ജമാഅത്തെ ഇസ്ലാമിക്കെതിരെ വാര്‍ത്താമാധ്യമങ്ങളും മത-രാഷ്ട്രീയ സംഘടനകളും 'മതേതരബുദ്ധിജീവി'കളും ചില എഴുത്തുകാരും നടത്തിക്കൊണ്ടിരിക്കുന്ന വിഷലിപ്തമായ ദുഷ്പ്രചാരണങ്ങള്‍ കാണുമ്പോള്‍ സമാന സ്വഭാവമുള്ള ദുരുപദിഷ്ട നീക്കങ്ങള്‍ തന്നെയല്ലേ, അറബ് നാടുകളിലും ഇസ്ലാമിസ്റുകള്‍ക്കെതിരില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് പലപ്പോഴും ആലോചിച്ചു പോവാറുണ്ട്. കുവൈത്തില്‍ സജീവ രാഷ്ട്രീയത്തിലുള്ള സലഫീ-ഇഖ്വാനി വിഭാഗങ്ങളെ കുറിച്ചെഴുതുമ്പോള്‍, ഇടതുപക്ഷ മതേതര കാഴ്ചപ്പാടുള്ള എഴുത്തുകാര്‍ സമൃദ്ധമായി ഉപയോഗിക്കുന്ന അതേ പദാവലികളാണ് കേരളത്തിലെ ചില എഴുത്തുകാരും ജമാഅത്തിനെതിരെ ഉപയോഗിച്ചു കാണുന്നത്. ഭീകരന്മാര്‍, മതരാഷ്ട്രീയക്കാര്‍, രാഷ്ട്രീയ ഇസ്ലാമിന്റെ വക്താക്കള്‍, ഇസ്ലാമിനെ രാഷ്ട്രീയവല്‍ക്കരിച്ചവര്‍, തീവ്രവാദികള്‍, തീവ്രവാദ ചിന്തകള്‍ക്ക് വിത്ത് പാകിയ മുഹമ്മദുബ്നു അബ്ദില്‍ വഹാബിന്റെയും ഇബ്നുതൈമിയയുടെയും അനുയായികള്‍...... തുടങ്ങി അറബ് മതേതര എഴുത്തുകാരുടെ ലേഖനങ്ങളില്‍ കണ്ടുവരുന്ന അതേ ശകാരപദങ്ങള്‍. വിമര്‍ശനം ഇഖ്വാനികളെ കുറിച്ച് മാത്രമാവുമ്പോള്‍ മൌലാനാ മൌദൂദിയുടെയും സയ്യിദ് ഖുത്വുബിന്റെയും അനുയായികള്‍ എന്നും ആരാധകര്‍ എന്നും കൂട്ടിപ്പറയും. കേരളത്തിലെ ചില യുവ രാഷ്ട്രീയ നേതാക്കളുടെ വാചാടോപങ്ങള്‍ തങ്ങള്‍ ജമാഅത്തിനെയാണ് വിമര്‍ശിക്കുന്നതെന്ന നാട്യത്തോടെയാണെങ്കിലും അറബി വായനാ പരിസരത്ത് നിന്ന് ചിന്തിക്കുമ്പോള്‍, തങ്ങള്‍ ഒഴിച്ചു നിര്‍ത്താനാശിക്കുന്ന സലഫി സുഹൃത്തുക്കള്‍കൂടി ആ പട്ടികയില്‍ പെടുന്നു എന്നത് അവര്‍ ഓര്‍ക്കാതെ പോകുന്നു!
കുവൈത്തില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന അല്‍വത്വന്‍ ദിനപത്രത്തിലെ കോളമിസ്റുകളായ ഫുആദുല്‍ ഹാശിം, അബ്ദുര്‍റഹ്മാന്‍ അന്നജ്ജാര്‍, ഖലീല്‍ അലി ഹൈദര്‍, അല്‍ ഖബസ് ദിനപത്രത്തിലെ മുഹമ്മദ് മുസാഇദ് അസാലീഹ്, അബ്ദുല്ലത്വീഫ് അദ്ദുഐജ് തുടങ്ങിയവര്‍ ചില ഉദാഹരണങ്ങള്‍ മാത്രം. ശരീഅത്തിന്നനുകൂലമായ ഏത് നീക്കങ്ങളെയും രൂക്ഷമായി വിമര്‍ശിക്കുന്ന ഈ അറബി കോളമിസ്റുകള്‍ സലഫീ-ഇഖ്വാനീ കൂട്ടായ്മകളെയും പാര്‍ലമെന്റില്‍ അവര്‍ എടുക്കുന്ന നിലപാടുകളെയും അതിരൂക്ഷമായ ഭാഷയിലും ശൈലിയിലുമാണ് കടന്നാക്രമിക്കുക. രാജ്യത്തിന്റെ നന്മയില്‍ ഊന്നിയ പൊതുവായ നിര്‍ദേശങ്ങള്‍ക്കെതിരില്‍ തൂലികയും നാവും ചലിപ്പിക്കേണ്ടത് തങ്ങളുടെ ജീവിത ദൌത്യമായി ഏറ്റെടുത്ത ഈ കോളമിസ്റുകള്‍ ആവര്‍ത്തിച്ചു പറയുന്ന ഒരു കാര്യം, തങ്ങള്‍ ഇസ്ലാമിനെയല്ല, ഇഖ്വാനികളും സലഫികളും പ്രതിനിധാനം ചെയ്യുന്ന തീവ്രചിന്താഗതിയെയാണ് വിമര്‍ശിക്കുന്നത് എന്നാണ്. ഇത് തന്നെയല്ലേ, കേരളത്തിലെ മേപ്പടി എഴുത്തുകാരും സ്വീകരിക്കുന്ന സമീപനം? എന്തൊരു വിചാരൈക്യം!
ജമാഅത്തെ ഇസ്ലാമിയെ 'മതരാഷ്ട്രീയക്കാരെ'ന്നും 'രാഷ്ട്രീയ ഇസ്ലാമി'ന്റെ ആളുകളെന്നും ചാപ്പകുത്തി അന്ധമായി വിമര്‍ശിക്കുന്നവര്‍ അറിയണം, ഇങ്ങ് അറബിനാടുകളില്‍ തങ്ങളുടെ സലഫിസഹയാത്രികരെയും പണ്ഡിതന്മാരെയും നേതാക്കളെയും മതവിരുദ്ധ-മതേതര ബുദ്ധിജീവികള്‍ ഇതിനേക്കാള്‍ ക്രൂരമായ പദാവലികള്‍ ഉപയോഗിച്ചാണ് ഭരണകൂടങ്ങള്‍ക്ക് ഒറ്റിക്കൊടുക്കുന്നതും പൊതുസമൂഹത്തില്‍ താറടിക്കുന്നതും ചാപ്പകുത്തി അറവുശാലകളിലയക്കുന്നതും എന്ന്. ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തിലെ എഴുത്തുകാരും ചിന്തകരും നല്‍കുന്നത് പോലുള്ള മറുപടികള്‍ സലഫി കോളമിസ്റുകള്‍ അവര്‍ക്ക് നല്‍കേണ്ടി വരുന്നു എന്നത് ചിരിക്കും ചിന്തക്കും വകനല്‍കുന്നു. കേരളത്തിലെ ഇസ്ലാമിസ്റുകളും അറബ് നാടുകളിലെ സലഫികളും ഒരേ വേദന പങ്കിടുന്നു!
ഇഖ്വാനുല്‍ മുസ്ലിമൂന്‍ ആഭിമുഖ്യമുള്ള ഇസ്ലാമിക് കോണ്‍സ്റിറ്റ്യൂഷനല്‍ മൂവ്മെന്റിന്റെ ടിക്കറ്റില്‍ മൂന്ന് തവണ പാര്‍ലമെന്റിലേക്ക് മത്സരിച്ച് വിജയിച്ച മുബാറക് ഫഹ്ദ് അദ്ദുവൈല കഴിഞ്ഞ ആഗസ്റ് 4-ന് അല്‍ഖബസ് ദിനപത്രത്തില്‍ ഒരു ലേഖനമെഴുതിയിട്ടുണ്ട്. പ്രതിയോഗികളുടെ ആക്രമണത്തിന്റെ സമാനത വ്യക്തമാക്കുന്ന ലേഖനത്തിന്റെ പരിഭാഷ വായിക്കുന്നത് കൌതുകകരമായിരിക്കും:
"ഇരുപത് വര്‍ഷം മുമ്പാണ്. ഒരു കോളമെഴുത്തുകാരന്റെ വരികള്‍ ഞാനോര്‍ക്കുന്നു. അയാള്‍ എഴുതി: കുവൈത്തില്‍ ഈ താടിക്കാര്‍ പെരുകിയതോടെയാണ് അന്തരീക്ഷത്തില്‍ ഇത്രയും പൊടി കൂടിയത്! ഇസ്ലാമിക ലോകത്തിന്റെ ചിന്തയിലും സമീപനങ്ങളിലും ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ സ്വാധീനം വര്‍ധിച്ചതാണ് സദ്ദാം ഹുസൈന്‍ കുവൈത്തിനെ ആക്രമിക്കാന്‍ കാരണമായതെന്ന് മറ്റൊരാളെഴുതി. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പ്രതിയോഗികള്‍ തങ്ങളുടെ വീഴ്ചകളും വഞ്ചനകളും മറച്ചു പിടിക്കാന്‍ എല്ലാ കുറ്റവും പഴിയും പ്രസ്ഥാനത്തിന്റെ മേല്‍ ചാരുകയാണ്. മറ്റൊരാളെഴുതിയത്, നമ്മുടെ സമൂഹത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അധഃപതിക്കാന്‍ കാരണം നമുക്ക് നേരത്തെ ലഭിച്ച മതവിദ്യാഭ്യാസം കാരണമാണെന്നാണ്. അയാളുടെ മറ്റൊരു വ്യാജാരോപണം, കള്ളന്മാരും കുഴപ്പകാരികളും കൊലപാതകികളും കുറ്റവാളികളും നാട്ടില്‍ മതബോധം ശക്തിപ്പെടുന്തോറും പെരുകിവരുന്നു എന്നാണ്. സാമൂഹിക പ്രതിഭാസങ്ങളെ വിലയിരുത്തുമ്പോഴുള്ള അപഭ്രംശവും ചിന്താഗതിയിലെ തീവ്രതയുമല്ലാതെ മറ്റെന്താണിത്!
"സെക്യുലരിസ്റുകള്‍ മതകീയ പ്രതിഭാസങ്ങളെ വിലയിരുത്തുമ്പോള്‍ ഒറ്റപ്പെട്ട ഉദാഹരണങ്ങളെ സാമാന്യവല്‍കരിക്കുന്ന പ്രവണതയും ഇവിടെ കാണാനുണ്ട്. മതനിഷ്ഠയുള്ള യുവാവിന്റെയോ ഇസ്ലാമിക വേഷം ധരിച്ച യുവതിയുടെയോ പക്കല്‍നിന്ന് വല്ല വീഴ്ചയും സംഭവിച്ചാല്‍, അവരുടെ സംഘടനയില്‍നിന്നും വീട്ടില്‍നിന്നും വിദ്യാലയത്തില്‍നിന്നും കിട്ടിയ മതവിദ്യാഭ്യാസത്തിന്റെ കുഴപ്പം കൊണ്ടാണെന്ന് വിളിച്ചുകൂവും. തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സ്വാതന്ത്യ്രത്തിന്റെയും സമത്വത്തിന്റെയും സിദ്ധാന്തങ്ങള്‍ക്ക് വിരുദ്ധമായ നടപടികള്‍ക്ക് വേണ്ടി അവര്‍ മുറവിളി കൂട്ടുന്നത് എത്ര കണ്ടിട്ടുണ്ട്! തങ്ങളുടെ പ്രതിയോഗികള്‍ക്ക് മൂക്കുകയറിടാനും സംഘടനകളെ നിരോധിക്കാനും അഭിപ്രായങ്ങളും വാര്‍ത്തകളും തമസ്കരിക്കാനും ഭരണകൂടത്തോടും പൊതുസമൂഹത്തോടും ഇവര്‍ ഉച്ചത്തില്‍ ആവശ്യപ്പെടുമ്പോള്‍ ഇവര്‍ ഓര്‍ക്കുന്നില്ല, തങ്ങള്‍ നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന ആശയപ്രകാശന സ്വാതന്ത്യ്രത്തിന് കടക വിരുദ്ധമാണ് ഈ നിലപാടുകളെന്ന്. ഈ ആവശ്യങ്ങളെല്ലാം ഇവര്‍ക്കെതിരിലാണ് ഉന്നയിക്കുന്നതെങ്കില്‍ അഭിപ്രായ-വിശ്വാസ സ്വാതന്ത്യ്രത്തിന്റെ സിദ്ധാന്തങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അവര്‍ ഉറഞ്ഞുതുള്ളും. നമ്മുടെ സമൂഹത്തെ നാശത്തിന്റെ പടുകുഴിയില്‍ തള്ളാന്‍ ഇവര്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് നേരെ നാം കണ്ണടച്ച് മൌനികളായിരുന്നുകൊള്ളണം! 'മതരാഷ്ട്രീയക്കാര്‍, ഇസ്ലാമിനെ രാഷ്ട്രീയവല്‍കരിച്ചവര്‍, ഇസ്ലാമിസ്റുകള്‍' ഇത്തരം സംജ്ഞകളാണ് ഇവരുടെ പദാവലികളില്‍ ഏറ്റവും വീര്യം കുറഞ്ഞവ. പൊതുകാര്യങ്ങളെക്കുറിച്ച് നാം സംസാരിക്കുകയോ ഇടപെടുകയോ ചെയ്താല്‍ 'മതത്തെ രാഷ്ട്രീയവല്‍കരിച്ചു' എന്ന ആരോപണമായി. അത്ഭുതമാണ് അവരുടെ കാര്യം. തങ്ങളുടെ പ്രതിയോഗികളെ കുറിച്ച് ആരോപണമുന്നയിക്കാന്‍ വസ്തുനിഷ്ഠമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍, വ്യാജാരോപണങ്ങള്‍ ഉന്നയിച്ച് ഭരണകൂടത്തെ പ്രസ്ഥാനത്തിനെതിരില്‍ ഇളക്കിവിടാനാവും അവരുടെ ശ്രമം. അവരെഴുതുന്നത് വായിച്ചാല്‍ തോന്നുക, തങ്ങള്‍ രാജ്യത്തിന്റെ സുരക്ഷാ ചുമതലയേല്‍പിക്കപ്പെട്ട പ്രത്യേക അന്വേഷണ വിഭാഗമാണെന്നാണ്. തങ്ങളും ഒരു പ്രത്യേക അഭിപ്രായമുള്ള രാഷ്ട്രീയ കക്ഷിയാണെന്ന വസ്തുത അവര്‍ മറക്കുന്നു. ഇസ്ലാമിക് കോണ്‍സ്റിറ്റ്യൂഷനല്‍ മൂവ്മെന്റിനെ ആക്രമിക്കാനാണ് അവരുടെ യത്നമത്രയും. ആ സംഘടനക്ക് ഇഖ്വാനുല്‍ മുസ്ലിമൂനുമായുള്ള ബന്ധം വലിച്ചിഴച്ചുകൊണ്ടുവരും ലേഖനങ്ങളില്‍. ഇസ്ലാമിക് കോണ്‍സ്റിറ്റ്യൂഷനല്‍ മൂവ്മെന്റിന്റെ ദീപ്തമായ ചരിത്രത്തില്‍നിന്ന് ആരോപണത്തിന് വകയൊന്നും കണ്ടുകിട്ടിയില്ലെങ്കില്‍ പിന്നെ ഈജിപ്തിലെ ഇഖ്വാനുല്‍ മുസ്ലിമൂന്റെ ചരിത്രം വലിച്ചിഴക്കുകയായി. സകീ ബദ്റിന്റെയും അഹ്മദ് സാലിമിന്റെയും രചനകളില്‍നിന്നുള്ള ഉദ്ധരണികളുമായാണ് പിന്നെ പോരാട്ടം.
ഇതിന്റെയെല്ലാം ഫലമെന്താണ്? ജനങ്ങളും വാര്‍ത്താമാധ്യമങ്ങളും സമയമത്രയും ചെലവിടുന്നത് ആരോപണ പ്രത്യാരോപണങ്ങളെ വിശകലനം ചെയ്യാനാണ്. സമൂഹത്തിലെ വിവരമുള്ളവരുടെ സമയം ഇവക്ക് മറുപടി പറയാനും ഉപയോഗിക്കേണ്ടി വരും. ബാലിശമായ ഇത്തരം കാപട്യങ്ങളില്‍നിന്നൊഴിഞ്ഞ് രാഷ്ട്രനിര്‍മാണത്തിന്റെ ക്രിയാത്മക മേഖലകളില്‍ വ്യാപരിക്കാന്‍ പ്രാപ്തമാകുന്ന മാന്യമായ ഒരു ഉടമ്പടി ആവശ്യമായ ഘട്ടമാണിത്.''