ബനാന്‍ ത്വന്‍ത്വാവി- മറക്കാനാകുമോ ഈ ധീര രക്തസാക്ഷിയെ?-3
ദൈവികമാര്‍ഗത്തിലെ പ്രബോധന പ്രവര്‍ത്തനങ്ങള്‍
പി.പി അബ്ദുല്ലത്വീഫ് രിയാദ്
ജീവിത തിരശ്ശീലയുടെ ഇരുണ്ട പശ്ചാത്തലത്തില്‍ സകല പ്രയാസങ്ങളും പരീക്ഷണങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള തന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് ബനാന് പൂര്‍ണ ബോധ്യമുണ്ടായിരുന്നു. ഓട്ടത്തിനും ഓടിക്കലിനുമിടയില്‍ സ്ഥല കാലങ്ങളുടെ അപരിചിതത്വം പ്രവര്‍ത്തന നൈരന്തര്യത്തെ വഴിമുടക്കിയില്ല. പിറന്ന രാജ്യത്ത് നിന്ന് ഭരണകൂടം ആട്ടിയോടിച്ച തന്റെ ഭര്‍ത്താവിന് ബ്രസ്സല്‍സില്‍ വെച്ച് തളര്‍വാതം പിടിപ്പെട്ടപ്പോള്‍ അപരിചിതമായ ഒരു നാട്ടില്‍ അദ്ദേഹത്തെ ഏകാകിയാക്കി ഉപേക്ഷിക്കാന്‍ ആ സത്യവിശ്വാസിനിക്കായില്ല. അദ്ദേഹത്തെ കണ്ടുമുട്ടാനുള്ള നിരവധി വഴികള്‍ അവര്‍ അന്വേഷിച്ചു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അത് സാധ്യമായി. അങ്ങനെ ശാമിന്റെ ഗൃഹാതുരത്വം ഉപേക്ഷിച്ച് അന്യമായ ആ നാട്ടില്‍ ചെന്നിറങ്ങി. അവര്‍ക്കറിയുമായിരുന്നില്ല താന്‍ ഖബ്റടക്കപ്പെടാനുള്ള മണ്ണിലേക്കാണ് ചെന്നിറങ്ങുന്നതെന്ന്. അവിടെ തന്റെ രക്തം ചിന്തപ്പെടുമെന്നും.
ബ്രസ്സല്‍സില്‍നിന്ന് ഭര്‍ത്താവിനോടൊപ്പം ജര്‍മനിയിലെ വിദൂരമായ ആച്ചിന്‍ പട്ടണത്തില്‍ എത്തി. അവിടെ ഏതാനും നന്മേഛുക്കളുടെ സഹായത്താല്‍ മുസ്ലിം സ്ത്രീകള്‍ക്കുവേണ്ടി ഒരു കേന്ദ്രം സ്ഥാപിച്ചു. ഇസ്ലാമിക ജീവിതം നയിക്കാന്‍ മുസ്ലിം സ്ത്രീകളെ സജ്ജരാക്കുന്നതോടൊപ്പം നിരവധി പേര്‍ക്ക് സത്യപാത സ്വീകരിക്കാനുള്ള ഭാഗ്യവുമുണ്ടായി. ഈ കേന്ദ്രം വിശ്വാസത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പറിയിക്കുന്ന പ്രകാശ ഗോപുരമായി. ഇന്ന് ജര്‍മനിയില്‍ ഏറ്റവുമധികം മുസ്ലിംകളുള്ള പട്ടണമാണ് ആച്ചിന്‍. ആധുനിക യൂറോപ്പിലെ ഇസ്ലാമിക നവോഥാനത്തിന് കാതലായ സംഭാവന നല്‍കിയത് സ്വന്തം രാജ്യത്ത് നിന്ന് സ്വേഛാധിപതികളാല്‍ ആട്ടിയോടിക്കപ്പെട്ട ഇത്തരം പ്രസ്ഥാന പ്രവര്‍ത്തകരാണ്. യൂറോപ്പിലേക്ക് 'ഇസ്ലാമിക ഭീകരത' കടന്നുവന്നത് ഇസ്വാം അത്വാറിനെപ്പോലുള്ളവരിലൂടെയാണെന്ന് പ്രചരിപ്പിക്കുകയാണ് ഇസ്ലാമോഫോബിയയുടെ വക്താക്കള്‍. ബനാന്‍ നിരവധി പത്ര പ്രസിദ്ധീകരണങ്ങളില്‍ ഇസ്ലാമിനെക്കുറിച്ച് ലേഖനങ്ങളെഴുതാറുണ്ടായിരുന്നു. പുരുഷനില്‍ നിന്നൊട്ടും കുറയാതെ സ്ത്രീക്കും ഒരു സാമൂഹിക സാംസ്കാരിക ദൌത്യമുണ്ടെന്നവര്‍ വിശ്വസിച്ചു,. തങ്ങളില്‍നിന്ന് പ്രകൃതി ആവശ്യപ്പെടുന്ന കുടുംബ പരിപാലനവും തലമുറയുടെ ശിക്ഷണത്തോടുമൊപ്പം ഒരു പ്രബോധന ഉത്തരവാദിത്വവും അവളില്‍ അര്‍പ്പിതമാണെന്നവര്‍ മനസ്സിലാക്കി.
ബനാന്‍ ത്വന്‍ത്വാവിയുടെ ജീവചരിത്രത്തില്‍ മുഹമ്മദ് ഖൈര്‍ ഇങ്ങനെ എഴുതി: "അവരുടെ വാക്കുകളും ലേഖനങ്ങളും സന്ദേശങ്ങളും അപൂര്‍വമായ നിലപാടുകളും അത്ഭുതപ്പെടുത്തുന്ന ധീരതയും വിളിച്ചോതുന്നവയാണ്. ഹിജ്റയില്‍ സ്ത്രീയുടെ പങ്ക് എന്ന ലേഖനത്തില്‍ ഇസ്ലാമിക ചരിത്രത്തിലെ ധീരവനിതകളുടെ നിലപാടുകളെ അവര്‍ ഓര്‍മപ്പെടുത്തുന്നു. അവര്‍ രചിച്ച മുസ്ലിം സ്ത്രീയുടെ പങ്ക് എന്ന പുസ്തകം രണ്ട് തവണ ജര്‍മനിയില്‍ പുനഃപ്രസിദ്ധീകരിച്ചു. വാക്കുകളുടെ തീക്ഷ്ണതയും സത്യസന്ധമായ വികാര പ്രകടനവും വാക്കുകളിലെ ആത്മാര്‍ഥതയും നിറഞ്ഞ കലിമാതുന്‍ സ്വഗീറ എന്ന കൊച്ചു കൃതി കണ്ണുനീരൊഴുകാതെ ഒരാള്‍ക്കും വായിച്ചുതീര്‍ക്കാനാവില്ല. ഖബസാത്ത് എന്ന നിസ്തുലമായ കൃതിയുടെ പ്രതിപാദ്യം പെരുമാറ്റ മര്യാദകള്‍, ഉപദേശങ്ങള്‍, യുക്തിവിചാരങ്ങള്‍ എന്നിവയാണ്. മകള്‍ ഹാദിയ അത്വാറിന് സമര്‍പ്പിക്കുന്നതാണ് വിശുദ്ധ ഖുര്‍ആനില്‍ നിന്നുള്ള പ്രാര്‍ഥനകള്‍. അവസാനമായി രചിച്ചത് വിരഹ ദുഃഖം കിനിയുന്ന കവിതകളാണ്.''
ഹൃദയമലിയിക്കുന്ന കൊലപാതകം
രക്തസാക്ഷ്യത്തിനായി ബനാന്‍ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. അവര്‍ പറഞ്ഞു:
നിന്റെ മാര്‍ഗത്തില്‍ മാത്രം ഞങ്ങള്‍ പണിയെടുത്തു പരിശ്രമിച്ചു
നിന്റെ മാര്‍ഗത്തില്‍ മാത്രം ഞങ്ങള്‍ പുറപ്പെട്ടു, ഛിന്നഭിന്നമാക്കപ്പെട്ടു
നിന്റെ മാര്‍ഗത്തില്‍ മാത്രം ഞങ്ങള്‍ ശത്രുവാക്കപ്പെട്ടു, യുദ്ധം ചെയ്യപ്പെട്ടു
നിന്റെ മാര്‍ഗത്തില്‍ മാത്രം ഞങ്ങള്‍ ജീവിച്ചു
നിന്റെ മാര്‍ഗത്തില്‍ മാത്രം ഞങ്ങള്‍ ജീവിക്കുന്നു
നിന്റെ മാര്‍ഗത്തില്‍ മാത്രം രക്തസാക്ഷ്യം കൊണ്ട് നീ ഞങ്ങളെ അനുഗ്രഹിക്കേണമേ.......
അവരുടെ പ്രാര്‍ഥനക്ക് അല്ലാഹു ഉത്തരം നല്‍കിയപോലെ. നീണ്ട 17 വര്‍ഷത്തെ അപൂര്‍വങ്ങളും അപരിചിതങ്ങളുമായ പരീക്ഷണങ്ങളിലൂടെ ദുഃഖവും വേദനയും കടിച്ചിറക്കി നിരവധി രാജ്യങ്ങള്‍ താണ്ടി, പ്രയാസവും ദൈര്‍ഘ്യവുമേറിയ യാത്രകള്‍ക്കും വിദേശത്തെ ഒറ്റപ്പെടലിനും ശേഷം ഒടുവില്‍ ജര്‍മനിയിലെ ആച്ചിന്‍ പട്ടണത്തില്‍ ആ ധീരസമര നായികക്ക് ഒരല്‍പം വിശ്രമിക്കാനിടം കിട്ടി.
ഇതേസമയം സിറിയന്‍ ഭരണകൂടം വെറുതെ നിന്നില്ല. എവിടെ വെച്ചും ഇസ്വാം അത്താറിനെ വകവരുത്താന്‍ രഹസ്യാന്വേഷണ വിഭാഗം മൂന്നു പേരടങ്ങുന്ന ഒരു കൊലയാളി സംഘത്തെ ചട്ടം കെട്ടി. ഇസ്വാമിനെ പിന്തുടര്‍ന്ന് ആച്ചിന്‍ പട്ടണത്തിന്റെ പ്രാന്തങ്ങളിലൂടെ ആ വാടക കൊലയാളികള്‍ ഉലാത്തിക്കൊണ്ടിരുന്നു. ഇത് മനസ്സിലാക്കിയ ജര്‍മന്‍ ഭരണകൂടം ഇസ്വാമിനോട് ഒരു സ്ഥലത്തും സ്ഥിരമായി നില്‍ക്കരുതെന്നും ജര്‍മന്‍ പട്ടണങ്ങളില്‍ മാറി മാറി നിരന്തരം മേല്‍വിലാസം മാറ്റി സഞ്ചരിക്കണമെന്നും നിര്‍ദേശിച്ചു.
ഇസ്വാം അത്താര്‍ പറയുന്നു: "എന്നെ തേടിനടക്കുന്ന ഒരു കൊലയാളി സംഘമുണ്ടെന്നും അവരില്‍ നിന്ന് രക്ഷപ്പെടാന്‍ നിരന്തരം സ്ഥലവും മേല്‍വിലാസവും മാറ്റേണ്ടതുണ്ടെന്നും ജര്‍മന്‍ ഭരണകൂടം എന്നെ നിര്‍ബന്ധിച്ചപ്പോള്‍ ഉത്തരവാദപ്പെട്ടവരോട് ഞാന്‍ പറഞ്ഞു. അവരെന്നെ കൊന്നു കൊള്ളട്ടെ, ഞാന്‍ കൊലയെ ഭയക്കുന്നില്ല. മരണത്തില്‍ നിന്ന് ഒളിച്ചോടുന്നുമില്ല. എനിക്ക് വല്ലതും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദി ഞാന്‍ മാത്രമായിരിക്കും. അതിന്റെ പേരില്‍ നിങ്ങളെ ആരും കുറ്റപ്പെടുത്തില്ല.''
അവര്‍ പറഞ്ഞു: "ഒരു സ്ഥലത്ത് താങ്കള്‍ സ്ഥിരമായി നിന്നാല്‍ അത് സ്ഥലവാസികളുടെ കൂടി ജീവന് ഭീഷണിയാണ്. താങ്കള്‍ താമസിക്കുന്ന തെരുവില്‍ അത് ഭീതിയും ഭീകരതയുമുണ്ടാക്കും, അതു മുഖേന പ്രശ്നങ്ങളും പ്രയാസങ്ങളുമുണ്ടാകും. അതിനാല്‍ താങ്കള്‍ നിരന്തരമായി താമസസ്ഥലവും മേല്‍വിലാസവും മാറ്റിക്കൊണ്ടിരിക്കണം.''
കാലവ്യതിയാനങ്ങളെ വകവെക്കാതെ പട്ടണങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും വീടുകളും ഹോട്ടലുകളും മാറി മാറിയുള്ള നിരന്തരമായ ഈ യാത്ര അദ്ദേഹത്തെ ക്ഷീണിതനും രോഗിയുമാക്കി. ചില സ്ഥലങ്ങള്‍ നൂറുകണക്കിന് മൈലുകള്‍ അകലത്തായിരിക്കും. ഈ അവസരങ്ങളില്‍ ഇസ്വാം തന്റെ ഭാര്യയെ വീട്ടില്‍ ഒറ്റക്കാക്കിയായിരിക്കും യാത്ര. ആ അന്യദേശത്ത് ഏകാകിനിയായി, വ്യാകുലയായി രക്തം കിനിയുന്ന ഹൃദയവുമായി അവര്‍ വീട്ടിലിരിക്കും. എങ്കിലും തന്റെ ഖുര്‍ആന്‍ പാരായണത്തിലും അല്ലാഹുവിനോട് സഹായം തേടുന്നതിലും യാതൊരു വീഴ്ചയും വരുത്തിയില്ല. ഭര്‍ത്താവാകട്ടെ അപകടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചുകൊണ്ടേ ഇരിക്കും. അവസരം കിട്ടുമ്പോഴൊക്കെ ഇസ്വാം തന്റെ ഭാര്യയുടെ വിവരങ്ങളറിയാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ, തന്നെ തേടിയിറങ്ങിയവര്‍ക്ക് ഭാര്യയുടെ കൂടെ തന്നെ കണ്ടില്ലെങ്കില്‍ അവരുടെ പക ഭാര്യയോട് തീര്‍ക്കുമെന്ന് ഇസ്വാമോ മറ്റാരെങ്കിലുമോ നിനച്ചില്ല. ഒടുവലത് സംഭവിച്ചു. അന്ന്, 1981 മാര്‍ച്ച് 17-ന് വ്യാഴാഴ്ച ദൈവിക സമയം ആ ധീരമാതാവിനോടടുത്തു.
വാടകക്കൊലയാളികള്‍ക്ക് വിവരം കിട്ടി; ഇസ്വാം തന്റെ ഭാര്യയുടെ കൂടെ വീട്ടില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന്. രക്തദാഹികള്‍ ഹിരിസ്താലര്‍ റോഡിലെ ആ കൊച്ചു വീടിനെ ലക്ഷ്യമാക്കി ധൃതിയില്‍ നടന്നു. അവിടെയാണ് ഭര്‍ത്താവും കുടുംബവുമില്ലാതെ ഏകയായി ബനാന്‍ താമസിക്കുന്നത്. കൊലയാളികള്‍ ആദ്യം അയല്‍വാസിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി. ആ പാവം സ്ത്രീയെ ഭീഷണിപ്പെടുത്തി. കുറച്ചു നേരം സംസാരിച്ചിരിക്കാന്‍ താന്‍ ഇപ്പോള്‍ ബനാന്റെ അടുക്കലേക്ക് വരുന്നുണ്ടെന്ന് ഫോണിലൂടെ ആ കാപാലികര്‍ അവരെക്കൊണ്ട് പറയിപ്പിച്ചു.
വീടിന്റെ വാതിലില്‍ മുട്ട് കേട്ടപ്പോഴേക്കും തന്റെ അയല്‍ക്കാരിയെ സ്വീകരിക്കാനായി ബനാന്‍ വാതില്‍ തുറന്നു. ആ വാതിലിനു പിറകില്‍ തന്നെ കാത്തിരിക്കുന്നത് മരണമാണെന്നവര്‍ക്കറിയില്ലായിരുന്നു. പക്ഷേ, അവധിയെത്തിയപ്പോള്‍ വാതിലുകള്‍ അവര്‍ക്കായി തുറക്കപ്പെടുകയായിരുന്നു. അവര്‍ക്കറിയില്ലായിരുന്നു, അനശ്വര സ്വര്‍ഗം തനിക്ക് വേണ്ടി സുഗന്ധം പൂണ്ട് ഒരുങ്ങിക്കഴിഞ്ഞുവെന്ന് (അങ്ങനെയാകുമാറാകട്ടെ).
ആശ്വാസത്തിനും ഏകാന്തതക്കുമിടയിലെ മൂടുപടം മാറ്റിക്കൊണ്ട് വാതിലിന്റെ താഴുകള്‍ ബനാന്‍ പതുക്കെ തുറന്നപ്പോഴേക്കും ആ നികൃഷ്ട ജീവികള്‍ അവരെ ആക്രമിച്ചു കഴിഞ്ഞിരുന്നു. നിമിഷങ്ങള്‍ക്കകം അവര്‍ വീടിനെ കീഴ്മേലാക്കി മറിച്ചിട്ടു. അവര്‍ക്ക് വേണ്ടത് ഇസ്വാമിനെയാണ്. അല്ലാഹു അല്ലാതെ തുണയില്ലാത്ത ഒരു ദുര്‍ബല സ്ത്രീയുടെ മുന്നിലിട്ട് അവര്‍ക്കദ്ദേഹത്തെ കൊല്ലണമായിരുന്നു. കൊലയാളികള്‍ക്കവരുടെ ഇസ്വാമുമാരെ കിട്ടാതെ വരുമ്പോള്‍ കൈകള്‍ അവരുടെ പ്രിയതമരിലേക്ക് നീളലാണ് പരിഷ്കൃത മതം. ആ നിസ്സഹായ സ്ത്രീയെ അവര്‍ വളഞ്ഞു. അതിലെ ഏറ്റവും നിഷ്ഠുരന്‍ മുന്നോട്ട് വന്ന് ബനാന്റെ നേരെ തോക്കു ചൂണ്ടി.
ബനാന്‍ അവരോട് ചോദിക്കുന്നതുപോലെ:
എന്റെ രക്തം ചിന്താന്‍ മാത്രം ഞാന്‍ ചെയ്ത തെറ്റെന്ത്?
എന്റെ പരിപാവനത പിച്ചിചിന്താന്‍ മാത്രം ഞാന്‍ ചെയ്ത പാപമെന്ത്?
എന്റെ പിരടിക്ക് പിടിക്കാന്‍ മാത്രം ഞാന്‍ ചെയ്ത കുറ്റമെന്ത്?
സമരവീഥിയിലെ ആ ധീര വനിതയുടെ ശരീരത്തിലേക്ക് ആ കൊടും ക്രൂരന്‍ അഞ്ച് വെടിയുണ്ടകള്‍ ഉതിര്‍ത്തു.
ചില ഉണ്ടകള്‍ അവരുടെ സുന്ദരമുഖത്തെ പിച്ചിച്ചീന്തി. ആ കവിളിലൂടെയാണ് ക്രൂശിക്കപ്പെടുന്നവരെയും പീഡിതരെയുമോര്‍ത്ത് കണ്ണുനീര്‍ ചാലിട്ടൊഴുകിയിരുന്നത്. ആ മുഖമായിരുന്നു അല്ലാഹുവിനു മുമ്പില്‍ മാത്രം കുനിഞ്ഞത്. കാരുണ്യത്തിന്റെയും വിട്ടുവീഴ്ചയുടെയും പ്രകാശകിരണങ്ങള്‍ തത്തിക്കളിച്ചത് ആ മുഖത്തായിരുന്നു.
ചില ഉണ്ടകള്‍ അവരുടെ കക്ഷവും പാര്‍ശ്വവും തകര്‍ത്തുകളഞ്ഞു. ആ കക്ഷത്തിലായിരുന്നു ആശവറ്റിയ കുടുംബങ്ങള്‍ക്ക് ആവശ്യങ്ങളും സഹായങ്ങളുമെത്തിച്ചിരുന്നത്. പാതിരാവില്‍ മനുഷ്യന്‍ സുഖസുഷുപ്തിയിലാണ്ടിരിക്കെ തന്റെ നാഥന് വേണ്ടി വിരിപ്പില്‍നിന്ന് ഉയര്‍ന്നത് ആ പാര്‍ശ്വങ്ങളായിരുന്നു.
ചില ഉണ്ടകള്‍ അവരുടെ നെഞ്ച് പിളര്‍ത്തി. ആ നെഞ്ചിലായിരുന്നു മുസ്ലിമായതിന്റെ പേരില്‍ വേട്ടയാടപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്ത ദുഃഖത്തിന്റെ കനല്‍ കൂട്ടിവെച്ച ഹൃദയം. ഏക ദൈവവിശ്വാസികള്‍ക്ക് വേണ്ടി ദിനേന നിണം കിനിഞ്ഞ ഹൃദയം. ദൈവപ്രീതി മാത്രം കാംക്ഷിച്ചുകൊണ്ട് ദുഃഖവും സങ്കടവും ഏറ്റെടുത്ത ഹൃദയം.
ഏകാകിനിയായ ആ പരദേശി ഇരയെ വെടിവെച്ച് വീഴ്ത്തിയ വാടകക്കൊലയാളി, രക്തം ചീറ്റി തന്റെ മുമ്പില്‍ വീണു കിടക്കുന്ന ശരീരത്തില്‍ ആഞ്ചു ചവിട്ടി. സ്രഷ്ടാവിന് സമര്‍പ്പിച്ച സര്‍വ ശരീരങ്ങളെയും അയാള്‍ മലിനപ്പെടുത്തുകയായിരുന്നു. ഈ ദൌത്യമേല്‍പിച്ച യജമാനന്മാരുടെ നിര്‍ദേശമങ്ങനെയായിരുന്നു. തന്നോടും ഭര്‍ത്താവിനോടും ദൈവത്തിന്റെ ഈ അടിമകള്‍ ചെയ്യുന്ന ക്രൂരതകളെക്കുറിച്ച് സ്രഷ്ടാവിനോട് തന്നെ ആവലാതിപ്പെട്ടുകൊണ്ട് ആ വിശുദ്ധാത്മാവ് തന്റെ റബ്ബിലേക്ക് യാത്രയായിത്തീരുന്നതുവരെ അയാള്‍ ചവിട്ടിക്കൊണ്ടേയിരുന്നു.
അന്ന് സത്യവിശ്വാസികള്‍ക്ക് നഷ്ടപ്പെട്ടത് തങ്ങളുടെ ഏറ്റവും അടുത്ത രക്തബന്ധുവിനെയായിരുന്നു. മുസ്ലിം ലോകം ഒരുമിച്ചു തേങ്ങി. അവരൊന്നടങ്കം ആഗ്രഹിച്ചു, തങ്ങള്‍ക്കും ആ ഖബ്റിടം ഒന്ന് കാണണമെന്നും ദുഃഖം അവിടെ കരഞ്ഞു തീര്‍ക്കണമെന്നും.
(തുടരും)