ഒരു മാസം നീണ്ട തീവ്ര പരിശീലനത്തിന്റെ ആത്മീയ ഊര്‍ജവും പോര്‍ക്കളത്തിലിറങ്ങാനുള്ള ആവേശവും ഹൃദയപൂര്‍വം നെഞ്ചേറ്റി റമദാനിന് ഹൃദ്യമായ യാത്രാമംഗളം. ആകാശ നീലിമയില്‍ ആനന്ദത്തിന്റെ പുഞ്ചിരി തൂകിയ ശവ്വാലിന്റെ ഉദയപ്രകാശം വിശ്വാസികളുടെ ഹൃദയാന്തരാളങ്ങളില്‍ നിര്‍വൃതിയുടെ താളമേളങ്ങള്‍ തുടികൊട്ടുകയായി. ഇനി മനശ്ശുദ്ധിയുടെ സന്തോഷപ്പെരുന്നാള്‍. വ്രതശുദ്ധിയുടെ കരുത്ത് ചോര്‍ന്നുപോകാതെ നിലനിര്‍ത്തുമെന്ന പ്രതിജ്ഞ വീണ്ടും പുതുക്കി വിശ്വാസി സമൂഹം ഈദുല്‍ ഫിത്വ്ര്‍ ആഘോഷിക്കുന്നു. റമദാന്‍ വിശപ്പിന്റെ വേദന നമ്മെ അനുഭവിപ്പിച്ച മാസം കൂടിയായിരുന്നു. വിശപ്പടക്കാന്‍ ഗതിയില്ലാതെ അലയുന്നവന്റെ രോദനങ്ങളും ആര്‍ത്ത വിലാപങ്ങളും ഹൃദയങ്ങളില്‍ അനക്കം സൃഷ്ടിച്ച് പുതിയ മനുഷ്യനായിത്തീര്‍ന്നിരിക്കുന്നു വ്രതമനുഷ്ഠിച്ചവന്‍. അതുകൊണ്ട് തന്നെ 'വിശുക്കുന്നവന്റെ ഭക്ഷണം' അവന്റെ അവകാശമാണെന്ന് തിരിച്ചറിഞ്ഞ് അവരുടെ കൂരകളിലെത്തിച്ച് കൊടുക്കുന്ന 'സകാത്തുല്‍ ഫിത്വ്ര്‍' എന്ന മഹദ് കര്‍മത്തിന്റെ അകമ്പടിയോടെയാണ് വിശ്വാസികളുടെ പെരുന്നാള്‍ ആഘോഷത്തിന് നാന്ദി കുറിക്കുന്നത്.
ഇസ്ലാമിന്റെ ആഘോഷങ്ങളും പുണ്യകര്‍മമാണ്. ജീവിതം മുഴുവന്‍ ആരാധനയായിരിക്കണമെന്ന് പഠിപ്പിച്ച ഒരു ദര്‍ശനത്തിന്റെ ആഘോഷവും അതിന്റെ പുറത്താകാന്‍ തരമില്ലല്ലോ. രണ്ട് ആഘോഷങ്ങളാണ് മുസ്ലിംകള്‍ക്ക് അല്ലാഹു നിശ്ചയിച്ച് നല്‍കിയിട്ടുള്ളത്. ഈദുല്‍ ഫിത്വ്റും ഈദുല്‍ അദ്ഹായും. രണ്ടിനും വ്രതവിശുദ്ധിയുടെ പിന്‍ബലമുണ്ടാകണമെന്നാണ് അല്ലാഹുവിന്റെ തീരുമാനം. ഒരു മാസം നീണ്ട നിര്‍ബന്ധ വ്രതാനുഷ്ഠാനത്തിനു ശേഷം ഈദുല്‍ ഫിത്വ്ര്‍ ആഘോഷിക്കുമ്പോള്‍, ഒരു ദിവസത്തെ (അറഫാ ദിനം) ഐഛിക വ്രതവിശുദ്ധിയോടെയാണ് ഈദുല്‍ അദ്ഹാ ആഘോഷിക്കുന്നത്.
ആഘോഷങ്ങള്‍ക്ക് ചില അതിരും വേലിയും ഇസ്ലാം നിശ്ചയിട്ടുണ്ട്. മൂല്യബോധത്തിനും നന്മക്കും തരിമ്പും വില കല്‍പിക്കാത്ത ആധുനികതയുടെ ആഘോഷപ്പട്ടികയില്‍ അപ്പടി വരവ് വെക്കാവതല്ല ഇസ്ലാമിന്റെ ആഘോഷങ്ങള്‍. ആഘോഷങ്ങള്‍ ആഭാസകരമാകുന്നുവെന്നതാണ് വര്‍ത്തമാനകാല ആഘോഷ വിശേഷം. മദ്യമുതലാളിമാര്‍ക്കും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബീവറേജ് കോര്‍പ്പറേഷനും കോടികളുടെ വന്‍ലാഭം നിമിഷങ്ങള്‍ കൊണ്ട് നേടിക്കൊടുത്ത 'സു'ദിനങ്ങളാണ് നമ്മുടെ നാടിന്റെ ആഘോഷ നാളുകള്‍. ഓണവും ക്രിസ്മസും വിഷുവും പുതുവര്‍ഷപുലരിയുമൊക്കെ നാട് കൊണ്ടാടുന്നത് ഇങ്ങനെയാണ്. പതുക്കെയാണെങ്കിലും ഈദാഘോഷവും പൊതു ആഘോഷങ്ങളുടെ പട്ടികയില്‍ ഇടം നേടാനുള്ള മുന്നേറ്റത്തിലാണെന്ന ദുഃസൂചനയാണ് അടുത്ത കാലത്തെ ചില കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
ആഘോഷങ്ങള്‍ ആരാധനയായിരിക്കണമെന്നും അതിന് ദൈവപ്രീതിയും പ്രതിഫലവും ലഭിക്കണമെന്നുമാണ് ഇസ്ലാമിന്റെ താല്‍പര്യം. ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത് തന്നെ ഈദ് നമസ്കാരത്തോടെയാണല്ലോ. സ്ത്രീ പുരുഷ ഭേദമന്യേ ആബാലവൃദ്ധം ജനങ്ങള്‍ സമ്മേളിച്ച് സംഘടിതമായി നമസ്കാരം നിര്‍വഹിച്ചും ഉപദേശങ്ങള്‍ ശ്രവിച്ചും നേടുന്ന ആത്മവിശുദ്ധിയോടെയാണ് ആഘോഷനാളിന് തുടക്കമാകുന്നത്. പെരുന്നാള്‍ ദിനം അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്ന വിശുദ്ധ വചനങ്ങള്‍ കൊണ്ട് മുഖരിതമാകണമെന്നും കല്‍പിക്കപ്പെട്ടിരിക്കുന്നു. "നിങ്ങള്‍ (വ്രതത്തിന്റെ) എണ്ണം പൂര്‍ത്തിയാക്കിയതിനു ശേഷം നിങ്ങള്‍ക്ക് നേരായ മാര്‍ഗം കാണിച്ചുതന്നതിന്റെ പേരില്‍ അല്ലാഹുവിനെ നിങ്ങള്‍ പ്രകീര്‍ത്തിക്കുകയും ചെയ്യുക. അപ്പോള്‍ നിങ്ങള്‍ നന്ദിയുള്ളവരായേക്കാം'' (അല്‍ബഖറ 185).
'ഈദ്' എന്ന പദമാണ് ആഘോഷത്തിന് പൊതുവെ അറബിഭാഷയില്‍ ഉപയോഗിക്കുന്നത്. രണ്ട് പെരുന്നാള്‍ ആഘോഷങ്ങളും ഈ പദപ്രയോഗത്തില്‍ തന്നെയാണ് അറിയപ്പെടുന്നത്. മടക്കം, തിരിച്ചുപോക്ക് എന്നീ അര്‍ഥങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് ഈ പ്രയോഗം. പ്രമുഖ നബി ശിഷ്യനും നാലാം ഖലീഫയുമായ അലി(റ) ഈ പദത്തെ വിശദീകരിക്കുന്നത് ഇപ്രകാരമാണ്: "അല്ലാഹുവിലേക്കുള്ള മടക്കം (അല്‍ ഔദു ഇലല്ലാഹ്) അഥവാ പെരുന്നാള്‍ സുദിനം ദൈവസന്നിധിയിലേക്കുള്ള തിരിഞ്ഞു നടത്തം കൂടിയാണ്.'' ഈദുല്‍ ഫിത്വ്ര്‍ ഈ പ്രയോഗത്തോട് ഏറെ പൊരുത്തപ്പെടുന്ന ആഘോഷമാണ്. വ്രതനാളുകളില്‍ ആര്‍ജിച്ച മനശ്ശുദ്ധിയുടെ കരുത്തുമായി അല്ലാഹുവിലേക്കുള്ള മടക്കമാണ് ഈ ആഘോഷദിനം.
വ്രതനാളുകളില്‍ നാം തീവ്ര പരിശീലനത്തിലായിരുന്നു. ദൈവിക കല്‍പനകള്‍ക്കനുസരിച്ച് ജീവിതം ക്രമീകരിക്കാനുള്ള പരിശീലനം. അതില്‍ വിജയശ്രീലാളിതനായതിന്റെ പ്രഖ്യാപനം കൂടിയാണ് പെരുന്നാള്‍. പെരുന്നാള്‍ ദിനത്തില്‍ പുതു വസ്ത്രങ്ങളണിയണമെന്നാണ് ദൈവ താല്‍പര്യം. നമസ്കാരത്തിന് പുറപ്പെടുന്നതിന് മുമ്പായി കുളിച്ച് വൃത്തിയായി സുഗന്ധദ്രവ്യം പൂശി ഭംഗിയോടെയും ഭവ്യതയോടെയും നമസ്കാര സ്ഥലത്തേക്ക് പുറപ്പെടണമെന്നാണ് തിരുനബി(സ) പഠിപ്പിക്കുന്നത്. കാരണം, റമദാനിലെ വ്രതവിശുദ്ധിക്കും വിശ്രമമില്ലാതെ ചെയ്തുതീര്‍ത്ത കര്‍മങ്ങള്‍ക്കുമുള്ള സമ്മാനം പ്രഖ്യാപിക്കപ്പെടുന്ന വേദി കൂടിയാണ് പെരുന്നാള്‍ നമസ്കാര സ്ഥലം. ആത്മീയവും ശാരീരികവുമായ പൂര്‍ണ വിശുദ്ധിയോടെ സമ്മേളിച്ച ഓരോരുത്തരോടുമുള്ള അല്ലാഹുവിന്റെ സ്നേഹപൂര്‍ണമായ ഉപദേശം ഈ വിശുദ്ധി എപ്പോഴും കാത്ത് സൂക്ഷിക്കണമെന്നാണ്. പഴയതെല്ലാം മറന്ന് പുതിയ ലോകത്തെ പുതിയ മനുഷ്യനായി ജീവിക്കാന്‍ ജാഗ്രത കാണിക്കണമെന്ന വാത്സല്യ നിര്‍ഭരമായ ഈ ഉപദേശം തിരസ്കരിക്കാന്‍ ആര്‍ക്കാണാവുക?
റമദാനില്‍ അല്ലാഹുവുമായി ചില കരാറുകളും പ്രതിജ്ഞകളും പറഞ്ഞുറപ്പിച്ചിട്ടുണ്ട്. ഒരിക്കലും ലംഘിക്കാന്‍ പാടില്ലാത്ത ബലിഷ്ഠമായ കരാറുകളും പ്രതിജ്ഞകളുമാണവ. കരാര്‍ ലംഘനം ഗുരുതര പാപമായാണ് ഇസ്ലാം കണക്കാക്കുന്നത്. അത് അല്ലാഹുവുമായുള്ളതാകുമ്പോള്‍ കൂടുതല്‍ ഗൌരവമര്‍ഹിക്കുന്നു. "നിങ്ങള്‍ അല്ലാഹുവുമായി കരാര്‍ ചെയ്താല്‍ അത് പൂര്‍ത്തീകരിക്കുക. അതിന്റെ കരുത്ത് ബോധ്യമായിട്ടും നിങ്ങള്‍ പ്രതിജ്ഞകള്‍ ലംഘിക്കാതിരിക്കുക'' (അന്നഹ്ല്‍ 91). നമ്മുടെ കര്‍മങ്ങള്‍ നിഷ്ഫലമാകുന്ന മഹാ അപരാധമാണ് അല്ലാഹുവോടുള്ള പ്രതിജ്ഞകളുടെ ലംഘനം. "നല്ല ഉറപ്പിലും ഭംഗിയിലും ഉടുപ്പ് നെയ്തുണ്ടാക്കിയ ശേഷം അതിന്റെ തുന്നലുകള്‍ പൊട്ടിച്ച് കളഞ്ഞ (ഹതഭാഗ്യ)വരെ പോലെ നിങ്ങളും ആവരുത്'' (അന്നഹ്ല്‍ 92) എന്ന് അല്ലാഹു ഉണര്‍ത്തുന്നുണ്ട്. രാവിലെ മുതല്‍ വൈകുന്നേരം വരെ വെള്ളം കോരി നിറച്ച് അവസാനം കുടം തച്ചുടച്ച പൊട്ടി പെണ്ണും പകല്‍ മുഴുവന്‍ പാറക്കല്ലുകള്‍ പര്‍വത ശിഖരത്തിലേക്ക് ഉരുട്ടിക്കയറ്റി പിന്നീട് താഴേക്ക് തന്നെ ഉരുട്ടിവിട്ട് ആര്‍ത്ത് ചിരിക്കുന്ന നാറാണത്ത് ഭ്രാന്തനും ഈ ഖുര്‍ആനിക ഉപമയുടെ മലയാളപ്പതിപ്പുകളാണ്. റമദാനിലൂടെ നേടിയ ജീവിത വിശുദ്ധിയും ആത്മീയ ഊര്‍ജവും നിമിഷനേരം കൊണ്ട് പാഴാക്കി പഴയ ജീവിതത്തിലേക്ക് തന്നെ തിരിഞ്ഞോടുന്നവനെ ഉപമിക്കാന്‍ ഇതിനോളം അനുയോജ്യമായ വേറെ ഖുര്‍ആനിക ഉപമകളില്ല. റമദാന്‍ വിശുദ്ധി, ശേഷിക്കുന്ന പതിനൊന്ന് മാസത്തേക്കുള്ള കരുതിവെപ്പും വഴിവെളിച്ചവുമാണ്.
റമദാന്‍ അധ്വാനിക്കാനുള്ള പ്രചോദനമായിരുന്നു. വെറുതെ ഇരിക്കുന്ന അലസന്മാരെ തട്ടിയുണര്‍ത്തി ഏല്‍പിക്കപ്പെട്ട പണി സമയബന്ധിതമായും ഉത്തരവാദിത്വബോധത്തോടെയും ചെയ്തു തീര്‍ക്കാനുള്ള ആഹ്വാനമായിരുന്നു റമദാനിലുടനീളം. തിന്മകള്‍ക്ക് അരങ്ങൊരുക്കുന്നവരുടെയും അണിയറയില്‍ അതിനു വേണ്ടി കരുക്കള്‍ നീക്കുന്നവരുടെയും കറുത്ത കരങ്ങളില്‍നിന്ന് ലോകത്തെ മോചിപ്പിച്ചെടുത്ത് നന്മേഛുക്കളുടെ തെളിഞ്ഞ കൈകളില്‍ ഏല്‍പിച്ച് കൊടുക്കേണ്ട ബാധ്യത ഏല്‍പിക്കപ്പെട്ടവര്‍ അതിനുള്ള തയാറെടുപ്പുകള്‍ നടത്തുകയായിരുന്നു കഴിഞ്ഞ ഒരു മാസക്കാലം. അത് പ്രാവര്‍ത്തികമാക്കുന്നതിന്റെ തുടക്കം ആഘോഷപൂര്‍വമായിരിക്കണമെന്നാണ് അല്ലാഹു തീരുമാനിച്ചിരിക്കുന്നത്. ഈദുല്‍ ഫിത്വ്ര്‍ ആഘോഷിക്കുന്ന വിശ്വാസിയുടെ ഉള്ളകം പുളകിതമാകേണ്ടത് ഇത്തരം നല്ല വിചാരങ്ങള്‍ കൊണ്ടായിരിക്കണം. അപ്പോഴാണ് ഈദ് ആരാധനയും പുണ്യകരവുമാകുന്നത്.
പെരുന്നാള്‍ ആഘോഷിക്കണം
ആഘോഷം സാഘോഷം കൊണ്ടാടണമെന്ന് തന്നെ ഇസ്ലാമിന്റെ താല്‍പര്യം. കളിയും വിനോദവും പാട്ടും നര്‍മവും ചിരിയും സന്തോഷവുമെല്ലാം പങ്കുവെക്കുന്ന ആഘോഷം തന്നെയാണ് ഈദും. നാടൊട്ടുക്കും പങ്കെടുക്കുന്ന ഉത്സവ ദിനമായിരിക്കണം പെരുന്നാള്‍. വിലക്കുകളും നിഷിദ്ധങ്ങളും മാത്രം പറഞ്ഞ് വരണ്ടതും വിരസവുമായ ഒരു ദിനമായി പെരുന്നാള്‍ കഴിഞ്ഞ് പോയിക്കൂടാ. അധാര്‍മികവും സദാചാരവിരുദ്ധവുമല്ലാത്ത നല്ല പരിപാടികളും കൂട്ടായ്മകളും ഈദ് ദിനത്തില്‍ സംഘടിപ്പിക്കണം. അതിര് വിട്ടതും ഇസ്ലാമിക തനിമക്ക് നിരക്കാത്തതുമാകും വിധം ഈദാഘോഷം വഴിവിട്ടുപോകുന്നത് തടയാന്‍ പക്വവും വിനോദപ്രദവുമായ പരിപാടികളും ഒത്തുചേരലുകളും അനിവാര്യമാണ്. മനം മടുപ്പിക്കുന്നതും മനശ്ശാസ്ത്രപരവുമല്ലാത്ത സമീപനങ്ങള്‍ പലപ്പോഴും വഴികേടുകള്‍ക്കും അതിരുകവിയലുകള്‍ക്കും നിമിത്തമാകുമെന്ന് സംഭവലോകം നമ്മെ അടിക്കടി ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
ജനങ്ങള്‍ക്ക് നന്മയില്‍ ചരിക്കാന്‍ പ്രചോദനമേകുന്നതും തിന്മക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ കരുത്ത് പകരുന്നതുമായ കലാ കായിക സാംസ്കാരിക പരിപാടികളും സംഗമങ്ങളും സംഘടിപ്പിക്കാന്‍ മഹല്ലുകളും സംഘടനകളും മുന്‍കൈയെടുക്കേണ്ടതുണ്ട്. തിരുനബിയും അനുയായികളും പാട്ടുപാടിയും മത്സരങ്ങള്‍ സംഘടിപ്പിച്ചും കായിക പ്രദര്‍ശനങ്ങള്‍ ഒരുക്കിയും കുട്ടികളുടെ നൃത്തപരിപാടികള്‍ പ്രോത്സാഹിപ്പിച്ചും ആഘോഷദിനങ്ങള്‍ സജീവമാക്കിയതിന്റെ എമ്പാടും നല്ല മാതൃകകള്‍ നമ്മുടെ മുമ്പിലുണ്ട്.
ബന്ധങ്ങള്‍ ഭദ്രമാക്കാനും അറ്റുപോയവ വിളക്കിച്ചേര്‍ക്കാനുമുള്ള അസുലഭ മുഹൂര്‍ത്തം കൂടിയാണ് പെരുന്നാള്‍ സുദിനം. അടുത്തതും അകന്നതുമായ കുടുംബങ്ങളില്‍ സന്ദര്‍ശനം നടത്തിയും അവര്‍ക്ക് വിരുന്നൊരുക്കിയും കുടുംബബന്ധങ്ങള്‍ അരക്കിട്ടുറപ്പിക്കാന്‍ ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തണം. സംഘടനകളും വിഭാഗീയതയും മുസ്ലിം സമൂഹത്തിലുണ്ടാക്കിയ വിടവുകള്‍ ചെറുതല്ല. എല്ലാം മറന്ന് ഒന്നിച്ച് നില്‍ക്കേണ്ടതിന്റെ അനിവാര്യത മുമ്പെന്നെത്തേക്കാളുമേറെ ഇന്ന് ബോധ്യപ്പെടാത്ത ആരുമുണ്ടാവാനിടയില്ല. പെരുന്നാള്‍ നമസ്കാരം കഴിഞ്ഞ് പരസ്പരം ആശ്ളേഷിച്ച് ആശംസകള്‍ കൈമാറുമ്പോള്‍ നമ്മുടെ മനസ്സില്‍ കാപട്യത്തിന്റെ ചെറുകണിക പോലും അവശേഷിക്കുന്നില്ലെന്ന ഉറപ്പ് നമുക്കുണ്ടായിരിക്കണം. പിണക്കവും കുശുമ്പും പകയും അടക്കി ഒന്നാകാനുള്ള ഉല്‍ക്കടമായ ആഗ്രഹമായിരിക്കണം നമ്മുടെ ആശംസാ കൈമാറ്റത്തിന്റെ കരുത്ത്.
ഇസ്ലാമിന്റെ മാനവിക സമീപനവും വിശാല മനസ്കതയും ഗ്രന്ഥങ്ങള്‍ക്കകത്ത് തത്ത്വങ്ങളായി അവശേഷിക്കുന്നതല്ലെന്നും, കര്‍മമണ്ഡലത്തില്‍ അനുഭവിച്ചറിയാനാകുന്നതാണെന്നും പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള അവസരം കൂടിയാണ് ഈദുല്‍ ഫിത്വ്ര്‍. സുഹൃദ് സംഗമങ്ങളും ഈദ് കൂട്ടായ്മകളും ഒരുക്കി ഉള്ള് തുറന്ന് സംസാരിക്കാനും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനും സാധിച്ചാല്‍ ഉണ്ടാകുന്ന മഞ്ഞുരുക്കങ്ങള്‍ ചെറുതായിരിക്കില്ല. സുഹൃദ് സന്ദര്‍ശനങ്ങളും വിരുന്ന് സല്‍ക്കാരങ്ങളും സൌഹൃദ കൂട്ടായ്മകളും എല്ലാ സങ്കുചിതത്വങ്ങള്‍ക്കുമപ്പുറവും മാനവിക നിലപാടിലധിഷ്ഠിതമായിരിക്കാന്‍ നമുക്ക് നിര്‍ബന്ധമുണ്ടാകണം. ഇസ്ലാമും മുസ്ലിം സമൂഹവും ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഇക്കാലത്ത് ഇസ്ലാമിന്റെ അതിജീവനത്തിന് നാം നല്‍കുന്ന വിലപ്പെട്ട സംഭാവന കൂടിയായിരിക്കും അത്തരം ചെറിയ വലിയ പ്രവര്‍ത്തനങ്ങള്‍.
ആഘോഷം ആഭാസമാകാതിരിക്കാനും പരിധിക്കകത്ത് നിന്ന് കൊണ്ടാടാനും ഈദിന്റെ ആത്മാവ് തിരിച്ചറിയാനും നമുക്കായാല്‍ ഈദും റമദാനും നമ്മുടെ ജീവിതത്തിന്റെ സൌഭാഗ്യവും കരുത്തുമായിരിക്കും.