അടിയന്തരാവസ്ഥയുടെ ഭീകരത വെളിപ്പെടുന്ന നിരവധി ആവിഷ്‌കാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആ കിരാത വാഴ്ചയുടെ 35-ാം വാര്‍ഷികമാണ് ഈയിടെ നാം ഓര്‍ത്തത്. എന്നാല്‍ അതിന്റെ പുതിയ ഭാവങ്ങളും വേഷപ്പകര്‍ച്ചകളും ആരെയും അസ്വസ്ഥരാക്കുന്നില്ല. പൗരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട് തടവറകളിലും പുറത്തും കഴിയുന്ന പതിനായിരങ്ങള്‍ അക്കാര്യം നമ്മെ നിരന്തരമായി ഓര്‍മപ്പെടുത്തുന്നുണ്ടെങ്കിലും അത് അവരവരുടെ വിധിയായും കര്‍മഫലമായും കണ്ട് നാം നിസ്സംഗരായി കഴിഞ്ഞു കൂടുന്നു. ഒരാള്‍ വിചാരണത്തടവുകാരനായാല്‍ അയാളുടെ പേരില്‍ ആര്‍ക്കും എന്തും പറയാം. അയാള്‍ പറഞ്ഞെന്ന് പറഞ്ഞ് ആരെയും വേട്ടയാടാം. നേരത്തെ സ്‌ക്രിപ്റ്റില്‍ എഴുതിവെച്ച ഡയലോഗുകള്‍ അയാളെക്കൊണ്ട് പറയിപ്പിക്കാം. ഒറ്റ നിബന്ധന, കാര്യങ്ങള്‍ തങ്ങള്‍ വരച്ച വരയില്‍ എത്തുന്നതിന് മുമ്പ് അയാള്‍ മാധ്യമങ്ങളോട് സംസാരിക്കരുത്. അങ്ങനെയാണ് ചിലര്‍ക്കെതിരെ 'ജാമ്യമില്ലാ വാറണ്ട്' വരുന്നത്. പക്ഷേ അതിന് മുമ്പ് തന്നെ സ്‌ക്രിപ്റ്റിന് വിരുദ്ധമായി മാധ്യമങ്ങളോട് യാഥാര്‍ഥ്യം പറഞ്ഞാല്‍ എന്തു ചെയ്യും! അത്തരമൊരു അവസരം സൃഷ്ടിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അതിഗുരുതരമായ വീഴ്ച വരുത്തിയതിന്റെ പേരില്‍ അന്വേഷണം നടത്തുക തന്നെ.
ഈ ഭീതിയുടെ അന്തരീക്ഷത്തിന് എഴുപത്തഞ്ചിലെ അടിയന്തരാവസ്ഥയില്‍നിന്ന് എത്ര ദൂരമുണ്ടെന്ന് അളക്കുകയാണ് സകരിയ്യ വളാഞ്ചേരിയുടെ റിവോള്‍വ് എന്ന ഷോര്‍ട്ട് ഫിലിം. അടിയന്തരാവസ്ഥ കാലത്ത് ജീവിച്ച ഒരു പത്രപ്രവര്‍ത്തക യുവാവിനെ വേട്ടയാടുന്ന പോലീസ് ഭീകരത നന്നായി ചിത്രീകരിക്കുന്നുണ്ട്.
തുടര്‍ന്നുള്ള ഭാഗങ്ങള്‍ സമകാലികമാണ്. കോളേജില്‍ പഠനത്തിന്റെ ഭാഗമായി സബ്മിറ്റ് ചെയ്യേണ്ട വിഷയമായി തെരഞ്ഞെടുക്കുന്നത് അടിയന്തരാവസ്ഥ കാലത്ത് മരണപ്പെട്ട ഒരു പത്ര പ്രവര്‍ത്തകന്റെ ജീവിതമാണ്. ഉയര്‍ന്നു നില്‍ക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളും ലാപ്‌ടോപ്പിലുള്ള ചാറ്റിംഗും മൊബൈലും കോളയുമെല്ലാം പുതിയ കാലത്തെ പകര്‍ത്തിവെക്കുന്നുണ്ട്.
പഠനത്തിന്റെ ഭാഗമായി പത്രപ്രവര്‍ത്തകന്‍ താമസിച്ചിരുന്ന പഴയ കെട്ടിടത്തിലേക്ക് വിദ്യാര്‍ഥി എത്തുന്നു. പഴയ ഡയറിക്കുറിപ്പുകള്‍ പരിശോധിക്കുന്നതിനിടയിലാണ് ഒരു കത്ത് കാണുന്നത്. അഫ്ഗാനിലുള്ള തന്റെ സുഹൃത്തിന് പത്രപ്രവര്‍ത്തകന്‍ എഴുതിവെച്ച കത്തായിരുന്നു അത്. പത്രപ്രവര്‍ത്തകനെ കുറിച്ച് അഫ്ഗാനിലെ സുഹൃത്തില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ വിദ്യാര്‍ഥി അതില്‍ കണ്ട വിലാസത്തില്‍ തന്നെ അത് പോസ്റ്റ് ചെയ്തു. ഒരാളെ ഭീകരവാദിയാക്കാന്‍ മറ്റു തെളിവുകളൊന്നും ഇനി ആവശ്യമില്ല. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിന്റെ സഹായത്തോടെ 'പ്രതി'യുടെയും പ്രതിയുമായി സാമ്യമുള്ള 'ഭീകരരുടെയും' ചിത്രമുണ്ടാക്കി, മുഖം മൂടിയിട്ട പ്രതിയുടെ മുന്നിലേക്ക് 'ഭീകരന്റെ' ചിത്രം പ്രിന്റൗട്ട് വരുന്നതോടെ ചിത്രം പൂര്‍ണമാവുന്നു.
എസ്.ഐ.ഒ സംവേദനവേദി പുറത്തിറക്കിയ 'റിവോള്‍വ്' തിരുവനന്തപുരത്ത് നടന്ന മൂന്നാമത് ഇന്റര്‍നാഷ്‌നല്‍ ഡോക്യുമെന്ററി ആന്റ് ഷോട്ട് ഫിലിം ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് നേടുകയും ചെയ്തിട്ടുണ്ട്. ദല്‍ഹിയില്‍ നടന്ന ഇന്ത്യാ ഇന്റര്‍നാഷ്‌നല്‍ യൂത്ത് ഫിലിം ഫെസ്റ്റിവെലിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.