ബ്രിട്ടീഷ് മുസ്ലിംകള്‍ വളര്‍ച്ചയും വെല്ലുവിളികളും
ടി.കെ യൂസുഫ്
ബ്രിട്ടനിലെ മുസ്ലിം ജനസംഖ്യയില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ അഞ്ചു ലക്ഷത്തിലധികം വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് അവിടത്തെ ഔദ്യോഗിക ദേശീയ കാനേഷുമാരി കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുസ്ലിം ജനസംഖ്യ ഇരുപത്തഞ്ച് ലക്ഷം കവിയുമ്പോള്‍ അവിടത്തെ ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ ഈ കാലയളവിനിടയില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്.
ബ്രിട്ടനിലേക്കുളള മുസ്ലിംകളുടെ പലായനവും ജനന നിരക്കിലെ വര്‍ധനവുമാണ് വളര്‍ച്ചയുടെ പ്രധാന കാരണങ്ങളായി വിദഗ്ധര്‍ വിലയിരുത്തുന്നത്. അതോടൊപ്പം അവിടെയുള്ള ക്രിസ്ത്യാനികള്‍ ഇസ്ലാം ആശ്ളേഷിക്കുന്നതും വളര്‍ച്ചാഗതി ത്വരിതപ്പെടുത്തുന്നുണ്ട്. ബ്രിട്ടനിലെ മുസ്ലിം കുടുംബങ്ങളില്‍ ബംഗാളികളും പാകിസ്താനികളും ധാരാളമുണ്ട്. പുതുതലമുറ ധാരാളമായി ഇസ്ലാം ആശ്ളേഷിക്കുന്നതുകൊണ്ട് തന്നെ അവിടത്തെ മുസ്ലിംകള്‍ ഭൂരിഭാഗവും ചെറുപ്പക്കാരാണ്. വാര്‍ത്താ മാധ്യമങ്ങള്‍ മുസ്ലിംകളുടെ മേല്‍ ഭീകരവാദത്തിന്റെ മുദ്ര ചാര്‍ത്തുകയും ഇസ്ലാംഭീതി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ബ്രിട്ടീഷ് മുസ്ലിംകള്‍ അപകര്‍ഷതാ ബോധമില്ലാതെ അഭിമാനത്തോടെ അവരുടെ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നുണ്ട്.
മുസ്ലിംകള്‍ എണ്ണത്തില്‍ അധികരിക്കുന്നുണ്ടെങ്കിലും ബ്രിട്ടനിന്റെ സാമ്പത്തിക, വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മുസ്ലിംകളുടെ എണ്ണം വിരളമാണ്. രാഷ്ട്രീയ, ദേശീയ, വിദ്യാഭ്യാസ മേഖലകളില്‍ കൂടി പ്രാതിനിധ്യം നേടുന്നതോടു കൂടി മാത്രമേ ഈ വര്‍ധനവ് ഫലപ്രദമാവുകയുള്ളൂ. വിദ്യാഭ്യാസ രംഗം പരിശോധിക്കുകയാണെങ്കില്‍ ബംഗാളി-പാകിസ്താനി മുസ്ലിംകളില്‍ ഏകദേശം അമ്പത് ശതമാനം മാത്രമേ സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നുള്ളൂ. കോളേജ് തലങ്ങളില്‍ പഠിച്ച് സര്‍വകലാശാല ബിരുദം നേടുന്നവര്‍ പതിനേഴ് ശതമാനം മാത്രമാണ്. മുസ്ലിം സ്ത്രീകളില്‍ ബിരുദമെടുക്കുന്നവര്‍ കേവലം എട്ട് ശതമാനം മാത്രമാണ്. തൊഴില്‍ മേഖലയിലാണെങ്കില്‍ മുപ്പത്തഞ്ച് ശതമാനവും തൊഴില്‍ രഹിതരാണ്. സ്ത്രീകളില്‍ തൊഴില്‍ രഹിതരുടെ എണ്ണം എഴുപത് ശതമാനത്തോളം വരും. അതുപോലെ എഴുപത് ശതമാനത്തോളം ആളുകള്‍ ദരിദ്ര കുടുംബങ്ങളില്‍ ജീവിക്കുന്നവരാണ്. അമ്പത് ശതമാനത്തോളം ആളുകള്‍ സ്വന്തമായി വീടില്ലാത്തവരും വാടക വീടുകളില്‍ താമസിക്കുന്നവരുമാണ്.
രാഷ്ട്രീയ രംഗത്ത് മുസ്ലിംകളുടെ പ്രാതിനിധ്യം തീരെ കുറവാണ്. പാര്‍ലമെന്റില്‍ 650 സീറ്റുകള്‍ ഉള്ളിടത്ത് അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമായി എട്ട് മെമ്പര്‍മാരാണ് ആകെയുള്ളത്. മുസ്ലിംകള്‍ അഞ്ച് ശതമാനമാണെന്ന് സങ്കല്‍പിക്കുകയാണെങ്കില്‍ തന്നെ ചുരുങ്ങിയത് 32 മെമ്പര്‍മാരെങ്കിലും പാര്‍ലമെന്റില്‍ ഉണ്ടാവേണ്ടതുണ്ട്. രാഷ്ടീയ രംഗത്ത് അനിവാര്യമായും ഉണ്ടാകേണ്ട പ്രാതിനിധ്യത്തിന്റെ ഇരുപത്തഞ്ച് ശതമാനം മാത്രമാണ് പാര്‍ലമെന്റില്‍ ഇപ്പോള്‍ ഉള്ളത്. വിദ്യാഭ്യാസ രംഗത്ത് നേരിയ വര്‍ധനവ് ദൃശ്യമാകുന്നുണ്ട് എന്നത് പ്രതീക്ഷ നല്‍കുന്നു. ബ്രിട്ടനില്‍ വംശീയ വെല്ലുവിളികളും ഇസ്ലാംഭീതിയും അരങ്ങു തകര്‍ക്കുന്നുണ്ടെങ്കിലും അവിടെ ജീവിക്കുന്ന മുസ്ലിംകളുടെ സംസ്കാരവും വ്യക്തിത്വവും അന്യ മതസ്ഥരെ ആകര്‍ഷിക്കുന്നു. മുസ്ലിംകളില്‍ ഭൂരിഭാഗവും ധാര്‍മിക സദാചാര നിയമങ്ങള്‍ പാലിക്കുന്നവരും അധ്വാന ശീലരുമാണ്.
ബ്രിട്ടീഷ് ക്രിസ്ത്യാനികളില്‍ നല്ലൊരു ശതമാനവും എഴുപത് വയസ്സ് കഴിഞ്ഞവരാണ്. എന്നാല്‍ മുസ്ലിംകള്‍ ഭൂരിഭാഗവും നാല്‍പത് വയസ്സിന് താഴെയുള്ളവരാണ്. ഈ വൃദ്ധ സമൂഹത്തിന് തൊഴില്‍രംഗത്ത് മുസ്ലിം യുവതയെ അത്യാവശ്യമാണ്. മുസ്ലിംകള്‍ക്ക് ബ്രിട്ടനില്‍ വളരാന്‍ അവസരമൊരുക്കുന്നു ഈ സാഹചര്യം.
2001 സെന്‍സസ് പ്രകാരം മുപ്പതിനായിരം പേര്‍ മറ്റു മതങ്ങളില്‍ നിന്ന് പരിവര്‍ത്തനം ചെയ്ത് പുതുവിശ്വാസികളായിട്ടുണ്ട്. ബ്രിട്ടീഷ് സമൂഹത്തിലെ കലാ, കായിക, സാംസ്കാരിക, ശാസ്ത്ര, സാഹിത്യ മേഖലകളിലുള്ളവരെല്ലാം ഇസ്ലാം ആശ്ളേഷിക്കുന്നുണ്ട്. ജയില്‍ പുള്ളികള്‍ പോലും ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ബ്രിട്ടീഷ് ജയില്‍ പുള്ളികളില്‍ നിന്ന് പതിനായിരം പേര്‍ ഇതിനകം ജയിലുകളില്‍ വെച്ചു തന്നെ ഇസ്ലാം സ്വീകരിച്ചു. ഇസ്ലാം അവരില്‍ വലിയ ധാര്‍മിക പരിവര്‍ത്തനമാണ് വരുത്തുന്നത്.
ബ്രിട്ടനില്‍ ഇസ്ലാം സ്വീകരിക്കുന്നവരില്‍ കൂടുതല്‍ പേര്‍ സ്ത്രീകളാണ്. ഇസ്ലാമിന്റെ ലാളിത്യവും വ്യക്തതയും പെരുമാറ്റ മര്യാദകളുമാണ് പലരെയും ആകര്‍ഷിക്കുന്നത്. ജര്‍മനിയിലെ പ്രസിദ്ധ ടെലിവിഷന്‍ പ്രോഗ്രാം സംവിധായകയായിരുന്ന ക്രിസ്റീന ബേക്കര്‍ ഇസ്ലാം സ്വീകരിച്ചതിന് ശേഷം ബ്രിട്ടനിലേക്ക് വന്നു. "ഞാന്‍ ജീവിതത്തില്‍ വളരെ പ്രസിദ്ധരായ പലരുമായും അഭിമുഖം നടത്തിയിട്ടുണ്ട്. അന്ന് എന്റെ ജീവിതം ശൂന്യമായിരുന്നു. ഞാന്‍ ഏകാകിനിയായിരുന്നു. ഞാന്‍ ചെയ്തു കൂട്ടുന്നതെല്ലാം എന്തിന് എന്നെനിക്ക് തന്നെ അറിയുമായിരുന്നില്ല. ഇസ്ലാം സ്വീകരിച്ചതോടു കൂടി എന്റെ ജീവിതത്തിന് പുതിയ അര്‍ഥവും കാഴ്ചപ്പാടുമുണ്ടായിത്തീര്‍ന്നു''- അവര്‍ പറയുന്നു. പാശ്ചാത്യ സമൂഹത്തിന്റെ ലൈംഗിക അരാജകത്വം പല സ്ത്രീകളെയും ഇസ്ലാമിലേക്കാകര്‍ഷിച്ചിട്ടുണ്ട്. ഇസ്ലാം ആശ്ളേഷിക്കുന്നതോടു കൂടി അവര്‍ക്ക് മുമ്പ് അനുഭവപ്പെടാത്ത സുരക്ഷാബോധമാണ് ലഭിക്കുന്നത്. ഇസ്ലാമിലെ സ്ത്രീ ഭോഗവസ്തുവല്ലെന്നും സ്ത്രീത്വത്തിനും മാതൃത്വത്തിനും മഹനീയ സ്ഥാനമാണ് ഇസ്ലാമിലുള്ളതെന്നും അവര്‍ കണ്ടെത്തുന്നു. മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണത്തിനെതിരെ വ്യാപകമായ പ്രതിഷേധമുണ്ടായിട്ടും ഇസ്ലാം സ്വീകരിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നത് ഈ സുരക്ഷാബോധം കൊണ്ടാണെന്നാണ് സാറാ ഹാരിസ് ടൈംസില്‍ (29.4.2010) എഴുതിയത്. ലണ്ടന്‍ മസ്ജിദില്‍ വരുന്ന പുതു മുസ്ലിംകളില്‍ മൂന്നില്‍ രണ്ട് ഭാഗവും സ്ത്രീകളാണ.് അവരില്‍ ഭൂരിഭാഗവും മുപ്പത് വയസ്സിന് താഴെയുള്ളവരും.
ഇസ്ലാം സ്വീകരിച്ച അഭ്യസ്ത വിദ്യരായ വനിതകള്‍ അവരുടെ മതംമാറ്റത്തിന്റെ ചരിത്രം വ്യക്തമാക്കുന്നുണ്ട്. ഗവാന്‍ ബൈലി എന്ന മുപ്പതുകാരിയായ അഭിഭാഷക പറയുന്നു: "ഞാന്‍ യൂനിവേഴ്സിറ്റിയില്‍ പഠിക്കുന്നതിന് മുമ്പ് ഒരു മുസ്ലിമിനോടും സംസാരിച്ചിട്ടില്ല. അഡ്വക്കേറ്റായപ്പോള്‍ അവിവാഹിതയായ ഒരു സ്വതന്ത്ര സ്ത്രീയുടെ ജീവിതമാണ് നയിച്ചിരുന്നത്. എങ്കിലും എനിക്ക് മാനസികമായി സംതൃപ്തിയുണ്ടായിരുന്നില്ല. ഒരു ദിവസം കഫേയില്‍ വെച്ച് ഒരു മുസ്ലിം സുഹൃത്തിനോട് സംസാരിക്കുന്നതിനിടയില്‍ അവന്‍ എന്റെ കഴുത്തിലെ കുരിശുമാല ശ്രദ്ധിക്കുകയും ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്ന് ആരായുകയും ചെയ്തു. പിന്നീട് അവന്‍ ഇസ്ലാമിനെക്കുറിച്ച് വിശദമായി എന്നോട് സംസാരിച്ചു. അവന്റെ വാക്കുകള്‍ എന്റെ മനസ്സില്‍ പതിഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ ഇന്റര്‍നെറ്റില്‍ നിന്ന് ഖുര്‍ആന്റെ ഒരു കോപ്പി ശേഖരിച്ചു. അത് വായിച്ച് മനംമാറ്റം സംഭവിച്ചതിന് ശേഷം വളരെ ശങ്കിച്ചു കൊണ്ടാണ് ഞാന്‍ പുതുമുസ്ലിം കേന്ദ്രത്തിലേക്ക് പോയത്. അതിനകത്ത് അടിമുടി കറുപ്പ് വസ്ത്രം കൊണ്ട് മൂടിയ സ്ത്രീകളായിരിക്കും എന്നാണ് ഞാന്‍ കരുതിയത്. എങ്കിലും ധൈര്യം സംഭരിച്ച് അകത്തു കടന്നപ്പോള്‍ വളരെ നല്ല മനസ്സും പെരുമാറ്റവുമുള്ള സ്ത്രീകളെയാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. അവരുടെ മുഖത്ത് എന്തെന്നില്ലാത്ത സംതൃപ്തിയും പ്രതീക്ഷയും സുരക്ഷാ ബോധവുമുണ്ടായിരുന്നു. പിന്നീട് ഞാന്‍ ട്രൈനിംഗ് ക്ളാസില്‍ വെച്ച് പരിചയപ്പെട്ട ഒരു മുസ്ലിം അഡ്വക്കേറ്റിനെ വിവാഹം കഴിച്ചു. ഇപ്പോള്‍ ഞാന്‍ ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും പരിചരിക്കുകയും ജോലി നിര്‍വഹിക്കുയും ചെയ്യുന്നു.''
ലണ്ടനിലെ അധ്യാപികയായ കാഥറിന്‍ ഹെസലറ്റൈന്‍(31) അവരുടെ മനംമാറ്റത്തിന്റെ കഥ പറയുന്നതിങ്ങനെ: "എനിക്ക് പതിനാറ് വയസ്സുള്ള സമയത്ത് ആരെങ്കിലും എന്നോട് ഇസ്ലാം സ്വീകരിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിക്കുകയായിരുന്നുവെങ്കില്‍ ഇല്ല എന്നായിരിക്കും ഞാന്‍ മറുപടി പറയുക. എന്നാല്‍ ഒരു മുസ്ലിം ക്ളാസ്മേറ്റിന്റെ വ്യക്തിത്വം എന്നെ ആകര്‍ഷിക്കുകയും എന്റെ വായനക്കിടയില്‍ ഞാന്‍ ഖുര്‍ആന്‍ വായിക്കുകയും ചെയ്തു. ഖുര്‍ആന്റെ വ്യാഖ്യാനം വായിച്ചപ്പോഴാണ് ഖുര്‍ആനിലെ വിജ്ഞാനങ്ങളും ഇസ്ലാം സ്ത്രീകള്‍ക്ക് നല്‍കുന്ന അവകാശങ്ങളും മനസ്സിലാക്കാനായത്. ഞാന്‍ ഇസ്ലാം സ്വീകരിച്ചപ്പോള്‍ എന്റെ കുടുംബം വിചാരിച്ചത്, ഭര്‍ത്താവാകാന്‍ പോകുന്ന എന്റെ സുഹൃത്തിന്റെ കുടുംബത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് ഞാന്‍ മതപരിവര്‍ത്തനം ചെയ്തതെന്നാണ്. ഞാന്‍ മതത്തില്‍ സീരിയസ്സാണ് എന്ന വിവരം ആദ്യം അവര്‍ക്കറിയാമായിരുന്നില്ല. ഇന്ന് ഞാന്‍ ഇസ്ലാമിനെക്കുറിച്ച് കൂടുതല്‍ അറിയുകയും എന്റെ വിശ്വാസം കൂടുതല്‍ കരുത്താര്‍ജിക്കുകയും ചെയ്തിട്ടുണ്ട്. മുസ്ലിംകളുടെ സംഘടനകളില്‍ ഞാന്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഞാന്‍ ബ്രിട്ടനിലെ വെളുത്ത സമൂഹത്തിലെ ഒരു വ്യക്തിയാണ്, അതോടൊപ്പം ഒരു മുസ്ലിമുമാണ്. ഈ രണ്ട് വ്യക്തിത്വവും ഒരുമിച്ച് കൊണ്ടുപോകാന്‍ എനിക്ക് പ്രയാസമില്ല.''
അകീല വില്ലര്‍ എന്ന 25 വയസ്സുകാരി വീട്ടമ്മ അവരുടെ പരിവര്‍ത്തനത്തിന്റെ കഥപറയുന്നതിങ്ങനെയാണ്: "സര്‍വകലാശാലയിലെ ഒരു മുസ്ലിം യുവാവ് എന്നെ ആകര്‍ഷിക്കുകയും ആ ബന്ധം എന്നെ വംശീയമായി മാറ്റുകയും അദ്ദേഹത്തെ വിവാഹം കഴിക്കുന്നത് വരെ എത്തുകയും ചെയ്തു. എന്റെ സുഹൃത്ത് ഹുസൈന്‍ ഇസ്ലാമിനെക്കുറിച്ച് രണ്ട് പുസ്തകങ്ങള്‍ എനിക്ക് നല്‍കി. ആ രണ്ട് ഗ്രന്ഥങ്ങള്‍ എന്റെ ബൌദ്ധിക കാഴ്ചപ്പാടില്‍ മാറ്റമുണ്ടാക്കി. എന്റെ പരിവര്‍ത്തനം വൈകാരികതയിലുപരി ബുദ്ധിപരമായത് കൊണ്ടാണ് ഇസ്ലാം സ്വീകരിച്ചതിന് ശേഷം ബുദ്ധി, ചിന്ത എന്നീ അര്‍ഥങ്ങളുള്ള അഖീല എന്ന പേര്‍ ഞാന്‍ സ്വീകരിച്ചത്. ലീന്‍ഡസ് എന്ന എന്റെ പഴയ പേരും അതിനോട് ബന്ധപ്പെട്ടതും ഇപ്പോള്‍ എന്റെ ഓര്‍മയില്‍ വരുന്നില്ല.''
സുകൈനാ ഡഗ്ളസ് എന്ന ബ്രിട്ടീഷ് കവയിത്രി തന്റെ മതപരിവര്‍ത്തനത്തിന്റെ ചരിത്രം വിവരിക്കുന്നത് ഇപ്രകാരമാണ്: "കരീബിയന്‍ വംശജയായ ഞാന്‍ ഇസ്ലാമിനെക്കുറിച്ച് ചിന്തിച്ചത് എന്റെ ഒരു സുഹൃത്ത് ഇസ്ലാം ആശ്ളേഷിച്ചതിന് ശേഷമാണ്. ഒരു മൊറോക്കിയന്‍ എഴുത്തുകാരിയുടെ പുസ്തകം വായിച്ചതിന് ശേഷമാണ്, ഇസ്ലാം സ്ത്രീയെ അടിച്ചമര്‍ത്തുന്നില്ല എന്ന വസ്തുത മനസ്സിലായത്. ഇസ്ലാമിനെക്കുറിച്ച് മനസ്സിലാക്കിയതിന് ശേഷം അത് ആശ്ളേഷിക്കുന്നതിന് മുമ്പായി ഞാന്‍ ഇസ്ലാമിക വസ്ത്രധാരണം ചെയ്ത് വീട്ടില്‍ നിന്ന് പുറത്തിറങ്ങി. പുതിയ വേഷം പുരുഷന്മാരുടെ കഴുകക്കണ്ണുകളില്‍ നിന്ന് രക്ഷാകവചമായി വര്‍ത്തിക്കുന്നതായി ഞാന്‍ കണ്ടു. പിന്നീട് അധികം ആലോചിക്കാതെ അന്ന് തന്നെ ഞാന്‍ ഇസ്ലാം സ്വീകരിച്ച് പുതിയ ജീവിതം നയിക്കാന്‍ തുടങ്ങി. പിന്നീട് മൂന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് 2005 ജൂലൈ ഏഴിന് ലണ്ടനില്‍ സ്ഫോടനമുണ്ടായത്. അതോട് കൂടി മുസ്ലിംകള്‍ക്കെതിരില്‍ വംശീയ വിദ്വേഷം വര്‍ധിക്കുകയും എന്നോട് ജനങ്ങള്‍ ജന്മനാട്ടിലേക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. എങ്കിലും ഞാന്‍ ഭയപ്പെട്ടതു പോലെ അനര്‍ഥങ്ങളൊന്നുമുണ്ടായില്ല. ഇന്ന് ഞാന്‍ മുസ്ലിമായി തന്നെ ലണ്ടനില്‍ താമസിക്കുന്നു.''
ബ്രിട്ടനിലെ അമുസ്ലിംകള്‍ക്ക് ഇസ്ലാമിക വിജ്ഞാനങ്ങളെക്കുറിച്ച് വളരെ ചെറിയ അറിവ് മാത്രമേയുള്ളൂ എന്നാണ് അവിടെ നടത്തിയ സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇസ്ലാമിക് അക്കാദമി ഫോര്‍ എജുക്കേഷന്‍ ആന്റ് റിസര്‍ച്ച് എന്ന സംഘടനയുടെ കണക്കനുസരിച്ച് ബ്രിട്ടനിലെ 90 ശതമാനം മുസ്ലിംകള്‍ക്കും ഇസ്ലാമിനെക്കുറിച്ച് വളരെ പരിമിതമായ അറിവ് മാത്രമാണുള്ളത്. ഖുര്‍ആന്‍, അല്ലാഹു, മുഹമ്മദ്- ഇതു സംബന്ധമായി പോലും ശരിയായ വിവരം അധിക പേര്‍ക്കും ഇല്ല.
ഠവല ലുഃഹീൃശിഴ കഹെമാ എീൌിറമശീിേ എന്ന സംഘടന അവരുടെ വൈബ് സൈറ്റിലൂടെ 2152 അമുസ്ലിംകളെ പങ്കെടുപ്പിച്ച് ഹിത പരിശോധന നടത്തിയപ്പോള്‍ അതില്‍ അറുപത് ശതമാനം പേരും ഇസ്ലാമിനെക്കുറിച്ച് അധികം അറിയാത്തവരും 17 ശതമാനമാളുകള്‍ ഇസ്ലാമിനെക്കുറിച്ച് ഒന്നുമറിയാത്തവരും 33 ശതമാനം ആളുകള്‍ ഇസ്ലാമിനെക്കുറിച്ച് അധികമറിയാന്‍ ആഗ്രഹിക്കുന്നവരുമാണെന്ന് കണ്ടെത്തി. ഇസ്ലാമിക് അക്കാദമി കണ്ടെത്തിയ വിചിത്രമായ മറ്റൊരു വസ്തുത, 86 ശതമാനം അമുസ്ലിംകളും ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരു മുസ്ലിമുമായി ഇസ്ലാമിനെക്കുറിച്ച് സംസാരിച്ചിട്ടില്ല എന്നതാണ്.
പഠനങ്ങളിലും ഹിതപരിശോധനകളിലും വെളിപ്പെടാത്ത മറ്റൊരു വസ്തുത, ഈ മഹത്തായ മതത്തെ അടുത്തറിയാന്‍ ബ്രിട്ടനില്‍ അധികമൊന്നും മാര്‍ഗങ്ങളില്ലെന്നതാണ്. മൂന്ന് ശതമാനം ആളുകള്‍ മാത്രമാണ് ആധികാരിക ഇസ്ലാമിക സ്ഥാപനങ്ങളില്‍ നിന്ന് ഇസ്ലാമിനെ അറിയാന്‍ ശ്രമിക്കുന്നത്. ബാക്കിയുള്ളവര്‍ വാര്‍ത്താമാധ്യമങ്ങളില്‍ നിന്നാണ് ഇസ്ലാമിനെക്കുറിച്ച് അറിയുന്നത്. മുസ്ലിംകളെ ഭീകരവാദികളായി ചിത്രീകരിക്കുന്ന, ഇസ്ലാംഭീതിയില്‍ കഴിയുന്ന മീഡിയ ഇസ്ലാമിനെക്കുറിച്ച് ശരിയായ വിവരങ്ങള്‍ നല്‍കാനിടയില്ല. ഇസ്ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അകറ്റാനും ശരിയായ ഇസ്ലാമികാധ്യാപനങ്ങള്‍ പ്രചരിപ്പിക്കാനുമുതകുന്ന ഇസ്ലാമിക പ്രബോധന കേന്ദ്രങ്ങളാണ് ബ്രിട്ടനില്‍ അടിയന്തരമായി ഉയര്‍ന്നുവരേണ്ടത്.