Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>ലേഖനം



തഫ്ഹീമുല്‍ ഖുര്‍ആന്‍ പ്രഥമ പ്രാസ്ഥാനിക തഫ്സീര്‍-2
തഫ്ഹീമുല്‍ ഖുര്‍ആന്റെ സവിശേഷതകള്‍

 

# ഹൈദറലി ശാന്തപുരം

 
 



ഇതര ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ നിന്ന് ഏറെ വ്യതിരിക്തമായ തഫ്ഹീമുല്‍ ഖുര്‍ആന് പല സവിശേഷതകളുമുണ്ട്. ഏതാനും സവിശേഷതകള്‍ സംക്ഷിപ്തമായി താഴെ:
തഫ്ഹീം മുഖവുര
അനിതര സാധാരണമാണ് തഫ്ഹീമിന്റെ മുഖവുര. അത് ആദ്യാവസാനം പാരായണം ചെയ്യുമ്പോള്‍ ഖുര്‍ആന്‍ മനസ്സിലാക്കുന്നതിനുള്ള മുഖ്യ താക്കോലാണതെന്ന് ബോധ്യപ്പെടും. അതുകൊണ്ടായിരിക്കാം മലയാള പരിഭാഷയില്‍ മുഖവുര എന്നതിനു പകരം ഖുര്‍ആന്‍ പഠനത്തിനൊരു മുഖവുര എന്ന് തര്‍ജമ ചെയ്തിരിക്കുന്നത്.
തഫ്ഹീമുല്‍ ഖുര്‍ആന് മുഖവുര എഴുതുമ്പോള്‍ തന്റെ മുമ്പില്‍ രണ്ട് ഉദ്ദേശ്യമാണുണ്ടായിരുന്നതെന്ന് സയ്യിദ് മൌദൂദി പറയുന്നു:
ഒന്ന്, ഖുര്‍ആന്‍ പാരായണം ആരംഭിക്കുന്നതിന് മുമ്പായി ഒരു സാമാന്യ വായനക്കാരന്‍ നല്ലപോലെ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുക.
രണ്ട്, ഖുര്‍ആന്‍ പഠനമധ്യേ പൊതുവെ ജനഹൃദയങ്ങളിലുയര്‍ന്നു വരാറുള്ള ചില ചോദ്യങ്ങള്‍ക്ക് ആദ്യമേ മറുപടി നല്‍കുക.
ആദ്യമാദ്യം തന്റെ മനസ്സില്‍ പൊങ്ങിവന്നതോ പില്‍ക്കാലത്ത് അന്യരില്‍നിന്ന് തനിക്ക് നേരിടേണ്ടിവന്നതോ ആയ പ്രശ്നങ്ങള്‍ മാത്രമേ താനിവിടെ കൈകാര്യം ചെയ്യുന്നുള്ളൂവെന്ന് സയ്യിദ് മൌദൂദി പറയുന്നു.
താഴെ പറയുന്ന കാര്യങ്ങളാണ് മുഖവുരയില്‍ പരാമര്‍ശിക്കുന്നത്.
പൊതുവെ നാം വായിച്ചു പരിചയിച്ചിട്ടുള്ള ഗ്രന്ഥങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് വിശുദ്ധ ഖുര്‍ആന്റെ പ്രതിപാദന രീതി. സാധാരണ ഗ്രന്ഥങ്ങളില്‍ ഒരു നിര്‍ണിത വിഷയത്തെക്കുറിച്ച അറിവുകളും അഭിപ്രായങ്ങളും വാദങ്ങളും തെളിവുകളുമെല്ലാം ഒരു സവിശേഷ ക്രമത്തില്‍ തുടരെ വിവരിക്കും. എന്നാല്‍ ഖുര്‍ആനില്‍ ഇതിന് വിപരീതമായി, നമുക്കിതുവരെ അന്യവും അപരിചിതവുമായ പ്രതിപാദന രീതിയാണ് കാണുന്നത്.
ഏതുതരം ഗ്രന്ഥമാണ് ഖുര്‍ആന്‍? അതിന്റെ അവതരണവും ക്രോഡീകരണവും എവ്വിധമായിരുന്നു? അതിന്റെ പ്രതിപാദ്യം എന്ത്? എല്ലാ ചര്‍ച്ചകളും ഏത് ലക്ഷ്യത്തിലേക്ക് നയിക്കുന്നു? വൈവിധ്യമാര്‍ന്ന അനേകം വിഷയങ്ങള്‍ ഏതൊരു കേന്ദ്ര വിഷയവുമായി ബന്ധിച്ചിരിക്കുന്നു? ആശയപ്രകാശനത്തിന് ഏതൊരു ശൈലിയും സമര്‍ഥന രീതിയുമാണ് സ്വീകരിച്ചിട്ടുള്ളത്? ഇതു പോലുള്ള ഒട്ടനേകം പ്രധാന ചോദ്യങ്ങള്‍ക്ക് സയ്യിദ് മൌദൂദി മറുപടി നല്‍കുന്നു.
ഖുര്‍ആന്‍ സമര്‍പ്പിക്കുന്ന പ്രബോധനത്തിന്റെയും മാര്‍ഗദര്‍ശനത്തിന്റെയും ആറ് അടിസ്ഥാനങ്ങള്‍ മുഖവുരയില്‍ വിവരിച്ചിട്ടുണ്ട്:
1. മനുഷ്യന്‍ ദൈവത്തിന്റെ പ്രതിനിധിയാണ്. 2. ഐഹിക ജീവിതം മനുഷ്യര്‍ക്കൊരു പരീക്ഷണമാണ്. 3. മനുഷ്യജീവിതത്തിനാധാരമായ ദൈവിക നിയമസംഹിതയാണ് ഇസ്ലാം. 4. മനുഷ്യാരംഭം മുതല്‍ക്കേ ദൈവിക സന്ദേശങ്ങള്‍ മനുഷ്യര്‍ക്കെത്തിച്ചുകൊടുക്കാന്‍ പ്രവാചകന്മാരെ നിയോഗിച്ചു. 5. മുഴുവന്‍ പ്രവാചകന്മാരുടെയും ദീന്‍ ഇസ്ലാമായിരുന്നു. 6. പൂര്‍വ പ്രവാചകന്മാര്‍ നിര്‍വഹിച്ചുപോന്നിരുന്ന അതേ ദൌത്യത്തിന്റെ നിര്‍വഹണത്തിനാണ് മുഹമ്മദ് നബി(സ)യും നിയോഗിതനായിട്ടുള്ളത്.
ഖുര്‍ആന്റെ പ്രതിപാദ്യം മനുഷ്യനാണ്. അവന്റെ ജയപരാജയങ്ങള്‍ ഏതില്‍ കുടികൊള്ളുന്നു എന്നാണ് പരിശോധിക്കുന്നത്.
ഖുര്‍ആന്റെ ഉള്ളടക്കം വിശകലനം ചെയ്യുന്ന പക്ഷം, അത് ഒരിടത്തും മുഖ്യ പ്രതിപാദ്യത്തില്‍നിന്നും കേന്ദ്രവിഷയത്തില്‍നിന്നും പ്രഖ്യാപിത ലക്ഷ്യത്തില്‍നിന്നും വ്യതിചലിക്കുന്നില്ലെന്ന് കാണാം. എല്ലാ പ്രതിപാദനങ്ങളും ഏകതാനതയോടെ, ഐകരൂപ്യത്തോടെ മൌലിക പ്രബോധനത്തിന്റെ അച്ചുതണ്ടില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു.
തഫ്ഹീമുല്‍ ഖുര്‍ആന്റെ മുഖവുരയില്‍ പരാമര്‍ശിച്ച മറ്റൊരു കാര്യം ഖുര്‍ആന്റെ അവതരണഘട്ടങ്ങളാണ്. അവതരണ രീതിയെപ്പറ്റി സയ്യിദ് മൌദൂദി എഴുതുന്നു: "ഖുര്‍ആന്റെ പ്രതിപാദന രീതിയും ക്രോഡീകരണ ക്രമവും ഒട്ടുവളരെ ഉള്ളടക്കവും ശരിയാംവണ്ണം ഗ്രഹിക്കണമെങ്കില്‍ ഖുര്‍ആന്റെ അവതരണ സ്വഭാവത്തെക്കുറിച്ചും നല്ല പോലെ ഗ്രഹിച്ചിരിക്കേണ്ടതുണ്ട്.''
ഖുര്‍ആന്റെ അവതരണം മൂന്ന് ഘട്ടങ്ങളിലാണുണ്ടായത്. ഒന്ന്, മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വം മുതല്‍ നാലഞ്ചു വര്‍ഷം. രണ്ട്, ഇസ്ലാമിക പ്രസ്ഥാനവും പഴഞ്ചന്‍ ജാഹിലിയ്യത്തും തമ്മില്‍ അതികഠിനമായ ജീവന്‍ മരണ പോരാട്ടം നടന്ന എട്ടൊമ്പത് വര്‍ഷം. മൂന്ന്, മദീനയിലേക്കുള്ള പലായനത്തിനു ശേഷമുള്ള പത്ത് വര്‍ഷം.
ഖുര്‍ആനിലെ 'മക്കീ' അധ്യായങ്ങള്‍ അവതരിച്ചത് ആദ്യത്തെ രണ്ട് ഘട്ടങ്ങളിലും 'മദനീ' അധ്യായങ്ങള്‍ അവതരിച്ചത് മൂന്നാം ഘട്ടത്തിലുമാണ്.
വിശുദ്ധ ഖുര്‍ആന്റെ ശൈലി സാധാരണ ഗ്രന്ഥങ്ങളുടെ ശൈലിയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. രചനാ ശൈലിക്കു പകരം പ്രഭാഷണ ശൈലിയാണതില്‍ മുഴച്ചു നില്‍ക്കുന്നത്. അതിന്റെ കാരണം മൌലാനാ മൌദൂദി വിവരിച്ചിട്ടുണ്ട്: "ഖുര്‍ആന്‍ ഒരു പ്രബോധന ഗ്രന്ഥമാണ്. അതിന്റെ അവതരണം ഒരു പ്രബോധനത്തോടൊപ്പമാണ് ആരംഭിച്ചത്. പ്രബോധനത്തിന്റെ പ്രാരംഭം മുതല്‍ അത് പരിപൂര്‍ണതയിലെത്തുന്നതുവരെയുള്ള ഓരോ ഘട്ടത്തിലും അതിന്റെ ബഹുവിധമായ ആവശ്യങ്ങള്‍ക്കനുഗുണമായി ഖുര്‍ആന്റെ ഓരോ ഭാഗം അവതരിക്കുകയാണ് ചെയ്തത്. അതിനാല്‍ അതിന്റെ ശൈലി പ്രഭാഷണ പ്രധാനമായി.''
വിശുദ്ധ ഖുര്‍ആനില്‍ പല വിഷയങ്ങളും പല പ്രാവശ്യം ആവര്‍ത്തിച്ചതായി കാണാം. അതെന്തുകൊണ്ട്? ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ഓരോ വ്യക്തിയുടെയും മനസ്സില്‍ ഉയരുന്ന ഈ ചോദ്യത്തിന് മുഖവുരയില്‍ വിശദീകരണം നല്‍കുന്നുണ്ട്: "ഒരു പ്രബോധനത്തിന്റെ, പ്രവര്‍ത്തന നിരതമായ ഒരു പ്രസ്ഥാനത്തിന്റെ സ്വാഭാവികമായ താല്‍പര്യം അത് ഒരു ഘട്ടത്തെ തരണം ചെയ്തുകൊണ്ടിരിക്കെ ആ പ്രത്യേക ഘട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം പരാമര്‍ശിക്കുക എന്നതത്രെ. പ്രസ്ഥാനം ഒരു ഘട്ടത്തെ നേരിടുന്ന കാലമത്രയും അതേ ഘട്ടത്തിന്റെ ആവശ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയല്ലാതെ, അനന്തര ഘട്ടങ്ങളില്‍ പറയേണ്ട കാര്യങ്ങളെ സ്പര്‍ശിക്കുകയില്ല. ഈ പ്രക്രിയയില്‍ കുറേ മാസങ്ങളോ കുറേയേറെ കൊല്ലങ്ങള്‍ തന്നെയോ പിന്നിടേണ്ടിവന്നാലും ചെയ്യേണ്ടത് അതുതന്നെ. എന്നാല്‍ ഒരേതരം കാര്യങ്ങള്‍ ഒരേ ശൈലിയിലും ഒരേ വാക്യങ്ങളിലുമാണാവര്‍ത്തിക്കപ്പെടുന്നതെങ്കില്‍ കാതുകള്‍ അവ കേട്ട് മടുക്കുകയും ആസ്വാദകരില്‍ വിരസത ജനിക്കുകയും സ്വാഭാവികമാണ്. അതിനാല്‍ അതത് ഘട്ടങ്ങളില്‍ ആവര്‍ത്തിച്ചു പറയേണ്ടുന്ന സംഗതികള്‍ തന്നെ ഓരോ പ്രാവശ്യവും പുതിയ പുതിയ വാക്യങ്ങളില്‍, നവംനവമായ ശൈലീ വിശേഷങ്ങളില്‍, പുത്തനായ ഹാവഭാവങ്ങളോടെ അവതരിപ്പിക്കേണ്ടതാവശ്യമത്രെ. എങ്കില്‍ മാത്രമേ അവ ഏറ്റവും ആകര്‍ഷകമായ രീതിയില്‍ അനുവാചക ഹൃദയങ്ങളില്‍ സ്ഥലം പിടിക്കുകയും പ്രബോധനം ഓരോ ഘട്ടത്തിലും ദൃഢഭദ്രമായി മുന്നോട്ടു നീങ്ങുകയും ചെയ്യൂ.
നബി(സ)ക്ക് ഖുര്‍ആന്‍ അവതരിച്ചു കിട്ടിയ ക്രമത്തില്‍ അത് ക്രോഡീകരിക്കാതിരുന്നതെന്തുകൊണ്ട്? ആരാണ് വിശുദ്ധ ഖുര്‍ആന് നിലവിലുള്ള ക്രമം നല്‍കിയത്? വിശുദ്ധ ഖുര്‍ആന് ഗ്രന്ഥാവിഷ്കാരം നല്‍കിയത് ആരായിരുന്നു? മുതലായ കാര്യങ്ങളും തഫ്ഹീമിന്റെ മുഖവുരയില്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്.
ഖുര്‍ആന്‍ എങ്ങനെ പഠിക്കണമെന്നും സയ്യിദ് മൌദൂദി വിശദീകരിക്കുന്നു: "ഒരാള്‍- ഖുര്‍ആനില്‍ വിശ്വസിക്കട്ടെ, വിശ്വസിക്കാതിരിക്കട്ടെ-ഈ ഗ്രന്ഥം മനസ്സിലാക്കാന്‍ യഥാര്‍ഥത്തിലാഗ്രഹിക്കുന്നുവെങ്കില്‍ ആദ്യമായി ചെയ്യേണ്ടത് നേരത്തെ രൂപീകൃതമായ ധാരണകളില്‍ നിന്നും സിദ്ധാന്തങ്ങളില്‍നിന്നും, അനുകൂലമോ പ്രതികൂലമോ ആയ താല്‍പര്യങ്ങളില്‍നിന്നും മനസ്സിനെ സാധ്യമാകുന്നേടത്തോളം മുക്തമാക്കുകയും ഗ്രഹിക്കാനുദ്ദേശിച്ചു മാത്രം തുറന്ന ഹൃദയത്തോടെ പഠനം ആരംഭിക്കുകയുമാണ്.
ഖുര്‍ആനില്‍ സാമാന്യമായൊരു ജ്ഞാനം മാത്രമേ ഒരാള്‍ക്കുദ്ദേശ്യമുള്ളൂവെങ്കില്‍ ഒരാവര്‍ത്തി വായിച്ചാല്‍ മതിയെന്ന് വരാം. എന്നാല്‍ ആ മഹദ് ഗ്രന്ഥത്തിന്റെ ആഴങ്ങളിലിറങ്ങിച്ചെല്ലാനാഗ്രഹിക്കുന്നവര്‍ രണ്ടോ നാലോ തവണ വായിച്ചാലും മതിയാവുകയില്ല. പല പ്രാവശ്യം-ഓരോ പ്രാവശ്യവും ഓരോ പ്രത്യേക രീതിയില്‍- വായിക്കേണ്ടതുണ്ട്.''
ഖുര്‍ആനികാശയങ്ങളുടെ പ്രയോഗവത്കരണത്തിലൂടെ മാത്രമേ ഒരാള്‍ക്ക് അത് ശരിയാംവണ്ണം മനസ്സിലാവുകയുള്ളൂ.
"പഠന മാര്‍ഗങ്ങളെല്ലാം അവലംബിച്ചാലും ഖുര്‍ആന്‍ ഏതൊന്നിനായി വന്നിരിക്കുന്നുവോ ആ പ്രവര്‍ത്തനം സ്വയം നടത്താതിരിക്കുന്നേടത്തോളം ഒരാള്‍ ഖര്‍ആനികാശയത്തിന്റെ ചൈതന്യം പൂര്‍ണമായി ഉള്‍ക്കൊള്ളുകയില്ലെന്നതാണ് പരമാര്‍ഥം. കാര്യങ്ങളെല്ലാം ഒരു ഈസീ ചെയറിലിരുന്ന് വായിച്ചു ഗ്രഹിക്കാന്‍, കേവലമായ ആദര്‍ശ സിദ്ധാന്തങ്ങളുടെ ഗ്രന്ഥമല്ല ഖുര്‍ആന്‍. പൊതുവെ ലോകത്തറിയപ്പെടുന്ന മത സങ്കല്‍പങ്ങള്‍ക്കനുസൃതമായ ഒരുതരം മതഗ്രന്ഥവുമല്ല അത്. അതിനാല്‍ പള്ളികളിലും പള്ളിക്കൂടങ്ങളിലും വെച്ച് അതിലെ യുക്തിജ്ഞാന രഹസ്യങ്ങളെല്ലാം ചുരുളഴിച്ചുകളയാമെന്ന് കരുതുന്നതും ശരിയല്ല...''
"ഖുര്‍ആന്റെ നിയമവിധികളും ധാര്‍മിക സദാചാര ശിക്ഷണങ്ങളും സാമ്പത്തിക സാമൂഹികാധ്യാപനങ്ങളും നാനാ ജീവിത മേഖലകളെ സ്പര്‍ശിക്കുന്ന മൌലിക സിദ്ധാന്തങ്ങളും അവയെല്ലാം അതത് വേദികളില്‍ പ്രാവര്‍ത്തികമാക്കുമ്പോഴല്ലാതെ യഥായോഗ്യം മനസ്സിലാവുകയില്ല. സ്വകാര്യ ജീവിതത്തില്‍ ഖുര്‍ആനെ പിന്തുടരാത്ത ഒരു വ്യക്തിക്കും തങ്ങളുടെ സാമൂഹിക സ്ഥാപനങ്ങളെല്ലാം ഖുര്‍ആനിക താല്‍പര്യത്തിന് വിപരീതമായി നടത്തിക്കൊണ്ടിരിക്കുന്ന ഒരു സമുദായത്തിനും ഈ ഗ്രന്ഥം ഗ്രഹിക്കുക സാധ്യമല്ല; അവര്‍ മാറ്റത്തിനു തയാറല്ലെങ്കില്‍.''
ഖുര്‍ആനെപ്പറ്റി, അതൊരു സവിസ്തരമായ സാന്മാര്‍ഗിക പുസ്തകവും നിയമസംഹിതയുമാണെന്ന് ഒരു ശരാശരി വായനക്കാരന്‍ നേരത്തെ ധരിച്ചു വെച്ചിരിക്കും. പക്ഷേ, അയാളത് വായിച്ചു നോക്കുമ്പോള്‍ സാമൂഹിക, നാഗരിക, രാഷ്ട്രീയ, സാമ്പത്തികാദി ജീവിത മേഖലയെക്കുറിച്ച സുവിശദമായ നിയമാവലി അതില്‍ കാണുന്നില്ലെന്ന് മാത്രമല്ല, ഖുര്‍ആന്‍ ആവര്‍ത്തിച്ചൂന്നുന്ന നമസ്കാരം, സകാത്ത് മുതലായ നിര്‍ബന്ധ കര്‍മങ്ങളെക്കുറിച്ചു പോലും ആവശ്യമായ വിശദാംശങ്ങള്‍ അതില്‍ ഇല്ലെന്നു മനസ്സിലാകും. ഇത് വായനക്കാരന്റെ മനസ്സില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ഖുര്‍ആന്‍ എങ്ങനെയാണ് ഒരു സാന്മാര്‍ഗിക ഗ്രന്ഥമാകുന്നതെന്ന് ചിന്തിച്ചുപോവുകയും ചെയ്യും. ഇതിന്റെ വിശദീകരണം മൌലാനാ മൌദൂദി നല്‍കുന്നുണ്ട്: "അല്ലാഹു ഖുര്‍ആന്‍ എന്ന ഗ്രന്ഥം അയക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്. ആ ഗ്രന്ഥത്തിന്റെ വക്താവും പ്രയോക്താവുമായി ഒരു പ്രവാചകനെ നിയോഗിക്കുക കൂടി ചെയ്തിരിക്കുന്നു. ഖുര്‍ആന്‍ മൌലിക തത്ത്വങ്ങളുടെ ഗ്രന്ഥമാണ്; ശാഖോപശാഖകളുടെ ഗ്രന്ഥമല്ല. ഇസ്ലാമിക തത്ത്വങ്ങള്‍ക്കനുസൃതമായി ജീവിതത്തിന് പ്രാവര്‍ത്തിക രൂപം നല്‍കുകയായിരുന്നു പ്രവാചകന്റെ കര്‍ത്തവ്യം.''
അധ്യായങ്ങളെ
സമഗ്രമായി പരിചയപ്പെടുത്തല്‍

തഫ്ഹീമുല്‍ ഖുര്‍ആന്റെ മറ്റൊരു സവിശേഷത, ഖുര്‍ആനിലെ ഓരോ അധ്യായത്തിന്റെയും ആരംഭത്തില്‍ അധ്യായത്തെ സമഗ്രമായി പരിചയപ്പെടുത്തുന്നു എന്നതാണ്. അധ്യായത്തിന്റെ നാമം, അവതരണ കാലം, ചരിത്ര പശ്ചാത്തലം, ഉള്ളടക്കം മുതലായ കാര്യങ്ങള്‍ വിശദമായിത്തന്നെ വിവരിക്കുന്നു. കൂടാതെ ഇസ്ലാമിക പ്രബോധനത്തിന്റെ നിശ്ചിത കാലഘട്ടത്തില്‍ അവതീര്‍ണമായ ദൈവിക നിര്‍ദേശങ്ങള്‍ പ്രബോധനത്തിന്റെ സമകാലിക ഘട്ടവുമായി എങ്ങനെ സംയോജിപ്പിക്കാന്‍ സാധിക്കുമെന്ന് വിശദീകരിച്ച് ഇസ്ലാമിക പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് വഴി കാണിക്കുകയും ചെയ്യുന്നു.
ഒരധ്യായം പാരായണം ചെയ്യാനാരംഭിക്കുന്നതിനു മുമ്പുതന്നെ ആ അധ്യായത്തെ സംബന്ധിച്ച് ഏകദേശ ചിത്രം ഈ പരിചയപ്പെടുത്തലിലൂടെ വായനക്കാരന്റെ മനസ്സില്‍ രൂപപ്പെട്ടുവരും.
പദാനുപദ തര്‍ജമക്കു പകരം ആശയ വിവര്‍ത്തനം
ഉര്‍ദു ഭാഷയില്‍ വിരചിതമായ തഫ്ഹീമുല്‍ ഖുര്‍ആനില്‍ ഖുര്‍ആന്റെ പദാനുപദ തര്‍ജമക്കു പകരം ആശയ വിവര്‍ത്തനമാണ് നല്‍കിയിരിക്കുന്നത്. എന്തുകൊണ്ട് ഈ രീതി സ്വീകരിച്ചുവെന്ന് അദ്ദേഹം വിശദീകരിക്കുന്നു:
"പദാനുപദ വിവര്‍ത്തനത്തിന്റെ രീതി വെടിഞ്ഞ് സ്വതന്ത്രമായ ആശയവിവര്‍ത്തന രീതിയാണ് ഞാനീ ഗ്രന്ഥത്തില്‍ സ്വീകരിച്ചിട്ടുള്ളത്. വിശുദ്ധ ഖുര്‍ആന്‍ പദനിഷ്ഠയോടെ വിവര്‍ത്തനം ചെയ്യുന്നത് തെറ്റാണെന്ന് വിചാരിച്ചതുകൊണ്ടല്ല അത്. മറിച്ച്, അത്തരം പരിഭാഷകള്‍ നേരത്തെ തന്നെ ഒട്ടേറെ മഹാന്മാര്‍ നന്നായി നിര്‍വഹിച്ചുകഴിഞ്ഞിട്ടുള്ളതുകൊണ്ടും ആ രംഗത്ത് ഇനിയും കൂടുതല്‍ പ്രവര്‍ത്തിക്കേണ്ട ആവശ്യമില്ലാത്തതുകൊണ്ടുമാണ്... എന്നാല്‍ പദാനുപദ വിവര്‍ത്തനത്തിലൂടെ പരിഹൃതമാകാത്തതും ആവുക സാധ്യമല്ലാത്തതുമായ വേറെയും ചില ആവശ്യങ്ങളുണ്ടല്ലോ. അവയാണ് ഞാനീ ഭാഷ്യത്തിലൂടെ പരിഹരിക്കാന്‍ ശ്രമിച്ചിട്ടുള്ളത്.''
പദാനുപദ തര്‍ജമയുടെ ഗുണദോഷങ്ങള്‍ വിവരിച്ചുകൊണ്ട് മൌലാനാ തുടരുന്നു: "ഖുര്‍ആന്‍ പദാനുപദം അര്‍ഥമറിയാനും ഓരോ സൂക്തത്തിനും ചുവടെ അതിന്റെ തര്‍ജമ വായിച്ച് അതില്‍ പറഞ്ഞതെന്തെന്ന് മനസ്സിലാക്കാനും കഴിയുന്നു എന്നതാണ് പദാനുപദ തര്‍ജമയുടെ ഗുണം. ഈ ഗുണത്തോടൊപ്പം ഈ രീതിക്ക് ചില പോരായ്മകളുമുണ്ട്. അവ കാരണം അറബിഭാഷാ പരിജ്ഞാനമില്ലാത്ത വായനക്കാര്‍ക്ക് ഖുര്‍ആന്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ സാധിക്കാതെ വരുന്നു.''
ഭാഷാ സൌകുമാര്യവും ഹൃദയാവര്‍ജകമായ ശൈലിയും
തഫ്ഹീമുല്‍ ഖുര്‍ആന്റെ മറ്റൊരു സവിശേഷത അതിന്റെ ലളിത സുന്ദരമായ ഭാഷയും ഹൃദയാവര്‍ജകമായ ശൈലിയുമാകുന്നു. എത്ര സങ്കീര്‍ണമായ പ്രശ്നമാണെങ്കിലും എത്ര ശുഷ്കമായ വിഷയമാണെങ്കിലും മൌലാനാ മൌദൂദിയുടെ പരിചയ സമ്പന്നവും ഹൃദയഹാരിയുമായ ആഖ്യാനശൈലി അതിനെ ആസ്വാദ്യകരവും ലളിതവുമാക്കുന്നു.
തഫ്ഹീമുല്‍ ഖുര്‍ആന്‍ എഴുതപ്പെട്ടിട്ടുള്ളത് സാധാരണക്കാരെ ബോധവത്കരിക്കുന്നതിന് വേണ്ടിയാണ്. അതിനാല്‍ അക്കാദമികതല ചര്‍ച്ചകളോ സാഹിത്യ ഭംഗിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളോ അതില്‍ കണ്ടെന്നു വരില്ല. വായനക്കാരിലേക്ക് ഖുര്‍ആന്റെ സന്ദേശമെത്തിക്കുക, അതിന്റെ പ്രതിഫലനം അവരുടെ ജീവിതത്തില്‍ പ്രകടമാവുക- ഇതാണ് ലക്ഷ്യം. അതിനാലദ്ദേഹം അയത്നലളിതമായ ശൈലിയാണ് സ്വീകരിച്ചത്.
(തുടരും)

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly