Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       



സോളിഡാരിറ്റിയുടെ ദല്‍ഹി ദൌത്യം
അനിവാര്യത തെളിയിച്ച അരങ്ങേറ്റം

ഹസനുല്‍ബന്ന
ദല്‍ഹിയിലെ ഫണ്ടിംഗ് എന്‍.ജി.ഒകളുടെ കോപ്രായങ്ങള്‍ കണ്ടുശീലിച്ച 'സി.എന്‍.എന്‍-ഐ.ബി.എന്‍' ലേഖികക്ക് ഇരകളെ വേറിട്ടു തന്നെ കിട്ടണം. സോളിഡാരിറ്റിക്ക് പറയാനുള്ളതല്ല; ഇരകള്‍ക്ക് പറയാനുള്ളത് വേറിട്ടു തന്നെ കേള്‍ക്കണം. സോളിഡാരിറ്റി ദല്‍ഹിയില്‍ നടത്തിയ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ മാര്‍ച്ചിന്റെ ഉദ്ഘാടനത്തിന് മേധാ പട്ക്കര്‍ എത്തും മുമ്പ്, ക്യാമറാമാനുമായി എത്തി സമരം മുഴുവനും പകര്‍ത്തിയ ലേഖിക പിറ്റേന്ന് ഇവരെ ഒറ്റക്ക് കിട്ടണമെന്ന് പറഞ്ഞാണ് ജന്തര്‍ മന്ദറില്‍ നിന്ന് പോയത്. പിറ്റേന്ന് കോപ്പര്‍ നിക്കസ് മാര്‍ഗിലെ ദേശീയ മനുഷ്യാവകാശ കമീഷന്‍ ആസ്ഥാനത്ത് നേരത്തെ തന്നെ അവരെത്തിയിരുന്നു. സി.എന്‍.എന്‍-ഐ.ബി.എന്നിന്റെ വണ്ടിയില്‍ ദുരിതബാധിതനായ അജിത് ഷാജിയെയും സിന്ധുവിനെയും കയറ്റി ഓഖ്ലയിലെ ഗസ്റ് ഹൌസിലേക്ക് കൊണ്ടുപോയി. ചോദ്യങ്ങളുടെ മൊഴിമാറ്റത്തിന് ഒരാള്‍ കൂടെ മതിയെന്നും അവര്‍ പറഞ്ഞിരുന്നു. സോളിഡാരിറ്റിയുടെ സമ്മര്‍ദമില്ലാതെ സിന്ധു സ്വതന്ത്രമായി കാര്യങ്ങള്‍ പറയട്ടെ എന്ന നിലപാടിലായിരുന്നു ലേഖിക.
പത്തനംതിട്ടയില്‍ നിന്ന് ആരോഗ്യവാനായ ആദ്യകുഞ്ഞിനെയുമെടുത്ത് ജോലി തേടി താനും ഭര്‍ത്താവും കാസര്‍ക്കോട്ടെത്തിയ കഥ വിവരിച്ചുതുടങ്ങിയ സിന്ധു അജിത്, ഷാജിയുടെ ജന്മത്തോടെ ജീവിതം ദുരന്തപൂര്‍ണമായതെങ്ങനെയെന്ന് വിവരിച്ചു. നിരാലംബരായ തങ്ങള്‍ക്ക് സോളിഡാരിറ്റി വീടെടുത്ത് തന്ന കഥ കൂടി വിവരിച്ച സിന്ധു പിന്നീട് സമരനായികയുടെ തലത്തിലേക്ക് സ്വയമുയരുന്നതാണ് കണ്ടത്. സോളിഡാരിറ്റിയുടെ സഹായത്തോടെ ദല്‍ഹിയിലെത്തിയ തങ്ങളേക്കാള്‍ ഭീതിദമാണ് കാസര്‍കോട് അവശേഷിക്കുന്നവരുടെ ജീവിതമെന്ന് പറഞ്ഞുകൊടുത്തു. സ്വാര്‍ഥതയുടെ ലാഞ്ഛനയൊട്ടുമില്ലാത്ത ഈ വിവരണത്തിന് സിന്ധുവിനെ പ്രേരിപ്പിച്ചത് അവരെ സേവിച്ചുകൊണ്ടിരിക്കുന്ന സോളിഡാരിറ്റി പ്രവര്‍ത്തകരില്‍ നിന്ന് അവര്‍ക്ക് ലഭിച്ച ഊര്‍ജമായിരുന്നു. സ്വാഭാവികമായി സിന്ധുവിന്റെ കഥാവിവരണത്തില്‍ ഇടക്കിടെ കയറി വന്ന സോളിഡാരിറ്റിയുടെ സേവനമുഖം ലേഖിക പ്രശംസിക്കുന്നേടത്തേക്കാണ് കാര്യങ്ങളെത്തിയത്.
ഇതുപോലെ തന്നെയായിരുന്നു ദല്‍ഹിയില്‍ ആദ്യമായി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ അണിനിരന്ന വാര്‍ത്താസമ്മേളനവും. ബി.ജെ.പി നേതാവും മുതിര്‍ന്ന പത്രപ്രവര്‍ത്തകനും രാജ്യസഭാ എം.പിയുമായ ചന്ദന്‍ മിത്രയുടെ 'പയനിയര്‍' പത്രം സോളിഡാരിറ്റി ദൌത്യത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വായിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തിനെത്തിയിരുന്നത്്.
എന്നാല്‍ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് നടത്തിയ ഒരു കോടി രൂപയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ സ്ളൈഡുകള്‍ അടങ്ങുന്ന 'പവര്‍ പോയിന്റ്' അവതരണത്തോടെ തന്നെ വാര്‍ത്താസമ്മേളനത്തിനെത്തിയ പത്രപ്രവര്‍ത്തകരില്‍ വിഷയം വലിയ താല്‍പര്യമുണര്‍ത്തി. ജാതിയും മതവും സങ്കുചിത സാമുദായികതയും തൊട്ടു തീണ്ടാത്ത സംഘടനാ പ്രവര്‍ത്തനത്തിന്റെ പ്രതീകമായിരുന്നു പുനരധിവാസത്തിന്റെ സ്ളൈഡുകള്‍. ഇവയുടെ ജീവിക്കുന്ന സാക്ഷ്യമായി ദേവികിരണും നാരായണനും. അജിത് ഷാജിയും നാരായണനും ജീവന്‍ രാജും വേദിയില്‍ അണിനിരന്നതോടെ ചിത്രം പൂര്‍ണമായും മാറി. എന്‍ഡോസള്‍ഫാന്‍ പിച്ചിച്ചീന്തിയ ജീവിതങ്ങള്‍ക്ക് മുമ്പില്‍ കാരുണ്യത്തിന്റെ പച്ചപ്പ് കാണിച്ച മനുഷ്യര്‍ക്കൊപ്പമാണ് തങ്ങളെന്ന അഭിമാനത്തോടെ ദുരിതബാധിതരും രക്ഷിതാക്കളും നിവര്‍ന്നു നിന്നു. മതവും ജാതിയും സമുദായവും അതിര്‍വരമ്പിടാത്ത മാനവികതയുടെ സ്നേഹ പരിലാളനകളിതാ എന്ന് നെഞ്ച് വിരിച്ച് പറയാതെ പറയുകയായിരുന്നു അവര്‍. ആദ്യം സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാനും, പിന്നീട് എഴുതി തയാറാക്കിയ, ഉച്ചാരണ ശുദ്ധി വിടാത്ത ഇംഗ്ളീഷില്‍ ദേവി കിരണും വിഷയം അവതരിപ്പിച്ചതോടെ പ്രസ്ക്ളബ്ബിന്റെ അന്തരീക്ഷം പൂര്‍ണമായും മാറി.
ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്ക് സംസ്ഥാന പ്രസിഡന്റ് മറുപടി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ സഹായിക്കാന്‍ ഒരുമിക്കുന്നതിന് പകരം സ്വന്തം നിലക്ക് ഒരു വഴി സോളിഡാരിറ്റി തെരഞ്ഞെടുത്തതെന്തിനാണ്? പുനരധിവാസത്തിന് സോളിഡാരിറ്റി തുക സമാഹരിച്ചതെവിടെ നിന്നാണ്?
ഈ രണ്ട് ചോദ്യങ്ങള്‍ക്കും മുജീബുര്‍റഹ്മാന്‍ വ്യക്തമായ മറുപടി പറഞ്ഞു. കേരളത്തില്‍ എല്ലാ സന്നദ്ധ സംഘടനകളെയും ഒരുമിപ്പിച്ചും കൂടെ നിര്‍ത്തിയുമാണ് സോളിഡാരിറ്റി ഇതുവരെ സമര പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നായിരുന്നു ഒന്നാമത്തേതിനുള്ള മറുപടി. സാധ്യമാകുന്നവരെല്ലാം സോളിഡാരിറ്റിയോട് സഹകരിച്ചിട്ടുമുണ്ട്. ഇപ്പോഴും സഹകരിച്ചുകൊണ്ടിരിക്കുന്നുവരുമുണ്ട്. പാര്‍ലമെന്റ് മാര്‍ച്ചിലും കേരളത്തിലെ ഭരണപ്രതിപക്ഷ കക്ഷികളുടെ സഹകരണവും സാന്നിധ്യവും ഉറപ്പാക്കിയിട്ടുണ്ട്.
പുനരധിവാസത്തിന് മലയാളികള്‍ക്കിടയില്‍ നടന്ന് സോളിഡാരിറ്റി സമാഹരിച്ച ചെറു സംഖ്യകളാണ് ഒരു കോടിയായി വളര്‍ന്നത്. പിരിച്ചെടുത്തത് വലിയ തുകയാണെന്ന് കരുതി കാസര്‍കോട് പുനരധിവാസത്തിന് ചെന്നപ്പോഴാണ് എന്‍ഡോസള്‍ഫാന്‍ പുനരധിവാസം ഇത്ര നിസാരമല്ലെന്നും സമഗ്രമായ പുനരധിവാസം സര്‍ക്കാര്‍ രംഗത്തിറങ്ങാതെ സാധ്യമാകില്ലെന്നും മനസ്സിലായതെന്നു കൂടി വിനയം ഒട്ടും വിടാതെ മുജീബ് ചേര്‍ത്തു പറഞ്ഞു. സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകള്‍ ചേര്‍ന്ന് ഇതിന് ധനസമാഹരണം നടത്തണമെന്ന് കൂടി ആവശ്യപ്പെട്ടാണ് കഷ്ടതയനുഭവിക്കുന്ന ഈ പാവങ്ങളുമായി തങ്ങള്‍ ദല്‍ഹിയിലെത്തിയതെന്ന് പ്രസിഡന്റ് വ്യക്തമാക്കി. നിരവധി ഇരകളുടെ യാതനാപൂര്‍ണമായ ദുരനുഭവങ്ങള്‍ കേട്ട ന്യുദല്‍ഹി പ്രസ് ക്ളബ് ഹാള്‍ കെട്ടഴിഞ്ഞു വീണ എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്റെ കാഠിന്യത്തിന് മുമ്പില്‍ ശോകമൂകമായി.
പത്രസമ്മേളനത്തില്‍ സംസാരിച്ച ദേവീ കിരണിന് പാടാന്‍ കൂടി താല്‍പര്യമുണ്ടെന്ന് പറഞ്ഞതോടെ മാധ്യമപ്രവര്‍ത്തകര്‍ ദേവി കിരണ്‍ പാടണമെന്ന് നിര്‍ബന്ധിച്ചു. പ്രസ് ക്ളബ്ബിന്റെ മുറ്റത്തു നിന്ന് കിരണ്‍ പാടി. പാട്ട് കഴിഞ്ഞതോടെ ദേവി കിരണിനെ മാധ്യമപ്രവര്‍ത്തകര്‍ അഭിനന്ദവുമായി പൊതിഞ്ഞു. റെക്കോഡ് ചെയ്ത് ചില മാധ്യമങ്ങള്‍ പ്രത്യേക സ്റോറിയാക്കുകയും ചെയ്തു. ജീവിതത്തില്‍ ഒരിക്കലും സ്വപ്നം കാണാന്‍ കഴിയാത്ത യാത്രക്ക് തങ്ങളെ പ്രാപ്തരാക്കിയത് സോളിഡാരിറ്റിയാണെന്ന് പാട്ടു പാടി കഴിഞ്ഞ് ഒട്ടും ഔപചാരികതയില്ലാതെ ദേവി കിരണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സന്ദര്‍ഭം വൈകാരികമായതോടെ ഈ ദുരവസ്ഥയില്‍ ഇവര്‍ക്ക് സാധ്യമാകുന്നത് ചെയ്തുകൊടുക്കുന്ന സോളിഡാരിറ്റിയെ മുക്തകണ്ഠം പ്രശംസിക്കുകയായിരുന്നു ചില മാധ്യമപ്രവര്‍ത്തകര്‍. എന്‍ഡോസള്‍ഫാന് വേണ്ടി വാദിക്കുന്ന മന്ത്രിമാര്‍ക്ക് മുന്നില്‍ ഇവരെ കൊണ്ടുപോകണമെന്ന് കൂടി ഒരു പ്രമുഖ പത്രപ്രവര്‍ത്തകന്‍ നിര്‍ദേശിച്ചു. ആര്‍ക്കും തമസ്ക്കരിക്കാന്‍ കഴിയാത്ത വിഷയമായി ദേശീയതലത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ അതേറ്റെടുത്തു കഴിഞ്ഞിരുന്നു.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി, ദേശീയ മനുഷ്യാവകാശ കമീഷന്‍ എന്നിവരുമായുള്ള കൂടിക്കാഴ്ച തരപ്പെടുത്തുന്നതില്‍ ദല്‍ഹിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കിടയിലെ സജീവ സാന്നിധ്യമായ അഡ്വ. ഷാക്കിര്‍ ജമീലാണ് മുഖ്യ പങ്കുവഹിച്ചത്.
സ്വന്തം വേവലാതികള്‍ മറച്ചുവെച്ച് ദുരിതബാധിതരെ ശുശ്രൂഷിക്കുന്നതില്‍ മാത്രം ശ്രദ്ധ പതിപ്പിച്ച് അക്ഷരാര്‍ഥത്തില്‍ 'ഉറുമ്പും പേനും കടിക്കാതെ' അവരെ സംരക്ഷിച്ച കാസര്‍കോട്ടെ മുഹമ്മദും റിയാസും കാണിച്ച ജീവകാരുണ്യമാണ് നാല് ദിനരാത്രങ്ങള്‍ നീണ്ട ദല്‍ഹി ദൌത്യത്തിന്റെ യഥാര്‍ഥ ജീവവായു. ചങ്ക് പറിച്ചുകൊടുത്തപ്പോഴും ചെമ്പരത്തിപ്പൂവെന്ന് പറഞ്ഞ് പരിഹസിച്ചവര്‍ക്ക് ഒരു പ്രസ്ഥാനം അവരുടെ ചെറുപ്പക്കാരില്‍ വളര്‍ത്തിയ മാനവിക ബോധത്തിന്റെയും സേവനത്തിന്റെയും നേരനുഭവമായി മാറുകയായിരുന്നു ദല്‍ഹി ദൌത്യം. ഇസ്ലാമിക പ്രസ്ഥാനം ആറു പതിറ്റാണ്ട് പണിയെടുത്തതിന്റെ സൃഷ്ടിയാണ് നിസ്വാര്‍ഥരായ ഈ ചെറുപ്പക്കാരെന്ന് കൂടി അറിയിക്കുന്നേടത്താണ് മാനവിക മുന്നേറ്റത്തിന്റെ അതിരുകളില്ലാത്ത സാധ്യതകള്‍ ഈ പ്രസ്ഥാനത്തിന് മുമ്പില്‍ തുറന്നുകിടക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം മുന്‍നിര്‍ത്തി ചിലര്‍ കേരളത്തില്‍ പരിഹാസങ്ങളെഴുന്നള്ളിക്കുമ്പോഴാണ് വിനയത്തോടെ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ കേരളത്തിലെ ഒരു യുവജന പ്രസ്ഥാനത്തിനും സാധ്യമാകാത്തത് ദല്‍ഹിയില്‍ കാണിച്ചുകൊടുത്തത്. അടിച്ചുവന്ന കാളകൂടങ്ങളുടെ മഷിയുണങ്ങും മുമ്പെ പ്രസ്ഥാനത്തിന്റെ ഭാവിയെക്കുറിച്ച പ്രചാരണങ്ങള്‍ ഈ ചെറുപ്പക്കാര്‍ തരിപ്പണമാക്കി കളഞ്ഞു. കേരളത്തിലെ അറിയപ്പെടുന്ന പാര്‍ട്ടികളുടെ ദേശീയ നേതാക്കള്‍ക്കെല്ലാം ചുവടുവെയ്പ് ഗംഭീരമായെന്ന് തുറന്നുസമ്മതിക്കേണ്ടിയും വന്നു.
പിന്‍കുറി: "ബി.ജെ.പി കേരള യൂനിറ്റ് ഇന്ന് ഉച്ചക്ക് 12.30-ന് ജന്ദര്‍ മന്ദറില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിക്കുന്ന ധര്‍ണ മുഖ്താര്‍ അബ്ബാസ് നഖ്വി ഉദ്ഘാടനം ചെയ്യും''- സോളിഡാരിറ്റി മാര്‍ച്ച് കഴിഞ്ഞ് ഒരാഴ്ച തികഞ്ഞ ദിവസം ബി.ജെ.പി ദേശീയ ഓഫീസില്‍ നിന്ന് ദല്‍ഹിയുടെ മാധ്യമപ്രവര്‍ത്തകരുടെ മൊബൈലുകളിലേക്ക് വന്ന എസ്.എം.എസ് ആണിത്. ബി.ജെ.പി എന്‍ഡോസള്‍ഫാന്‍ സമരത്തില്‍ ഇടപെടുന്നതിന്റെ പഴി കൂടി ഇനി ജമാഅത്തിന് കേള്‍ക്കേണ്ടി വരുമോ ആവോ?



 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly