Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>
മുഖക്കുറിപ്പ്


ഈദ് എന്ന ഇബാദത്ത്

 

 

 
 


വിശ്വാസികള്‍ക്ക് അല്ലാഹു കല്‍പിച്ചരുളിയ രണ്ട് ഉത്സവങ്ങളാണ് ഈദുല്‍ ഫിത്വ്റും ഈദുല്‍ അദ്ഹായും. വിശ്വാസിയുടെ എല്ലാ ജീവിതവ്യവഹാരങ്ങളും ഇബാദത്തുകളാകേണ്ടതാണ്. അല്ലാഹുവിന്റെ പ്രീതിക്കു വിധേയമായി നിര്‍വഹിക്കപ്പെടുന്നതിലൂടെ ഏതു കാര്യവും ഇബാദത്തായിത്തീരുന്നു. ഈദിനാവട്ടെ അല്ലാഹു കല്‍പിച്ചരുളിയ കാര്യം എന്ന സ്ഥാനവുമുണ്ട്. അതിനാല്‍ കച്ചവടവും ദാമ്പത്യവും പോലെ എന്നതിലപ്പുറം നമസ്കാരവും നോമ്പും പോലെ തന്നെയുള്ള ആരാധനകളാകുന്നു ഈദുകള്‍. ഇബാദത്തുകള്‍ അല്ലാഹുവിങ്കല്‍ സാധുവും സ്വീകാര്യവുമാകാന്‍ അവ അല്ലാഹു നിര്‍ദേശിച്ച രീതിയില്‍ തന്നെ നിര്‍വഹിക്കപ്പെടേണ്ടതനിവാര്യമാകുന്നു. അതുതന്നെയാണ് ഈദാഘോഷങ്ങളുടെയും അവസ്ഥ. ഇസ്ലാം നിശ്ചയിച്ച ഈദാഘോഷങ്ങളെ ഇതര ഉത്സവങ്ങളില്‍നിന്ന് വ്യതിരിക്തമാക്കുന്ന സുപ്രധാന ഘടകമാണിത്.ഈ ഘടകം അവഗണിക്കപ്പെടുന്നതിലൂടെ ഈദിന്റെ ആഘോഷ മാനം മാത്രം പൊലിപ്പിക്കപ്പെടുകയും ഇസ്ലാമിക മാനം വിസ്മൃതമാവുകയും ചെയ്യുന്നു. അതോടെ ഈദിന്റെ ആന്തരാര്‍ഥങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും വിരുദ്ധമായ ആചാരങ്ങള്‍ കടന്നുവന്ന് ആ ഇബാദത്തിനെ മലിനവും വികൃതവുമാക്കുന്നു. ഈദാഘോഷത്തിന്റെ പേരില്‍ തന്നെ ഈദിന്റെ പവിത്രത ചവിട്ടി മെതിക്കപ്പെടുന്നു; ഖുര്‍ആന്‍ പാരായണത്തിനും ദൈവസ്മരണക്കും പകരം അശ്ളീല ഗാനങ്ങളാലപിച്ചും വ്യാജ ദൈവങ്ങളെ ധ്യാനിച്ചും നമസ്കാരം നിര്‍വഹിക്കപ്പെടുന്നതുപോലെ.
ഒരു മാസക്കാലം നീണ്ട റമദാന്‍ വ്രതം വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ, നിശാ നമസ്കാരങ്ങളിലൂടെയും ഖുര്‍ആന്‍ പാരായണത്തിലൂടെയും പശ്ചാത്താപ നിര്‍ഭരമായ പാപമോചന പ്രാര്‍ഥനകളിലൂടെയും സ്വയം ശുദ്ധീകരിക്കുകയും പ്രപഞ്ചനാഥനോടു കൂടുതല്‍ സാമീപ്യം സ്ഥാപിക്കുകയും ചെയ്തതിന്റെ, അന്നപാനീയങ്ങള്‍ വെടിഞ്ഞ് ഇല്ലാത്തവരുടെ യാതനയില്‍ സ്വയം പങ്കുചേരുകയും ദാനധര്‍മങ്ങളിലൂടെ ഉള്ളവരുടെ ക്ഷേമത്തില്‍ ഇല്ലാത്തവരെ പങ്കുചേര്‍ക്കുകയും ചെയ്തുകൊണ്ട് സമസൃഷ്ടികളുമായുള്ള ഐക്യവും സ്നേഹവും സഹകരണവും അരക്കിട്ടുറപ്പിച്ചതിന്റെ ആഘോഷമാണ് ഈദുല്‍ ഫിത്വ്ര്‍. വിശുദ്ധിയും ഭക്തിയും സമസൃഷ്ടി സ്നേഹവും സഹകരണവും സമാധാനവും തുടിക്കുന്ന പരിപാടികളിലൂടെയാണ് അതാചരിക്കേണ്ടത്. നിഷിദ്ധ നടപടികള്‍ക്കൊന്നും പെരുന്നാള്‍ ഇളവനുവദിക്കുന്നില്ല. മദ്യപാനവും ചൂതാട്ടവും മറ്റാഭാസങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടാന്‍ അനിവാര്യമായ ഘടകങ്ങളാകുന്നു എന്ന ഒരു സങ്കല്‍പം ആളുകളില്‍ പൊതുവിലും കേരളീയരില്‍ വിശേഷിച്ചും വളര്‍ന്നുവരുന്നുണ്ട്. അടുത്ത കാലത്ത് ഉത്സവകാലങ്ങളില്‍ കേരളത്തിലുണ്ടാകുന്ന മദ്യപ്രളയം അതിന്റെ നിദര്‍ശനമാകുന്നു. ഈ പൈശാചികതയില്‍ പങ്കുചേരലല്ല; പ്രത്യുത അതിനോടുള്ള സന്ധിയില്ലാ സമരമാണ്, ആയിരിക്കണം ഈദാഘോഷം. പെരുന്നാള്‍ ദിനങ്ങള്‍ രാജ്യത്ത് മദ്യവില്‍പന ഒട്ടും നടക്കാത്ത നാളുകളാവുകയാണെങ്കില്‍ അത് ഇതര ഉത്സവങ്ങള്‍ക്ക് ഈദ് നല്‍കുന്ന- ഈദിനു മാത്രം നല്‍കാന്‍ കഴിയുന്ന- മഹത്തായ സന്ദേശമായിരിക്കും.
സമുദായങ്ങള്‍ തമ്മില്‍, ജാതികള്‍ തമ്മില്‍, മതങ്ങള്‍ തമ്മില്‍, സംഘടനകള്‍ തമ്മില്‍, ഭാഷകള്‍ തമ്മില്‍, എല്ലാം സംഘര്‍ഷങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സമകാലീന സാഹചര്യത്തില്‍ ഈദുല്‍ഫിത്വര്‍ പ്രസരിപ്പിക്കുന്ന ഐക്യത്തിന്റെയും സമാധാനത്തിന്റെയും ചൈതന്യം ഏറെ പ്രസക്തമാകുന്നു. ഈ മൂല്യങ്ങള്‍ സഹോദര സമുദായങ്ങള്‍ക്കുകൂടി അനുഭവവേദ്യമാകും മട്ടില്‍ ഈദ് കൊണ്ടാടാനാണ് കാലഘട്ടം വിശ്വാസികളോടാവശ്യപ്പെടുന്നത്. ക്ഷയോന്മുഖമായിക്കൊണ്ടിരിക്കുന്ന ഏകാത്മ ബോധത്തെയും ധാര്‍മിക സദാചാര മൂല്യങ്ങളെയും തിരിച്ചുപിടിക്കാനും പോഷിപ്പിക്കാനും ഉന്നമിട്ടുള്ളതാണ് ഈദ് ദിനത്തില്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ള ഫിത്വ്ര്‍ സകാത്ത് മുതല്‍ സുഹൃദ് സംഗമങ്ങള്‍ വരെയുള്ള എല്ലാ പരിപാടികളും. പുതുവസ്ത്രമണിഞ്ഞും അത്തറ് പൂശിയും ദേഹമലങ്കരിക്കുക മാത്രമല്ല പെരുന്നാള്‍; പുതിയ അനുഭൂതികളും ആശയങ്ങളും ധരിപ്പിച്ച് മനസ്സിനെ അലങ്കരിക്കല്‍ കൂടിയാണ്.
വെള്ളപ്പൊക്കം, ഭൂകമ്പം, കൊടുങ്കാറ്റ്, വരള്‍ച്ച തുടങ്ങിയ പ്രകൃതി വിപത്തുകളിലും, യുദ്ധക്കെടുതികള്‍ക്കിരയായും ചൂഷണവിധേയരായും ഒക്കെ കൊടിയ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്ന നിരവധി സമൂഹങ്ങള്‍ ലോകത്തിന്റെ നാനാഭാഗത്തുമുണ്ട്. ആ സഹോദരന്മാരുടെ യാതനകള്‍ മനസ്സുകൊണ്ടെങ്കിലും പങ്കുവെക്കാനും ആശ്വാസം പകര്‍ന്നു കൊടുക്കുന്നതിനെക്കുറിച്ചാലോചിക്കാനും ഈദിന്റെ ആന്തരാര്‍ഥങ്ങള്‍ നമ്മോടാവശ്യപ്പെടുന്നുണ്ട്. പെരുന്നാള്‍ കൊണ്ടാടുന്നത് മുസ്ലിംകളാണെങ്കിലും എല്ലാവര്‍ക്കും നുകരാന്‍ കഴിയണം അതിന്റെ സൌന്ദര്യം. ചുറ്റുപാടുനിന്നുയരുന്ന ദീനവിലാപങ്ങള്‍ കേള്‍ക്കാന്‍ കൂട്ടാകാതെ ആര്‍ത്തുല്ലസിക്കുന്നവരുടെ പെരുന്നാള്‍ വാനലോകത്തുള്ളവരുടെ കണ്ണില്‍ കേവലം ദുര്‍ന്നാളാകുന്നു.
ഈദ് എന്നാല്‍ ഉത്സവമാണ്. അലങ്കാരവും വിനോദവും ഉല്ലാസവും ആസ്വാദനവുമെല്ലാം ഒത്തുചേരുമ്പോഴാണ് ഒരു ദിനം ഉത്സവമാകുന്നത്. ഈദ് ദിനങ്ങളില്‍ വിനോദ കലകള്‍ക്കുള്ള ഇടം അന്ത്യപ്രവാചകന്‍ തന്നെ അടയാളപ്പെടുത്തിയിട്ടുള്ളതാണ്. പക്ഷേ വിനോദങ്ങളും കലാപരിപാടികളും, സഭ്യതയുടെയും ശ്ളീലതയുടെയും പരിധികള്‍ ഭേദിച്ചുകൂടാ. പാരമ്പര്യങ്ങളുടെ തനിയാവര്‍ത്തനത്തില്‍നിന്നും അന്യരെ അന്ധമായി അനുകരിക്കുന്നതില്‍നിന്നും മാറി സര്‍ഗാത്മകമായി ഈദാഘോഷത്തെ സമീപിക്കാന്‍ ആധുനിക മുസ്ലിം സമൂഹത്തിന് കഴിയേണ്ടതുണ്ട്. അപ്പോഴേ പെരുന്നാളും അതിനാധാരമായ വ്രതമാസവും ഉള്‍ക്കൊള്ളുന്ന ആശയങ്ങളെയും അനുഭൂതികളെയും ഉന്മിഷത്താക്കുന്നതും സംക്രമിപ്പിക്കുന്നതുമായ പെരുന്നാള്‍ കലകളും വിനോദങ്ങളും ആവിഷ്കൃതമാകൂ. പെരുന്നാളിന് പെരുന്നാളിന്റേതായ ആഘോഷ പരിപാടികളില്ലാതാകുമ്പോഴാണ് പെരുന്നാളിന്റെ പൊരുളിനു വിരുദ്ധമായ അനാചാരങ്ങളിലേക്കുള്ള ആളുകളുടെ ഒഴുക്കിന് ആക്കം കൂടുന്നത്.

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly