള്‍ കാലാനുക്രമമായി ചേര്‍ക്കാമായിരുന്നു. മരണപ്പെട്ട മാസവും ദിവസവും സ്പെഷ്യല്‍ പതിപ്പില്‍നിന്ന് കണ്ടെത്തണമെങ്കില്‍ തന്നെ വല്ലാതെ സാഹസപ്പെടേണ്ടി വരും.
സുഹൈറലി തിരുവിഴാംകുന്ന്
ഒരു മനോഹര കാവ്യംപോലെ
മഞ്ഞുതുള്ളിയുടെ നൈര്‍മല്യവും കവിതയുടെ സൌകുമാര്യതയും മെഴുകുതിരിയുടെ അര്‍പ്പണ തല്‍പരതയും ഒത്തിണങ്ങിയ തികവാര്‍ന്നൊരു ജീവിതം. പ്രബോധനം വരച്ചു കാണിച്ച കെ.ടിയുടെ ജീവിത ചരിത്രം അതാണെന്ന് തോന്നി. ഉറുമ്പിനെ പോലും നോവിക്കാതെ ഭൂമിയിലൂടെ നടന്നു പോയൊരാള്‍. പട്ടിയും പൂച്ചയും ചേരയും ആ സൌഹൃദ വലയത്തിലെ കണ്ണികള്‍. അന്ത്യം പോലും ആര്‍ക്കുമൊരു ഭാരമാകാതെ.
ഇരുളടഞ്ഞ മനുഷ്യ മനസ്സുകളെ നന്മയുടെ പ്രകാശമണിയിക്കാന്‍ ആ മഹാനുഭാവന്‍ നടന്നു തീര്‍ത്ത വഴിദൂരമെത്ര? സഹിച്ച പട്ടിണിയും പരിവട്ടവുമെത്ര? എന്നിട്ടും ആരോടും ഒന്നിനോടും പരിഭവങ്ങള്‍ ശേഷിക്കാത്ത നന്ദിയോതുന്ന ഒരു ഹൃദയം. ഇനി ഇത്തരമൊരു സുകൃത ജന്മത്തിന് സാക്ഷികളാവാന്‍ നാമെത്ര തപസ്സിരിക്കേണ്ടി വരും? ഒരു ജീവചരിത്ര കൃതിയുടെ വായനാനുഭൂതി സമ്മാനിച്ച കെ.ടിയുടെ അനുസ്മരണ പതിപ്പിന്റെ വായന മുഴുമിച്ചു കഴിഞ്ഞപ്പോള്‍ മനസ്സില്‍ ഊറിക്കൂടിയത് ആധിനിറഞ്ഞ ഒരാഗ്രഹം മാത്രം; കെ.ടി ഒന്നുകൂടി വരുമായിരുന്നെങ്കില്‍......!
ഫസലുര്‍റഹ്മാന്‍ കൊടുവള്ളി, ദോഹ

കെ.ടി: ഗവേഷകനായ പണ്ഡിതന്‍

കെ. ടി പതിപ്പ് വായിച്ചു, നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍. അനുബന്ധമായി ചിലതു കുറിക്കുന്നു. കെ.ടിയുടെ പ്രസ്ഥാന യാത്രകള്‍ എന്ന പുസ്തകം പുനഃപ്രസിദ്ധീകരിക്കുമ്പോള്‍, അനുസ്മരണ പതിപ്പിലെ പ്രധാനപ്പെട്ട ലേഖനങ്ങള്‍ ചേര്‍ക്കുന്നത് നന്നാവും.
തൊണ്ണൂറുകളുടെ ആരംഭത്തില്‍ ഹൈസ്കൂള്‍ പ്രായത്തില്‍ തിരൂര്‍ക്കാട് തഹ്ഫീളുല്‍ ഖുര്‍ആന്‍ മദ്റസയില്‍നിന്ന് വല്ലപ്പോഴും ഞങ്ങള്‍ കോട്ടപ്പടി മസ്ജിദുല്‍ ഫതഹില്‍ കെ.ടിയുടെ ഖുത്വ്ബ കേള്‍ക്കാന്‍ വാര്‍ഡന്റെ കണ്ണ് വെട്ടിച്ച് പോകുമായിരുന്നു. അന്നു മുതലാണു കെ.ടിയുമായുള്ള ആത്മ ബന്ധം ആരംഭിക്കുന്നത്.
തൊഴിലുകളില്‍ ചിലത് ഉയര്‍ന്നവയെന്നും മറ്റു ചിലത് താഴ്ന്നവയെന്നുമുള്ള വിവേചനത്തെ കൈകാര്യം ചെയ്യവെ ഒരിക്കല്‍ കെ.ടി ചോദിച്ചു: 'ആരാണു തൊഴിലുകളെ ഇങ്ങനെ തരം കെട്ടി തിരിച്ചത്? മീന്‍ പിടുത്തവും ക്ഷൌരപ്പണിയും തെങ്ങുകയറ്റവും താഴ്ന്നതെന്നും ഓഫീസിലെ വെയില്‍ കൊള്ളാത്ത ജോലി ഉയര്‍ന്നതെന്നുമുള്ള വേര്‍തിരിവിനെന്തടിസ്ഥാനം? തെങ്ങില്‍ കയറുമ്പോളെങ്ങനെയാണു ഒരാള്‍ തരം താഴുന്നത്? മേലേക്കു കയറുന്ന വ്യക്തി ഉയരുന്നു എന്നതല്ലേ വാസ്തവം? നാല്‍പതു വയസ്സ് വരെ എന്റെ പറമ്പില്‍ ഞാന്‍ തന്നെയാണു തെങ്ങു കയറിയിരുന്നത്.' വിപ്ളവം പ്രസംഗിക്കുകയും അതില്‍ തന്നെ ജീവിക്കുകയുമായിരുന്നു കെ.ടി.
കെ.ടിയുടെ ഖുത്വ്ബകളിലും ക്ളാസുകളിലും നവീനാശയങ്ങള്‍ എപ്പോഴും കടന്നുവരും. ഒരിക്കല്‍ ജുമുആനന്തര ക്ളാസില്‍ ഒരു പുതിയ ആശയം അവതരിപ്പിച്ചു അദ്ദേഹം. പാപമോചനത്തിനുവേണ്ടി പ്രാര്‍ഥിക്കാന്‍ 'അസ്തഗ്ഫിറുല്ലാഹ്' എന്ന് പറഞ്ഞാല്‍ പോര, 'അല്ലാഹുമ്മ ഇഗ്ഫിര്‍ലീ' എന്നു പറയണം എന്നായിരുന്നു കെ.ടിയുടെ വാദം. 'അസ്തഗ്ഫിറുല്ലാഹ്' എന്നാല്‍ ഞാന്‍ പാപമോചനം തേടുന്നു എന്ന ഒരു പ്രസ്താവന മാത്രമാണ്, പ്രാര്‍ഥനയല്ല എന്നായിരുന്നു കെ.ടിയുടെ അഭിപ്രായം.
കെ.ടിയുടെ വാദം എന്റെ മനസ്സിലുടക്കി. കിതാബുകള്‍ പരതി. വടി കിട്ടി. രിയാദുസ്സ്വാലിഹീനില്‍ 'ഇസ്തിഗ്ഫാര്‍'ന്റെ ബാബില്‍ നബി(സ)യോട് എങ്ങനെ പാപമോചനം തേടണം എന്ന് ചോദിച്ച സ്വഹാബിയോട് തിരുമേനി നീ 'അസ്തഗ്ഫിറുല്ലാഹ്' എന്ന് പറയുക എന്നു വരുന്ന രണ്ട് ഹദീസുകള്‍ കിട്ടി. അടുത്ത ശാന്തപുരം യാത്രയില്‍ കെ.ടിയുടെ വീട്ടില്‍ പോയി. വിഷയമവതരിപ്പിച്ചു. കെ.ടി പുഞ്ചിരിച്ചു: 'ആ, അങ്ങനെ ഉണ്ടല്ലേ, എന്നാലതു ശരിയാവും.' ഞാന്‍ വലിയ 'ആന'യും കൊണ്ടു പോയതു കെ.ടിയെ തിരുത്താനാണല്ലോ! എന്നാല്‍ കെ.ടി രിയാദുസ്സ്വാലിഹീനും അതിനപ്പുറമുള്ള കിതാബുകളും കാണാതെയല്ലല്ലോ ഇവ്വിധം സംസാരിക്കുന്നത്.
എല്ലാവരും ചെയ്തുവരുന്നത്, കിതാബുകളില്‍ ഉള്ളത് എന്നതൊന്നും അദ്ദേഹത്തിനു തന്റെ അഭിപ്രായം പറയാനുള്ള തടസമാവാറില്ല. മറിച്ച്, തെളിവുകളെ തന്നെ നിരൂപണം ചെയ്യാനും പുതിയ നിര്‍ധാരണങ്ങളിലെത്താനുമുള്ള ഒരു പണ്ഡിതന്റെ അവകാശത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു കെ.ടി. ഇത്തരത്തില്‍ ആര്‍ജവം കാണിച്ച അപൂര്‍വരില്‍ അപൂര്‍വ പണ്ഡിതനായിരുന്നു കെ.ടി.
കഴിഞ്ഞ റമദാന്റെ തൊട്ടു മുമ്പത്തെ ഖുത്വ്ബയില്‍ കെ.ടി പറഞ്ഞു: 'റമദാനില്‍ നാം പല ഗുണങ്ങളും ശീലിക്കണം. ഭക്ഷണം കഴിക്കുന്നത് ചുരുക്കണം. സാധാരണ രണ്ടു നേരമാണല്ലോ മനുഷ്യന്‍ ഭക്ഷണം കഴിക്കുക. റമദാനില്‍ അത് ഒന്നാക്കി ചുരുക്കണം. സ്വര്‍ഗത്തിലും രണ്ടു നേരമാണല്ലോ ഭക്ഷണം ലഭിക്കുക. 'വലഹും രിസ്ഖുഹും ഫീഹാ ബുക്റതന്‍ വ അശിയ്യാ:' എന്ന ആയത്തുദ്ധരിച്ചപ്പോള്‍, നേരെ മുന്നില്‍ തന്നെ നിലയുറപ്പിച്ചിരുന്ന ഈയുള്ളവന്‍ തത്ത്വത്തിന് തെളിവായില്ലല്ലോ ആയത്ത് എന്നര്‍ഥം വരുന്ന വിധം ചിരിച്ചു. നമസ്കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നിറങ്ങുന്ന വഴി 'നിന്റെ ചിരി ഞാന്‍ കണ്ടിരിക്കുന്നു' എന്നു പറഞ്ഞ് കെ.ടി പിന്നിലൊരടിയും തന്നു. ആ അടി വിലയൊരംഗീകാരമായി എനിക്കു അനുഭവപ്പെട്ടു.
ഒരിക്കല്‍ ഖുര്‍ആന്‍ പഠിക്കാന്‍ ഒരു മാര്‍ഗം പറഞ്ഞു തരണമെന്ന് അഭ്യര്‍ഥിച്ചപ്പോള്‍ കെ.ടി പറഞ്ഞു: 'ഖുര്‍ആന്‍ ആദ്യം മുതല്‍ ഒരു വിഷയം പ്രതിപാദിക്കുന്ന മൂന്നോ നാലോ ആയത്ത് വായിക്കുക. സമാന വിഷയം പറയുന്ന ഖുര്‍ആനിലെ തന്നെ മറ്റു ഭാഗങ്ങളും മുഅ്ജം നോക്കി കണ്ടുപിടിച്ച് വായിക്കുക. അപ്പോള്‍ പ്രസ്തുത വിഷയത്തിലെ ഖുര്‍ആനിന്റെ വീക്ഷണം നമുക്ക് ലഭിക്കും. ഈ സമയത്തൊന്നും ഒരു തഫ്സീറും വായിക്കരുത്. അര്‍ഥം മാത്രം വായിക്കുക. ശേഷം പ്രസ്തുത വിഷയത്തിലെ ഹദീസുകള്‍ വായിക്കുക. എങ്കില്‍ അതേ വിഷയത്തിലെ നബി(സ)യുടെ വിശദീകരണവും ലഭിക്കും. ശേഷം വിവിധ തഫ്സീറുകള്‍ വായിക്കുക. നേരത്തെ ഉരിത്തിരിഞ്ഞു കിട്ടിയ, ഖുര്‍ആന്റെയും നബി(സ)യുടെയും വീക്ഷണങ്ങളോട് യോജിക്കുന്നതും യോജിക്കാത്തതുമായ പല വിശദീകരണങ്ങളും ഇവയില്‍നിന്ന് ലഭിക്കും. യോജിക്കുന്നതൊക്കെ എടുത്ത് വിയോജിക്കുന്നവ തള്ളുക. അപ്പോള്‍ ആ വിഷയത്തിലെ ഇസ്ലാമിന്റെ ആധികാരിക നിലപാടുകള്‍ ലഭ്യമാവും. ഇതു പൂര്‍ത്തിയാവുമ്പോള്‍ അടുത്ത ആയത്തുകളിലേക്ക് കടക്കുക. ഇങ്ങനെ ഒരു ഭാഗം വായിക്കാന്‍ തന്നെ ദിവസങ്ങളെടുക്കുക.' റമദാനില്‍ പോലും ഒരു ദിവസം മൂന്നായത്തിലധികം കെ.ടി വായിക്കാറുണ്ടായിരുന്നില്ലത്രെ. ഇതായിരുന്നു കെ.ടിയുടെ ഖുര്‍ആന്‍ പഠന രീതി. ഇങ്ങനെയാണു കെ.ടി ഖുര്‍ആന്‍ പണ്ഡിതനായത്. ഇതു കൊണ്ടു തന്നെയായിരുന്നു കെ.ടിയെ മുന്‍ഗാമികളുടെ തടവറകളില്‍ കാണാതിരുന്നത്.
തന്റെ ശിഷ്യന്മാരെയോ അനുവാചകരെയോ തന്റെ കാഴ്ചപ്പാടുകളുടെ തടവറകളിലെ പാര്‍പ്പുകാരാക്കാതിരിക്കാന്‍ കെ.ടി ശ്രദ്ധിച്ചു. 'ഇതാണെന്റെ വീക്ഷണം, എന്നാല്‍ മുന്‍ഗാമികള്‍ ഇങ്ങനെയാണു പറഞ്ഞിരിക്കുന്നത്. നിങ്ങള്‍ക്ക് അനുയോജ്യമെന്ന് തോന്നുന്നത് നിങ്ങള്‍ സ്വീകരിക്കുക.' കെ.ടി എപ്പോഴും ഉണര്‍ത്തി.
ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിന്റെയും സകാത്തിന്റെയും അടിസ്ഥാനങ്ങളില്‍ ഊന്നി പൊതു സദസ്സുകളില്‍ കമ്യൂണിസത്തെ അദ്ദേഹം കൈകാര്യം ചെയ്ത രീതിയില്‍ ആകൃഷ്ടരായി ഭൌതികവാദങ്ങള്‍ വലിച്ചെറിഞ്ഞ് ഇസ്ലാമിസ്റുകളായി മാറിയ ധാരാളം പേരുണ്ട്. ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിലും സകാത്തിലുമുള്ള അദ്ദേഹത്തിന്റെ അഗാധ ജ്ഞാനം അനുസ്മരണ പതിപ്പിന്റെ താളുകളില്‍ കടന്നു വരാതിരുന്നത് അതിന്റെ പൂര്‍ണതക്ക് ഭംഗമായതുപോലെ തോന്നി.
ഇ. യാസിര്‍

അഹ്സാബിന്റെ ആവര്‍ത്തനങ്ങള്‍

ഇസ്ലാമിക മുന്നേറ്റത്തിന്നെതിരില്‍ 'സഖ്യകക്ഷി' ആക്രമണത്തിന്റെ പാഠങ്ങള്‍ എന്ന തലക്കെട്ടില്‍ രണ്ട് ലക്കങ്ങളിലായി വന്ന സദ്റുദ്ദീന്‍ വാഴക്കാടിന്റെ ലേഖനം അന്നത്തെപ്പോലെ ഇന്നും കേരളത്തില്‍ ഉള്‍പ്പെടെ നടക്കുന്ന സഖ്യകക്ഷി രൂപവത്കരണത്തിന്റെ മര്‍മം കാണിച്ചു തരുന്നുണ്ട്.
കോട്ടക്കല്‍ കഷായമൊക്കെ മോന്തി കണ്ണ് തള്ളിപ്പോയവരുടെ ഉള്‍ക്കണ്ണിന് നേരായ കാഴ്ച ലഭിക്കാനുതകുന്നതുമാണ്. അധികാര രാഷ്ട്രീയവും സാമ്പത്തിക താല്‍പര്യങ്ങളും തന്നെയാണ് ഇത്തരം അവിശുദ്ധ മുന്നണികള്‍ക്ക് എക്കാലവും കാരണമെന്ന് അഹ്സാബിന്റെ ചരിത്രത്താളുകള്‍ നിവര്‍ത്തി ലേഖകന്‍ സമര്‍ഥിക്കുന്നുണ്ട്.
റമദാന്‍ തര്‍ബിയത്ത് ക്ളാസുകളിലൊക്കെ അഹ്സാബ് തന്നെയാണെടുക്കുന്നതെങ്കിലും ഇത്ര വിശദമായി അഹ്സാബിനെ മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരല്‍പം രോഗം ബാധിച്ച മനസ്സുകള്‍ നമ്മുടെ വീട്ടിനകത്തും ചിലപ്പോള്‍ ഉണ്ടായി കൂടെന്നില്ല. അവര്‍ക്കും സഖ്യകക്ഷികളിലെ കൂട്ടുകാര്‍ക്കും അവസരത്തിനൊത്ത് അഹ്സാബ് വിശകലനം ചെയ്ത ലേഖകനെ അഭിനന്ദിക്കുന്നു.
മമ്മൂട്ടി കവിയൂര്‍

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly