ദലിത് ആദിവാസി മുസ്ലിം അരക്ഷിത ജീവിതങ്ങള്‍
എസ്.എ.ആര്‍ ഗീലാനി / കെ.എ ഫൈസല്‍
ജനാധിപത്യഭരണകൂടങ്ങള്‍ ലോകത്തിന്റെ നേതൃത്വം ഏറ്റെടുത്തുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണ് ഇത്. നമ്മുടേത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സമൂഹമാണ്. ജനാധിപത്യത്തിന്റെ പ്രയോഗവഴികളില്‍ നാം അനുഭവിക്കുന്ന പ്രതിസന്ധികളെന്തെല്ലാമാണ്?
ജനാധിപത്യം ശൂന്യതയില്‍ നിലനില്‍ക്കുന്ന ഒന്നല്ല. ജനാധിപത്യത്തിന്റെ വിജയത്തിന് രാസത്വരകമായി വര്‍ത്തിക്കുന്ന ധാരാളം സ്ഥാപനങ്ങളുണ്ട്. പാര്‍ലമെന്റ്, ഭരണനിര്‍വഹണ വിഭാഗം, ജുഡീഷ്യറി എന്നിവ അതിന്റെ അടിസ്ഥാന തൂണുകളാണ്. ജനാധിപത്യത്തിന്റെ നാലാമത്തെ തൂണാണ് ഫോര്‍ത്ത് എസ്റേറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമ സ്ഥാപനങ്ങള്‍. സ്പെക്ട്രം അഴിമതിയുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ അരങ്ങേറിയ സംഭവങ്ങള്‍ നാം കണ്ടു. നമ്മുടെ രാജ്യത്ത് നിയമം നിര്‍മിക്കാന്‍ ബാധ്യസ്ഥരായ, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ എപ്രകാരമാണ് വര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്? രാജ്യത്ത് ഇപ്പോള്‍ നിലവില്‍ വന്നുകൊണ്ടിരിക്കുന്ന നിയമങ്ങളുടെ സ്വഭാവമെന്താണ്? പലതരത്തിലുള്ള കരിനിയമങ്ങളും പൌരന്മാരുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എല്ലാ മേഖലകളിലും അഴിമതി വാഴുകയാണ്. പോലീസിലെയും ഇന്റലിജന്‍സിലെയും നൂതനപ്രവണതകള്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനങ്ങളെ ചോദ്യം ചെയ്യുന്ന വിധത്തിലുള്ളതാണ്. താരതമ്യേന നിഷ്പക്ഷമെന്ന് ജനം വിശ്വസിക്കുന്ന നീതിന്യായ സംവിധാനങ്ങളിലും അഴിമതിയുടെ കറ പുരണ്ടുകഴിഞ്ഞു. 'അലഹബാദിലെ ന്യായാധിപര്‍ക്കിടയില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന' സുപ്രീംകോടതിയുടെ പരാമര്‍ശം വിരല്‍ചൂണ്ടുന്നത് അതിലേക്കാണ്. ഇത്തരം സംവിധാനങ്ങളില്‍ മാറ്റം ഉണ്ടാക്കുന്നതിനു വേണ്ടിയുള്ള സംരംഭങ്ങള്‍ ജനങ്ങളുടെ ഭാഗത്തുനിന്നും രൂപപ്പെടുന്നില്ലായെന്നതും ദുഃഖകരമാണ്. ശരിയല്ലാത്ത ചില നടപടികള്‍ നമുക്കു ചുറ്റും നടമാടുന്നുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് തിരുത്തല്‍പ്രക്രിയ ആരംഭിക്കേണ്ടത്. ജനാധിപത്യത്തിലെ അധികാരശക്തികളായ ജനങ്ങള്‍ ആ നിലയില്‍ പ്രതികരിച്ചു തുടങ്ങിയിട്ടില്ല.
മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ കാവല്‍നായകളാണെന്നാണ് വെപ്പ്. പക്ഷേ, ഈ മാധ്യമങ്ങളെ വളരെ എളുപ്പത്തിലാണ് 'നീരറാഡിയമാര്‍' കൈയിലൊതുക്കുന്നത്. മാധ്യമസ്ഥാപനങ്ങളിലെ അതികായന്മാര്‍ പണത്തിനും സമ്മര്‍ദത്തിനും വിധേയമാകുന്ന സംഭവങ്ങള്‍ എത്രമാത്രം അപമാനകരമാണ്. അഴിമതി മാധ്യമങ്ങളെയും ഗ്രസിച്ചുകഴിഞ്ഞിരിക്കുന്നുവെന്ന് വ്യക്തം. മാധ്യമങ്ങള്‍ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മെഗാഫോണുകളായും പരിണമിക്കുകയാണ്. സംഭവങ്ങളുടെ യഥാര്‍ഥ ചിത്രം ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് താല്‍പര്യമില്ല. മാധ്യമങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ രാജ്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണെന്ന് സമ്മതിക്കുമ്പോള്‍ തന്നെ ജനാധിപത്യം കൂടുതല്‍ അപകടത്തിലാവുന്നതും ഇവിടെ തന്നെയാണ് എന്ന് പറയേണ്ടിവരുന്നു. അധികാര സ്ഥാപനങ്ങളുടെ അകത്തളങ്ങളില്‍ ചെന്നാല്‍ അവിടെ ജനാധിപത്യത്തിന്റെ അഭാവം അനുഭവപ്പെടുകയും ചെയ്യും. സത്യം വിളിച്ചുപറയുന്ന ജനങ്ങളെ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് കാരാഗൃഹത്തിലടക്കുന്നു. അവരെ കെണിയിലകപ്പെടുത്തുന്നു. തെഹല്‍ക ലേഖിക കെ.കെ ഷാഹിനയുടെ സംഭവം ഇപ്പോള്‍ ചര്‍ച്ചയായിട്ടുണ്ട്. സത്യം പുറത്തുകൊണ്ടുവരാന്‍ ധൈര്യം കാണിച്ച ഒരു പത്രപ്രവര്‍ത്തകക്കെതിരായ കേസും കോലാഹലങ്ങളും എന്തു സൂചനയാണ് നല്‍കുന്നത്. മഅ്ദനിയുടെ കേസ് ഉദാഹരണമായി എടുക്കുക. ഒമ്പതര വര്‍ഷക്കാലം തമിഴ്നാട്ടിലെ വിവിധ ജയിലുകളില്‍ ജീവിതം ഹോമിക്കാനായിരുന്നു അദേഹത്തിന്റെ വിധി. വിചാരണവേളയില്‍ അദ്ദേഹം പൂര്‍ണമായും നിരപരാധിയാണെന്ന് തെളിഞ്ഞു, കുറ്റവിമുക്തനാക്കപ്പെട്ടു. എന്തു നഷ്ടപരിഹാരമാണ് ഭരണകൂടം അദ്ദേഹത്തിന് നല്‍കിയത്? ബാംഗ്ളൂര്‍ സ്ഫോടനകേസിന്റെ മറവില്‍ അദ്ദേഹത്തെ കെണിയില്‍ പെടുത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. കോയമ്പത്തൂര്‍ കേസില്‍ ഗൂഢാലോചനയിലൂടെ അദ്ദേഹത്തിനെതിരെ തെറ്റായ കുറ്റപത്രം ചമച്ചവര്‍ക്ക് എന്തു ശിക്ഷയാണ് നമ്മുടെ ഭരണകൂടം നല്‍കിയത്? സമാന സംഭവങ്ങള്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ വീണ്ടും ഉദ്യുക്തരാകുന്നത് നീതിയിലധിഷ്ഠിതമായ നിയമസംവിധാനങ്ങളുടെ അഭാവം മൂലമാണ്.
ജനാധിപത്യത്തിന്റെ വിജയത്തിലെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു അടിസ്ഥാനമാണ് ന്യൂനപക്ഷങ്ങള്‍ എപ്രകാരം ജീവിക്കുന്നുവെന്നുള്ളത്. ഗുജറാത്തിലായാലും മറ്റു സംസ്ഥാനങ്ങളിലായാലും നിയമവ്യവസ്ഥ മുസ്ലിംകളെ വേട്ടയാടുകയാണ്. മുസ്ലിംകള്‍ മാത്രമല്ല, ആദിവാസികളും ദലിതരും മറ്റു ന്യൂനപക്ഷങ്ങളും ഇവിടെ അരക്ഷിതരാണ്. അവരുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ആദിവാസികളെ അവരുടെ ജന്മഭൂമികളില്‍ നിന്നും അധികാരത്തിന്റെ ദണ്ഡ് ഉപയോഗിച്ചു അടിച്ചോടിക്കുന്നതിന് നല്‍കിയിരുക്കുന്ന നാമമാണ് ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട്. ധാരാളം ധാതുക്കള്‍ നിറഞ്ഞ സമ്പുഷ്ടമായ ഭൂമിയില്‍ ജീവിച്ചുവെന്നതാണ് അവര്‍ ചെയ്ത പാതകം. വിദേശ-സ്വദേശ കുത്തകകള്‍ക്ക് വിലപിടിച്ച ഭൂവിഭവങ്ങള്‍ ആവശ്യമാണ്. അവരുടെ താല്‍പര്യമനുസരിച്ച് പോലീസും മിലിറ്ററിയും സ്വന്തം ജനതയോട് ചെയ്യുന്ന യുദ്ധമാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ നടന്നുവരുന്നത്. ഇതിനെ നമുക്ക് ജനാധിപത്യം എന്നു വിളിക്കാനാകുമോയെന്ന കാര്യത്തില്‍ ഞാന്‍ സംശയാലുവാണ്.
തുല്യനീതിയും നിയമവാഴ്ചയും ജനാധിപത്യസമൂഹത്തിന്റെ പ്രത്യേകതകളാണല്ലോ. ഇവയനുഭവിക്കാന്‍ ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്ലിംകള്‍ക്ക് കഴിയുന്നുണ്ടോ? അവ നേടിയെടുക്കാന്‍ അവര്‍ സ്വീകരിക്കേണ്ട സമീപനം എന്താണ്?
മുസ്ലിം നേതൃത്വം ബോധത്തിലോ അബോധത്തിലോ സമ്മതിച്ചിരിക്കുന്നു, തങ്ങള്‍ ഇവിടെ രണ്ടാം തരം പൌരന്മാരാണ് എന്ന്. സച്ചാര്‍കമ്മിറ്റി റിപ്പോര്‍ട്ട് മുസ്ലിം ദുരവസ്ഥയുടെ കൃത്യമായ വിവരണമാണ്. ആദിവാസികള്‍, ദലിതുകള്‍ എന്നിവരേക്കാള്‍ ദുരിതപൂര്‍ണമാണ് മുസ്ലിംജീവിതം. മുസ്ലിംകളുടെ മേല്‍ ഭീകരമുദ്ര ചാര്‍ത്തപ്പെടുന്നു. മുമ്പ് ഇത് ഉത്തരേന്ത്യയുടെ മാത്രം സ്വഭാവമായിരുന്നു. അടുത്തകാലത്തായി ദക്ഷിണേന്ത്യയിലേക്കും ഈ രോഗം പകര്‍ന്നിരിക്കുകയാണ്. കര്‍ണാടകയിലെയും കേരളത്തിലെയും പോലീസ് മുസ്ലിംകളോട് സ്വീകരിക്കുന്ന സമീപനങ്ങള്‍ ജനാധിപത്യ ഇന്ത്യക്ക് ചേര്‍ന്നതല്ല. ഈ വിപത്തിനെതിരെ ഒന്നിച്ചുനിന്നു പ്രവര്‍ത്തിക്കാന്‍ മുസ്ലിംകള്‍ സന്നദ്ധരാകണം. അതു പക്ഷേ മുസ് ലിംകളുടെ മാത്രം കൂട്ടായ്മയാവുകയും ചെയ്യരുത്. അടിച്ചമര്‍ത്തപ്പെടുന്ന മറ്റു ജനവിഭാഗങ്ങളുടെ പിന്തുണയോടു കൂടിയാണ് അത്തരം ശ്രമങ്ങള്‍ ആരംഭിക്കേണ്ടത്. വിവിധ ജനവിഭാഗങ്ങളില്‍ നിന്നുള്ള ബുദ്ധീജീവികളെയും ആക്ടിവിസ്റുകളെയും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കണം. മുസ്ലിംകള്‍ക്ക് നേരെ രാജ്യത്ത് 'സംശയദൃഷ്ടി' ഉയര്‍ന്നുവരികയാണ്. അവര്‍ക്ക് ഉയര്‍ന്ന കലാലയങ്ങളിലോ തൊഴില്‍ശാലകളിലോ പ്രവേശനം ലഭിക്കുന്നില്ല. അവര്‍ ചേരികളില്‍ ജീവിക്കാന്‍ വിധിക്കപ്പെടുന്നു. ഇത്തരം ഭീഷണികള്‍ക്ക് അനുദിനം വിധേയമാകുന്ന ഒരു ജനവിഭാഗത്തിന് പുരോഗതിയിലേക്ക് മുന്നേറാന്‍ സാധ്യമല്ല. അറസ്റില്‍ നിന്നും വ്യാജ ഏറ്റുമുട്ടലില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളാണ് അവര്‍ ആരാഞ്ഞുകൊണ്ടിരിക്കുന്നത്. ഭയത്തില്‍ നിന്നും ഭീതിയില്‍ നിന്നും ഒരു സമൂഹത്തിന് രക്ഷപ്പെടാന്‍ കഴിഞ്ഞാല്‍ മാത്രമേ അവര്‍ക്ക് വികസനത്തിന്റെ മാര്‍ഗങ്ങളില്‍ പ്രവേശിക്കുക സാധ്യമാകൂ.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ്ലിംകളുടെ സാമൂഹികാവസ്ഥ മെച്ചപ്പെടുത്താന്‍ രംഗത്തുവരുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ്ലിം പ്രശ്നങ്ങള്‍ പരിഹരിക്കാനായി ആത്മാര്‍ഥമായി രംഗത്തിറങ്ങുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഒരോരുത്തര്‍ക്കും അവരവരുടേതായ സ്വാര്‍ഥ താല്‍പര്യങ്ങളാണുള്ളത്. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും വ്യത്യാസം ഉള്ളതായി അനുഭവപ്പെട്ടിട്ടില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയം മുഖ്യ പ്രവര്‍ത്തനമാക്കിയിട്ടുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുസ്ലിംകളെ വോട്ടുബാങ്ക് മാത്രമായിട്ടാണ് കാലാകാലങ്ങളായി കണക്കാക്കിപ്പോരുന്നത്. മുസ്ലിംകളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ നയപരിപാടികളിലും എടുത്തുപറയത്തക്ക മാറ്റം ഉള്ളതായി കാണാന്‍ കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ്സടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ അധികാരത്തിലെത്തിയാല്‍ നടത്തുന്ന രാഷ്ട്രീയ നാടകങ്ങളില്‍ മുസ്ലിംകള്‍ക്ക് അവഗണന മാത്രമാണ് ലഭിക്കുന്നത്. കാല്‍നൂറ്റാണ്ടുകാലമായി സി.പി.എം ഭരിക്കുന്ന ബംഗാളിലാണ് രാജ്യത്ത് ഏറ്റവും ദുരിതമനുഭവിക്കുന്ന മുസ്ലിംകളുള്ളത്. തങ്ങളെ വോട്ടുബാങ്കായാണ് മറ്റുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉപയോഗിക്കുന്നതെന്ന ബോധം പോലും മുസ്ലിം നേതൃത്വങ്ങള്‍ക്കില്ല. രാഷ്ട്രീയ പാര്‍ട്ടിക്കളുടെ തലവന്മാരോട് ഈ ചൂഷണങ്ങളെകുറിച്ച് തുറന്നുപറയാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. വ്യക്തിപരമായ കാര്യങ്ങളിലെ വിലപേശലിലാണ് അവര്‍ക്ക് താല്‍പര്യം. തങ്ങളുടെ പ്രശ്നങ്ങള്‍ അവഗണിക്കുകയാണെങ്കില്‍ വോട്ടു ചെയ്യുകയില്ല എന്നു തുറന്നുപറയാന്‍ മുസ്ലിം നേതൃത്വത്തിന് കഴിയണം. ഇക്കാര്യത്തില്‍ യോജിച്ച മുന്നേറ്റത്തിന് വേദിയൊരുക്കണം. നിസ്സാരമായ അഭിപ്രായ വ്യത്യാസങ്ങളില്‍ അഭിരമിക്കുകയും സമയം കൊല്ലുകയും ചെയ്യുന്ന രീതി ഇനിയെങ്കിലും ഒഴിവാക്കണം. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ അപൂര്‍വമായി എത്തിപ്പെടുന്ന മുസ് ലിം നേതാക്കള്‍ നിലനില്‍പ്പിനായി അവരുടെ മുസ്ലിം സ്വത്വം വലിച്ചെറിയുന്ന രീതിയും പൊതുവെ കാണാറുണ്ട്. മതേതരവാദികളേക്കാള്‍ വലിയ മുസ്ലിം വിരോധം അവര്‍ വെച്ചു പുലര്‍ത്തുന്നതായും അനുഭവപ്പെടുന്നു. മുസ്ലിം പ്രശ്നങ്ങളില്‍ ന്യായമായും ഇടപെട്ടാല്‍ തങ്ങളുടെ മതേതര വിശ്വാസ്യത തകര്‍ന്നുപോകുമെന്ന് അവര്‍ ഭയപ്പെടുന്നു. ഇത്തരം നേതാക്കന്മാര്‍ തന്നെയാണ് മുസ്ലിം സമുദായത്തിന്റെ വലിയ വെല്ലുവിളിയും.
രാഷ്ട്രീയപാര്‍ട്ടികളില്‍ മനംമടുത്തതുകൊണ്ടാകാം, ഉത്തരേന്ത്യയില്‍ ഉലമാകൌണ്‍സില്‍ പോലെയുള്ള വേദികള്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയുണ്ടായി. അത്തരം ചുവടുവെപ്പുകളെ താങ്കള്‍ എങ്ങനെയാണ് കാണുന്നത്?
ഉലമാ കൌണ്‍സില്‍ പോലുള്ള സംവിധാനങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയെന്നുള്ളത് ശരിയാണ്. പക്ഷേ, അതുപോലും മുസ്ലിം പണ്ഡിതന്മാരുടെ വിവേകപൂര്‍ണമായ നിലപാടാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഉലമാ കൌണ്‍സില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയതുപോലെയല്ല ഉത്തരവാദിത്വമുള്ള മുസ്ലിം സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ടത്. തത്ത്വദീക്ഷയില്ലാത്ത രാഷ്ട്രീയ നിലപാടുകള്‍ ഒരുവേള മുസ്ലിംവിരുദ്ധ ശക്തികള്‍ക്ക് സഹായകരമാവുകയാണ് ചെയ്യുക. മുസ്ലിം പ്രശ്നങ്ങളും സാമൂഹികാവസ്ഥകളും ആഴത്തില്‍ വിശകലനം ചെയ്തതിന് ശേഷമുള്ള ആസൂത്രിത നീക്കങ്ങളാണ് ഉണ്ടാവേണ്ടത്. എല്ലാ സന്ദര്‍ഭങ്ങളിലും തെരഞ്ഞെടുപ്പില്‍ മത്സരിച്ചുകൊള്ളണമെന്ന് നിര്‍ബന്ധവുമില്ല. സമ്മര്‍ദ രാഷ്ട്രീയവും സുപ്രധാനമായ അടവുനയം തന്നെയാണ്. ഉലമാ കൌണ്‍സിലിന് അപ്രകാരമെന്തെങ്കിലുമൊരു സ്ട്രാറ്റജി ഉള്ളതായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു കാര്യമുറപ്പാണ്, ഗൌരവിത്തിലല്ല അവര്‍ തെരഞ്ഞെടുപ്പിനെ സമീപിച്ചത്. അതായിരിക്കരുത് രാഷ്ട്രീയത്തിലെ മുസ്ലിം മാതൃക. എടുത്തുചാട്ടം കൊണ്ട് മുസ്ലിംകള്‍ക്കോ രാജ്യത്തിനോ യാതൊരു വിധ പ്രയോജനവും ഉണ്ടാവുകയില്ല. സംഘ്പരിവാര്‍ പോലെയുള്ള രാജ്യവിരുദ്ധശക്തികള്‍ക്ക് അത് സഹായകമാവുകയേ ചെയ്യൂ.
മുസ്ലിംകള്‍ ഭീകരരാണ് എന്ന ആഗോള പ്രചാരണത്തിന്റെ അനുരണനങ്ങളാണോ ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ചും സെപ്റ്റംബര്‍ 11 പോലുള്ള സംഭവങ്ങളുമായി അതിനു വല്ല ബന്ധവും ഉള്ളതായി കണക്കാക്കുന്നുണ്ടോ?
സെപ്റ്റംബര്‍ 11-ന് ശേഷമാണ് മുസ്ലിംകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന സംഭവങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി അരങ്ങേറിയത്. സെപ്റ്റംബര്‍ 11 തന്നെയും അമേരിക്ക സ്വയം ആസൂത്രണം ചെയ്തതാണെന്ന് വ്യക്തമാക്കുന്ന ധാരാളം പഠനങ്ങളുണ്ട്. ആ സംഭവത്തെ മറയാക്കി ലോകത്തുടനീളം മുസ്ലിംകളെ ടാര്‍ജറ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ ശക്തമാണ്. ഇസ്ലാമോഫോബിയ എന്ന മനഃശാസ്ത്ര വൈകൃതം പകര്‍ച്ചവ്യാധി പോലെ വ്യാപിക്കുകയാണ്. ഭരണകൂടവും പോലീസും ഈ രോഗത്തിനടിപ്പെട്ടവരാണ്. തെളിവുകളും കഥകളും ആവശ്യത്തിനനുസരിച്ച് ഖനനം ചെയ്തെടുക്കുകയാണ് പതിവ്. അടുത്തകാലത്തുണ്ടായ ബോംബ് സ്ഫോടനങ്ങളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങള്‍ ശ്രദ്ധിക്കുക. മഹാരാഷ്ട്രയിലും മറ്റും സ്ഫോടനങ്ങളുടെ സൂത്രധാരകരെന്ന് പറഞ്ഞ് സിമിയുമായി ബന്ധമുള്ള ചിലരെ അറസ്റ് ചെയ്തു ജയിലിലടച്ചിരുന്നു. പിന്നീടവര്‍ കുറ്റവിമുക്തരാക്കപ്പെട്ടു. പത്രങ്ങള്‍ അവര്‍ക്കെതിരായി കുറ്റം ചാര്‍ത്തിയത് വലിയ വാര്‍ത്തയാക്കുകയും കുറ്റവിമുക്തരായപ്പോള്‍ നിശബ്ദരാവുകയുമാണ് ചെയ്തത്. ഹൈദരാബാദിലെ മക്കാമസ്ജിദ് സ്ഫോടനം മറ്റൊരു സംഭവമാണ്. സ്ഫോടനത്തിന് ശേഷം കുറച്ചു മുസ്ലിം ചെറുപ്പക്കാര്‍ അറസ്റു ചെയ്യപ്പെട്ടു. അവര്‍ നിരപരാധികളായിരുന്നു. ഞാന്‍ ഹൈദരാബാദ് സന്ദര്‍ശിച്ചപ്പോഴുണ്ടായ അനുഭവം ദുഃഖകരമായിരുന്നു. ഒരാളും അവരുടെ കേസ് ഏറ്റെടുക്കാന്‍ രംഗത്തുവന്നില്ല. പൌരാവകാശപ്രവര്‍ത്തകനായ ലക്കി മുഹമ്മദ് ഖാന്‍ മാത്രമാണ് അല്‍പം സഹായങ്ങള്‍ ചെയ്തത്. ഞാന്‍ ജഠ്മലാനിയെയും മറ്റു മുതിര്‍ന്ന അഭിഭാഷകരെയും സംഭവവുമായി ബന്ധപ്പെടുത്തി. ധാരാളം മുസ്ലിം നേതാക്കന്മാരുള്ള പ്രദേശമാണ് ഹൈദരാബാദ്. പക്ഷേ, അവര്‍ സ്തംഭിച്ചു നില്‍ക്കുകയാണ് ചെയ്തത്. ഷാഹിദ് ബിലാല്‍ എന്ന ചെറുപ്പക്കാരനാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്നാണ് അന്ന് പറഞ്ഞത്. ഇപ്പോള്‍ സ്വാമി അസിമാനന്ദയാണ് മുഖ്യ സൂത്രധാരനെന്ന് തെളിഞ്ഞിരിക്കുന്നു. അജ്മീര്‍, മാലേഗാവ് തുടങ്ങിയ സ്ഫോടനങ്ങളിലും ഇതു തന്നെയാണ് സംഭവിച്ചത്. സെപ്റ്റംബര്‍ 11-ന് ശേഷം രാജ്യത്തുണ്ടായ എല്ലാ സ്ഫോടനങ്ങളും മുസ്ലിംകളുടെ പേരില്‍ വരവ് വെക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തത്. എല്ലാം ഇന്ത്യന്‍ മുജീഹിദീന്റെ സൃഷ്ടിയാണെന്നാണ് കണ്ടെത്തല്‍. എന്നാല്‍ അങ്ങനെയൊരു സംഘടന പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് തന്നെ നമുക്കാര്‍ക്കും വിവരമില്ല. പല സ്ഫോടനങ്ങളും ഇന്റലിജന്‍സ് ഏജന്‍സികളുടെ സൃഷ്ടിയാണ്. സമാനമായ സംഭവമാണ് വ്യാജ ഏറ്റുമുട്ടലുകള്‍. അന്‍സല്‍ പ്ളാസ സംഭവത്തിന് സാക്ഷിയായ ഡോക്ടര്‍ അത് വിളിച്ചുപറഞ്ഞത് വലിയ വിവാദമായിരുന്നു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നതും തുടരന്വേഷണങ്ങളില്‍ തടവിലാക്കപ്പെടുന്നതുമെല്ലാം മുസ്ലിംകള്‍ തന്നെയാണ്. മറ്റേതോ ബാഹ്യശക്തികളുടെ സബ് ഏജന്റുമാരെപ്പോലെയാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ ഇത്തരം സംഭവങ്ങള്‍ ശക്തിപ്പെടുന്നത് സെപ്റ്റംബര്‍ 11-ന് ശേഷമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം ആസൂത്രണം ചെയ്യപ്പെടുന്നത് ഇസ്ലാമോഫോബിയയുടെ ഭാഗമായാണ്. അമേരിക്കക്ക് നിലനില്‍ക്കണമെങ്കില്‍ ഒരു ശത്രുവിനെ ആവശ്യമാണ്. സോവിയറ്റ് യൂനിയനും സോഷ്യലിസവുമായിരുന്നു ആദ്യ സന്ദര്‍ഭത്തിലെ എതിരാളികള്‍. സോവിയറ്റ് യൂനിയന്റെ പതനത്തിന് ശേഷം ഇസ്ലാം പ്രതിസ്ഥാനത്ത് അവരോധിക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യന്‍ രഹസ്യന്വേഷണവിഭാഗവും ഈ ആസൂത്രണങ്ങള്‍ക്ക് പുറത്തല്ല.
അരുന്ധതിറോയ്, നന്ദിതാഹക്സര്‍, എസ്. എം മുഷ്രിഫ്, വിനീതാ കാംതെ എന്നിവര്‍ പുസ്തകങ്ങളിലൂടെയും മറ്റും ഉയര്‍ത്തുന്ന ചോദ്യങ്ങളെയും അത്തരം ആക്ടിവിസത്തെയും താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?
തീര്‍ച്ചയായും ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രസക്തമാണ്. ഈ പ്രയത്നങ്ങള്‍ക്ക് ഭാവിയുണ്ട്. ഇന്ത്യ പോലെയുള്ള വലിയ ജനാധിപത്യ രാജ്യത്ത് ഇവര്‍ നിര്‍വഹിക്കുന്ന ദൌത്യം വളരെ വലുതാണ്. പക്ഷേ, ഇത്തരം ശ്രമങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകുന്നില്ലായെന്നത് ദൌര്‍ഭാഗ്യകരമാണ്. അന്‍സല്‍പ്ളാസ വ്യാജ ഏറ്റുമുട്ടല്‍ സന്ദര്‍ഭത്തില്‍ കുല്‍ദീപ് നയാര്‍ ചില പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. പക്ഷേ, പിന്നീടത് പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. ഇതൊരു വലിയ പ്രശ്നമാണ്. ജനങ്ങള്‍ ആദ്യം വൈകാരികമായി പ്രതികരിക്കുകയും പിന്നീടത് വിസ്മരിക്കുകയും ചെയ്യും. ഒരു പ്രശ്നം ഏറ്റെടുക്കാതിരിക്കുന്നതിനേക്കാള്‍ അപകടകരമാണ് അത് പാതിവഴിയില്‍ ഉപേക്ഷിക്കുകയെന്നത്. പാതിവഴിയില്‍ ഉപേക്ഷിച്ചാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയില്ല. എസ്.എം മുശ്രിഫ്, കര്‍ക്കറെ വധവുമായി ഉന്നയിച്ചത് പ്രസക്തമായ ചോദ്യങ്ങളാണെന്ന് മുംബൈ ഹൈക്കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ, അതിന് മറുപടി ഉണ്ടായിട്ടില്ല. ഞാന്‍ പ്രതിചേര്‍ക്കപ്പെട്ട പാര്‍ലമെന്റാക്രമണകേസില്‍ ആരാണ് അത് ചെയ്തതെന്ന് ഇന്നും ആര്‍ക്കും അറിയില്ല. സംഭവത്തിനുത്തരവാദികള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കൊല്ലപ്പെട്ട അഞ്ചുപേര്‍ ആരാണെന്നതിന് ഉത്തരമില്ല. ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ന്നുവരികയെന്നുള്ളത് ജനാധിപത്യത്തിന്റെ നവീകരണത്തിന് സഹായകമാണ്. ജനങ്ങളെ കൂടുതല്‍ ഉത്തരവാദികളാക്കുന്നതിന് അത് വഴിവെക്കും. എന്നാല്‍ ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ അധികമാരുമില്ലായെന്നതും പ്രശ്നങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുന്നുവെന്നതും വലിയ പ്രശ്നമാണ്. ഇത്തരം ശ്രമങ്ങള്‍ പ്രക്ഷോഭങ്ങളായും പ്രസ്ഥാനങ്ങളായും വളര്‍ന്നുവരുന്നത് ജനാധിപത്യത്തിന്റെ സൌന്ദര്യം വര്‍ധിപ്പിക്കുകയേയുള്ളൂ.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ഗുജറാത്തിന്റെ വഴിയെ ചലിപ്പിക്കാനുള്ള പ്രവണതകള്‍ക്ക് ജനാധിപത്യവിരുദ്ധശക്തികള്‍ ആക്കംകൂട്ടുകയാണ് എന്ന പ്രചാരണമുണ്ട്. ഇത് താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ശരിയാണ്. ദക്ഷണേന്ത്യ ഗുജറാത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുകയാണ്. ഗുജറാത്തില്‍ നടന്ന അതേ സംഭവങ്ങള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആവര്‍ത്തിക്കുകയാണ്. അതിന്റെ ഭാഗം തന്നെയാണ് ബാംഗ്ളൂരിലും മക്കാ മസ്ജിദിലുമുണ്ടായ സ്ഫോടനങ്ങള്‍. കേരളത്തില്‍ അടുത്ത കാലത്തുണ്ടായ ലൌ ജിഹാദ് വിവാദവും ഇതിന്റെ തുടര്‍ച്ചയാണ്. കര്‍ണാടകയില്‍ നടക്കുന്ന അറസ്റും മഅ്ദനിക്കും ഷാഹിനക്കുമെതിരായ കേസും ഗുജറാത്ത് മാതൃകയുടെ ഭാഗമാണ്. കര്‍ണാടകയിലെ അഭിഭാഷക അസോസിയേഷന്‍ തീവ്രവാദക്കേസിലെ പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ വാദിക്കുകയില്ല എന്ന് തീരുമാനിക്കുകയുണ്ടായി. നിയമത്തിന്റെ നൈതികതക്ക് നിരക്കാത്ത ഈ നിലപാടിനെ ആരും ചോദ്യം ചെയ്തില്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ രൂപപ്പെടുന്ന അന്തരീക്ഷം നേരത്തെ ഗുജറാത്തില്‍ രൂപപ്പെട്ടതിന് സമാനമാണെന്ന് ചുരുക്കം. ഇത് അപകടകരമായ പ്രവണതയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളും സംഘ്പരിവാരത്തിന്റെ ഈ മേഖലയിലെ വളര്‍ച്ചയും പ്രത്യേകം പഠനവിധേയമാക്കേണ്ടതാണ്. കര്‍ണാടകത്തില്‍ വരെ അവര്‍ അധികാരത്തിലെത്തി. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കേരളത്തിലും അവര്‍ നല്ല മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. സംഘ്പരിവാര്‍ ഒരിക്കലും ഹിന്ദുമതത്തെ പ്രതിനിധാനം ചെയ്യുന്നില്ല. അവരുടെ ആശയവും പ്രവര്‍ത്തനമാര്‍ഗവും ഫാഷിസമാണ്. മാധ്യമങ്ങളും ഇന്റലിജന്‍സും ഒന്നിച്ചുനീങ്ങുന്ന കാഴ്ചയാണ് ഗുജറാത്തില്‍ കണ്ടത്. സമാനമായ കാഴ്ചയാണ് ഇപ്പോള്‍ കേരളത്തിലും കര്‍ണാടകയിലും അന്ധ്രാപ്രദേശിലും കാണുന്നത്. ദീര്‍ഘകാലമായി സംഘ്ശക്തികള്‍ക്ക് ഇന്റലിജന്‍സിന്റെ ഇടനാഴികളില്‍ ഇടമുണ്ട്. ഇത് തികച്ചും അപകടകരമാണ്.
ഭീകരവാദവിഷയവുമായി പ്രവീണ്‍ സ്വാമി എഴുതിയ ലേഖനങ്ങള്‍ പത്രപ്രവര്‍ത്തകരും മനുഷ്യാവകാശപ്രവര്‍ത്തകരും എങ്ങനെയാണ് വിലയിരുത്തുന്നത്?
എല്ലാവര്‍ക്കുമറിയാം പ്രവീണ്‍ സ്വാമി ആരുടെ ഉപകരണമാണെന്ന്. മറ്റാരോ പറഞ്ഞുകൊടുക്കുന്ന വാര്‍ത്തകള്‍ കേട്ടെഴുതുന്ന ഒരാള്‍ മാത്രമാണ് പ്രവീണ്‍ സ്വാമി. എല്ലാ സ്ഫോടനങ്ങളെ സംബന്ധിച്ചും അതിന്റെ വിത്തും വേരും പ്രവീണ്‍ സ്വാമിക്കറിയാം. എല്ലാ സംഭവങ്ങളുടെയും എല്ലാ വിശദാംശങ്ങളും അയാള്‍ക്ക് നല്ല നിശ്ചയമാണ്. മക്കാ മസ്ജിദിലും മാലേഗാവിലുമുണ്ടായ സംഭവവികാസങ്ങളില്‍ സ്വാമി ലേഖനമെഴുതിയിരുന്നു. ഇപ്പോള്‍ സ്ഫോടനത്തിന് പിന്നില്‍ സംഘ്പരിവാര്‍ ശക്തികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആ സന്ദര്‍ഭത്തില്‍ സ്വാമി എഴുതിയ ലേഖനങ്ങള്‍ ഇപ്പോള്‍ വായിച്ചുനോക്കുന്നത് ഏറ്റവും മികച്ച ഫലിതമായിരിക്കും. ഇതൊന്നും അയാള്‍ ശേഖരിക്കുന്ന വിവരങ്ങളല്ല. ഇന്റലിജന്‍സ് ഏജന്‍സികള്‍ അയാള്‍ക്ക് നല്‍കുന്ന കുറിപ്പുകളാണ്. പ്രവീണ്‍ സ്വാമി നല്ലൊരു ഉപകരണം മാത്രമാണ്. അത് ദല്‍ഹിയില്‍ പാട്ടായ രഹസ്യമാണ്.
തടവുകാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും രാഷ്ട്രീയതടവുകാരുടെ മോചനത്തിനു വേണ്ടിയും താങ്കള്‍ നടത്തുന്ന ശ്രമങ്ങളുടെ പ്രചോദനം താങ്കളുടെ അനുഭവങ്ങള്‍ തന്നെയാണോ?
തീര്‍ച്ചയായും. ഞാന്‍ പ്രതി ചേര്‍ക്കപ്പെട്ടപ്പോള്‍ എന്തു മാത്രം അസംബന്ധങ്ങളും നുണകളുമാണ് എന്റെ മേല്‍ ചാര്‍ത്തപ്പെട്ടതെന്ന് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അതിനാല്‍ മുഖ്യധാരാ മാധ്യമ വാര്‍ത്തകള്‍ എന്നെ പിടിച്ചു കുലുക്കാറില്ല. അതൊന്നും ഞാന്‍ വിശ്വസിക്കാറുമില്ല. മാധ്യമങ്ങളുടെ പ്രോപഗണ്ടയുടെ ജീവിക്കുന്ന ഇരയാണ് ഞാന്‍. സമാനമായ സംഭവങ്ങളാണ് ഇവിടെ നടക്കുന്നത്. നീതിപീഠം ഒരാളെ കുറ്റവാളിയായി വിധിക്കുന്നത് വരെ ഒരാള്‍ നിരപരാധിയാണെന്ന് പ്രഖ്യാപിക്കുന്ന നീതിന്യായവ്യവസ്ഥയാണ് നമ്മുടേത്. ഇന്ന് ഒരാള്‍ പ്രതി ചേര്‍ക്കപ്പെടുന്നതോടെ അയാളെ കുറ്റവാളിയായി മുദ്രകുത്തുകയാണ്. കോടതി നിരപരാധിയെന്ന് ഉത്തരവാകുന്നത് വരെ നിങ്ങള്‍ കുറ്റവാളിയാണ് എന്ന പുതിയ നിയമമാണ് ഇപ്പോള്‍ പ്രചാരത്തിലുള്ളത്. ഇത്തരം സാഹചര്യങ്ങളെക്കുറിച്ചും ജയിലിലെ ദുരവസ്ഥകളെക്കുറിച്ചും ഞാന്‍ ഇന്ന് ബോധവാനാണ്. ഞാന്‍ മോചിതനായ അന്നു തന്നെ പ്രതിജ്ഞയെടുത്തതാണ് ഇത്തരം തടവുകാര്‍ക്ക് വേണ്ടി പോരാടുമെന്ന്. ചെയ്യാന്‍ കഴിയുന്ന പരമാവധി സഹായങ്ങള്‍ അവര്‍ക്ക് ചെയ്തുകൊടുക്കുന്നതിന്റെ ഭാഗമായി ഞാനും സുഹൃത്തുക്കളും ചേര്‍ന്ന് ഒരു സൊസൈറ്റി രജിസ്റര്‍ ചെയ്തിട്ടുണ്ട്. രാഷ്ട്രീയത്തടവുകാരുടെ മോചനത്തിന് വേണ്ടിയും ചില പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുണ്ട്. ഈ മേഖലയില്‍ നമുക്ക് യോജിച്ച മുന്നേറ്റമാണാവശ്യം. ഒരു കാര്യം കൂടി പറയട്ടെ, യുവജന സംഘടനകള്‍ക്ക് ഈ മേഖലയില്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്താനുണ്ട്. യുവജനങ്ങള്‍ സമൂഹത്തിന്റെ നട്ടെല്ലാണ്. മാറ്റത്തിന് വേണ്ടി അധ്വാനിക്കേണ്ടത് യുവജനങ്ങളാണ്. അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ മുന്നിട്ടിറങ്ങണം. ഈ പ്രത്യേക സാഹചര്യത്തില്‍ ആദിവാസികളും ദലിതുകളും ന്യൂനപക്ഷങ്ങളും ജനാധിപത്യ വിശ്വാസികളും ചേര്‍ന്ന് അഴിമതിക്കും ഫാഷിസത്തിനുമെതിരായ പോരാട്ടം ശക്തമാക്കണം. ദീര്‍ഘദൃഷ്ടിയോടെയും ക്ഷമയോടെയുമുള്ള ആസൂത്രണമാണ് നമുക്കാവശ്യം.