ബുറാഡിയില്‍ നിന്നും
വീട്ടിലേക്കുള്ള വഴിയില്‍ തന്നെയോ?
എം.സി.എ നാസര്‍
പ്രായം 125 തികച്ചതിന്റെ സമ്പന്നമായ ഓര്‍മളുണര്‍ത്തിയാണ് കോണ്‍ഗ്രസിന്റെ 83-ാം പ്ളീനറി സമ്മേളനം ദല്‍ഹിയില്‍ സമാപിച്ചത്. പ്രതികൂല രാഷ്ട്രീയ കാലാവസ്ഥയില്‍ നടന്ന സമ്മേളനം ഏറെ ശ്രദ്ധിക്കപ്പെട്ടത് തികച്ചും സ്വാഭാവികം. ഇരുപതിനായിരത്തോളം പ്രതിനിധികളാണ് ബുറാഡി സമ്മേളനത്തില്‍ പങ്കെടുത്തത്.
പ്രകീര്‍ത്തനങ്ങളും വരണ്ട ചില പ്രമേയങ്ങളും-ഇതായിരുന്നു എന്നും കോണ്‍ഗ്രസ് ഒത്തുചേരലുകളുടെ ശിഷ്ടശാപം. ആത്മവിമര്‍ശനപരമായ വിലയിരുത്തലുകള്‍ നടത്താനോ നേതൃത്വത്തിന്റെ പിഴവുകളെ തുറന്നെതിര്‍ക്കാനോ കോണ്‍ഗ്രസിനുള്ളില്‍ വകുപ്പില്ല. ഗാന്ധിജിയുടെ കാലം തൊട്ടെ, അത് ഏതാണ്ടൊക്കെ അങ്ങനെയാണ്. നേതൃത്വത്തെ വിമര്‍ശിക്കാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ തന്നെ അവനെ വെറുതെ വിടില്ല. അതിന്റെ ഏറ്റവും മികച്ച ചരിത്ര തെളിവായിരുന്നല്ലോ 1920 ഡിസംബര്‍ 26 മുതല്‍ 31 വരെ നാഗ്പൂരില്‍ നടന്ന കോണ്‍ഗ്രസിന്റെ 35-ാം വാര്‍ഷിക സമ്മേളനം. ഗാന്ധിജി മുന്നോട്ടുവെച്ച പൂര്‍ണ സ്വരാജ് പ്രമേയത്തെ വിമര്‍ശിച്ച മുഹമ്മദലി ജിന്നയെ അനുയായികള്‍ എങ്ങനെ നേരിട്ടുവെന്നത് അന്നത്തെ ചരിത്രം. നാഗ്പൂര്‍ സമ്മേളനത്തില്‍ നിന്നു മാത്രമല്ല കോണ്‍ഗ്രസില്‍ നിന്നു വരെ ഇറങ്ങി പോകേണ്ടി വന്ന ആ വേളയില്‍ ജിന്ന പറഞ്ഞ വാക്കുകള്‍ മറ്റൊരു ചരിത്രം: 'ശരിയെന്ന് ഞാന്‍ കരുതുന്ന ഭാഷയില്‍ മനുഷ്യനെ കുറിച്ച് പറയാനുള്ള സ്വാതന്ത്യ്രം നല്‍കുന്നില്ലെങ്കില്‍ പിന്നെ നിങ്ങള്‍ ഇപ്പോള്‍ മുറവിളി കൂട്ടുന്ന ആ സ്വാതന്ത്യമുണ്ടല്ലോ, അതു നിങ്ങളെനിക്ക് നിഷേധിക്കുകയാണ്...'
വിയോജിപ്പിന്റെ സ്വരത്തെ ഉള്‍പാള്‍ട്ടി തലങ്ങളില്‍ ഭൂരിപക്ഷ പിന്തുണയില്‍ ചവിട്ടിയമര്‍ത്തുമ്പോഴും രാജ്യത്തെ ഏറ്റവും മികച്ച ജനാധിപത്യ പാര്‍ട്ടിയായി നിലയുറപ്പിക്കാന്‍ കഴിയുന്നു എന്നത് കോണ്‍ഗ്രസിന്റെ മികവായിരിക്കാം. ഒരുപക്ഷെ, പ്രതിപക്ഷ ചേരിയിലെ ഇരുമ്പുമതില്‍ ഘടനയാകും കോണ്‍ഗ്രസ് തമ്മില്‍ ഭേദമെന്ന പൊതുവിലയിരുത്തല്‍ നടത്താന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. നേതൃസായൂജ്യം കൊതിച്ച് അവരെ പിരിധിവിട്ട് സ്തുതിച്ച് മുന്നോട്ടു പോകാന്‍ മല്‍സരിക്കുകയായിരുന്നു ബുറാഡി സമ്മേളനത്തിലും അരമനസൂക്ഷിപ്പുകാര്‍. ആഭ്യന്തര മന്ത്രി ചിദംബരം മുതല്‍ എല്ലാവരും ആ വഴിയില്‍ വിളമാടി. സ്തുതികീര്‍ത്തനങ്ങള്‍ക്ക് തുനിയരുതെന്ന് സോണിയയും രാഹുലും പറയാത്തിടത്തോളം കോണ്‍ഗ്രസുകാര്‍ക്ക് വേറെ രക്ഷയില്ല.
എങ്കിലും ബുറാഡി സമ്മേളനത്തെ പൂര്‍ണമായി എഴുതിത്തള്ളാന്‍ കഴിയില്ല. നില്‍ക്കുന്ന തറയുടെ ചൂട് വൈകിയാണെങ്കിലും കുറച്ചൊക്കെ പാര്‍ട്ടിയെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നതിന്റെ ചില മിന്നലാട്ടങ്ങള്‍ പ്രകടം. പ്രസംഗവേദിയിലെ മുഴക്കങ്ങളും അവതരിപ്പിച്ച പ്രമേയങ്ങളുടെ രാഷ്ട്രീയ ഭാഷയും ഒരുറച്ച നിലപാടിന് സമയമായെന്ന് കൂടി തെളിയിക്കുന്നു. വാക്കുകള്‍ക്കും പദാവലികള്‍ക്കുമപ്പുറം ഈ ദിശയില്‍ ക്രിയാത്മക ചുവടുവെപ്പുകള്‍ നടത്താന്‍ കോണ്‍ഗ്രസിന് കഴിയുമോ എന്ന ചോദ്യം അപ്പോഴും ബാക്കി. സെക്കുലറിസത്തോടുള്ള പാര്‍ട്ടി പ്രതിബദ്ധതയുടെ വിഷയത്തില്‍ വിശേഷിച്ചും.
പ്ളീനറി നടക്കുന്നതിന്റെ തൊട്ടു മുമ്പായിരുന്നു രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട വിവാദ വിക്കിലീക്ക്സ് വെളിപ്പെടുത്തല്‍. മുസ്ലിം തീവ്രവാദത്തേക്കാള്‍ കാവി ഭീകരതയാണ് ഏറ്റവും വലിയ വിപത്തെന്ന് യു.എസ് സ്ഥാനപതിയോട് രാഹുല്‍ ഗാന്ധി പറഞ്ഞതായാണ് രേഖ. അതോടെ മുഖ്യധാരാ മാധ്യമങ്ങളും വലതുപക്ഷവും രാഹുലിന് നേരെ തിരിഞ്ഞു. ലശ്കറിനെ കുറ്റപ്പെടുത്താതെ ഹൈന്ദവ ഭീകരതയെ ഭര്‍ത്സിക്കുന്നതിന്റെ നൈതികതയായിരുന്നു അവര്‍ ചോദ്യം ചെയ്തത്. ആശങ്ക ന്യായം. അതുകൊണ്ടു തന്നെ ഗൂഢാലോചനാ സിദ്ധാന്തത്തില്‍ ആദ്യം അഭയം തേടാനായിരുന്നു പാര്‍ട്ടി വക്താവിന്റെ ധൃതി. വര്‍ഗീയതയുടെ എല്ലാ രൂപങ്ങളും തുല്യമാണെന്നും അവയെ അമര്‍ച്ച ചെയ്യണമെന്നും രാഹുലിനു വേണ്ടി ഉടന്‍ ജനാര്‍ദന ദ്വിവേദിയുടെ നിഷേധ കുറിപ്പ് പുറത്തു വന്നു. അതോടെ നേതാക്കള്‍ക്ക് സമാധാനമായി.
പ്ളീനറിയില്‍ അധ്യക്ഷ പ്രസംഗം നടത്തിയ സോണിയ രാഹുല്‍ പുറത്തിറക്കിയ വിശദീകരണ കുറിപ്പിന്റെ ചുറ്റുവട്ടത്തു തന്നെയാണ് നിലയുറപ്പിച്ചതും. സര്‍വമത സത്യവാദത്തിന്റെ സമകാലിക വായനയായ എല്ലാ വര്‍ഗീയതയും തുല്യം തന്നെ എന്ന മട്ടിലായിരുന്നു സോണിയ നല്‍കിയ വിശദീകരണം. 'ഭൂരിപക്ഷ-ന്യൂനപക്ഷ തീവ്രവാദം എന്നതില്‍ ഒരു ഭിന്നതയുമില്ല.എല്ലാം അപകടകരമായതിനാല്‍ അവയെ പരാജയപ്പെടുത്തണം' - സോണിയ പറഞ്ഞു.
ഇന്ത്യയില്‍ വര്‍ഗീയതയുടെ വിത്തിട്ടവര്‍ ആരെന്നോ ഇന്നത്തെ പ്രതിസന്ധിയുടെ ആഴം എത്രയെന്നോ ആര്‍ക്കും തിരിയാത്ത വിധമായിരുന്നു സോണിയാ പ്രസംഗം മുന്നേറിയത്. 'ചില വ്യക്തികള്‍, സംഘടനകള്‍, ആശയഗതികള്‍എന്നിവ ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് അവഗണിക്കാനാകില്ല. മതത്തെ മറയാക്കി മുന്‍വിധികള്‍ പ്രചരിപ്പിച്ച് ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുകയാണവര്‍..' - സോണിയ പറഞ്ഞു.
അപ്പോഴും സോണിയയുടെ മനസില്‍ ആര്‍.എസ്.എസ് ആണോ അതോ ലശ്കര്‍ ആണോ എന്ന ശങ്ക ബാക്കി. ഈ അവ്യക്തതകള്‍ക്കും അരൂപി സൈദ്ധാന്തികതള്‍ക്കും ശമനമുണ്ടായത് പാര്‍ട്ടി പ്രമേയം വന്നപ്പോഴാണ്. പ്രസംഗത്തില്‍ സോണിയ ഒഴിച്ചിട്ട തന്ത്രപരമായ നിശബ്ദതയുടെ അര്‍ഥപൂര്‍ണമായ പൂര്‍ത്തീകരണമായിരുന്നു സെക്കുലറിസത്തെ കുറിച്ച ആ പ്രമേയം. പിന്നിട്ട രണ്ടുപതിറ്റാണ്ടിന്റെ ചരിത്രവഴിയില്‍ വേറിട്ടതും എല്ലുറപ്പുള്ളതുമായ ഒരു പ്രമേയം തന്നെയാണിത്. ധനമന്ത്രിയും മുതിര്‍ന്ന നേതാവുമായ പ്രണബ് കുമാര്‍ മുഖര്‍ജിയാണ് പ്രമേയാവതരണം നടത്തിയത്. ഹിന്ദു ഭീകരതയെ ശക്തമായി നേരിടാന്‍ ആഹ്വാനം ചെയ്യുന്ന പ്രമേയം ഭീകരര്‍ക്ക് ആര്‍.എസ്.എസും പോഷക സംഘടനകളുമായുള്ള ബന്ധത്തെ കുറിച്ച് അന്വേഷണം വേണമെന്നും നിര്‍ദേശിക്കുന്നു.
പ്രമേയത്തെ പിന്താങ്ങി രംഗത്തു വന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങാണ് പാര്‍ട്ടി നിലപാടിന് കൂടുതല്‍ ആദര്‍ശപരമായ അടിത്തറ പാകാന്‍ തുനിഞ്ഞത്്. രാജ്യത്തെ നിരവധി സ്ഫോടനങ്ങള്‍ക്കു പിന്നില്‍ ഹിന്ദുത്വ ഭീകരതയാണെന്ന കാര്യം തെളിഞ്ഞു കഴിഞ്ഞ ഒന്നാണെന്ന് അദ്ദേഹം സ്ഥാപിച്ചു. അജ്മീര്‍ സ്ഫോടനത്തില്‍ പങ്കുള്ള സുനില്‍ ജോഷിയെ സ്വന്തം സംഘടനയായ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതിനെ കുറിച്ച് അന്വേഷിക്കണമെന്നും ദിഗ്വിജയ് സിങ് ആവശ്യപ്പെട്ടു.. മതേതരത്വത്തിന്റെ കാര്യത്തില്‍ ഒത്തുതീര്‍പ്പുകള്‍ക്ക് കോണ്‍ഗ്രസ് ഇനി മുതിരാന്‍ പാടില്ലെന്ന വ്യക്തവും പരോക്ഷവുമായ സന്ദേശം കൂടി ദിഗ്വിജയ് സിങ് നല്‍കി. നാസികള്‍ ജൂതന്‍മാരെ വെറുത്ത പോലെ ഇന്ത്യയിലെ മുസ്ലിംകളെ ആര്‍.എസ്്എസും ബി.ജെ.പിയും വെറുക്കുന്നതായും സിങ് വിശദീകരിച്ചു. തൊണ്ണൂറുകളില്‍ അദ്വാനി നടത്തിയ വര്‍ഗീയ രഥയാത്രയെ വിമര്‍ശിച്ച ദിഗ്വിജയ് സിങ് പൊലീസിലും സൈന്യത്തിലും വരെ കടന്നുകയറുന്ന ആര്‍.എസ്.എസ് തന്ത്രങ്ങളെ ചെറുക്കേണ്ടതിന്റെ ആവശ്യകതയും പാര്‍ട്ടിയെ ഓര്‍മിപ്പിച്ചു.
പ്രമേയം കൊള്ളാം. പക്ഷെ, നടപടികളുണ്ടാകുമോ എന്നതാണ് കാതലായ ചോദ്യം.
അനുരഞ്ജന രാഷ്ട്രീയം കളിക്കാന്‍ പോയതാണ് എന്നും കോണ്‍ഗ്രസിന് വിനയായത്. ബാബരി മസ്ജിദ് ധ്വംസനം അതിന്റെ പ്രത്യക്ഷ തെളിവായിരുന്നു. പള്ളിയില്‍ വിഗ്രഹം ഒളിച്ചു കടത്തിയപ്പോള്‍, അടച്ചിട്ട പള്ളിയുടെ പൂട്ട് തുറന്നപ്പോള്‍, ശിലാന്യാസം നടന്നപ്പോള്‍, പള്ളി പൊളിച്ചപ്പോള്‍ എല്ലാം ഭരണത്തില്‍ കോണ്‍ഗ്രസ് ആയിരുന്നു എന്നത് ഇന്ത്യയുടെ വലിയൊരു ദുര്‍വിധിയാണ്. വലതുപക്ഷ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുമോ എന്നായിരുന്നു ഓരോ മൌനത്തിലൂടെയും പാര്‍ട്ടിയും സര്‍ക്കാറും അന്ന് നോക്കിയത്. എന്നാല്‍ അതിനു നല്‍കേണ്ടി വന്ന വില വളരെ വലുതായിരുന്നു. രണ്ടില്‍ നിന്ന് ബി.ജെ.പിയുടെ ലോക്സഭാ അംഗബലം നൂറിലേക്ക് വളര്‍ന്നു. കോണ്‍ഗ്രസില്‍ പ്രത്യാശ നശിച്ച ന്യൂനപക്ഷ-ദലിത് വിഭാഗങ്ങള്‍ പുതിയ ബദലുകള്‍ തേടി. ബീഹാറില്‍ ഇപ്പോഴിതാ, ചരിത്രത്തിലെ ഏറ്റവും ദയനീയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതും ആ വഴിമാറ്റം ഇന്നും പാര്‍ട്ടിയെ വിടാതെ പിന്തുടരുന്നു എന്നതിന്റെ തെളിവല്ലാതെ പിന്നെ മറ്റെന്ത്?
മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ദിഗ്വിജയ് സിങിനും മറ്റും ആര്‍.എസ്.എസിനെ കുറിച്ച കൃത്യമായ ഉള്‍ക്കാഴ്ചയുണ്ട്. ഹിന്ദുമഹാ സഭ കോണ്‍ഗ്രസില്‍ ചില കാലങ്ങളില്‍ എങ്ങനെ നുഴഞ്ഞു കയറിയെന്നും കൃത്യമായി അറിയാം. ഇപ്പോള്‍, മാലേഗാവ് ഉള്‍പ്പെടെയുള്ള സ്ഫോടനങ്ങളില്‍ കാവിഭീകരതയുടെ വ്യാപ്തി എത്രയാണെന്നും ഇവര്‍ക്ക് ബോധ്യമുണ്ട്.
പക്ഷെ, കാവി ഭീകരതയെ കുറിച്ച അന്വേഷണങ്ങളുടെ നടപ്പുചരിതം ഒട്ടും ആശാവഹമല്ല. ആര്‍.എസ്.എസ് കേന്ദ്ര നിര്‍വാഹക സമിതി അംഗം കൂടിയായ ഇന്ദ്രേഷ് കുമാറിനെതിരെ കൃത്യമായ തെളിവുകള്‍ രാജസ്ഥാന്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡ് കണ്ടെത്തിയതാണ്. വൈകിയാണെങ്കിലും ഇന്ദ്രേഷ് കുമാറിനെ സി.ബി.ഐ ചോദ്യം ചെയ്തതായാണ് വിവരം. പക്ഷേ, ദേശവ്യാപകമായി ആര്‍.എസ്.എസ് നടത്തിയ പ്രക്ഷോഭത്തോടെ കാവിഭീകരതയുടെ ഉള്ളറകള്‍ തേടിയുള്ള അന്വേഷണം തന്നെ നിലച്ച മട്ടാണ്. മാലേഗാവ് മുതല്‍ സംഝോത സ്ഫോടനം വരെ ആരോപിച്ച് എത്ര നിരപരാധികളായ യുവാക്കളെയാണ് ഇന്ത്യന്‍ മുജാഹിദീന്‍ എന്ന തീവ്രവാദ സംഘടനയുടെ ഇന്ത്യന്‍ കമാണ്ടര്‍മാരായി മുദ്ര കുത്തി ഭരണകൂടം ജയിലില്‍ അടച്ചതെന്ന് ഓര്‍ത്തു നോക്കൂ. കാവി ഭീകരതയുടെ ഒളിയജണ്ടകള്‍ തെളിഞ്ഞിട്ടും എന്തുകൊണ്ട് ഈ നിരപരാധികളെ മോചിപ്പിക്കാന്‍ കേന്ദ്ര ഭരണകൂടം തയാറാകുന്നില്ല?
വടിവൊത്ത വാക്കുകളില്‍ സെക്കുലര്‍ പ്രമേയങ്ങള്‍ ചുട്ടെടുക്കുന്നതിനേക്കാള്‍ അര്‍ഥപൂര്‍ണമായ നടപടികളാണ് വേണ്ടത്. മുഖ്യപ്രതിപക്ഷമായ ബി.ജെ.പിക്കും അതിന്റെ അടിത്തറയായ ആര്‍.എസ്.എസിനുമെതിരെ കടന്നാക്രമണം നടത്തുന്നത് ഇപ്പോഴത്തെ പ്രതിഛായാ നഷ്ടം മറികടക്കാനുള്ള അടവ് മാത്രമായി നാളെ ചരിത്രം വിധിയെഴുതരുത്്. ആത്മാര്‍ഥതയും ആദര്‍ശവും മുറ്റിയ രാഷ്ട്രീയ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെങ്കില്‍ അത് പ്രവര്‍ത്തനത്തില്‍ വേണം തെളിയാന്‍.
മുഖ്യധാരാ മാധ്യമങ്ങളുടെ താല്‍പര്യങ്ങള്‍ക്കൊപ്പിച്ച് വലതുപക്ഷ ഘടകങ്ങളുടെ സ്വാംശീകരണം നടത്തി അതിന്റെ ഗുണഭോക്താക്കളായി മാറാനുള്ള വെമ്പലില്‍ എന്നും കോണ്‍ഗ്രസിന് കാലിടറിയിട്ടേയുള്ളൂ. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന രാജീവ് ഗാന്ധിക്ക് പോലും പിഴച്ചത് അവിടെയാണ്. പിന്നീട് തന്റെ ന്യൂനപക്ഷ മന്ത്രിസഭയുടെ അതിജീവനം മുന്നില്‍ കണ്ട നരസിംഹ റാവു തെരഞ്ഞെടുത്തതും അതേ വഴി. അതിലൂടെയാണ് വലതുപക്ഷം ശക്തിയാര്‍ജിക്കുകയും കോണ്‍ഗ്രസ് ദുര്‍ബലപ്പെടുകയും ചെയ്തത്. അങ്ങനെയൊരു ഘട്ടത്തിലാണ് കോണ്‍ഗ്രസില്‍ സജീവമാകാന്‍ താന്‍ തീരുമാനിച്ചതെന്ന് സോണിയ പറഞ്ഞതായി വിക്കിലീക്കസ് രേഖ. എങ്കില്‍ തന്റെയും പാര്‍ട്ടിയുടെയും ദൌത്യം എന്തെന്ന് ഒരു വ്യാഴവട്ടത്തെ കോണ്‍ഗ്രസ് അനുഭവങ്ങളില്‍ നിന്ന് സോണിയ തിരിച്ചറിയേണ്ടതല്ലേ?
വലതുപക്ഷ സാധ്യതകള്‍ക്ക് ബി.ജെ.പി ഉണ്ടായിരിക്കെ, അതിന്റെ വിപണി സാധ്യതകളില്‍ കോണ്‍ഗ്രസ് മനസ് വെക്കേണ്ടതില്ല. ദുര്‍ബലമായ മൂന്നാം മുന്നണി ഘടകങ്ങളും ഇടതുപാര്‍ട്ടികളുടെ ഇന്ത്യന്‍ അപചയവും സോഷ്യലിസ്റ്റുകളുടെ തിരസ്കാരവും സെക്കുലര്‍ സാധ്യതകളുടെ വിശാല ഭൂമികയാണിപ്പോള്‍ രാജ്യത്ത് കോണ്‍ഗ്രസിനു വേണ്ടി തുറന്നിട്ടിരിക്കുന്നത്. പക്ഷെ, കോണ്‍ഗ്രസിനെ അങ്ങനെയങ്ങ് നമ്പാന്‍ പറ്റില്ലെന്ന തോന്നല്‍ രാജ്യത്തെങ്ങും ഇപ്പോഴും പ്രകടമാണ്. ദുര്‍ബല ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉള്ളില്‍ സ്പര്‍ശിക്കുന്ന കാതലായ നടപടികളൊന്നും പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും ഭാഗത്തു നിന്ന് കാണുന്നില്ല. മാന്യതയോടും സുരക്ഷിതമായും ജീവിക്കാനുള്ള പൌരന്റെ അവകാശ സംരക്ഷണം തന്നെയാണ് പ്രധാനം. ദര്‍ഗകളിലേക്കും മറ്റും വാര്‍ഷിക ചാദറുകള്‍ ആര്‍ഭാടപൂര്‍വം കൊടുത്തയക്കുന്നതിലൂടെ തീരുമാറ് അത്ര ലളിതമല്ല ജനത നേരിടുന്ന ജീവല്‍ പ്രതിസന്ധി.
കോണ്‍ഗ്രസ് എന്നാകും ഇതൊക്കെ തിരിച്ചറിയുക?