മുഖക്കുറിപ്പ്
അഴിമതിയും അഴിമതിവിരോധവും
നമ്മുടെ രാജ്യം അഴിമതിയുടെ കൂത്തരങ്ങായിരിക്കുന്നു എന്നു പറഞ്ഞാല്‍ അതിശയോക്തിയോ ആലങ്കാരിക പ്രയോഗമോ അല്ല; യാഥാര്‍ഥ്യത്തിന്റെ അക്ഷര ഭാഷ്യമാണ്. കേന്ദ്രമന്ത്രിസഭയില്‍ മുതല്‍ വില്ലേജ് ഓഫീസില്‍ വരെ അഴിമതി നഗ്ന താണ്ഡവമാടുകയാണ്. നീതിന്യായത്തിന്റെ കലവറയായ കോടതിയും അഴിമതി വേട്ടക്കാരായ കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികളും രാജ്യത്തിന്റെ രക്ഷകരായ സൈന്യവും, അഴിമതിയെയും അഴിമതിക്കാരെയും തെരഞ്ഞുപിടിച്ച് ജനമധ്യത്തില്‍ തൊലിയുരിച്ചുകാണിക്കേണ്ട വാര്‍ത്താ മാധ്യമങ്ങളുമെല്ലാം അഴിമതിയില്‍ മൂക്കറ്റം മുങ്ങി നില്‍ക്കുന്നതാണ് കാണുന്നത്.
176000 കോടിയുടേതാണ് കേന്ദ്ര ടെലികോം ഡിപ്പാര്‍ട്ട്മെന്റില്‍ സി.എ.ജി കണ്ടെത്തിയ സ്പെക്ട്രം അഴിമതി. രാജ്യത്തിന്റെ മൊത്തം പ്രതിരോധ ചെലവിനെ കവച്ചുവെക്കുന്നതാണീ തുക. വിദ്യാഭ്യാസ ബജറ്റിന്റെ ഏഴിരട്ടിയും ആരോഗ്യ ബജറ്റിന്റെ മൂന്നിരട്ടിയും വരും. മഹാരാഷ്ട്രയിലെ ആദര്‍ശ് ഫ്ളാറ്റ് അഴിമതിയില്‍ സംസ്ഥാന മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും സൈനിക മേധാവികള്‍ക്കും പങ്കുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്പെക്ട്രം ഇടപാടിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കാന്‍ ഇപ്പോഴത്തെ കേന്ദ്ര ഇന്റലിജന്‍സ് ഡയറക്ടര്‍ക്കുള്ള യോഗ്യതയെ സുപ്രീം കോടതി ചോദ്യം ചെയ്തിരിക്കുന്നു. അദ്ദേഹം സ്ഥാനത്യാഗം ചെയ്യാന്‍ നിര്‍ബന്ധിതനാകുമെന്നാണ് നിരീക്ഷകരുടെ നിഗമനം. സ്പെക്ട്രം വിഷയത്തില്‍ ടെലികോം മന്ത്രി എ. രാജയും ആദര്‍ശ് ഫ്ളാറ്റ് വിഷയത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചൌഹാനും രാജി വെച്ചതോടെ തങ്ങളുടെ ഗവണ്‍മെന്റുകളും പാര്‍ട്ടിയും സംശുദ്ധമായി എന്ന ഭാവത്തിലാണ് കോണ്‍ഗ്രസ്സുകാര്‍. സ്പെക്ട്രം ചര്‍ച്ചയില്‍ പ്രധാനമന്ത്രിയെ പരാമര്‍ശിക്കുന്നതിനെതിരെ, അതീവ പരിശുദ്ധനായ മന്‍മഹോന്‍ സിംഗിന്റെ മേല്‍ അഴിമതിക്കറ പുരട്ടി പ്രതിപക്ഷം രാജ്യത്തിന്റെയും ജനങ്ങളുടെയും അന്തസ്സ് കെടുത്താന്‍ ശ്രമിക്കുന്നു എന്ന മട്ടില്‍ വികാര വിക്ഷോഭത്തോടെയാണ് സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കുന്നത്. പക്ഷേ, സ്പെക്ട്രം ഇടപാടില്‍ തിരിമറികളുണ്ട് എന്നുണര്‍ത്തിക്കൊണ്ട് ഡോ. സുബ്രഹ്മണ്യത്തെ പോലുള്ള ചിലര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടും അദ്ദേഹം ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ല എന്നത് വസ്തുതയായി നിലനില്‍ക്കുന്നു. യു.പി.എയിലെ കോണ്‍ഗ്രസ് ഇതര പാര്‍ട്ടികള്‍ക്ക് സ്പെക്ട്രം ഇടപാടില്‍ അഴിമതിയുണ്ടെങ്കിലും ഇല്ലെങ്കിലും തങ്ങള്‍ക്കൊന്നുമില്ല എന്ന മട്ടാണ്. കോണ്‍ഗ്രസ് എന്തു കല്‍പിക്കുന്നുവോ അതനുസരിച്ചുകൊള്ളാം എന്ന് വാക്ക് കൊടുത്തിരിക്കുകയാണ് മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള യു.പി.എ സഖ്യകക്ഷികള്‍.
സ്പെക്ട്രം അഴിമതിക്കെതിരെ ഘോരഘോരം പ്രക്ഷോഭിച്ചുകൊണ്ടിരിക്കുകയാണ് പ്രതിപക്ഷം. പ്രശ്നം ജെ.പി.സി അന്വേഷിക്കണമെന്നാണാവശ്യം. അതൊക്കില്ല; സി.ബി.ഐ അന്വേഷണം കൊണ്ടും എ.പി.സി അന്വേഷണം കൊണ്ടും തൃപ്തിപ്പെട്ടുകൊള്ളണമെന്ന് കോണ്‍ഗ്രസ്. ഇരുപക്ഷവും വിട്ടുവീഴ്ചക്കില്ല. ഈ തര്‍ക്കത്തില്‍ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം സ്തംഭിക്കാന്‍ തുടങ്ങിയിട്ട് ഇതെഴുതുമ്പോള്‍ 14 ദിവസം പിന്നിട്ടു. നഷ്ടപ്പെട്ട 176000 കോടിയില്‍ അരക്കാശ് തിരിച്ചുകിട്ടിയില്ലെങ്കിലും പാര്‍ലമെന്റ് സ്തംഭനത്തിലൂടെ രാജ്യത്തിന്റെ നൂറോളം കോടി രൂപ പാഴായിക്കിട്ടി. സ്പെക്ട്രം വിഷയത്തില്‍ ഏറ്റവും വലിയ അഴിമതിവിരുദ്ധ സൈന്യം ബി.ജെ.പിയാണ്. ബി.ജെ.പിയുടെ ദക്ഷിണേന്ത്യന്‍ മിശിഹയായ കര്‍ണാടക മുഖ്യമന്ത്രി യദിയൂരപ്പ ബംഗ്ളുരു ഭൂമി കുംഭകോണത്തില്‍ പ്രതിയാണ്. മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ അദ്ദേഹമോ രാജിവെപ്പിക്കാന്‍ പാര്‍ട്ടിയോ തയാറല്ല. യദിയൂരപ്പ സര്‍ക്കാര്‍ ഭൂമി ബന്ധുക്കള്‍ക്കും ആശ്രിതര്‍ക്കും യഥേഷ്ടം വീതിച്ചുകൊടുത്തത് സല്‍ഭരണമാകുന്നു. അതിനെ അഴിമതിയായി വിശേഷിപ്പിക്കുന്നത് കേവലം രാഷ്ട്രീയ പ്രേരിതം. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ പാര്‍ട്ടികളാണ് മറ്റൊരു അഴിമതിവിരുദ്ധ പട. കേരളത്തിലെ ലാവ്ലിന്‍ കേസ് അവര്‍ക്കും രാഷ്ട്രീയ പ്രേരിതമാണ്. അത് സി.ബി.ഐ അന്വേഷിക്കുന്നതിനു പോലും അവരെതിരായിരുന്നു. നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രസരിപ്പിക്കുന്ന ധാര്‍മിക രോഷത്തിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ മതിയായ സംഗതികളാണിതൊക്കെ. അധികാരത്തിലിരിക്കുന്ന കക്ഷികളെ ക്ഷീണിപ്പിക്കാനും കഴിയുമെങ്കില്‍ താഴെയിറക്കാനും ഉപയോഗിക്കുന്ന ഒരായുധം മാത്രമാകുന്നു രാഷ്ട്രീയ പാര്‍ട്ടികളുടെ അഴിമതിവിരുദ്ധത. അതില്‍ കവിഞ്ഞ ധാര്‍മിക പ്രതിബദ്ധതയോ നീതിബോധമോ സത്യസന്ധതയോ ഒന്നും അതിലില്ല.
ജനങ്ങളും കുറച്ചൊക്കെ ഇത് മനസ്സിലാക്കുന്നുണ്ടെന്നാണ് അടുത്ത കാലത്തുയര്‍ന്നു വന്ന വമ്പന്‍ അഴിമതിക്കഥകളോടുള്ള അവരുടെ പ്രതികരണം സൂചിപ്പിക്കുന്നത്. പൊതുജീവിതത്തിന്റെ ഘടകമായി അഴിമതിയെ ജനങ്ങള്‍ അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു. കാര്യങ്ങള്‍ നടന്നു കിട്ടാന്‍ കുറച്ചൊക്കെ അഴിമതി വേണം എന്നിടത്തോളമെത്തിയിരിക്കുന്നു പൊതുധാരണ. അഴിമിതി ചെയ്യാത്ത ഉദ്യോഗസ്ഥനായാലും ശരി, ജനപ്രതിനിധിയായാലും ശരി, നീതിമാനും സത്യസന്ധനും രാജ്യസ്നേഹിയുമായല്ല മനസ്സിലാക്കപ്പെടുന്നത്; മറിച്ച് മരുടനും കടുംപിടുത്തക്കാരനും വഴിമുടക്കിയുമായിട്ടാണ്. ഇങ്ങനെ പോയാല്‍ ഭയാനകമായ ഒരു പരിണതിയിലാണ് രാജ്യം എത്തിച്ചേരുക.
നിയമനിര്‍മാണസഭകളില്‍ ബഹളം വെച്ചതുകൊണ്ടോ നിരത്തുകളില്‍ ധര്‍ണയും പ്രകടനങ്ങളും നയിച്ചതുകൊണ്ടോ മാത്രം ഈ ഗതിക്കൊരു മാറ്റവുമുണ്ടാകാന്‍ പോകുന്നില്ല. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളോ ഭരണതന്ത്ര സിദ്ധാന്തങ്ങളോ അല്ല ജനങ്ങളെ നീതിയിലും ധര്‍മത്തിലും പ്രതിബദ്ധരാക്കുന്നത്. ദൈവവിശ്വാസത്തിനും കര്‍മഫല വിശ്വാസത്തിനും മാത്രമേ അത് കഴിയൂ. തന്റെ രഹസ്യവും പരസ്യവുമായ എല്ലാ ചലനങ്ങളും വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു ശക്തി-പരമാധികാരി- ഉണ്ടെന്നും ഓരോ നടപടിക്കും അവന്റെ മുമ്പില്‍ സമാധാനം ബോധിപ്പിക്കേണ്ടിവരുമെന്നും വിശ്വസിക്കാത്തവര്‍ക്ക് ജനങ്ങളാല്‍ പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയുമില്ലെന്നു തോന്നുമ്പോള്‍ എന്തും ചെയ്യാം. ആളുകള്‍ അക്രമത്തിലും അധര്‍മത്തിലും ഏര്‍പ്പെടുന്നതിന്റെ പ്രധാന കാരണം പരലോകത്തിലും കര്‍മവിചാരണയിലും വിശ്വാസമില്ലാത്തതാണെന്ന് വിശുദ്ധ ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. ദൈവവിശ്വാസം എത്രത്തോളം ക്ഷയിക്കുന്നുവോ അത്രത്തോളം അക്രമവും അധര്‍മവും ശക്തിപ്പെട്ടുകൊണ്ടിരിക്കും. സമൂഹത്തെ ദൈവത്തിലും പരലോകത്തിലുമുള്ള വിശ്വാസത്തിലേക്കടുപ്പിക്കുകയാണ് അഴിമതിയുടെയും അക്രമത്തിന്റെയും വളര്‍ച്ച തടയാനുള്ള ശരിയായ മാര്‍ഗം. അതിനു വേണ്ടി പരിശ്രമിക്കുന്നവരാണ് യഥാര്‍ഥ അഴിമതിവിരുദ്ധ പ്രചാരകര്‍.