Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>ചോദ്യോത്തരം



പ്രബോധനമോ സംസ്കരണമോ?

 

# മുജീബ്

 
 




ഇന്ത്യയില്‍ പ്രവാചക ദൌത്യം പ്രവര്‍ത്തനമായി ഏറ്റെടുത്ത പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമിയെന്ന് അവകാശപ്പെടുന്നു. പ്രവാചകന്മാരെല്ലാം ദൈവിക ദര്‍ശനത്തിലേക്ക് തങ്ങളുടെ ജനങ്ങളെ പ്രബോധനം ചെയ്തപ്പോള്‍ ജമാഅത്ത് കൂടുതലും തങ്ങളുടെ സമുദായത്തിനിടയിലെ സംസ്കരണ പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്. ഇതിനാല്‍ തന്നെ പ്രബോധനം മുരടിക്കുകയും സംസ്കരണം അരങ്ങ് തകര്‍ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇസ്ലാമിലുള്ളവര്‍ക്ക് അഥവാ മുസ്ലിംകള്‍ക്ക് വേണ്ടി ഒരു സംസ്കരണ പ്രസ്ഥാനത്തിന്റെ ആവശ്യമുണ്ടോ? (ഉണ്ടെങ്കില്‍) അതിന് ചരിത്രത്തില്‍ വല്ല സ്ഥാനവുമുണ്ടായിരുന്നോ?

നസ്വീര്‍ പള്ളിക്കല്‍ രിയാദ്
'അല്ലാഹുവിന് അടിമപ്പെടുക, ദൈവവിരുദ്ധ ശക്തികളെ വര്‍ജിക്കുക എന്ന സന്ദേശവുമായി ഓരോ ജനതയിലേക്കും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്', 'നിങ്ങള്‍ ദീനിനെ സ്ഥാപിക്കുക, അതില്‍ ഭിന്നിക്കരുത് എന്ന സന്ദേശമാണ് നൂഹ്, ഇബ്റാഹീം, മൂസാ, ഈസാ, മുഹമ്മദ് എന്നീ പ്രവാചന്മാര്‍ക്കെല്ലാം നല്‍കിയത്' എന്നിങ്ങനെ വിവിധ ശൈലിയിലായി ഖുര്‍ആന്‍ പ്രവാചകന്മാരുടെ ദൌത്യം പ്രതിപാദിച്ചിട്ടുണ്ട്. സ്വാഭാവികമായും ഇതിന്റെ താല്‍പര്യം രണ്ടാണ്. ഒന്ന്, സന്മാര്‍ഗം എന്തെന്ന് അറിയാത്ത ജനങ്ങള്‍ക്ക് അത് കാണിച്ചുകൊടുക്കുക. രണ്ട്, സന്മാര്‍ഗം അറിഞ്ഞ ശേഷവും അതില്‍നിന്ന് വ്യതിചലിച്ചുപോയ ജനസമുദായങ്ങളെ, മറന്നുപോയ അധ്യാപനങ്ങള്‍ ഓര്‍മിപ്പിക്കുകയും സന്മാര്‍ഗത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്യുക. രണ്ടാമത് പറഞ്ഞ ദൌത്യത്തിന്റെ ഉദാഹരണമായിരുന്നു ഇസ്രാഈല്യരിലേക്ക് നിയുക്തരായ പ്രവാചകന്മാരത്രയും. ആയിരക്കണക്കിന് പ്രവാചകന്മാരാണ് സന്മാര്‍ഗ വ്യതിയാനത്തില്‍നിന്ന് അവരെ നേര്‍വഴിക്ക് നയിക്കാനും സംസ്കരിക്കാനുമായി നിയുക്തരായിരുന്നത്. അവര്‍ മൌലികമായി മുസ്ലിംകളും വേദഗ്രന്ഥങ്ങളുടെ അവകാശികളും ആയിരുന്നു. അതുകൊണ്ട് ഖുര്‍ആന്‍ അവരെ മുശ്രിക്കുകളില്‍ പെടുത്താതെ അഹ്ലുല്‍ കിതാബ് എന്ന് സംബോധന ചെയ്തു.
ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന് ഇരട്ട ദൌത്യമാണ് നിര്‍വഹിക്കാനുള്ളത്. 87 ശതമാനത്തോളമുള്ള അമുസ്ലിംകള്‍ക്ക് സന്മാര്‍ഗത്തിന്റെ സന്ദേശമെത്തിക്കലും 13 ശതമാനം വരുന്ന മുസ്ലിം സമൂഹത്തെ സംസ്കരിച്ച് യഥാര്‍ഥ ദൌത്യനിര്‍വഹണത്തിന് പ്രാപ്തരാക്കലും. രണ്ടും ജമാഅത്തെ ഇസ്ലാമിയുടെ മുഖ്യ അജണ്ടകളാണ്. എന്നാല്‍, ഒരു പീഡിത ന്യൂനപക്ഷമെന്ന നിലയില്‍ മുസ്ലിംകളുടെ മാനുഷിക പ്രശ്നങ്ങളുടെ പരിഹാരത്തിന് കൂടി വഴിതേടേണ്ട ബാധ്യത സംഘടന ഏറ്റെടുക്കേണ്ടിവരുന്നു. ശ്രമകരമെങ്കിലും മൂന്ന് ദൌത്യങ്ങളും കഴിവിന്‍പടി നിറവേറ്റാനാണ് ജമാഅത്ത് ശ്രമിക്കുന്നത്. ഇത് തീര്‍ച്ചയായും പ്രവാചകന്മാരുടെ മാതൃകതന്നെ.
വഹാബിസവും
മൌദൂദിയും

"സൌദി അറേബ്യയില്‍ 18-ാം നൂറ്റാണ്ടില്‍ ഉദയം ചെയ്ത പ്യൂരിറ്റാന്‍ (വഹാബിസം) പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിന്റെയും സമശീര്‍ഷനായ മുഹമ്മദ് ഇബ്നു സയ്യിദിന്റെയും ഇരുപതാം നൂറ്റാണ്ടിലെ കള്‍ച്ചറല്‍ കസിനാണ് സാക്ഷാല്‍ അബുല്‍ അഅ്ലാ മൌദൂദിയും ജമാഅത്തെ ഇസ്ലാമിയും എന്ന് നിസ്സംശയം പറയാം. വഹാബിസത്തിന്റെ അക്രമാസക്തമായ മൌദൂദിയന്‍ വ്യാഖ്യാനമാണ് പൊളിറ്റിക്കല്‍ ഇസ്ലാമെന്ന് ചുരുക്കം. ഇസ്ലാമിക രാഷ്ട്ര നിര്‍മിതിക്ക് വേണ്ടി മുസ്ലിം ബ്രദര്‍ഹുഡ്, അഹ്ലെ അല്‍ ഹദീദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ ലോകമെമ്പാടുമുള്ള ഫണ്ടമെന്റല്‍ ഗ്രൂപ്പുകള്‍ക്ക് അകമഴിഞ്ഞ സാമ്പത്തിക സഹായം സൌദി കേന്ദ്രമായുള്ള വേള്‍ഡ് മുസ്ലിം ലീഗ് (റാബിത്ത അല്‍ ആലമി- അല്‍ ഇസ്ലാമി), ദാറുല്‍ ഇഫ്ത്ത വല്‍ ദവാത്തുല്‍ അല്‍ ഇര്‍ഫാദ് തുടങ്ങിയ വഹാബി സെന്ററുകളില്‍നിന്ന് ലഭിക്കുന്നുണ്ട്.''
ഡി.വൈ.എഫ്.ഐ മുഖപത്രമായ യുവധാരയുടെ ജൂലൈ ലക്കത്തിലെ മഹമൂദ് മൂടാടിയുടെ ലേഖനത്തില്‍നിന്ന്. മുജീബിന്റെ പ്രതികരണം?

എം.പി സാലിഹ് നന്മണ്ട
നാസ്തികരോ നിര്‍മതരോ തീവ്ര മതേതരക്കാരോ ആയ വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും വേണ്ടത് സ്വകാര്യ ജീവിതത്തില്‍ പരിമിതമായ, യാതൊരു സാമൂഹിക ഇടപെടലും ഇല്ലാത്ത, രാഷ്ട്രീയ സാമ്പത്തിക സാമൂഹിക മേഖലകളില്‍ കേവല ഭൌതിക പ്രത്യയശാസ്ത്രങ്ങളെ പിന്താങ്ങുന്ന ഒരു 'നിര്‍ദോഷ' ഇസ്ലാമാണ്. അത്തരക്കാര്‍ക്ക് അവര്‍ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി, ബാലിശ മതവിവാദങ്ങളില്‍ കുരുങ്ങി സ്വയം നശിക്കാന്‍ വിടും. മറിച്ച്, ജീവിതത്തിന്റെ മുഴുവന്‍ രംഗങ്ങളിലും ശക്തമായി ഇടപെട്ട്, മനുഷ്യ നിര്‍മിത ഭൌതിക പ്രത്യയശാസ്ത്രങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി, നാനാജാതി മതസ്ഥരായ മനുഷ്യരെ സന്മാര്‍ഗത്തിലേക്ക് നയിക്കാന്‍ പണിയെടുക്കുന്ന യഥാര്‍ഥ ഇസ്ലാമിക പ്രസ്ഥാനങ്ങളെ സര്‍വ ശക്തിയുമുപയോഗിച്ച് തകര്‍ക്കാനും അവര്‍ ശ്രമിക്കും. ഇതാണിപ്പോള്‍ സി.പി.എമ്മിന്റെയും പോഷക സംഘടനകളുടെയും ഭാഗത്ത് നിന്ന് ജമാഅത്തെ ഇസ്ലാമിക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെയും മര്‍മം. അവരുടെ ഈ ബേജാറും ഭീതിയും അസ്ഥാനത്താണെന്ന് പറഞ്ഞുകൂടാ. ആള്‍ബലവും വിഭവങ്ങളും എത്ര പരിമിതമാണെങ്കിലും ഇസ്ലാമിക പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും വികാസവും ശത്രുക്കളെ അങ്കലാപ്പിലാക്കുന്നതിന്റെ ലക്ഷണങ്ങളാണ് മീഡിയയില്‍ തകര്‍ത്താടുന്ന കപട മതേതരബുജികളുടെ വ്യാജ പ്രോപഗണ്ട.
ശൈഖ് മുഹമ്മദ് ബ്നു അബ്ദില്‍ വഹാബിന്റെ പ്രസ്ഥാനം മുഖ്യമായും ലക്ഷ്യമിട്ടത് മുസ്ലിം സമൂഹത്തില്‍ സൂഫിസത്തിന്റെയും ത്വരീഖത്തിന്റെയും മറവില്‍ അടിഞ്ഞുകൂടിയ മൂഢ വിശ്വാസങ്ങളെയും അനാചാരങ്ങളെയുമാണ്. അതില്‍ ആലു സുഊദിന്റെ പിന്തുണയോടെ ഒരളവോളം വിജയിക്കുകയും ചെയ്തു. അല്ലാത്തപക്ഷം ഇന്ന് മക്കയിലെയും മദീനയിലെയും പുണ്യ സ്ഥലങ്ങളും ചരിത്ര സ്മരണകളുണര്‍ത്തുന്ന പ്രദേശങ്ങളുമാകെ വിഗ്രഹ പൂജയോടടുത്ത കൊടിയ അന്ധവിശ്വാസങ്ങളുടെയും തജ്ജന്യമായ വ്യാപാരങ്ങളുടെയും വിളനിലമായി മാറിയേനെ. ഇക്കാര്യം മൌലാനാ മൌദൂദിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍, ഇത് അംഗീകരിക്കുന്നതോടൊപ്പം അതില്‍നിന്നും മുന്നോട്ട് പോയി ഒരു സമഗ്ര ഇസ്ലാമിക ജീവിത ദര്‍ശനമാണ് അദ്ദേഹവും ജമാഅത്തെ ഇസ്ലാമിയും അവതരിപ്പിച്ചത്. അതാവട്ടെ മുഹമ്മദ് നബി(സ)യും അനുചരന്മാരും പഠിപ്പിച്ച ഇസ്ലാം തന്നെയാണ്. ഇന്ന് മതേതരക്കാര്‍ കണ്ടെത്തിയ പൊളിറ്റിക്കല്‍ ഇസ്ലാമല്ല. പൊളിറ്റിക്സിന്റെ ഇസ്ലാമിക കാഴ്ചപ്പാട് മൌലികമാണ്, അത് മൌദൂദിയുടെയോ മറ്റാരുടെയോ സൃഷ്ടിയല്ല.
അഹ്ലെ ഹദീസ്, മദ്ഹബുകള്‍ക്ക് പകരം നബിചര്യക്ക് പ്രാമുഖ്യം നല്‍കുന്ന വിചാരധാരയാണ്. യഥാര്‍ഥ അഹ്ലെ ഹദീസ് ഇസ്ലാമിക രാഷ്ട്രീയത്തെ നിരാകരിക്കുന്നില്ലെന്ന് മാത്രം. മുസ്ലിം ബ്രദര്‍ഹുഡും ജമാഅത്തെ ഇസ്ലാമിയും മദ്ഹബുകളെയും അഹ്ലെ ഹദീസിനെയും അംഗീകരിക്കുന്ന വിശാല ഇസ്ലാമിക പ്രസ്ഥാനങ്ങളാണ്. അടിസ്ഥാന തത്ത്വങ്ങളും പ്രമാണങ്ങളും അംഗീകരിച്ചുകൊണ്ടുതന്നെ മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് നൂതന ചിന്തകള്‍ക്കും ഗവേഷണങ്ങള്‍ക്കും സ്ഥാനവും പ്രസക്തിയുമുണ്ടെന്ന് വിശ്വസിക്കുന്നു ഈ സംഘടനകള്‍. അതിനാല്‍ ഫണ്ടമെന്റലിസം എന്ന വാക്ക് അവര്‍ക്ക് ചേരില്ല. ഇന്ന് ലോകത്തുള്ള ഇസ്ലാമിക പുരോഗമന ചിന്തക്ക് അനര്‍ഘ സംഭാവനകളര്‍പ്പിച്ചത് ഇഖ്വാനും ജമാഅത്തുമാണ്. എന്നാല്‍ വളയമില്ലാതെ ചാടുന്ന പുരോഗമനത്തിന് അവ തയാറല്ല. ഇതാണ് മതേതരവാദികളെ ചൊടിപ്പിക്കുന്നത്. മുസ്ലിം വേള്‍ഡ് ലീഗ് രാഷ്ട്രാന്തരീയ തലത്തില്‍ ഇസ്ലാമിക പ്രചാരണത്തിനും ന്യൂനപക്ഷങ്ങളുടെയടക്കം മുസ്ലിം സ്ഥാപനങ്ങളുടെ സഹായത്തിനും പൊതുവായ ജനസേവന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന സംഘടനയാണ്. അതെവിടെയും രാഷ്ട്രീയ സഹായം ചെയ്യുന്നതായി അറിവോ തെളിവോ ഇല്ല. മുസ്ലിം വേള്‍ഡ് ലീഗിനെ അമേരിക്കയടക്കം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഒരു വിദേശ ഏജന്‍സിയുടെയും ധനസഹായം സ്വീകരിക്കാറില്ല. തങ്ങളല്ലാത്തവരെല്ലാം വിദേശ ധനസഹായം കൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്നത് മാര്‍ക്സിസ്റ് സംഘടനകളുടെ സ്ഥിരം പ്രോപഗണ്ടയാണ്. തെളിവില്ലാത്ത ആരോപണം ആര്‍ക്കുമെതിരെയും ഉന്നയിക്കാം. അതിന് ലൈസന്‍സ് വേണ്ടല്ലോ (ഇംഗ്ളീഷില്‍നിന്ന് ലേഖകന്‍ പകര്‍ത്തിയ വാചകങ്ങളില്‍ തെറ്റുകള്‍ വേണ്ടത്രയുണ്ട്. അഹ്ലെ അല്‍ ഹദീദ് അല്ല, അഹ്ലെ ഹദീസ്. ദാറുല്‍ ഇഫ്ത്ത വല്‍ ദവാത്തുല്‍ അല്‍ ഇര്‍ഫാദ് എന്നത് ദാറുല്‍ ഇഫ്താഇ വദ്ദഅ്വഃ വല്‍ ഇര്‍ഷാദ് എന്ന് തിരുത്തണം).
ഹിന്ദുത്വവാദികളുമായി സഖ്യം?
സ്വാതന്ത്യ്രാനന്തര ഭാരതത്തില്‍ 50 വര്‍ഷം കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ രാഷ്ട്ര നിര്‍മാണത്തിന് ക്രിയാത്മക സംഭാവനകള്‍ നല്‍കിയ മുസ്ലിംകളുടെ അവസ്ഥ പട്ടിക ജാതിക്കാരേക്കാള്‍ പിന്നില്‍! 30 വര്‍ഷം തുടര്‍ച്ചയായി കമ്യൂണിസ്റുകള്‍ ഭരിച്ച ബംഗാളിലാണ് ഏറ്റവും പിന്നാക്കം (സച്ചാര്‍ റിപ്പോര്‍ട്ട്). ഈ മതേതരക്കാര്‍ ബി.ജെ.പി പേടി പറഞ്ഞ് മുസ്ലിംകളെ വോട്ടു ബാങ്കായി ഉപയോഗിച്ച് ചതിക്കുകയാണ്. മാത്രമല്ല, മതേതരമെന്ന് പറയുന്ന മാധ്യമങ്ങള്‍ ഹിന്ദുക്കളില്‍ മുസ്ലിംവിരോധം വളര്‍ത്തി വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കുന്നു. ഈ സാഹചര്യത്തില്‍ ഭാരതത്തില്‍ 15 ശതമാനം വരുന്നതും യു.പി, ബീഹാര്‍, ബംഗാള്‍, ആസ്സാം, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ളതുമായ മുസ്ലിംകള്‍ ഒരു രാഷ്ട്രീയ ശക്തിയായി ഉയര്‍ന്ന് ഭൂരിപക്ഷം വരുന്ന ഹിന്ദുത്വ രാഷ്ട്രീയ ശക്തികളുമായി പരസ്പരം ചര്‍ച്ചയിലൂടെ തെറ്റിദ്ധാരണകള്‍ അകറ്റി പുതിയൊരു രാഷ്ട്രീയ സംസ്കാരത്തിന് രൂപം നല്‍കുന്നിനോട് സംവാദത്തിന്റെ സംസ്കാരമുള്ള ജമാഅത്തെ ഇസ്ലാമിയുടെ നിലപാടെന്താണ്?
സി.പി വേണുഗോപാല്‍
കോട്ടക്കകം, തിരുവനന്തപുരം

ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന് കോണ്‍ഗ്രസ്സടക്കമുള്ള മതേതര പാര്‍ട്ടികളില്‍ നിന്നുണ്ടായ കൊടിയ ദുരനുഭവങ്ങളുടെ സാക്ഷ്യപത്രം തന്നെയാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. സ്വാതന്ത്യ്രത്തിന്റെ ആറ് പതിറ്റാണ്ട് പിന്നിട്ടിട്ടും അരക്ഷിതാവസ്ഥയും അവഗണനയും വേട്ടയാടുന്ന മുസ്ലിം സമുദായത്തിന്റെ ദൈന്യാവസ്ഥ സച്ചാര്‍ വസ്തുനിഷ്ഠമായി അവതരിപ്പിച്ചിരിക്കുന്നു. ഇതിനുത്തരവാദികള്‍ 45 വര്‍ഷവും തുടര്‍ച്ചയായി മുസ്ലിം പിന്തുണയോടെ ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയും, സംസ്ഥാനങ്ങളില്‍ ഭരണം നേടാന്‍ മുസ്ലിം പിന്തുണ ഉറപ്പാക്കിയ ഇടതുപാര്‍ട്ടികളും മറ്റു പ്രാദേശിക കക്ഷികളുമാണ്. അതേയവസരത്തില്‍ ദീര്‍ഘദൃഷ്ടിയോ ആസൂത്രണമോ നേതൃത്വമോ ഐക്യമോ ഇല്ലാതെ വിവിധ പാര്‍ട്ടികളുടെ പിന്നാലെ പോയി സ്വയം ദൈന്യത ഏറ്റുവാങ്ങിയ മുസ്ലിം സമുദായത്തിനും അനിഷേധ്യമായ പങ്ക് വിഷയത്തിലുണ്ട്. സ്വയം നന്നാവാത്ത ഒരു ജനതയെയും ദൈവം നന്നാക്കാമെന്നേറ്റിട്ടില്ല.
ഇനിയും സമുദായത്തിന്റെ മുമ്പിലുള്ള രക്ഷാ മാര്‍ഗം ഇസ്ലാം അനുശാസിക്കുന്ന മൂല്യബദ്ധമായ ജീവിതവും ഐക്യവും തന്നെയാണ്. ഒരേകീകൃത മുസ്ലിം രാഷ്ട്രീയ പാര്‍ട്ടി പക്ഷേ, ഇന്നത്തെ പരിതസ്ഥിതിയില്‍ യാഥാര്‍ഥ്യമാവാന്‍ സാധ്യത നന്നെ വിരളമാണ്. വിവിധ ഗ്രൂപ്പുകളും സംഘടനകളും സ്വാര്‍ഥ താല്‍പര്യങ്ങളുപേക്ഷിച്ച് പൊതു താല്‍പര്യങ്ങള്‍ക്കുവേണ്ടി ഒന്നിക്കാന്‍ തയാറാവണമല്ലോ. അതിനവര്‍ തയാറല്ല എന്നതോടൊപ്പം മതേതര, വര്‍ഗീയ പാര്‍ട്ടികളുടെയും നേതാക്കളുടെയും കുത്തിത്തിരിപ്പുകള്‍ വലിയ വിഘാതമായി നിലകൊള്ളുകയും ചെയ്യുന്നു.
യഥാര്‍ഥ സനാതന ധര്‍മത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഹൈന്ദവ സംഘടനകളൊന്നും നിര്‍ഭാഗ്യവശാല്‍ ഇന്നില്ല. അല്ലെങ്കില്‍ തീരെ ശക്തമല്ല. പകരം രംഗം കൈയടക്കിയത് ന്യൂനപക്ഷ വിരോധം മുഖമുദ്രയാക്കിയ തീവ്ര ഹിന്ദുത്വ സംഘടനകളും നേതാക്കളുമാണ്. അവരുമായി എന്തടിസ്ഥാനത്തിലാണ് ചര്‍ച്ചകള്‍ നടത്തുക? തങ്ങള്‍ സ്വയം ഇല്ലാതായി രംഗം പൂര്‍ണമായി നിങ്ങള്‍ക്ക് വിട്ടുതരാം എന്ന് ഓഫര്‍ നല്‍കാന്‍ ഒരു സമുദായത്തിന് ആവില്ലല്ലോ. ന്യൂനപക്ഷ സമുദായങ്ങളുടെ അസ്തിത്വവും വ്യക്തിത്വവും അംഗീകരിക്കാന്‍ അവര്‍ തയാറാണെങ്കില്‍ മാത്രമേ ചര്‍ച്ചക്ക് കളമൊരുങ്ങുകയെങ്കിലും ചെയ്യൂ. മറ്റൊന്ന്, ഹിന്ദുത്വ പാര്‍ട്ടികളെ ആഴത്തില്‍ ഗ്രസിച്ച അധാര്‍മികതയും കാപട്യവും അഴിമതിയുമാണ്. ഇക്കാര്യത്തില്‍ മതേതര പാര്‍ട്ടികളില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല ഹിന്ദുത്വ പാര്‍ട്ടികളുടെയും പ്രതിഛായ. സാമ്രാജ്യത്വ ദാസ്യത്തിലും അതുതന്നെ സ്ഥിതി. ജമാഅത്തെ ഇസ്ലാമി ഹിന്ദുത്വ നേതാക്കളുമായും സ്വാമിമാരുമായും നിരന്തര ബന്ധം പുലര്‍ത്തിയിരുന്നതാണ്. രാജ്യത്ത് ഇന്നേവരെ അവരുമായി ഒരു സംഘട്ടനത്തിനും ജമാഅത്ത് പോയിട്ടുമില്ല. പക്ഷേ, പ്രത്യക്ഷത്തില്‍ നല്ലത് പറയുകയും പരോക്ഷമായി കടുത്ത മുസ്ലിം വിരോധം തുടരുകയുമാണ് സംഘ്പരിവാര്‍ ചെയ്തിട്ടുള്ളത്. രാഷ്ട്രീയ കാര്യസാധ്യത്തിനല്ല, സത്യപ്രബോധനത്തിനും ധര്‍മ പുനഃസ്ഥാപനത്തിനുമായി ഇനിയും പരസ്പര ബന്ധങ്ങളും ചര്‍ച്ചകളും തുടരണമെന്ന് തന്നെയാണ് ജമാഅത്തിന്റെ നിലപാട്. നിരാശ ഒന്നിനും പ്രതിവിധിയല്ല.
കൈവെട്ടും കാല്‍വെട്ടും
കൈവെട്ടി മാറ്റിയ 'ഭീകരവാദി'കള്‍ക്ക് വേണ്ടി കേരളമാകെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് റെയ്ഡുകള്‍, അറസ്റുകള്‍! കാല്‍ വെട്ടി മാറ്റിയ 'ദേശീയവാദി'കള്‍ക്ക് വേണ്ടി റെയ്ഡില്ല, അറസ്റില്ല, കേസില്ല!! ഈ ഭരണകൂട ഇരട്ടത്താപ്പല്ലേ ഭീകരവാദികളെ സൃഷ്ടിക്കുന്നത്?
എ.ആര്‍ ചെറിയമുണ്ടം
ഭരണകൂടത്തിനും നിയമപാലകര്‍ക്കും മീഡിയക്കുമൊക്കെ ഇരട്ടത്താപ്പുണ്ടെന്ന വസ്തുത വ്യക്തമാണ്. ഒരേ തെറ്റ് മുസ്ലിം ന്യൂനപക്ഷത്തിന്റെ ഭാഗത്ത് നിന്ന് സംഭവിച്ചാല്‍ ഘോര പാതകവും മറിച്ചാണെങ്കില്‍ വെറും നിസ്സാര കൃത്യവുമാവുന്ന മറിമായം നാം കണ്ടും കേട്ടും മടുത്തു.
എന്നാല്‍ ഇത് ഭവിഷ്യത്തോര്‍ക്കാതെ, വിവേകശൂന്യമായ ചെയ്തികളിലേര്‍പ്പെടുന്നതിന് ന്യായീകരണമാവില്ല. തിന്മക്ക് പകരം തിന്മ, സ്വീകാര്യമായ സമരമാര്‍ഗവുമല്ല. സംയമനവും സഹിഷ്ണുതയും സമാധാന വാഞ്ഛയുമല്ലാതെ മുസ്ലിംകള്‍ക്ക് അഭിലഷണീയമായ കര്‍മമാര്‍ഗങ്ങളില്ല. ഭരണകൂട ഭീകരതക്കും മറ്റു അനീതികള്‍ക്കുമെതിരെ മുഴുവന്‍ മനുഷ്യ സ്നേഹികളെയും അണിനിരത്തി ജനാധിപത്യപരമായ പോരാട്ടം സര്‍വശക്തിയുമുപയോഗിച്ച് തുടരുക മാത്രമാണ് മുസ്ലിംകളുടെ ഏക രക്ഷാമാര്‍ഗം. ഭാഗ്യവശാല്‍ ആ പോരാട്ടത്തിന് ശക്തിപകരാന്‍ നിരവധി കുട്ടായ്മകളും വ്യക്തികളും ഭൂരിപക്ഷ സമുദായത്തിലും വിവിധ പാര്‍ട്ടികളിലും ഉണ്ട്. ആരെങ്കിലും ഭീകരവാദികളെ സൃഷ്ടിച്ചാലും കെണിയില്‍ വീഴാതിരിക്കാന്‍ മുസ്ലിംകള്‍ക്ക് സാധ്യമാണല്ലോ.

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly