Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


സൂക്ഷിക്കുക; വല്ല്യേട്ടന്‍ എല്ലാം കാണുന്നു
2007-ല്‍ ആസ്ട്രേലിയക്കാരന്‍ ജൂലിയന്‍ അസാഞ്ചിന്റെ നേതൃത്വത്തില്‍ വിവിധ ദേശങ്ങളില്‍ നിന്നുള്ള 1500-ഓളം സാങ്കേതിക വിദഗ്ധരായ സന്നദ്ധ സേവകര്‍ സ്ഥാപിച്ച വെബ്സൈറ്റ് സംവിധാനമാണ് വിക്കിലീക്സ്. ഗവണ്‍മെന്റുകളുടെ ഭീകര ചെയ്തികളും മനുഷ്യാവകാശ ലംഘനങ്ങളും, ഗവണ്‍മെന്റ്-കോര്‍പറേറ്റ് സാമ്പത്തിക സ്ഥാപനങ്ങളില്‍ നടമാടുന്ന അഴിമതികളും പുറത്തുകൊണ്ട് വന്ന് ജനങ്ങളെ ഉദ്ബുദ്ധരാക്കുക എന്ന ധാര്‍മിക ദൌത്യമാണ് തങ്ങള്‍ നിര്‍വഹിക്കുന്നതെന്ന് അതിന്റെ സാരഥികള്‍ അവകാശപ്പെടുന്നു. ആഫ്രോ ഏഷ്യന്‍ രാജ്യങ്ങളിലെ സ്വേഛാധിപത്യ ഭീകരതകളും കോര്‍പറേറ്റുകളിലെ അഴിമതികളുമാണ് ആദ്യം ഈ സൈറ്റിലൂടെ വെളിപ്പെട്ടുകൊണ്ടിരുന്നത്. ബന്ധപ്പെട്ട ഗവണ്‍മെന്റുകള്‍ നടത്തിയ അന്വേഷണത്തില്‍ സാമ്പത്തിക സ്ഥാപനങ്ങളിലെ അഴിമതികളെക്കുറിച്ച് ലീക്കായ വിവരങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടതായാണ് റിപ്പോര്‍ട്ട്.
അമേരിക്കന്‍ നയതന്ത്ര രേഖകളും ചാര രഹസ്യങ്ങളും പുറത്തുവിട്ടു തുടങ്ങിയതോടെയാണ് വിക്കിലീക്സ് ആഗോള മാധ്യമങ്ങളില്‍ കുതൂഹലമായത്. ഇറാഖിലെയും അഫ്ഗാനിലെയും അമേരിക്കന്‍ സൈന്യത്തിന്റെ നിഷ്ഠുര നരമേധ വിനോദങ്ങളും, തങ്ങളുടെ ലോകനായകത്വം ഭദ്രമാക്കാന്‍ ആ രാജ്യം ഇതര രാജ്യങ്ങളില്‍ നടത്തിവരുന്ന അധാര്‍മികമായ ഇടപെടലുകളും ഉപജാപങ്ങളും ചാരവൃത്തികളുമെല്ലാം അവരുടെ രാക്ഷസീയമായ സാമ്രാജ്യത്വ മുഖം തുറന്നു കാണിക്കുന്നതാണ്, ഇതിനകം പുറത്തായ മൂന്നു ലക്ഷത്തിലേറെ രഹസ്യ രേഖകളിലേറെയും. അതുകൊണ്ടാണ് അമേരിക്കയുടെ ഉറക്കം കെടുത്തുന്നതും വിദേശ ബന്ധങ്ങള്‍ക്ക് കനത്ത ആഘാതമേല്‍പിക്കുന്നതുമായ സംഭവമെന്ന നിലയില്‍ വാര്‍ത്താ നിരീക്ഷകരും മാധ്യമങ്ങളും വിക്കിലീക്സിനെ കൊണ്ടാടുന്നത്.
ഈ നിരീക്ഷണത്തെ ശരിവെക്കുന്നതെന്നു തോന്നിക്കുന്ന ചില ചലനങ്ങള്‍ തുടക്കത്തില്‍ അമേരിക്കയില്‍ തന്നെ പ്രത്യക്ഷപ്പെടുകയുണ്ടായി. യു.എന്‍ നേതൃത്വത്തിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തരുതെന്നാണ് 1964-ല്‍ ഉണ്ടാക്കിയിട്ടുള്ള പൊതുധാരണ. ഈ അന്താരാഷ്ട്ര ധാരണ ലംഘിച്ചുകൊണ്ട് യു.എന്‍ സെക്രട്ടറി ജനറലിന്റെ ക്രഡിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ മുതല്‍ ഡി.എന്‍.എ പ്രിന്റ് വരെ അമേരിക്കന്‍ ചാരന്മാര്‍ ചോര്‍ത്തിയതായി വിക്കി വെളിപ്പെടുത്തുന്നു. അമേരിക്കക്കാരുടെ തന്നെ പ്രതിഷേധത്തിന് ഇത് ഇടയാക്കി. ഈ ചാരവൃത്തിക്ക് അനുമതി നല്‍കിയവരില്‍ പങ്കുള്ള സ്റേറ്റ് സെക്രട്ടറി ഹിലരി ക്ളിന്റണ്‍ സ്ഥാനത്യാഗം ചെയ്യുമെന്ന് വരെ ഒരുവേള കിംവദന്തിയുയര്‍ന്നു. വിക്കിലീക്സ് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാനും രാഷ്ട്രീയ നേതാക്കളെ വിശദീകരണങ്ങള്‍ കൊണ്ട് തൃപ്തിപ്പെടുത്താനും ജാഗ്രത കൈക്കൊള്ളണമെന്ന് ലോകമെങ്ങുമുള്ള നയതന്ത്ര കാര്യാലയങ്ങള്‍ക്ക് അമേരിക്ക നിര്‍ദേശം നല്‍കി. ഇനിയൊരറിയിപ്പുവരെ നയതന്ത്ര ഉദ്യോഗസ്ഥന്മാര്‍ക്ക് അവധി നിഷേധിച്ചിരിക്കുകയാണ്. അവധിയിലുള്ളവര്‍ അത് റദ്ദാക്കി ഉടനടി ജോലിയില്‍ പ്രവേശിക്കാന്‍ ഉത്തരവിട്ടു. ഒപ്പം വിക്കിലീക്സിന്റെ വായടക്കാനുള്ള തന്ത്രങ്ങള്‍ ആരായുന്നുമുണ്ട്. ഒരു മാനഭംഗ കേസിന്റെ പേരില്‍ ജൂലിയന്‍ അസാഞ്ച് അറസ്റ് ചെയ്യപ്പെട്ടത് അതിന്റെ ഭാഗമാണെന്ന സംശയം പ്രബലമാണ്. ഇതിലപ്പുറം ഒന്നും നടന്നിട്ടില്ല. നടക്കുമെന്നു തോന്നുന്നുമില്ല.
ഇറാഖ്-അഫ്ഗാന്‍ സിവിലിയന്മാരെ അമേരിക്കന്‍ പട്ടാളം മൃഗീയമായി കൊന്നൊടുക്കിയ ദൃശ്യങ്ങള്‍, അതിനനുവാദം നല്‍കിയ അധികാരികളെ യുദ്ധക്കുറ്റവാളികളായി കണ്ട് അന്താരാഷ്ട്ര കോടതിയില്‍ വിചാരണാവിധേയരാക്കണമെന്നാവശ്യപ്പെടാന്‍ മതിയായ തെളിവുകളാണ്. പക്ഷേ, ആരും അതാവശ്യപ്പെടുന്നില്ല. അമേരിക്കയുടെ അധാര്‍മികമായ രഹസ്യ ഇടപെടലുകള്‍ക്കും ഉപജാപങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും ഇരയായ രാഷ്ട്രങ്ങളൊന്നും ആ രാജ്യവുമായുള്ള ബന്ധം പുനഃപരിശോധിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു പോലുമില്ല. വിക്കിലീക്സിന്റെ വെളിപ്പെടുത്തലുകളില്‍ വിശ്വാസമില്ലാത്തതല്ല ഇതിന്റെ കാരണം. ബന്ധപ്പെട്ട രാജ്യങ്ങളോ സമുദായങ്ങളോ സംഘടനകളോ സ്ഥാപനങ്ങളോ നേതാക്കളോ- നമ്മുടെ രാഹുല്‍ ഗാന്ധിയടക്കം- വിക്കി ലീക്കാക്കിയ വിവരങ്ങള്‍ നിഷേധിച്ചിട്ടില്ല. അമേരിക്കന്‍ നെറികേടുകള്‍ക്കു നേരെ വിരല്‍ചൂണ്ടാന്‍ ഒറ്റപ്പെട്ട രാജ്യങ്ങള്‍ എന്നല്ല, ഐക്യരാഷ്ട്ര സഭ പോലും ധൈര്യപ്പെടുന്നില്ല എന്നതാണ് കാര്യം.
വാസ്തവത്തില്‍ വിക്കിലീക്സ് വെളിപ്പെടുത്തിയത് പുതിയ വിവരങ്ങളല്ല. ലോകം നേരത്തെ മനസ്സിലാക്കിയ വിവരങ്ങള്‍ക്ക് അനിഷേധ്യമായ തെളിവുകള്‍ കാണിച്ചുതരികയാണവര്‍ ചെയ്തത്. ഞങ്ങള്‍ മാനുഷിക മൂല്യങ്ങളാല്‍ പ്രചോദിതരായിട്ടാണിത് ചെയ്യുന്നതെന്ന് വിക്കിലീക്സ് മേധാവികള്‍ പറയുന്നുണ്ടെങ്കിലും അവഗണിക്കാനാവാത്ത ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വെളിപ്പെടുത്തിയവയില്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കോ അവര്‍ നയിച്ചുവരുന്ന പരിപാടികള്‍ക്കോ യഥാര്‍ഥത്തില്‍ ഹാനികരമായ വിവരങ്ങളൊന്നും കാണാത്തതെന്തുകൊണ്ട്? പശ്ചിമേഷ്യന്‍ രാജ്യങ്ങളെക്കുറിച്ചും നേതാക്കളെക്കുറിച്ചും ധാരാളം വിവരങ്ങളുണ്ടെങ്കിലും ഇസ്രയേലിനെയും അതിന്റെ നേതാക്കളെയും കുറിച്ച് ഒരു വിവരവുമില്ലാതെ പോയതെന്തേ? വിക്കിലീക്സ് ഇസ്രയേലുമായി ധാരണയിലെത്തിയെന്നും അവരുടെ രഹസ്യങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ പണം പറ്റിയെന്നും ഉള്ള റിപ്പോര്‍ട്ടുകളുടെ സത്യാവസ്ഥയെന്താണ്?
വേള്‍ഡ് ട്രേഡ് സെന്റര്‍ സ്ഫോടനത്തെത്തുടര്‍ന്ന് അമേരിക്ക മൃഗീയമായ പ്രതികാര നടപടികളിലേര്‍പ്പെടുകയും അതുല്യവും അഭേദ്യവുമായ സുരക്ഷാ സംവിധാനങ്ങളാവിഷ്കരിക്കുകയും ചെയ്തു. എങ്കിലും ആ സംഭവത്തിനു പിന്നില്‍ അമേരിക്ക തന്നെയാണോ എന്ന സംശയം നാള്‍ക്കുനാള്‍ തിടം വെച്ചുവരികയാണ്. വിക്കിലീക്സ് വെളിപ്പെടുത്തലുകള്‍ അങ്കിള്‍ സാമിന്റെ പുതിയ കളിയാണെന്ന ഇറാന്‍ പ്രസിഡന്റിന്റെയും ഫലസ്ത്വീനിലെ ഹമാസിന്റെയും നിലപാട് ഈ സാഹചര്യത്തില്‍ അനായാസം തള്ളിക്കളയാനാവില്ല. അങ്ങനെയെങ്കില്‍ ഈ വെളിപ്പെടുത്തലിനു പിന്നിലും അമേരിക്കക്ക് എന്തെങ്കിലും പദ്ധതി നടപ്പിലാക്കാനുണ്ടാവും. അതെന്തായാലും വിക്കിലീക്സിലൂടെ വായിച്ചെടുക്കാവുന്ന ഒരു സന്ദേശമിതാണ്: അമേരിക്കന്‍ നയതന്ത്ര കാര്യാലയങ്ങളും ചാരന്മാരും അവരുടെ ജോലി നന്നായി ചെയ്യുന്നുണ്ട്. അമേരിക്കകത്തുള്ള സകല ജനങ്ങളും സൂക്ഷിച്ചുകൊള്ളുക. വല്ല്യേട്ടന്‍ എല്ലാം കാണുന്നു, കേള്‍ക്കുന്നു. അനുസരണക്കേട് കാട്ടുന്നവര്‍ ശിക്ഷിക്കപ്പെടുകതന്നെ ചെയ്യും- ഇറാഖും അഫ്ഗാനും ശിക്ഷിക്കപ്പെട്ടതുപോലെ.


 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly