സംഘ്പരിവാറിന്റെ മാധ്യമ ദൌത്യം
ഒ. സഫറുള്ള
രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ(ആര്‍.എസ്.എസ്) ഒരു പ്രത്യേകത അവരുടെ പ്രവര്‍ത്തന പരിപാടികളിലെ നിഗൂഢതയാണ്. സംഘടനയുടെ മേന്മയായാണ് ഈ രഹസ്യസ്വഭാവം പലപ്പോഴും കണക്കാക്കപ്പെടുന്നത്. അപൂര്‍വമായി മാത്രം വിളിച്ചുകൂട്ടുന്ന പത്രസമ്മേളനങ്ങളിലും സംഘടനാ ആസ്ഥാനത്തു നിന്നിറക്കുന്ന ഔദ്യോഗിക പത്രക്കുറിപ്പുകളിലും മാത്രമാണ് സംഘടനാ നിലപാടുകള്‍ വെളിപ്പെടുക. ഇന്ത്യയിലെ മറ്റു രാഷ്ട്രീയ-രാഷ്ട്രീയേതര സംഘടനകളെ പോലെ സുതാര്യതയോ മാധ്യമ ഇടപെടലുകളോ ഈ സംഘ്കുടുംബ കാരണവരുടെ കാര്യത്തില്‍ പലപ്പോഴും ഉണ്ടാവാറില്ല. ഇന്ത്യയിലെ കോര്‍പറേറ്റ് മാധ്യമങ്ങളിലും മറ്റും ആര്‍.എസ്.എസിന്റെ സ്വാധീനവും സംഘ്പരിവാര്‍ പ്രത്യയശാസ്ത്ര വിധേയത്വവും പ്രത്യക്ഷമായിതന്നെ പ്രകടമാണെങ്കിലും സംഘടനക്കകത്ത് നടക്കുന്ന കാര്യങ്ങള്‍ ഇപ്പോഴും പുറം ലോകത്തിന് അജ്ഞാതമായിത്തന്നെ കിടക്കുന്നു.
ജനാധിപത്യ വിരുദ്ധ മനോഭാവവും കൊട്ടിഘോഷിക്കപ്പെടുന്ന ഫാഷിസ്റ് സ്വഭാവത്തിലുള്ള അച്ചടക്ക ബോധവുമാകാം ഇതിന് കാരണം. നാഗ്പൂരിലും ദല്‍ഹിയിലും നടക്കുന്ന യോഗ ദൃശ്യങ്ങള്‍ കാമറകള്‍ ഒപ്പിയെടുക്കാറുണ്ടെങ്കിലും യോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ചുമതലപ്പെട്ട മാധ്യമ പ്രവര്‍ത്തകരുമായി ആശയ വിനിമയം നടത്താന്‍ സംഘ്സൈനികരെ നേതൃത്വം അനുവദിക്കാറില്ല. അതുകൊണ്ടുതന്നെ യോഗതീരുമാനങ്ങള്‍ രൂപപ്പെടുന്ന വിധം പുറം ലോകത്തിന് അജ്ഞാതമാണ്. എന്നുകരുതി ഈ മാധ്യമ വിസ്ഫോടന യുഗത്തില്‍ മാധ്യമങ്ങളുടെ വന്‍ സ്വാധീനം തിരിച്ചറിയാത്തവരാണ് ആര്‍.എസ്.എസ് എന്ന് കരുതി സമാധാനിക്കരുത്. മറ്റേതു സംഘടനകളേക്കാളും മാധ്യമ സ്വാധീനവും പ്രാധാന്യവും മനസ്സിലാക്കിയവരാണ് ആര്‍.എസ്.എസ് സൈദ്ധാന്തികരും പ്രചാരകരും.
1925ല്‍ രൂപീകൃതമായ ഈ തീവ്രവലതുപക്ഷ സംഘടന സ്വന്തമായി ഒരു ഇംഗ്ളീഷ് പ്രസിദ്ധീകരണമാരംഭിക്കുന്നത് 1947ലാണ് - ദി ഓര്‍ഗനൈസര്‍. ദല്‍ഹിയില്‍നിന്ന് പ്രസിദ്ധീകരണമാരംഭിച്ച ഈ ആര്‍.എസ്.എസ് മുഖപത്രത്തിന്റെ അറുപതാണ്ടുകളിലെ അമരക്കാരനായിരുന്നു എല്‍.കെ അദ്വാനി. തുടര്‍ന്ന് വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ആര്‍.എസ്.എസിന് പ്രസിദ്ധീകരണങ്ങളുണ്ടായി. ഡി. ഉപാധ്യയയുടെ കാര്‍മികത്വത്തില്‍ യു.പിയില്‍നിന്ന് പ്രസിദ്ധീകരിച്ചു തുടങ്ങിയ പഞ്ചജന്യം (ഹിന്ദി) സംഘടനയുടെ വളര്‍ച്ചയില്‍ ഏറെ സഹായകരമായി.
എന്നാല്‍ കാലക്രമത്തില്‍ സംഘടനാ വക്താവിന്റെ പ്രാധാന്യം ഏറിവരുന്നത് മനസ്സിലാക്കിയ ആര്‍.എസ്.എസ് നേരത്തെ ദേശീയ, മുഖ്യധാരാ മാധ്യമങ്ങളില്‍ തങ്ങളുടെ വീക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ കാണിച്ചിരുന്ന വൈമനസ്യം വഴിയിലുപേക്ഷിക്കുകയും ബഹുജന മാധ്യമ ലോകത്തേക്ക് നുഴഞ്ഞുകയറാനും സ്വാധീനമുറപ്പിക്കാനും തന്ത്രപരമായ ശ്രമങ്ങളാരംഭിച്ചു. ഈ മാധ്യമങ്ങള്‍ സ്വാതന്ത്യ്രലബ്ധിയെ തുടര്‍ന്ന്, പ്രത്യേകിച്ചും ഗാന്ധി വധത്തെ തുടര്‍ന്ന് ആര്‍.എസ്.എസിനോട് ഒരു പ്രത്യേക അകലം സൂക്ഷിക്കുന്നതായിരുന്നു.
സ്വാതന്ത്യ്രത്തിന്റെ തുടര്‍ നാളുകളില്‍ ആള്‍ ഇന്ത്യാ റേഡിയോവും ദൂരദര്‍ശനും അധികാരത്തിലിരുന്ന കോണ്‍ഗ്രസിന്റെ സ്തുതിപാഠകരോ വിനീത വിധേയരോ ആയിരുന്നു. പ്രിന്റ് മീഡിയയാവട്ടെ ഇടതുപക്ഷ ചായ്വുകള്‍ പുലര്‍ത്തിപോന്നു. എന്നാല്‍ 1950ല്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെയും മറ്റും നേതൃത്വത്തില്‍ രൂപം കൊണ്ട, ആര്‍.എസ്.എസിന്റെ പോറ്റു സംഘടനയായ ഭാരതീയ ജനസംഘം എഴുപതുകളില്‍ ജനതാപാര്‍ട്ടിയില്‍ ലയിക്കുകയും ഇന്ദിരയുടെ അടിയന്തരാവസ്ഥയെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുകയും ചെയ്തു. ജനതാ ഗവണ്‍മെന്റില്‍ വാര്‍ത്താ വിതരണ വകുപ്പ് അദ്വാനിയെ ഏല്‍പിച്ചത് ആര്‍.എസ്.എസിനെ സംബന്ധിച്ചേടത്തോളം ഏറെ ആഹ്ളാദം പകരുന്നതായിരുന്നു.
എണ്‍പതുകളുടെ ആദ്യ പകുതിയില്‍ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ച രാമായണം, മഹാഭാരതം സീരിയലുകള്‍ വന്‍ ഹിറ്റുകളായതോടെ ഹിന്ദി ബെല്‍റ്റില്‍ ആശയ പ്രചാരണത്തിന് ദൃശ്യമാധ്യമങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിനെക്കുറിച്ച് ആര്‍.എസ്.എസിന് വ്യക്തമായ ധാരണയുണ്ടായി. തുടര്‍ന്ന് ജെ.കെ ജെയ്നിനെ പോലുള്ള മാധ്യമ ഉടമകളും മാധ്യമ പ്രവര്‍ത്തകരും (ഇദ്ദേഹം പിന്നീട് ബി.ജെ.പി ടിക്കറ്റില്‍ രാജ്യസഭാ എം.പിയായി). ആര്‍.എസ്.എസിന്റെ പിണിയാളുകളാവുകയും സംഘടനക്ക് വേണ്ടി വീഡിയോകള്‍ നിര്‍മിക്കുകയും ചെയ്തു. ഐ വിറ്റ്സിന്റെയും ന്യൂസ് ട്രാക്കിന്റെയും വിജയത്തെ തുടര്‍ന്ന് ഇലക്ട്രോണിക് മാധ്യമരംഗത്ത് ദൂരദര്‍ശന് പകരമാവാന്‍ വി.ആര്‍.എസ് ശ്രമമാരംഭിക്കുന്നതും ഈ സമയത്തായിരുന്നു. കര്‍സേവകര്‍ ബാബരി മസ്ജിദിന് കേടുവരുത്തുന്ന ആദ്യശ്രമങ്ങള്‍ ജെ.കെ ജയ്ന്റെ നേതൃത്വത്തില്‍ വീഡിയോവില്‍ പകര്‍ത്തുകയും 1990-91 കാലയളവില്‍ ഗ്രാമങ്ങളിലുടനീളം ഇവ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. കര്‍സേവകരെ പോലീസ് വെടിവെക്കുന്ന ദൃശ്യങ്ങള്‍ അവര്‍ക്ക് വിശ്വാസികള്‍ക്കിടയില്‍ രക്തസാക്ഷി പരിവേഷം നല്‍കി. 1989ല്‍ 11 ശതമാനം വോട്ടുലഭിച്ച ബി.ജെ.പിക്ക് 1991ല്‍ 22 ശതമാനം വരെ ലഭിക്കാനായത് ഈ ദൃശ്യമാധ്യമ സാന്നിധ്യം മൂലമായിരുന്നു.
മാധ്യമങ്ങളെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ചൂഷണം ചെയ്യാറുള്ള ആര്‍.എസ്.എസ് മീഡിയാ വിഭാഗത്തിന്റെ അപാരമിടുക്ക് തെളിയിക്കുന്ന ഇത്തരം നിരവധി സംഭവങ്ങള്‍ എടുത്തുകാണിക്കാനാവും. ആര്‍.എസ്.എസിന് തങ്ങളുടെ ആശയങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പ്രാവീണ്യം നേടിയ മാധ്യമപ്പടതന്നെയുണ്ട്. ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് ബി.ജെ.പിയും ആര്‍.എസ്.എസും അവരുടെ ഇലക്ഷന്‍ ലക്ഷ്യസാക്ഷാത്കാരത്തിന് മാധ്യമങ്ങളെ എങ്ങനെ ഉപയോഗിച്ചുവെന്നത് പഠിക്കേണ്ടതുണ്ട്. ഗോധ്രാ ദുരന്തത്തിലെ ഇരകളുടെ ദൃശ്യങ്ങള്‍ ടി.വികളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മാധ്യമ സഹായത്തോടെ ഈ ദൃശ്യങ്ങള്‍ സമര്‍ഥമായി ഉപയോഗിക്കുന്നതില്‍ സംഘിന്റെ ഇഷ്ട പുത്രന്‍ നരേന്ദ്രമോഡി വിജയിക്കുന്നതാണ് പിന്നീട് കണ്ടത്. ഇക്കാലത്ത് മോഡി നല്‍കിയ പരസ്യങ്ങള്‍ ശ്രദ്ധിക്കുക. ട്രെയിന്‍ സ്റേഷനോടടുക്കുന്ന ശബ്ദാനമായ രംഗം, തുടര്‍ന്ന് കലാപകാരികളുടെ ആരവങ്ങള്‍, സ്ത്രീകളുടെയും മറ്റും നിലവിളികള്‍...... പിന്നീട് അമ്പലങ്ങളില്‍നിന്നും മണിയൊച്ച.
2007ലെ ഇലക്ഷന്‍ പ്രചാരണത്തിന് ഹൈടെക് മാധ്യമ ശൃംഖലയാണ് മോഡി ഉപയോഗിച്ചത്. നൂതന വാര്‍ത്താ വിനിമയ സാങ്കേതിക വിദ്യയിലൂടെ പൊതുബിംബങ്ങളെ ദൃശ്യവല്‍ക്കരിക്കുന്നതില്‍ മിടുക്കരായ അമേരിക്കന്‍ സ്ഥാപനമായ ആപ്കോ വേള്‍ഡ് വൈഡിനെ തന്നെ വാടകക്കെടുത്തു മോഡി. വന്ദേ ഗുജറാത്ത് (വന്ദേമാതരം ഓര്‍ക്കുക) ഉള്‍പ്പെടെയുള്ള മാസ് മീഡിയയെ ഉപയോഗിച്ചും വെബുകളില്‍ വീഡിയോ ക്ളിപ്പുകള്‍ പോസ്റു ചെയ്തുമാണ് മോഡി തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ചെടുത്തത്. ഒരു ദൃശ്യം ആരംഭിക്കുന്നത് ഇങ്ങനെ: ബോംബ് സ്ഫോടനം, സൈറണ്‍, ശവശരീരങ്ങള്‍ ചിന്നിച്ചിതറുന്നു. പിന്നീട് മോഡി അദൃശ്യങ്ങളായ എന്നാല്‍ സമര്‍ഥന സാധ്യതയുള്ള ഭീകരവാദികളെ നേര്‍ക്ക് ചൂണ്ടി പറയുന്നു 'ഛില യൃശരസ ളീൃ ല്ല്യൃ ീില.'
ഗുജറാത്തിലെ ജനങ്ങളുമായി ഇടപെടാന്‍ മോഡി വെബും ഉപയോഗിക്കുന്നു. മൂന്ന് ലാപ്ടോപ്പുകള്‍ ഉപയോഗിക്കുന്നുണ്ട് അദ്ദേഹം. ഒന്ന് ഓഫീസില്‍, മറ്റൊന്ന് വീട്ടില്‍, മൂന്നാമത്തേത് യാത്രയില്‍ ഉപയോഗിക്കാന്‍. തനിക്ക് ലഭിക്കുന്ന ഇരുന്നൂറ് മുതല്‍ മുന്നൂറ് വരെയുള്ള ഇ-മെയിലുകള്‍ വായിക്കാന്‍ ദിവസവും നാല് മണിക്കൂര്‍ നീക്കി വെക്കുന്നു മോഡി. ഇതില്‍ പത്ത് ശതമാനത്തിനും മോഡി തന്നെ മറുപടി അയക്കുന്നു. ഒരര്‍ഥത്തില്‍ എഴുപതുകളില്‍ പൊതുജന സമ്പര്‍ക്കമെന്ന പേരില്‍ ഇന്ദിരാഗാന്ധി പയറ്റിയ അതേ തന്ത്രമാണ് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മോഡിയും പരീക്ഷിക്കുന്നത്. സൈബറിലൂടെ ഗുജറാത്തിലെ മുഴുവന്‍ ജനങ്ങളുമായും ബന്ധപ്പെടാമെന്നത് മോഡിയുടെ മിഥ്യാ ധാരണയാണ്. എങ്കിലും മറ്റേതൊരു രാഷ്ട്രീയ നേതാവിനെയും പോലെ മോഡിയും ആധുനിക സാങ്കേതിക വിദ്യയെ സമര്‍ഥമായി ഉപയോഗിക്കുന്നു. എന്നാല്‍ ഡ്രില്ലിലൂടെയും സ്പോര്‍ട്സിലൂടെയും അഭ്യാസങ്ങളിലൂടെയും ജനസമ്പര്‍ക്കവും വ്യക്തി സൌഹൃദവും സുദൃഢമാക്കുന്ന ആര്‍.എസ്.എസ് ശാഖാ സംസ്കാരത്തിന് വിരുദ്ധമായി, ഹിന്ദു മനസ്സുകളെ സ്വാധീനിക്കാന്‍ ആധുനിക സാങ്കേതിക വിദ്യയില്‍ അഭയം തേടുന്നുവെന്നതാണ് ഇതിലെ വിരോധാഭാസം. മധ്യവര്‍ഗത്തെ തൃപ്തിപ്പെടുത്താന്‍ കാക്കി ട്രൌസറും പ്രഭാതത്തിലെ പതാക വന്ദനവും മാത്രം മതിയാവില്ലെന്ന് ആര്‍.എസ്.എസ് തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന് വേണം കരുതാന്‍. ഇന്ന് ആര്‍.എസ്.എസിന്റേതായി അനേകം വെബ്സൈറ്റുകളും ബ്ളോഗുകളും നിലവിലുണ്ട്. സ്വയം സേവകര്‍ പരസ്പരം ഇടപെടുന്നത് പോലും സൈബറിലൂടെയാണ്. ഇവയില്‍ അമേരിക്കയിലെ 'ഗ്ളോബല്‍ ഹിന്ദു ഇലക്ട്രോണിക് നെറ്റ്വര്‍ക്ക്' എന്ന വെബ്സൈറ്റ് ഏറെ പ്രധാനപ്പെട്ടതാണ്. ആഗോളവല്‍ക്കരിക്കപ്പെട്ട ഹിന്ദു സമൂഹവുമായി ബന്ധപ്പെടണമെങ്കില്‍ വെബും ബ്ളോഗും ഫേസ്ബുക്കും അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു. കാക്കിക്ക് ഗുഡ്ബൈ പറയാന്‍ സംഘ്പരിവാര്‍ ശീലിച്ചു കഴിഞ്ഞു. ഇന്ന് ഇന്ത്യയിലെ മാധ്യമ ലോകത്ത് പരിവാറിനു വേണ്ടി പേനയുന്താനും സൈദ്ധാന്തിക വിശദീകരണത്തിനും ന്യൂനപക്ഷ വിരുദ്ധ പ്രചാരണത്തിനും ഏറെ ബുദ്ധിജീവികളുണ്ട്. ഇടതുപക്ഷ അനുകൂല നിലപാടിന്റെ പേരില്‍ ഏറെ പഴികേള്‍ക്കേണ്ടി വന്ന ഹിന്ദു ദിനപത്രം പോലും പ്രവീണ്‍ സ്വാമി പോലുള്ള ആശയ പ്രചാരകരെ അസോസിയേറ്റഡ് എഡിറ്ററായി ചുമതലയേല്‍പിക്കുമ്പോള്‍ എസ്. ഗുരുമൂര്‍ത്തിപോലുള്ള ആര്‍.എസ്.എസ് സൈദ്ധാന്തിക വിശാരദന്മാര്‍ക്ക് ഇന്ത്യന്‍ എക്സ്പ്രസ് മുഴുപേജ് അനുവദിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. ചുരുക്കത്തില്‍ ആര്‍.എസ്.എസിന് ആരും മാധ്യമ ദൌത്യം ചൊല്ലിക്കൊടുക്കേണ്ടതില്ല. ഇരുമ്പ് പഴുക്കുമ്പോള്‍ തല്ലാന്‍ അവര്‍ക്ക് നന്നായറിയാം.