Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       



ജീവാത്മാവ്
സി. കുഞ്ഞിമുഹമ്മദ് വേങ്ങര
മരണത്തിന് ശേഷം ആത്മാവിന് എന്ത് സംഭവിക്കുന്നു? ശരീരത്തില്‍ നിന്നു വ്യതിരിക്തവും സ്വതന്ത്രവുമായി മരണത്തെ അതിജീവിക്കുന്ന ഒരാത്മാവ് ഉണ്ടോ? ഇക്കാര്യത്തില്‍ അതിപുരാതനകാലം മുതല്‍ക്കേ തന്നെ തര്‍ക്കമുണ്ടായിരുന്നു. ഉണ്ടെന്നു പറയുന്നവരെ ആത്മീയവാദികളെന്നും, ഇല്ലെന്നു പറയുന്നവരെ ഭൌതികവാദികളെന്നും പറയുന്നു.
ഭൌതികവാദികളുടെ അഭിപ്രായത്തില്‍ ശരീരമാണ് പരമപ്രധാനം, അത് മാത്രമേ യഥാര്‍ഥത്തില്‍ ഉള്ളൂ. അതിന്റെ വൈവിധ്യത്തെയാണ്, ചലനങ്ങളുടെ സവിശേഷ പ്രകടനത്തെയാണ് ജീവന്‍ എന്ന് പറയുന്നത്. ദിവ്യമായ യാതൊന്നും അതിലില്ല. ഈ സവിശേഷ ചലനം നിലച്ചാല്‍ ജീവനും നിലച്ചു. അതേയവസരത്തില്‍ ഒരു ഭൌതിക പദാര്‍ഥത്തിന് അഥവാ പദാര്‍ഥങ്ങളുടെ യോഗത്തിന് ജീവന്‍ നല്‍കാന്‍ ഇന്ന് വരെ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല എന്ന കാര്യം ഭൌതികവാദികള്‍ സമ്മതിക്കുന്നു.
ശരീരത്തെ അതിജീവിക്കുന്ന ഒരാത്മാവുണ്ടെന്ന കാര്യം മിക്കവാറും എല്ലാ മതങ്ങളുടെയും അടിസ്ഥാനാശയമാണ്. ഭാരതത്തിന്റെ സനാതന തത്ത്വമായ വേദങ്ങള്‍, ബ്രഹ്മാവ്, ആത്മാവ്, ആത്മമോക്ഷത്തിന് നിദാനമായ കര്‍മയോഗങ്ങള്‍, പരലോകം തുടങ്ങിയ ചര്‍ച്ചയിലൊക്കെ അത് കടന്നുവരുന്നു. വേദോപനിഷത്തുകളിലാകട്ടെ, പരമാത്മാവ്, ജീവാത്മാവ്, മോക്ഷം തുടങ്ങിയവ സജീവ ചര്‍ച്ചാ വിഷയമാണ്.
ശരീരത്തില്‍നിന്നുള്ള ആത്മാവിന്റെ തിരോധാനമാണ് മരണം. ആത്മാവാണ് യഥാര്‍ഥത്തില്‍ ശരീരത്തിന്റെ ചാലക ശക്തി. ഇന്ദ്രിയങ്ങളുടെ ഗ്രഹണശക്തി, അവയവങ്ങളുടെ ചലനാത്മകത, ചിന്ത, വികാര വിചാരങ്ങള്‍ എന്നിവ ആത്മപ്രചോദിതമാണ്. ആത്മാവിന്റെ തിരോധാനത്തോടെ ശരീരത്തിന്റെ ചലനാത്മകത അവസാനിക്കുന്നു. ആത്മാവ് മരണത്തെ അതിജീവിക്കുന്നു.
ആത്മാവ്, കര്‍മസിദ്ധാന്തം, മരണാനന്തര ജീവിതം തുടങ്ങിയ വിശ്വാസങ്ങള്‍ മനുഷ്യപ്രകൃതിയില്‍ നിലീനമായിരിക്കുന്ന മാനവികതയെ തട്ടിയുണര്‍ത്തി ഈശ്വര നിയമങ്ങള്‍ അനുസരിക്കുന്നതിലൂടെ സഹജീവികളെ സ്നേഹിക്കാനും സേവിക്കാനും സഹായകമായി വര്‍ത്തിക്കുന്നു. ഭൌതികവാദമാവട്ടെ ദയാരഹിതരും സ്വാര്‍ഥികളും സുഖലോലുപരും ഭോഗാലസരുമായ ഒരു സമൂഹത്തെ സൃഷ്ടിക്കുന്നു. അതിന്റെ മികച്ച ഉദാഹരണമാണ് ഭാരതത്തില്‍ ഉദയം കൊണ്ട 'ലോകായത'മെന്ന വിചാര പദ്ധതിയുടെ വക്താക്കളായ ചാര്‍വാകന്മാര്‍. ചാര്‍വാകനാണ് ഇവരുടെ ആചാര്യന്‍. ലോകായതം ഒന്നു മാത്രമാണ് ശാസ്ത്രമായിട്ടുള്ളതെന്നാണ് അവരുടെ വാദം. പ്രത്യക്ഷ ജ്ഞാനം മാത്രമാണ് പ്രമാണമായിട്ടുള്ളത്. പ്രിഥ്വി, ജലം, വായു, അഗ്നി ഈ നാലെണ്ണമാണ് തത്ത്വങ്ങള്‍. ധനവും സുഖാനുഭവവുമാണ് മനുഷ്യജീവിതത്തിന്റെ ലക്ഷ്യങ്ങള്‍. പ്രകൃതിക്ക് വിചാരം ചെയ്യാന്‍ കഴിയും, പരലോകമെന്ന ഒന്നില്ല, മരണം എല്ലാറ്റിന്റെയും അവസാനമാണ്. ഈ ഭൂമിയൊന്നേയുള്ളൂ എന്ന നിര്‍ബന്ധ അഭിപ്രായമുള്ളത് കൊണ്ടാണ് ഈ പ്രസ്ഥാനത്തിന് ലോകായതമെന്ന പേര്‍ നല്‍കിയിരിക്കുന്നത്. ഇന്ദ്രിയ പ്രത്യക്ഷം മാത്രമാണ് ജ്ഞാനസ്വരൂപമെന്നുള്ളതു കൊണ്ട് പ്രകൃതി മാത്രമാണ് യഥാര്‍ഥ സത്തയായി നില്‍ക്കുന്നത്.
ആത്മാവിനെ ശരീരത്തില്‍നിന്ന് വ്യതിരിക്തമായി കാണേണ്ടുന്ന ആവശ്യം നമുക്കില്ല, അത് ബുദ്ധിവിശിഷ്ഠമായ ശരീരം മാത്രമാണ്. 'ഞാന്‍ തടിച്ചവനാണ്.' 'ഞാന്‍ യുവാവാണ്,' 'ഞാന്‍ മധ്യവയസ്കനാണ്' എന്നിത്യാദി മൊഴികളാല്‍ തിരിച്ചറിയപ്പെടുന്ന ആത്മാവ് ശരീരം തന്നെയാണ്. ആത്മാവിനും ശരീരത്തിനും വേറെ വേറെ സത്തയുണ്ടെന്നതിന് നമുക്ക് തെളിവൊന്നുമില്ല. നാം ശരീരമല്ലാത്ത ഒരാത്മാവിനെ കാണുന്നില്ല. ശരീരത്തില്‍നിന്ന് വേര്‍പെട്ട നിലയിലുള്ള ആത്മാവിനെ കണ്ടവരാരാണുള്ളത്? ജീവിതം ഭൌകിത വസ്തുക്കളുടെ പരമമായ മാതൃകയില്‍ നിന്നുളവായതല്ലേ? ചരിത്രത്തെ ഈശ്വരന്റെ നീതിക്ക് സാക്ഷ്യമായും ലോക സംഭവങ്ങളെ ആത്മാവിന്റെ മുക്തിക്കായി ഈശ്വരന്‍ ആസൂത്രണം ചെയ്ത പദ്ധതിയായും കരുതുന്നത് ആത്മവഞ്ചനയല്ലാതെ മറ്റൊന്നുമല്ല. ഈ തത്ത്വശാസ്ത്രം നിശങ്കമായ സ്വമത സിദ്ധാന്തം കൊണ്ടു ലോകത്തിലെ ആന്തരമൂല്യങ്ങളെ അഴിച്ചു തുടച്ചു കളഞ്ഞു. ഈശ്വരനിലും പരലോകങ്ങളിലുമുള്ള വിശ്വാസത്തെ മിഥ്യാസങ്കല്‍പത്തിന്റെയും സ്ത്രൈണ ഭാവത്തിന്റെ ദൌര്‍ബല്യം, ഭീരുത്വം, വിശ്വാസക്ഷതം എന്നിവയായി രേഖപ്പെടുത്തി. എന്നിട്ടു മുന്നോട്ടു വെക്കുന്ന ജീവിത കാഴ്ചപ്പാടു കാണുക.
സാനന്ദം ജീവിച്ചാലും നിങ്ങള്‍ ജീവിക്കും നാളില്‍ മൃത്യു ദൃഷ്ടിയില്‍നിന്ന് മുക്തി പ്രാപിക്കില്ലാരും. നമ്മുടെ ദേഹം വെന്തു ചാമ്പലായി പോയാല്‍ പിന്നെയെങ്ങനെ മടങ്ങീടാമെന്നതു മടങ്ങീടാന്‍. സുകൃത കര്‍മം ഭ്രാന്തിയാണ്. സുഖഭോഗം മാത്രമാണ് യാഥാര്‍ഥ്യം. ജീവിതം തന്നെയാണ് ജീവിതത്തിന്റെ ലക്ഷ്യം. ഉത്തമവും ശുഭവും ഉല്‍കൃഷ്ടവും പവിത്രവും ദയാര്‍ദ്രവുമായ എല്ലാ വസ്തുക്കളിലും അവിശ്വാസമായിരുന്നു. കേവലം ഇന്ദ്രിയോപയോഗവും സ്വാര്‍ഥ ചിന്തയും ഉല്‍ക്കടമായ ഇഛയുടെ പൂര്‍ത്തിയുമായിരുന്നു ഭൌതികവാദ സിദ്ധാന്തം. മാനവിക മൂല്യങ്ങളോട് പ്രകൃതിക്ക് വലിയ താല്‍പര്യമൊന്നുമില്ല. നന്മതിന്മകളോട് ഉദാസീന ഭാവമേ പ്രകൃതിക്കുള്ളൂ. പാപികളുടെയും പുണ്യശാലികളുടെയും മേല്‍ സൂര്യപ്രകാശം തുല്യമായാണ് പതിയുന്നത്. എല്ലാ പ്രമാണ്യങ്ങളോടും സാഹസികമായ അവജ്ഞയാണിവര്‍ക്കുള്ളത്. എല്ലാവരെയും സൃഷ്ടിച്ചത് ഒരേ സാമഗ്രികൊണ്ടാകയാല്‍ ഒരാള്‍ ഭരണം നടത്തുക, മറ്റൊരാള്‍ അനുസരിക്കുക എന്ന നില ശരിയല്ല. സദാചാര നിയമങ്ങള്‍ മനുഷ്യരുടെ കീഴ്നടപ്പുകളാണ്. നിഷേധാത്മക സമ്പ്രദായങ്ങളായ ഉപവാസം, തപസ്സ് എന്നിവ നടത്തുമ്പോള്‍ ജീവിതത്തിന്റെ അനിവാര്യ ലക്ഷ്യമായ ആനന്ദത്തെ മറന്നു കളയുന്നു. മൃഗങ്ങളെ കൊല്ലുന്നതും ഇന്ദ്രിയാനന്ദങ്ങളില്‍ മുഴുകിക്കഴിയുന്നതും മറ്റുള്ളവരുടെ മുതല്‍ തട്ടിയെടുക്കുന്നതും നിയമ വിധേയമോ അല്ലയോ എന്ന ജിജ്ഞാസ ജീവിതത്തിലെ മുഖ്യ ലക്ഷ്യത്തിനനുകൂലമല്ല. ഇവരുടെ ഇത്തരം നിയമരാഹിത്യത്തിനും സദാചാര ധ്വംസനത്തിനും അനുകൂലമല്ലാത്തതിനാല്‍ വേദപ്രമാണങ്ങള്‍ കഠിനഭാഷയില്‍ നിഷേധിക്കപ്പെട്ടിരിക്കുന്നു. വേദസംഹിതകളുടെ മേല്‍ അസത്യം, അസാംഗത്യം, പുനരുക്തി എന്നീ കുറ്റങ്ങള്‍ ആരോപിച്ചിരിക്കുന്നു. ഇങ്ങനെ സദാചാര സാംസ്കാരിക നാഗരികതയുടെ അസ്ഥിവാരം തകര്‍ക്കുന്ന സിദ്ധാന്തങ്ങള്‍ നീണ്ടുപോവുന്നു. ജീവിതത്തിന്റെ കീഴ്വഴങ്ങലും വൈരാഗ്യവും സര്‍വ വ്യാപകമായ ഔദാര്യവും പ്രേമവുമാണ് മാനവികതയുടെ അടിസ്ഥാനമെന്നുല്‍ഘോഷിക്കുന്ന വേദങ്ങളുടെയും വേദോപനിഷത്തുകളുടെയും മണ്ണില്‍നിന്നാണ് കിരാതവും വന്യവുമായ, മനുഷ്യ പ്രകൃതിയില്‍ നിലീനമായ മൂല്യബോധത്തെയും ആര്‍ദ്രതയെയും കുഴിച്ചുമൂടുന്ന വിചാരപദ്ധതിയും ഉദയം കൊണ്ടത്. മനുഷ്യവംശത്തിന്റെ നിലനില്‍പിനു തന്നെ ഭീഷണിയുയര്‍ത്തുന്ന ഇത്തരം കളകളെ സംഘടിതമായി വളരാന്‍ പ്രകൃതി അനുവദിക്കില്ല. പ്രകൃതിയുടെ നിലനില്‍പുതന്നെ കൊണ്ടും കൊടുത്തുമാണ്. ചരാചരപ്രപഞ്ചം സ്വാര്‍ഥരഹിതമായാണ് അതിന്റെ ദൌത്യം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ഒരു പക്ഷി മുട്ടയിടാറാവുമ്പോള്‍ കൂടുണ്ടാക്കി മുട്ടയിട്ട് അടയിരുന്നു കുഞ്ഞുങ്ങളെ വിരിയിച്ചു. ശേഷം സ്നേഹ വാത്സല്യത്തോടെ അതിനെ പോറ്റി വളര്‍ത്തി, അവക്ക് സ്വയം ജീവിക്കാന്‍ കഴിയുന്നത് വരെ സംരക്ഷിക്കുന്നത് എന്തു സ്വാര്‍ഥതയാലാണ്.
പ്രവാചകന്മാര്‍ ആഗതരാകുമ്പോള്‍ അവരെ എതിര്‍ക്കാന്‍ മുന്നില്‍ നിന്നിരുന്നത് ഭൌതികവാദികളായിരുന്നു. പ്രവാചകന്മാരുടെ അധ്യാപനങ്ങള്‍ അവരുടെ ഇഛകളുടെ കൂത്താട്ടത്തിനെതിരായിരുന്നു. കര്‍മങ്ങളുടെ കണക്കെടുപ്പു അവര്‍ക്ക് അചിന്ത്യമായിരുന്നു. "എന്നാല്‍ മനുഷ്യന്‍ ഭാവിയിലും ദുര്‍വൃത്തികളനുവര്‍ത്തിക്കണമെന്നാഗ്രഹിക്കുന്നു.'' (ഖുര്‍ആന്‍ 75/5).
വ്യത്യസ്ത രീതിയിലാണെങ്കിലും ശാസ്ത്രത്തിന്റെ മുന്നേറ്റത്തില്‍ യൂറോപ്പിലും ഭൌതികവാദ പ്രവണത നിലവില്‍ വന്നു. മനുഷ്യന്‍ എന്താണ്, മനുഷ്യാത്മാവിന്റെ സ്വരൂപം എന്താണ് എന്നെല്ലാമുള്ള ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലാതായി. പുണ്യവാന്റെയും പാപിയുടെയും മേല്‍ സൂര്യപ്രകാശം ഒരുപോലെ പതിക്കുന്നതെന്ന ലോകായത വാദത്തിനു സദൃശമായി വൈദ്യുതാഘാതമേറ്റാല്‍ ഭോഗിയായാലും യോഗിയായാലും മരിക്കുമെന്ന് വാദിച്ചു.
സന്മാര്‍ഗ മൂല്യങ്ങളുടെ അടിത്തറ ഇളക്കികൊണ്ട് ബോധോവബോധമനസ്സുകളുടെ നിയമരാഹിത്യത്തിലാണ് സന്മാര്‍ഗത്തിന്റെ വേരെന്ന് ഫ്രോയ്ഡ് സിദ്ധാന്തിച്ചു. വാലറ്റു നട്ടെല്ലു നിവര്‍ത്തി നില്‍ക്കുന്ന മനുഷ്യാ, നിന്റെ പൂര്‍വികര്‍ വാലുമുറിയാത്ത, നട്ടെല്ലു നിവര്‍ന്നിട്ടില്ലാത്ത കുരങ്ങന്മാരായിരുന്നുവെന്ന് ഡാര്‍വിന്‍ അവന്റെ മുഖത്ത് നോക്കി പറഞ്ഞു. ഭൌതികങ്ങളായ സാമ്പത്തിക ശക്തികളുടെ നിര്‍ണയത്തിലാണ് മനുഷ്യപുരോഗതിയെന്നും ഉല്‍പാദനപ്രക്രിയയിലെ ഒരുപകരണം മാത്രമാണ് മനുഷ്യനെന്നും സാമ്പത്തിക ശക്തികളുടെയും മാര്‍ഗ മത്സരങ്ങളുടെയും സൃഷ്ടിയാണ് മനുഷ്യനെന്ന് മാര്‍ക്സും വാദിച്ചു. ചുരുക്കത്തില്‍, ജൈവകുലത്തിലെ കേവലമൊരു ജന്തു എന്നതിനപ്പുറം ഒരസ്തിത്വവും അവനില്ല എന്ന നിലപാട് പ്രചരിച്ചു. ഈ പ്രവണത, ഈശ്വരനെയും ആത്മാവിനെയും മതത്തെയും നിഷേധിക്കുന്ന അവസ്ഥയിലെത്തി. മൂല്യങ്ങളോട് യാതൊരു പ്രതിപത്തിയുമില്ലാത്ത അവസ്ഥയിലും യൂറോപ്പില്‍ നിലനിന്നിരുന്ന ക്രിസ്തീയ മതചിന്ത മനുഷ്യ സ്വതന്ത്യ്രത്തോട് ബഹുമതി കാട്ടിയില്ല. സ്വതന്ത്ര ചിന്തകര്‍ നിഷേധികളായി, ബഹിഷ്കൃതരായി. ഈയൊരവസ്ഥയിലാണ് യൂറോപ്പില്‍ അസ്തിത്വവാദം എന്ന വിചാര പദ്ധതി നിലവില്‍ വരുന്നത്.
ഈ ചിന്താപ്രസ്ഥാനത്തിന്റെ ആരംഭം കുറിച്ചത്, ക്രിസ്തുമത വിശ്വാസിയും ദൈവഭക്തനുമായിരുന്ന ഡെന്മാര്‍ക്ക്കാരന്‍ സോറന്‍ കീര്‍ക്കാഗാര്‍ഡ് ആയിരുന്നു. നിഷേധികളായ ഫ്രഡറിക് നീച്ചേ, സാര്‍ത്ര്, കാള്‍യാഡ്പേഴ്സ, ഗബ്രിയേല്‍ മാഴ്സണ്‍, മാര്‍ട്ടിന്‍ ഹൈദര്‍ഗര്‍ തുടങ്ങിയവരാണ് ഇതിന്റെ ആചാര്യന്മാര്‍. ഇവരുടെ വാദഗതികളില്‍ ചിലതു മാത്രം ഇവിടെ ചേര്‍ക്കുന്നു. വിശ്വാസത്തിലൂടെ മോചനം എന്നതായിരുന്നു കീര്‍ക്ക് ഗാര്‍ഡിന്റെ ആശയം. എല്ലാ അസ്തിത്വവാദികളും സ്വതന്ത്രമായ മനുഷ്യസ്തിത്വത്തില്‍ വിശ്വസിക്കുന്നു. തീരുമാനവും കര്‍മവുമാണ് മനുഷ്യാസ്തിത്വത്തിന്റെ ലക്ഷണങ്ങളായി പറയുന്നത്. അസ്തിത്വം എന്ന ഉണ്‍മയില്‍ എല്ലാവരും യോജിക്കുന്നുവെങ്കിലും തത്ത്വങ്ങളിലും വ്യാഖ്യാനങ്ങളിലും പരസ്പര വിരുദ്ധങ്ങളായ ആശയങ്ങളാണ് പലര്‍ക്കുമുള്ളത്.
പ്രതിഭാസ വിജ്ഞാനികള്‍ നേതി നേതി പ്രക്രിയയില്‍ കൂടി വസ്തുവിന്റെ അന്തസത്തയില്‍ എത്തുന്നത് പോലെ അസ്തിത്വവാദികള്‍ ഒരു വ്യക്തിയുടെ പരിവേഷങ്ങളെയൊക്കെ നിഷേധിച്ചു. അസ്തിത്വത്തിന്റെ തനിമയില്‍ എത്തുന്നതില്‍ വിശ്വസിക്കുന്നു. പ്രമാണികനായ അസ്തിത്വ ചിന്തകന്‍ ജര്‍മന്‍കാരനായ കാള്‍യാഡ് പേഴ്സ് പറയുന്നു. "അഞ്ചിന്ദ്രിയങ്ങള്‍, ഒരു മനസ്സ് എന്നീ ആറുപടികള്‍ കടന്നാല്‍ സത്യത്തിലെത്തിച്ചേരാമെന്നു വിശ്വസിക്കുന്നില്ല. പക്ഷേ, നമ്മുടെ ഇന്ദ്രിയങ്ങളും മനസ്സും നിരുപയോഗമാണോ? അല്ലേ അല്ല. ഭൌതിക ലോകത്തെ നാം അറിയുന്നത് ഇവയില്‍ കൂടി തന്നെ. പക്ഷേ, ഭൌതിക ലോകത്തിന്നാധാരാമായ ഉണ്‍മ(ആലശിഴ) ഉണ്ട്. ഭൌതിക ലോകത്തോടും അന്യമനുഷ്യരോടും പ്രതികരിക്കുന്ന മനുഷ്യാസ്തിത്വവുമുണ്ട്. ഈ യാഥാര്‍ഥ്യങ്ങളുടെ ലോകങ്ങള്‍ തുറന്നു കിട്ടാന്‍ മറ്റു താക്കോലുകള്‍ വേണം. യുക്തിയിലെ അയുക്തിയാണ് ഇവിടത്തെ വലിയ യുക്തി. പ്രപഞ്ചത്തിലെ വസ്തുക്കളെല്ലാം ചേര്‍ന്ന ഒരു സമഗ്രസത്തയുണ്ട്. തീരുമാനങ്ങള്‍ എടുത്ത് മുന്നോട്ടു പോകുന്ന മനുഷ്യാസ്തിത്വം എന്ന ഒരു സത്തയുമുണ്ട്. ഇവയെ സ്ഥിതി വിവരണ പട്ടികയുടെ അടിസ്ഥാനത്തില്‍ ഒരു യുക്തിയുടെ വരുതിയില്‍ നിര്‍ത്താവതല്ല. ഇവയിലുള്ള ഉള്‍കാഴ്ച ആത്മനിഷ്ഠമാണ്. അത് ഭാവനയുടെ ഒരു പര്യടനമാണ്. സര്‍ഗാത്മകമായ അന്തര്‍ദൃഷ്ടിയും ഭാവനയും യാഥാര്‍ഥ്യത്തിലേക്കുള്ള ദീപമാണ്. ഏത് ചിത്രം എഴുതുന്നതിനു മുമ്പും ചുമര്‍ ഉണ്ടായിരിക്കണം. അസ്തിത്വം അതിന്റെ എല്ലാ സവിശേഷതകള്‍ക്കും മുമ്പേ ഉണ്ട്.'' ഇത് സാര്‍ത്രിന്റെ അഭിപ്രായത്തോട് ചേര്‍ത്ത് വായിക്കാം. മനുഷ്യാസ്തിത്വത്തിന്റെ സത്തയെപ്പറ്റി (ലലിൈലെ), മനുഷ്യസ്തിത്വത്തിന്റെ എല്ലാ സവിശേഷതകള്‍ക്കും മുമ്പ് മനുഷ്യാസ്തിത്വമുണ്ട് എന്നതാണ് സാര്‍ത്ര് ചൂണ്ടിക്കാണിക്കുന്നത്.
മൂക്കിനും വിരലുകള്‍ക്കും മുമ്പും പിമ്പും മനുഷ്യ വ്യക്തി ഉള്ളത് പോലെ അസ്തിത്വത്തിന്റെ എല്ലാ സവിശേഷതകള്‍ക്കും മുമ്പ് അസ്തിത്വസത്ത നിലവിലുണ്ടെന്നര്‍ഥം (ലഃശമിെേരല ുൃലരലറല ലലിൈരല). നീച്ചേയുടെ അഭിപ്രായത്തില്‍, ജീവിതം ഒരു ചാക്രിക പ്രതിഭാസമാണ്. ഇന്ന് നടക്കുന്നത് നാളെയും നടക്കുമെന്നദ്ദേഹം പറയുന്നു, പുനരപി ജനനം, പുനരപി മരണം. നീച്ചേ ഇതിനെ സംഭവ നൈരന്തര്യ സിദ്ധാന്തമെന്ന് വിളിക്കുന്നു.
മനുഷ്യന്റെ ഇന്ദ്രിയ വിശകലനത്തിന്റെ വരുതിയില്‍ ഒതുങ്ങാത്ത ഒരുണ്‍മയെക്കുറിച്ചുള്ള വ്യത്യസ്തമായ ദാര്‍ശനിക അഭിപ്രായങ്ങളാണ് മേല്‍ സൂചിപ്പിച്ചത്. ഡോ. സി.എന്‍ പരമേശ്വരന്‍ മനുഷ്യനു ഭൌതികാസ്തിത്വത്തിനപ്പുറം ആത്മാവില്ല എന്നു പറഞ്ഞശേഷം അവസാനമായി പറയുന്നു, നമ്മുടെ സാമാന്യ ബുദ്ധിക്കും ധാരണക്കും നിരക്കാത്തതും ഭൌതിക ശാസ്ത്ര നിയമങ്ങളുടെ സഹായത്തോടെ ഇന്നു വിശദീകരിക്കാനാകാത്തതുമായ പ്രതിഭാസങ്ങള്‍ പ്രകൃതിയില്‍ ധാരാളമുണ്ട്. ഇത് അസ്തിത്വത്തിന് കറകളഞ്ഞ തെളിവായെടുക്കുന്നതിന് ന്യായീകരണമില്ല. ഈ അഭിപ്രായം തന്നെയാണ് ആത്മീയവാദികള്‍ക്കും പറയാനുള്ളത്. ഭൌതിക ശാസ്ത്ര നിയമങ്ങളുടെ സഹായത്തോടെ വിശദീകരിക്കാനാകാത്തതും നമ്മുടെ സാമാന്യ ധാരണക്ക് പ്രത്യക്ഷജ്ഞാനം വഴി പിടികിട്ടാത്തതുമായ പ്രതിഭാസമാണ് ആത്മാവ് എന്നാണ്. വിശുദ്ധ ഖുര്‍ആന്റെ വീക്ഷണത്തില്‍ ആത്മാവ് വ്യാഖ്യാന കല്‍പിതമല്ല. പ്രവാചകനോട് ആത്മാവിനെക്കുറിച്ച് ചോദിച്ചവരോട് ദൈവം വെളിപ്പെടുത്തി: "ആത്മാവിനെക്കുറിച്ചു അവര്‍ താങ്കളോട് ചോദിക്കുന്നു. പറയുക, ആത്മാവ് എന്റെ നാഥന്റെ കാര്യത്തില്‍ പെട്ടതാണ്. വളരെ കുറഞ്ഞ അറിവ് മാത്രമേ നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളൂ'' (വി. ഖുര്‍ആന്‍ 17/85).
മനുഷ്യന്റെ അന്തര്‍ഭാഗത്ത് സ്ഥിതി ചെയ്യുന്ന ആത്മാവ് ദൈവം മനുഷ്യരില്‍ ഊതിയ ഒരു ചൈതന്യമാണ്. "താങ്കളുടെ നാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം. വരണ്ടു മിനുത്ത കളിമണ്ണ് കൊണ്ട് മനുഷ്യനെ സൃഷ്ടിക്കാന്‍ ഉറച്ചിരിക്കുന്നു'' (15/28).
"ഞാന്‍ അവന്റെ സൃഷ്ടി പൂര്‍ത്തിയാക്കുകയും എന്റെ ആത്മാവില്‍നിന്ന് അവനില്‍ ഊതുകയും ചെയ്താല്‍ നിങ്ങള്‍ അവനു സാഷ്ടാംഗം ചെയ്തു വീഴുവിന്‍'' (15/29).
"ജീവന്‍, അറിവ്, കഴിവ്, ഇഛാശക്തി, വിവേചന ശക്തി തുടങ്ങി മനുഷ്യനില്‍ കാണുന്ന എന്തെല്ലാം ഗുണങ്ങളുണ്ടോ അവയെല്ലാം ഉള്‍ക്കൊള്ളുന്ന സമഗ്ര നാമമാണ് 'റൂഹ്' അഥവാ ആത്മാവ്. ഇത് യഥാര്‍ഥത്തില്‍ മണ്ണുകൊണ്ട് നിര്‍മിച്ച ഒരു രൂപത്തില്‍ ദൈവത്തിങ്കല്‍നിന്ന് ഊതപ്പെട്ട സവിശേഷ ചൈതന്യമാണ്. ഇത് കാരണമായിട്ടാണ് ഭൂമിയില്‍ മനുഷ്യന്‍ ദൈവത്തിന്റെ പ്രതിനിധിയായത്. ഉന്നതരായ മലക്കുകളുടെയും ഭൂമിയിലുള്ള മുഴുവന്‍ സൃഷ്ടിജാലങ്ങളുടെയും പ്രണാമത്തിന് അവനെ പാത്രീഭൂതനാക്കിയതും അത് തന്നെ. ഇതേ പോലെ സൃഷ്ടികളില്‍ കാണപ്പെടുന്ന എല്ലാ ഗുണങ്ങളുടെയും ഉത്ഭവം ദൈവത്തിന്റെ ചില ഗുണങ്ങളില്‍ നിന്നാണ്'' (തഫ്ഹീമുല്‍ ഖുര്‍ആന്‍).
ഋഗ്വേദത്തില്‍ ആത്മശബ്ദത്തിന്റെ വ്യുല്‍പത്തി സ്പഷ്ടമല്ല (ത.16.3). പ്രാണന്‍ അല്ലെങ്കില്‍ പ്രാണസാരം എന്നാണര്‍ഥം പറഞ്ഞിട്ടുള്ളത്. ക്രമത്തില്‍ 'ആത്മാ' അല്ലെങ്കില്‍ 'അഹം' എന്നര്‍ഥം കൈകൊണ്ടു യഥാര്‍ഥമായ അഹം അഥവാ ആത്മാ എന്ന സിദ്ധാന്തത്തെ എങ്ങും വ്യക്തമായും വിശദാംശങ്ങള്‍ പൂര്‍ണമായും വ്യാഖ്യാനിച്ചു സ്ഥാപിച്ചിട്ടില്ല.
ഉപനിഷത്തുകളില്‍ ആത്മാവിനെക്കുറിച്ച് ധാരാളം ചര്‍ച്ച ചെയ്തിട്ടുണ്ട്.
ന സാദൃശേ തിഷ്ഠതി രൂപമസ്യ
ന ച ക്ഷുഷാ പശ്യതി കശ്ചനൈനം
ഹൃദാ മനീഷാ മനസാഭിക് നു പ്തോ
യ ഏതദ് വിദുര മൃതാ സ്നേ ഭവന്തി (കഠോപനിഷത്ത് 6.9)
"എല്ലാവരുടെയും അന്തര്യാമിയായ ഈ പുരുഷന്റെ രൂപം ഇന്ദ്രിയങ്ങളെ കൊണ്ട് ഗ്രഹിക്കത്തക്ക നിലയില്ല ഇരിക്കുന്നത്. അതിനാല്‍ ഒരുവനും അതിനെ കണ്ണുകൊണ്ട് കാണുവാന്‍ സാധിക്കുകയില്ല. മനസ്സിനെ നിയന്ത്രിക്കുന്നതും ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്നതുമായ ബുദ്ധികൊണ്ട് മനന രൂപമായ സമ്യഗ് ദര്‍ശനത്താല്‍ അത് ഗോചരമായിതീരുന്നു. ഇതറിയുന്നവര്‍ മരണരഹിതരായി തീരുന്നു.'' കുറിപ്പ്: ഇവിടെ ചക്ഷുസ്സിനെ നേത്രം തുടങ്ങി എല്ലാ ജ്ഞാനേന്ദ്രിയങ്ങളുമായി ഗ്രഹിക്കണം. ഇന്ദ്രിയ പ്രത്യക്ഷമല്ല ആത്മാവ്. പിന്നെ എങ്ങനെ ആത്മാവിനെ അറിയാം? ബഹിര്‍മുഖമാകുന്ന മനസ്സിനെ അന്തര്‍മുഖമാക്കി ഏകാഗ്രതയോടെ നിദിധ്യാസനം ചെയ്താല്‍ സങ്കല്‍പ വികല്‍പരഹിതമായ ബുദ്ധിയില്‍ ആത്മദര്‍ശനം സാധ്യമാവുന്നതാണ് (മൃഡാനന്ദസ്വാമി).
ആത്മാനാം രഥിതം വിദ്ധി
ശരീരം റഥ വേ വച
ബുദ്ധിം തുസാരഥിം വിദ്ധി
മനഃപ്രഗ്രഹമേവച
ഇന്ദ്രിയാണി ഹയാനാഹു
ര്‍വിഷ്ടയാം സ്തേഷഠ ഗോചരാന്‍
ആത്മേന്ദ്രിയ മനോയുക്തം
ഭോ ക്തേത്യാ ഹുര്‍മനീഷിണ (കഠോപനിഷത് 3.4)
"ഈ ശരീരത്തെ ഒരു തേരായിട്ടും ജീവാത്മാവിനെ ആ തേരിന്റെ ഉടമസ്ഥനായിട്ടും അറിയുക. ബുദ്ധിയെ തേരാളിയായിട്ടും മനസ്സിനെ അതിലെ കുതിരകളെ നിയന്ത്രിക്കാനുള്ള കടിഞ്ഞാണായിട്ടും അറിയണം. ഇന്ദ്രിയങ്ങള്‍ തന്നെയാണ് കുതിരകള്‍. രൂപം, രസം, ഗന്ധം മുതലായ വിഷയങ്ങളാണ് ആ കുതിരകള്‍ക്ക് പോകാനുള്ള മാര്‍ഗങ്ങള്‍. ശരീരത്തോടും ഇന്ദ്രിയങ്ങളോടും മനസ്സിനോടും ആത്മാവ് തന്നെയാണ് കര്‍മഫലങ്ങളനുഭവിക്കുന്ന സംസാരിയായ ജീവന്‍.
ആത്മാവിന്റെ വിശുദ്ധിക്ക് അഥവാ സാക്ഷാല്‍കാരത്തിന് ജ്ഞാനയോഗവും രാജയോഗവും കര്‍മയോഗവുമാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്.
അഗ്നിര്യത്രാഭിമഥ്യതേ വയൂര്യത്രാ ധിരുധ്യതേ
സോമോയത്രാതിരിച്യതേ തത്ര സജ്ജായ തേമനഃ
"അഗ്നിമഥനം ചെയ്യപ്പെടുമ്പോഴും വായു നിരോധിക്കപ്പെടുമ്പോഴും സോരസം അതിരുകവിഞ്ഞു പോകുമ്പോഴും മനസ്സ് ബ്രഹ്മാകാരമായിത്തീരുന്നു'' (ശ്വേതശ്വതരോപനിഷത്).
"ജ്ഞാനയോഗവും കര്‍മയോഗവും രാജയോഗവും ആത്മസാക്ഷാല്‍കാരത്തിന് സഹായകമാകുമെന്നാണ് മേല്‍ കാണിച്ച സൂക്തത്തിന്റെ സാരം. കാമ്യകര്‍മം എന്ന നിലവിട്ടു നിസ്വാര്‍ഥമായി ഈശ്വരാര്‍പ്പണമായി ത്യാഗപൂര്‍വം ചെയ്യുക'' (മൃഡാനന്ദസ്വാമി).
ആത്മസാക്ഷാല്‍കാരത്തിന് വേദത്തില്‍ യജ്ഞങ്ങള്‍ വിധിച്ചിരിക്കുന്നു. "യജദേവ പൂജ സംഗതി കാരണദാനേഷ്ഠ'' എന്നാണ് യജ്ഞാധാതുവിന്റെ അര്‍ഥം. ദേവപൂജ എന്നതുകൊണ്ട് ഭക്തിമാര്‍ഗത്തെ കാണിക്കുന്നു. സംഗതികരണം പരമാത്മാവുമായി ജീവാത്മാവിനെ സ്വാനുഭവപ്പെടുത്തുകയാണ്. സംഗതികരണം പ്രവര്‍ത്തി മാര്‍ഗത്തെ സൂചിപ്പിക്കുന്നു. ഫലേഛ കൂടാതെ ചെയ്യുന്ന പ്രവര്‍ത്തി തന്നെയാണ് സംഗതികരണം. അതതു വ്യക്തികളിലുള്ള വ്യക്തിത്വത്തെ, പരമാത്മാവില്‍ (ഈശ്വരനില്‍) അര്‍പ്പിക്കുന്നത് തന്നെയാണ് ദാനം. ദേവപൂജയെന്നത് ഭക്തിയെയും സംഗതികരണം കൊണ്ട് ആത്മബോധത്തോട് കൂടി ചെയ്യുന്ന നിഷ്കാമ കര്‍മത്തെയും കാണിക്കുന്നു.
ശരിയായ കര്‍മാനുഷ്ഠാനങ്ങള്‍ ചെയ്തു ജീവിച്ച് ഊര്‍ധഗതി പ്രാപിച്ച ആത്മാക്കളെ സ്വര്‍ഗത്തിലേക്കാനയിക്കുന്നത് ഉപനിഷത്ത് വിവരിക്കുന്നു.
ഏഹ്യഹിതിമാഹുതയ സുവര്‍ച്ചസ:
സൂര്യസ്യരശ്മി ഭിര്‍യ്യ ജമാനം വഹന്തി
പ്രിയാം വാചവഭിവദന്ത്യേ ര്‍ച്ചയന്ത്യേഃ
ഏഷവഃ പുണ്യഃ സുകൃതോ ബ്രഹ്മലോക (മുണ്ഡകോപനിഷത് 2.7)
ശോഭായ മാനങ്ങളായ ആ ആഹുതികള്‍ "വരൂ, വരൂ ഇതാ നിങ്ങള്‍ പുണ്യകര്‍മങ്ങള്‍ കൊണ്ടു സമ്പാദിച്ച സ്വര്‍ഗലോകം'' എന്ന നല്ല വാക്കുകള്‍ പറഞ്ഞ് സൂര്യ രശ്മികളിലൂടെ സബഹുമാനം ആ ഹോതുവിനെ സ്വര്‍ഗലോകത്തേക്കു കൂട്ടികൊണ്ടു പോകുന്നു.
ശരീരത്തോടും ഇന്ദ്രിയങ്ങളോടും മനസ്സിനോടും കൂടിയ ആത്മാവ് തന്നെയാണ് കര്‍മഫലങ്ങളനുഭവിക്കുക എന്ന് കഠോപനിഷത് മുന്‍ സൂക്തങ്ങളില്‍ പറഞ്ഞുവല്ലോ. അവസാനത്തെ ബ്രഹ്മശബ്ദം (ദൈവവചനം) കാണുക. മനുഷ്യന്റെ കര്‍മഫലത്തിന്റെ നിര്‍ണയ ദിനമായ അവസാന നാളിനെയും മനുഷ്യന്റെയും സൃഷ്ടി പ്രകൃതിയില്‍ ദൈവം സ്ഥാപിച്ച നന്മയോട് ആഭിമുഖ്യവും തിന്മയോട് വെറുപ്പുമുള്ള വിമര്‍ശന മനസാക്ഷിയെയും കുറിച്ചും സത്യം ചെയ്ത് കൊണ്ട് ദൈവം അരുളുന്നു.
"അന്ത്യനാള്‍ കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു. സ്വയം കുറ്റപ്പെടുത്തുന്ന മനസ്സുകൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു'' (വി. ഖുര്‍ആന്‍ 75/1, 2). ആത്മാവിന്റെ സൃഷ്ടി പ്രകൃതി നിലനിര്‍ത്തികൊണ്ടു ഉല്‍കൃഷ്ടാവസ്ഥയിലേക്ക് നയിക്കുന്നതിന് പ്രചോദനമായി വര്‍ത്തിക്കുന്ന സംവിധാനമാണ് 'നഫ്സുലവ്വാമ (വിമര്‍ശക മനസ്). ഇതിന് മനസ്സാക്ഷി എന്നു പറയുന്നു. മൂന്നുതരം മാനസികാവസ്ഥയെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. ഒന്ന് തെറ്റിലേക്ക് പ്രേരിപ്പിക്കുന്ന 'നഫ്സ അമ്മാറ' (ദുഷ്പ്രേരക മനസ്സ്).
രണ്ട്, തെറ്റ് ചെയ്യുന്നതിന്റെയും തിന്മ ചിന്തിക്കുന്നതിന്റെയും ദുരുദ്ദേശ്യങ്ങള്‍ പുലര്‍ത്തുന്നതിന്റെയും പേരില്‍ ആക്ഷേപിക്കുന്ന മനസ്സ് 'നഫ്സുലവ്വാമ' (വിമര്‍ശക മനസ്). മൂന്ന്, തെറ്റുകള്‍ വര്‍ജിക്കുന്നതിലും ശരിയായ സരണിയില്‍ സഞ്ചരിക്കുന്നതിലും സംതൃപ്തിയടയുന്ന മനസ്- 'നഫ്സു മുത്മഇന്ന' (സംതൃപ്ത മനസ്).
വേദ പ്രമാണവും പ്രവാചകന്മാരുടെ നിര്‍ദേശവും കൈകൊണ്ട് വിമര്‍ശക മനസ്സില്‍നിന്നും സംതൃപ്ത മനസ്സിലേക്കു എത്തിച്ചേര്‍ന്നാല്‍ ആത്മാവ് വിജയം വരിച്ചു. നേരെ മറിച്ചു വിമര്‍ശക മനസ്സിനെ അവഗണിച്ച് മനസാക്ഷിയെ ചവിട്ടിത്താഴ്ത്തി മുന്നേറുകയാണെങ്കില്‍, അഥവാ ദുഷ്പ്രേരണ മനസ്സിന്റെ ഇംഗിതത്തിന് വഴങ്ങുകയാണെങ്കില്‍ അത് സ്വന്തം ആത്മാവിനെ മലിനപ്പെടുത്തുകയാണ്.
"ആത്മാവും അതിനെ സന്തുലിതമാക്കുകയും എന്നിട്ട് അതിന്റെ നന്മയും തിന്മയും അതിനു തോന്നിപ്പിച്ചു കൊടുക്കുകയും ചെയ്തവനാണ് സത്യം. അതിനെ (ആത്മാവിനെ) സംസ്കരിച്ചവന്‍ വിജയിച്ചിരിക്കുക തന്നെ ചെയ്തു. അതിനെ (ആത്മാവിനെ) മലിനമാക്കിയവന്‍ പരാജയപ്പെടുകയും ചെയ്തു'' (91/7-10 വി. ഖുര്‍ആന്‍). ആത്മ ശുദ്ധീകരണത്തിന് ഭക്തിമാര്‍ഗം (തമോഗുണം) മാത്രം പോരാ, കര്‍മമാര്‍ഗവും (രജോ ഗുണം) കൂടിയേ തീരൂ. ജനസേവനം പരമപ്രധാനമാണ്. മറ്റൊരര്‍ഥത്തില്‍, ജനസേവനം ദൈവാരാധന തന്നെയാണ്. സേവന മാര്‍ഗത്തെക്കുറിച്ചുള്ള പരാമര്‍ശനങ്ങള്‍ ഖുര്‍ആനിലുടനീളം കാണാവുന്നതാണ്.
ആത്മാവില്‍ അതിന്റെ നന്മതിന്മകള്‍ തോന്നിപ്പിച്ചു കൊടുത്തുവെന്ന ഖുര്‍ആന്റെ അരുളപ്പാട് നിലനിര്‍ത്താന്‍ ഹഠയോഗിയായി മനുഷ്യന്‍ പള്ളിയിലോ പര്‍ണശാലയിലോ ഭജനമിരുന്നാല്‍ പോരാ, ജീവിതമാകുന്ന കര്‍മഭൂമിയിലിറങ്ങി രാജയോഗിയായി നന്മയെ പ്രചരിപ്പിക്കാനും തിന്മയെ പ്രതിരോധിക്കാനുമുള്ള ധര്‍മസമരത്തിന്റെ യജ്ഞസരണി സ്വീകരിക്കണം. യജ്ഞധാതുവാകട്ടെ ദൈവപ്രീതിയും.
ദൈവപ്രീതി നേടിയ സന്തുഷ്ഠമായ ആത്മാവിനെ ദൈവം തിരിച്ചു വിളിക്കുന്നത് വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു: "(സദ്വൃത്തരോട് പറയപ്പെടും) അല്ലയോ ശാന്തി പൂണ്ട ആത്മാവേ, സ്വയം തൃപ്തിപ്പെട്ടുകൊണ്ടും തൃപ്തിഭാജനമായികൊണ്ടും നിന്റെ നാഥങ്കലേക്ക് മടങ്ങക്കൊള്ളുക. എന്നിട്ട് എന്റെ ഇഷ്ടദാസന്മാരുടെ കൂട്ടത്തില്‍ പ്രവേശിക്കുക, എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുകയും ചെയ്യുക'' (വി. ഖുര്‍ആന്‍ 89/ 27-30).
റഫറന്‍സ് കൃതികള്‍
1. സര്‍വസിദ്ധാന്ത സംഗ്രഹം 2/6
2. പ്രബോധ ചന്ദ്രോദയം
3. സര്‍വദര്‍ശന സംഗ്രഹം
4. ഭാരതീയ ദര്‍ശനം
5. അസ്തിത്വവാദികളും ഭവത്ഗീതവും
6. വേദ സ്വരൂപം



 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly