സോളിഡാരിറ്റി ഇടപെടല്‍
എന്‍ഡോസള്‍ഫാന്‍ സമരം ദേശീയതലത്തിലേക്ക്
കെ.ടി ഹുസൈന്‍
കാസര്‍കോട് ജില്ലയിലെ ദുരിതബാധ എന്‍ഡോസള്‍ഫാന്‍ മൂലമാണെന്ന് തെളിയിക്കാന്‍ ഇനിയും ശാസ്ത്രീയ പഠനങ്ങള്‍ ആവശ്യമാണെന്ന കേന്ദ്ര കൃഷി സഹമന്ത്രി പ്രഫ. കെ.വി തോമസിന്റെ പ്രസ്താവനയിലൂടെ എന്‍ഡോസള്‍ഫാന്‍ വീണ്ടും കേരളത്തില്‍ സജീവ ചര്‍ച്ചയായി മാറി. ഈ പശ്ചാത്തലത്തിലാണ് ഇക്കഴിഞ്ഞ നവംബര്‍ 24-ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ കൂടി പങ്കെടുപ്പിച്ച് പാര്‍ലമെന്റ് മാര്‍ച്ച് നടത്തിയത്. എന്‍ഡോസള്‍ഫാനെ ദേശീയതലത്തില്‍ ചര്‍ച്ചയാക്കി മാറ്റുന്നതില്‍ ഈ മാര്‍ച്ച് വമ്പിച്ച വിജയമായി.
എന്‍ഡോസള്‍ഫാന്‍ ദേശീയതലത്തില്‍ നിരോധിക്കുക, ദുരിതബാധിതരെ മാന്യമായി പുനരധിവസിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് എന്‍ഡോസള്‍ഫാന്‍ സമരത്തെ ദേശീയ സമരമായി പരിവര്‍ത്തിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് പി. മുജീബുര്‍റഹ്മാന്റെ നേതൃത്വത്തില്‍ സോളിഡാരിറ്റി നേതാക്കളും കാസര്‍ക്കോട്ടെ ദുരിതബാധിതരുടെ പ്രതിനിധികളുമടങ്ങുന്ന 15 അംഗ സംഘം തലസ്ഥാന നഗരിയിലെത്തിയത്. പാര്‍ലമെന്റ് മാര്‍ച്ചിനും അതിന് മുന്നോടിയായി ന്യൂദല്‍ഹി പ്രസ് ക്ളബ്ബിലെ പത്രസമ്മേളനത്തിനും പുറമെ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി, കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശ്, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി, മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജസ്റിസ് കെ.ജി ബാലകൃഷ്ണന്‍ തുടങ്ങിയവരെ സന്ദര്‍ശിച്ച് മെമ്മോറാണ്ടം സമര്‍പ്പിക്കലും സോളിഡാരിറ്റി സംഘത്തിന്റെ ദല്‍ഹി ദൌത്യത്തില്‍ ഉള്‍പ്പെട്ടിരുന്നു.
നവംബര്‍ 23-ന് വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിച്ച പത്രസമ്മേളനം പ്രമുഖ ദേശീയ മാധ്യമങ്ങളടക്കം പത്രങ്ങളുടെയും ചാനലുകളുടെയും നിറഞ്ഞ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ദേശീയ മാധ്യമങ്ങളെ സംബന്ധിച്ചേടത്തോളം എന്‍ഡോസള്‍ഫാന്‍ പ്രശ്നം പുതിയ അറിവായിരുന്നു. അതിനാല്‍ വിപുലമായ വാര്‍ത്താ സമ്മേളനത്തില്‍ വിഷയം സമഗ്രമായി പ്രതിപാദിച്ചുകൊണ്ട് സംസ്ഥാന പ്രസിഡന്റ് സംസാരിച്ചത് മാധ്യമ പ്രവര്‍ത്തകര്‍ അതീവ താല്‍പര്യത്തോടെയാണ് ശ്രവിച്ചത്. ശേഷം എന്‍ഡോസള്‍ഫാന്‍ മൂലം കാഴ്ച നഷ്ടപ്പെട്ട ആറാം ക്ളാസ്സുകാരന്‍ ദേവീ കിരണ്‍ ഇംഗ്ളീഷില്‍ നടത്തിയ വാര്‍ത്താ സമ്മേളനം കൌതുകമുള്ള അനുഭവമായി. അനാവശ്യമായ വിവാദങ്ങളിലേക്കൊന്നും തെന്നിമാറാതെ വിഷയത്തില്‍ മാത്രം കേന്ദ്രീകരിച്ച ദല്‍ഹി വാര്‍ത്താ സമ്മേളനം കേരളത്തില്‍ നടക്കാറുള്ള പല വാര്‍ത്താ സമ്മേളനങ്ങളിലും നിന്നും വേറിട്ട അനുഭവമായിരുന്നു. വാര്‍ത്താ സമ്മേളനം നടന്ന അന്ന്, കേരളത്തിലെ ഇസ്ലാമിസ്റുകള്‍ എന്‍ഡോസള്‍ഫാനെ അവസരമാക്കുന്നു എന്ന രീതിയില്‍ രാവിലെ ഇറങ്ങിയ പയനീര്‍ ഇംഗ്ളീഷ് പത്രത്തില്‍ വിവാദ റിപ്പോര്‍ട്ട് വന്നിട്ടും അതിന്റെ യാതൊരു സ്വാധീനവും പത്രസമ്മേളനത്തില്‍ ഉണ്ടായില്ല എന്നത് എടുത്ത് പറയേണ്ടതാണ്.
വാര്‍ത്താ സമ്മേളനത്തോടെ ദല്‍ഹിയിലെ മാധ്യമ വൃത്തങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ പ്രശ്നം പരിചിതമായി കഴിഞ്ഞതിനാല്‍ നവംബര്‍ 24-ന് പാര്‍ലമെന്റ് മാര്‍ച്ച് ആരംഭിക്കുന്ന ജന്ദര്‍മന്ദറില്‍ നിശ്ചിത സമയത്തിന് മുമ്പ് തന്നെ വന്‍ മാധ്യമ സാന്നിധ്യമുണ്ടായിരുന്നു. പാര്‍ലമെന്റിനഭിമുഖമായി ജന്ദര്‍ മന്ദറില്‍ കേരള ഹൌസിന് സമീപം സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ദേശീയതലത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുംവരെ സമരമുഖത്ത് ഉറച്ച് നില്‍ക്കണമെന്നും എന്‍ഡോസള്‍ഫാന്‍ ഉപയോഗവും വില്‍പനയും നിരോധിച്ച കേരളത്തില്‍ ഉല്‍പാദനം കൂടി നിരോധിക്കണമെന്നും മേധാ പട്കര്‍ ആവശ്യപ്പെട്ടു.
എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകരായ എക്സലിനും എച്ച്.ഐ.എല്ലിനും അനുകൂലമായ നിലപാടാണ് അന്തര്‍ദേശീയ കണ്‍വെന്‍ഷനില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ നയം തിരുത്തി മണ്ണിനും മനുഷ്യനും കര്‍ഷകനും അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ തയാറാകണം. കേരളത്തില്‍ ഉല്‍പാദനം നിരോധിക്കാത്തത് മൂലം എച്ച്.ഐ.എല്‍ കമ്പനിയുടെ എന്‍ഡോസള്‍ഫാന്‍ കേരളത്തില്‍നിന്ന് അയല്‍ സംസ്ഥാനത്തിലേക്ക് പോവുകയും അവിടെ നിന്ന് വീണ്ടും കേരളത്തിലെത്തുകയും ചെയ്യുകയാണ്. ഇത് തടയണമെങ്കില്‍ കേരളം ഉല്‍പാദനം നിരോധിച്ചേ തീരൂ. എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരം ദേശീയ സമരമാക്കി പരിവര്‍ത്തിപ്പിക്കുന്നതിന് താന്‍ നേതൃത്വം നല്‍കുന്ന നാഷ്നല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്മെന്റിന്റെ പിന്തുണ സോളിഡാരിറ്റിക്ക് ഉണ്ടാകുമെന്നും ദേശീയതലത്തില്‍ ഈ സമരം ഇരുകൂട്ടര്‍ക്കും ഒരുമിച്ചുകൊണ്ടുപോകാമെന്നും മേധാ പട്കര്‍ അഭിപ്രായപ്പെട്ടു.
ഉദ്ഘാടനത്തിന് ശേഷം പാര്‍ലമെന്റിലേക്ക് പ്രയാണമാരംഭിച്ച മാര്‍ച്ചിനെ മുദ്രാവാക്യം വിളിച്ച് കൊടുത്തുകൊണ്ട് ഏറെ ദൂരം മേധാ പട്കര്‍ അനുഗമിച്ചത് മാര്‍ച്ചിന് ആവേശം പകര്‍ന്നു. ഹം ലെഡേംഗെ ജീതേംഗാ (നാം സമരം ചെയ്യും, വിജയിക്കും) എന്ന മേധയുടെ ഉച്ചത്തിലുള്ള മുദ്രാവാക്യം പ്രവര്‍ത്തകര്‍ ആവേശത്തോടെ ഏറ്റുവിളിച്ചു. പാര്‍ലമെന്റിന് മുമ്പില്‍ പോലീസ് തടഞ്ഞ മാര്‍ച്ചിനെ പിന്നീട് അഭിസംബോധന ചെയ്തത് കാസര്‍കോട് എം.പിയും ലോക്സഭയിലെ സി.പി.എം ഉപ നേതാവുമായ പി. കരുണാകരനാണ്. മാര്‍ച്ചില്‍ പങ്കെടുക്കാമെന്നേറ്റിരുന്ന സി.പി.എം പോളിറ്റ് ബ്യൂറോ മെമ്പര്‍ സീതാറാം യെച്ചൂരിക്ക് അവിചാരിതമായി വന്നുപെട്ട തിരക്കുകള്‍ കാരണം പങ്കെടുക്കാന്‍ കഴിയാതെ വന്നതിനാല്‍ അദ്ദേഹത്തിന്റെ കൂടി പ്രതിനിധി എന്ന നിലയിലാണ് പി. കരുണാകരന്‍ പങ്കെടുത്തത്.
എന്‍ഡോസള്‍ഫാന്റെ ദൂഷ്യഫലങ്ങള്‍ പഠിക്കാന്‍ ഇനിയുമെത്തുന്ന കേന്ദ്ര സംഘത്തെ ബഹിഷ്കരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. എന്‍ഡോസള്‍ഫാന്‍ ആദ്യമായി ഉല്‍പാദിപ്പിച്ച അമേരിക്ക ഈ കീടനാശിനി നിരോധിച്ചിട്ടും ഇന്ത്യ പഠനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 74 രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാനെതിരെ നിലപാടെടുത്തപ്പോഴും ഇന്ത്യക്ക് മാത്രം യാതൊരു നിലപാടുമില്ല. ഇതര സംസ്ഥാനങ്ങള്‍ കൂടി ആവശ്യപ്പെട്ടാലേ എന്‍ഡോസള്‍ഫാന്‍ നിരോധിക്കൂ എന്ന കേന്ദ്ര കൃഷി മന്ത്രി ശരത് പവാറിന്റെ നിലപാട് ദുരൂഹമാണ്. ഇനിയുമൊരു പഠനസമിതിയെ അഭിമുഖീകരിക്കാനുള്ള ശേഷി കാസര്‍കോട്ടെ ദുരിതബാധിതര്‍ക്കില്ല. പഠനസമിതികള്‍ക്കു മുമ്പില്‍ ശരീരം തുറന്ന് കാട്ടാനും രക്തവും മുലപ്പാലും പരിശോധനക്ക് നല്‍കാനും അവരെ ഇനിയും നിര്‍ബന്ധിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ദുരിതബാധിത മേഖലയില്‍ കാലങ്ങള്‍ക്കു ശേഷം വീണ്ടും പഠനം നടത്തിയാല്‍ വെള്ളത്തിലും മണ്ണിലും വായുവിലുമുള്ള കീടനാശിനികളുടെ അളവ് മുന്‍ റിപ്പോര്‍ട്ടുകളിലുള്ളതിനേക്കാള്‍ കുറവായിരിക്കുമെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടുതന്നെ പുതിയ റിപ്പോര്‍ട്ട് എന്‍ഡോസള്‍ഫാന് അനുകൂലമായിരിക്കാനുള്ള സാധ്യതയും ഏറെയാണ്. എന്‍ഡോസള്‍ഫാനെ അനുകൂലിക്കുന്നവര്‍ നയിക്കുന്ന പഠനത്തിന്റെ വിശ്വാസ്യതയും പി. കരുണാകരന്‍ ചോദ്യം ചെയ്തു.
കോര്‍പറേറ്റുകളും ഭരണകൂടവും എങ്ങനെ ഒന്നിക്കുന്നുവെന്നതിന്റെ തെളിവാണ് എന്‍ഡോസള്‍ഫാന്‍ എന്ന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ പ്രഫ. എ.കെ രാമകൃഷ്ണന്‍ പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് പാക്കേജ് പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാറിന്റെ നടപടി സ്വാഗതം ചെയ്ത സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബുര്‍റഹ്മാന്‍ ഈ പാക്കേജ് അപര്യാപ്തമാണെന്നും നേരത്തെ പ്രഖ്യാപിച്ച പദ്ധതികളുടെ ഗുണഫലം ദുരിതബാധിതര്‍ക്ക് ഇനിയും കിട്ടാത്ത കാര്യം പരിശോധിച്ച് പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. ദേശീയതലത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുംവരെ എല്ലാവരുമായി യോജിച്ച് സമരം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് വക്താവ് എസ്.ക്യു.ആര്‍ ഇല്യാസ്, ജമാഅത്തെ ഇസ്ലാമി കേന്ദ്ര പൊളിറ്റിക്കല്‍ സെക്രട്ടറി മുജ്തബാ ഫാറൂഖ്, എസ്.ഐ.ഒ ദല്‍ഹി സോണല്‍ പ്രസിഡന്റ് അനീസുര്‍റഹ്മാന്‍, അലീഗഢ് മുസ്ലിം സര്‍വകലാശാലയിലെ റിസര്‍ച്ച് സ്കോളര്‍ ബദീഉസ്സമാന്‍, സോളിഡാരിറ്റി സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം കെ.ടി ഹുസൈന്‍ എന്നിവര്‍ പ്രസംഗിച്ചു. ദേവീ കിരണ്‍ ഗാനം ആലപിച്ചു. ദേവീ കിരണിന് പുറമെ അനുജന്‍ ജീവന്‍ രാജ്, അവരുടെ മാതാപിതാക്കള്‍ ഈശ്വരനായിക്, പുഷ്പലത, ബദിയിടുക്കയിലെ അജിത്, ഷാജി, അമ്മ സിന്ധു, എന്‍ഡോസള്‍ഫാന്‍ മൂലം മരണപ്പെട്ട ബദിയിടുക്ക പഞ്ചായത്തിലെ കവിതയുടെ സഹോദരങ്ങളായ നാരായണന്‍, രാമചന്ദ്രന്‍ തുടങ്ങിയവരാണ് കാസര്‍കോട്ടെ ദുരിതബാധിതരെ പ്രതിനിധീകരിച്ചുകൊണ്ട് പത്രസമ്മേളനത്തിലും പാര്‍ലമെന്റ് മാര്‍ച്ചിലും പങ്കെടുത്തത്.
ദല്‍ഹി സര്‍വകലാശാല, ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല, ജാമിഅ മില്ലിയ്യ, ജാമിഅ ഹംദര്‍ദ്, അലീഗഢ് മുസ്ലിം സര്‍വകലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പുറമെ ദല്‍ഹിയിലെ ആക്ടിവിസ്റുകളും പങ്കെടുത്ത മാര്‍ച്ചിന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമാരായ കെ.കെ ബഷീര്‍, എന്‍.കെ അബ്ദുസ്സലാം, അഡ്വ. ഷാകിര്‍ ജമീല്‍, പി.കെ നൌഫല്‍, കെ. അശ്റഫ് എന്നിവര്‍ നേതൃത്വം നല്‍കി. മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സി.എന്‍.എന്‍, ഐ.ബി.എന്‍, രാഷ്ട്രീയ സഹാറ എന്നീ ഇംഗ്ളീഷ്-ഹിന്ദി ചാനലുകള്‍ ദുരിതബാധിതരുമായും സോളിഡാരിറ്റി നേതാക്കളുമായും പ്രത്യേക അഭിമുഖങ്ങള്‍ നടത്തി.
24-ാം തീയതി രാത്രി ഏഴു മണിക്ക് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണിയെ കാണാന്‍ സംഘത്തിന് നേരത്തെ അനുമതി ലഭിച്ചിരുന്നുവെങ്കിലും ആന്ധ്രയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി രാജിവെച്ചതിനെ തുടര്‍ന്ന് പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിനായി അദ്ദേഹം അങ്ങോട്ട് നിയോഗിക്കപ്പെട്ടതിനാല്‍ സന്ദര്‍ശനം റദ്ദാക്കിയതായി സംഘത്തിന് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് അറിയിപ്പ് ലഭിച്ചു.
25-ന് രാവിലെ എട്ട് മണിക്ക് തന്നെ പി. മുജീബുര്‍റഹ്മാന്റെ നേതൃത്വത്തിലുള്ള സംഘം രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിക്കുന്നതിനായി ദല്‍ഹി അക്ബര്‍ റോഡിലുള്ള സോണിയാ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ ജനപഥ് പത്തിലെത്തി. സംഘം അവിടെ എത്തുന്നതിന് മുമ്പുതന്നെ മാധ്യമ പ്രവര്‍ത്തകരും ചാനല്‍ ഫോട്ടോഗ്രാഫര്‍മാരും വസതിക്ക് മുമ്പിലുള്ള റോഡില്‍ നിലയുറപ്പിച്ചിരുന്നു. എന്നാല്‍ അവരെ അകത്തേക്ക് കടക്കാന്‍ സെക്യൂരിറ്റിക്കാര്‍ അനുവദിച്ചില്ല. സന്ദര്‍ശന പട്ടികയില്‍ സംഘത്തിന്റെ പേര്‍ അവസാനത്തേതായിരുന്നുവെങ്കിലും രാഹുല്‍ ഗാന്ധിയുടെ സെക്രട്ടറി പ്രത്യേക താല്‍പര്യമെടുത്തതുകൊണ്ട് സന്ദര്‍ശനം ആദ്യത്തേതാക്കി. സംഘാംഗങ്ങളിലോരുത്തരെയും ഹസ്തദാനം ചെയ്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി സംസാരം തുടങ്ങിയത്. എന്‍ഡോസള്‍ഫാന്‍ ദേശീയതലത്തില്‍ നിരോധിക്കണമെന്നും ദുരിതബാധിതരെ മാന്യമായി പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെടുന്ന മെമ്മോറാണ്ടവും സോളിഡാരിറ്റിയുടെ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതിയുടെ റിപ്പോര്‍ട്ടും സമര്‍പ്പിച്ചുകൊണ്ടാണ് സോളിഡാരിറ്റി പ്രസിഡന്റ് പി. മുജീബുര്‍റഹ്മാന്‍ തങ്ങളുടെ ആവശ്യം രാഹുല്‍ ഗാന്ധിയുടെ മുമ്പില്‍ നിരത്തിയത്. വിഷയം പഠിക്കാമെന്നും നിരോധനമടക്കമുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെ പരിഗണനയിലാണെന്നും രാഹുല്‍ ഗാന്ധി സംഘത്തെ അറിയിച്ചു. സംഘത്തിലുണ്ടായിരുന്ന ദുരിതബാധിതരായ കുട്ടികളെ ചേര്‍ത്തുപിടിച്ചും തലയില്‍ തലോടിയും തന്റെ സഹാനുഭൂതി പ്രകടിപ്പിക്കാനും അദ്ദേഹം മറന്നില്ല. സന്ദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ഗേറ്റില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരുമായി സോളിഡാരിറ്റി പ്രസിഡന്റ് സംസാരിച്ചു.
അന്നുതന്നെ ഉച്ചക്ക് 12 മണിക്ക് മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ കെ.ജി ബാലകൃഷ്ണനെ കാണാനായി സംഘം കമീഷന്‍ ഓഫീസിലെത്തി. കമീഷന്റെ വിചാരണാ ഹാളില്‍ വെച്ച് സോളിഡാരിറ്റി നേതാക്കളെയും ദുരിതബാധിതരെയും കണ്ട മുന്‍ ചീഫ് ജസ്റിസ് കൂടിയായ കെ.ജി ബാലകൃഷ്ണന്‍ യാതൊരു ഔപചാരികതയുമില്ലാതെയാണ് സംസാരിച്ചത്. ദുരിതബാധിതര്‍ക്ക് പരമാവധി നഷ്ടപരിഹാരം ലഭ്യമാക്കാന്‍ മനുഷ്യാവകാശ കമീഷന്‍ ഇടപെടുമെന്നും സാധ്യമാകുമെങ്കില്‍ കാസര്‍കോട്ട് നേരിട്ട് വന്ന് ഹിയറിംഗ് നടത്തുന്ന കാര്യം പരിഗണിക്കാമെന്നും അദ്ദേഹം അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയില്‍ പലയിടത്തും താന്‍ നേരത്തെ ജോലി ചെയ്തിട്ടുള്ളതിനാല്‍ ഇക്കാര്യത്തില്‍ തനിക്ക് പ്രത്യേക താല്‍പര്യവും അനുഭാവവുമുണ്ടെന്ന് കൂടി അദ്ദേഹം പറഞ്ഞു. സംഘാംഗങ്ങളോടൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കാനും അദ്ദേഹം അനുമതി നല്‍കി.
കൂടിക്കാഴ്ചക്ക് ആദ്യം അനുമതി നല്‍കിയ പരിസ്ഥിതി മന്ത്രി ജയറാം രമേശ് അവസാന നിമിഷം, വിഷയം കൃഷിമന്ത്രാലയവുമായി ബന്ധപ്പെട്ടതിനാല്‍ തനിക്കൊന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് കൂടിക്കാഴ്ചക്കുള്ള അനുമതി പിന്‍വലിക്കുകയാണ് ചെയ്തത്. കൃഷിമന്ത്രാലയവുമായി ഒരു ഏറ്റുമുട്ടലിന് താന്‍ തയാറല്ലെന്ന സൂചനയാണ് അദ്ദേഹം ഇതിലൂടെ നല്‍കിയത്.
നവംബര്‍ 26-ന്, ദല്‍ഹിയില്‍ സ്ഥിര താമസക്കാരായ മലയാളി ബുദ്ധിജീവികളുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും കൂട്ടായ്മയായ സാഹിതീയം കേരള ക്ളബ്ബ് സോളിഡാരിറ്റി നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രത്യേകം ചര്‍ച്ച നടത്തി. സോളിഡാരിറ്റിയുടെ നയനിലപാടുകളും എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതിയുമാണ് പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടത്. കെ.കെ ബഷീര്‍, കെ.ടി ഹുസൈന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തലസ്ഥാന നഗരിയിലെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ ആദ്യ അരങ്ങേറ്റം തന്നെ ഗംഭീരമായി. സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ദല്‍ഹി പുതിയ പല സാധ്യതകളും തുറന്നുതരുന്നുവെന്ന തിരിച്ചറിവോടെയാണ് സംഘം മടങ്ങിയത്.