ഇന്ത്യയില്‍ കുറച്ചുകാലമായി വാദകോലാഹലങ്ങള്‍ക്ക് വഴിവെച്ച പ്രശ്നമാണ് ഇന്ത്യന്‍ ശരീഅത്ത് ആക്ട്, അഥവാ 'മുഹമ്മദന്‍ലാ'. ഇന്ത്യന്‍ നിയമവ്യവസ്ഥയിലെ 'ശരീഅത്തും' യഥാര്‍ഥ ഇസ്ലാമിക ശരീഅത്തും തമ്മിലുള്ള ബന്ധം പക്ഷെ പലര്‍ക്കും അറിഞ്ഞുകൂടാ, എന്നാലും അതെപ്പറ്റി അഭിപ്രായ പ്രകടനങ്ങള്‍ നിരങ്കുശമായി നടന്നു വരുന്നു. 'ശരീഅത്ത് നിയമത്തിന്റെ ഖണ്ഡികകള്‍ ഭേദഗതി ചെയ്യണ' മെന്നും 'തൊട്ടുപോകരുതെ' ന്നും വ്യത്യസ്ത വിഭാഗങ്ങള്‍ നിവേദനങ്ങള്‍ സമര്‍പ്പിക്കുന്നു. ഇതിന്നിടയില്‍ മുസ്ലിം സാധാരണക്കാരന്‍ തികച്ചും ആശയക്കുപ്പത്തിലായിരിക്കയാണ്.
ഇവ്വിഷയകമായി നിയമശാസ്ത്രത്തില്‍ പ്രാവീണ്യവും മതവിജ്ഞാനീയങ്ങളില്‍ പാണ്ഡിത്യവുമുള്ള പ്രഗത്ഭന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു സിംപോസിയമാണിവിടെ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ പ്രകാശിതമാവുന്ന അഭിപ്രായങ്ങള്‍ പത്രത്തിന്റേയോ, ജമാഅത്തെ ഇസ്ലാമിയുടേയോ അഭിപ്രായങ്ങളല്ല. ഒരു ചര്‍ച്ച എന്ന നിലയില്‍ ഇവിടെ പ്രകടമാക്കിയ വീക്ഷണങ്ങള്‍ മാത്രമേ സത്യമാകാവൂ എന്ന് അതുന്നയിച്ചവര്‍ക്കുപോലും അഭിപ്രായമുണ്ടാവുമെന്ന് തോന്നുന്നുമില്ല. എങ്കിലും പ്രശ്നമെന്താണെന്ന് മനസ്സിലാക്കാനും അതിന്റെ പരമഹാര മാര്‍ഗങ്ങളെക്കുറിച്ചു കൂടുതല്‍ ചിന്തിക്കാനും ഈ സിംപോസിയം ഉപകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. (പ്ര.പ)