പ്രപഞ്ച സൃഷ്ടി മഹാ സ്‌ഫോടനത്തില്‍നിന്നാണെന്നാണ് ശാസ്ത്ര നിഗമനം. അതിന്റെ ഒരു പുനരാവിഷ്‌കരണ പരീക്ഷണമാണല്ലോ സ്വിറ്റ്‌സര്‍ലന്റില്‍ നടക്കുന്നത്. കാരണത്തെപ്പറ്റി Cosmic mind എന്നും ഇപ്പോള്‍ ദൈവകരണമെന്നുമൊക്കെ പറഞ്ഞുവരുന്നു. ഇതു സംബന്ധമായ പല തത്ത്വശാസ്ത്രങ്ങളുമുണ്ട്. പില്‍ക്കാലത്തുണ്ടായ സല്‍കാര്യവാദം (കാരണത്തില്‍ തന്നെ കാര്യം നിലീനമായിരിക്കുന്നു എന്ന സിദ്ധാന്തം), അസല്‍കാര്യവാദം (കാരണത്തില്‍ കാര്യം നിലീനമായിരിക്കുന്നില്ല) തുടങ്ങിയ താര്‍ക്കിക സിദ്ധാന്തങ്ങളും ഈശ്വരന്‍തന്നെയാണ് സര്‍വവും ഈശ്വരന്‍ സ്വയം ജീവനും ജഗത്തും സര്‍വവുമായിത്തീര്‍ന്നിരിക്കുന്നു എന്ന് പറയുന്ന ഉപനിഷത്ത് സിദ്ധാന്തവും നിലവിലുണ്ട്.
'അഹ'ത്തിന്റെ പ്രാദുര്‍ഭാവമാകുന്ന വിധ്യാത്മക വസ്തു സംഭവിക്കുന്നു. അഹങ്കാരം ഉണ്ടായിക്കഴിഞ്ഞാലുടന്‍ അതിനോട് സഹസംബന്ധമായി അനഹങ്കാരം കൂടിയേ കഴിയൂ. അഹം അനഹത്തെ നേരിടുന്നു. എന്നില്‍നിന്ന് ഭിന്നമല്ലാത്ത ഒന്നിനെപ്പറ്റി ബോധമില്ലാത്ത അഹം (ഞാന്‍) വെറുമൊരു മൂര്‍ത്ത സങ്കല്‍പമായേ ഇരിക്കൂ. വേറൊന്നുമില്ലെങ്കില്‍ ഞാനുമില്ല. സ്വന്തം സത്തയുടെ ഉപാധിയെന്ന നിലയില്‍ അനഹം കൂടാതെ കഴിയുകയില്ല അഹത്തിന്. ചുരുക്കത്തില്‍ ഈശ്വരന്‍ ചരാചര പ്രപഞ്ചത്തെ സൃഷ്ടിക്കുമ്പോള്‍ മാത്രമാണ്, ഈശ്വരാസ്തിത്വത്തെക്കുറിച്ചുള്ള ചരാചര പ്രപഞ്ചം നിലവില്‍ വരികയുള്ളൂ. ഇത്തരം തത്ത്വശാസ്ത്രങ്ങള്‍ നിലവിലുണ്ട്. പ്രപഞ്ച സൃഷ്ടിയെ സംബന്ധിച്ച് വേദങ്ങള്‍ എന്തു പറയുന്നു? വിശുദ്ധ ഖുര്‍ആനില്‍ പ്രപഞ്ച സൃഷ്ടിയെ സംബന്ധിച്ചുള്ള സൂക്തങ്ങളില്‍ ചിലത് ഇവിടെ കുറിക്കുന്നു: ''ആകാശ ഭൂമികളെ മാതൃകയില്ലാതെ സൃഷ്ടിച്ചവനാണവന്‍. ഒരു കാര്യം വിധിച്ചാല്‍ അതിനോടവന്‍ പറയും' ഉണ്ടാവുക'. അപ്പോള്‍ അതുണ്ടാകും'' (ഖുര്‍ആന്‍ 2:117).
സ്രഷ്ടാവും സൃഷ്ടിയും ഒന്നല്ലെന്നും സ്രഷ്ടാവിന് തുല്യമായി യാതൊന്നുമില്ലെന്നുമാണ് ഇസ്‌ലാമിന്റെ അടിസ്ഥാന ദര്‍ശനം. ദൈവിക സത്ത വിരിഞ്ഞുനില്‍ക്കുന്നതാണ് ഈ പ്രപഞ്ചമെന്ന അദൈ്വത ദര്‍ശനത്തെ ഇസ്‌ലാം നിരാകരിക്കുന്നു. പ്രപഞ്ചം ഒരേകകമാണ്; സൃഷ്ടി കര്‍ത്താവിന്റെ കുറ്റമറ്റ ന്യായ പ്രമാണത്തിന്റെയും കൃത്യമായ ആസൂത്രണത്തിന്റെയുംഘടനാവിശേഷത്തിന്റെയും ഏകകം. പ്രപഞ്ചം ഒന്നാകെ തന്റെ നാഥനിലേക്ക് തിരിഞ്ഞു നില്‍ക്കുന്നു. ഭവിക്കട്ടെ എന്ന് പറഞ്ഞപ്പോള്‍ ഉണ്‍മയായി ഭവിച്ച ഈ പ്രപഞ്ചം, സൃഷ്ടി പ്രപഞ്ചത്തില്‍നിന്ന് വേറിട്ട് നില്‍ക്കുന്ന ഒരു സ്രഷ്ടാവിനെപ്പറ്റി പറയുന്നു. ഒരു ഉപനിഷത്ത് സൂക്തം കാണുക:
സവൃക്ഷകാലാകൃതിഭിഃ പരോക്ഷന്യോ
യസ്മാത് പ്രപഞ്ചഃ പരിവര്‍ത്തതേക്ഷയം
ധര്‍മാവഹം പാപനുഭം ഭഗേശം
ജ്ഞാത്വാത്മ സ്ഥമമൃതം വിശ്വധാമ
(ഈ പ്രപഞ്ചം യാതൊരുവന്‍ മൂലമുണ്ടായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവോ ആ ഈശ്വരന്‍ പ്രപഞ്ചരൂപമായ വൃക്ഷത്തില്‍നിന്നും കാലത്തില്‍നിന്നും ആകൃതികളില്‍നിന്നും അതീതനും അന്യനുമാകുന്നു. ധര്‍മനിര്‍വഹകനും പാപനാശതനും ഐശ്വര്യനാഥനും വിശ്വത്തിന്നാധാരവും ശാശ്വതനും ഹൃദയസ്ഥിതനുമായ ആ ദേവനെ അറിഞ്ഞിട്ട് ആ പരമാത്മാവിനെ സാക്ഷാത്കരിക്കുന്നു- ശ്വേതാശ്വതരോപനിഷത്ത്, അധ്യായം 6 സൂക്തം 6).
''ആറു ദിവസങ്ങളിലായി ആകാശഭൂമികളെ സൃഷ്ടിച്ച അല്ലാഹുവാണ് നിങ്ങളുടെ നാഥന്‍. എന്നിട്ടവന്‍ സിംഹാസനത്തിലേറി. അവന്‍ രാവുകൊണ്ട് പകലിനെ മൂടുന്നു. അത് തിരക്ക് പിടിച്ചുകൊണ്ടതിനെ അന്വേഷിക്കുന്നു. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്നിവയെയും തന്റെ കല്‍പനക്ക് വിധേയമാക്കിയാണവന്‍ സൃഷ്ടിച്ചിരിക്കുന്നത്. അറിയുക! സൃഷ്ടിക്കലും നിയന്ത്രണവും അല്ലാഹുവിനുള്ളതാണ്. ലോകനാഥനായ അല്ലാഹു അനുഗ്രഹീതന്‍ തന്നെ'' (ഖുര്‍ആന്‍ 7:54).
മേല്‍ പറഞ്ഞ ആറു ദിവസങ്ങള്‍ എന്നത് ആറു ഘട്ടങ്ങളാണ്. പ്രപഞ്ചം നിലവില്‍ വരുന്നതിന് മുമ്പ് അഥവാ ഭൂമിയും സൂര്യനും ചന്ദ്രനും രൂപപ്പെടുന്നതിന്റെ മുമ്പുള്ള ദിനങ്ങള്‍. ഏതായാലും നാം കണക്കാക്കി വരുന്ന ദിവസങ്ങളല്ല.
''ചോദിക്കുക, രണ്ട് ദിവസങ്ങളിലായി ഭൂമിയെ സൃഷ്ടിച്ച അല്ലാഹുവിനെ നിങ്ങള്‍ നിഷേധിക്കുകയും അവന് സമന്മാരെ ഉണ്ടാക്കുകയുമാണോ ചെയ്യുന്നത്. അവന്‍ ലോകനാഥനാകുന്നു'' (ഖുര്‍ആന്‍ 41:9).
''ഭൂമിയില്‍ അതിന്റെ ഉപരിതലത്തില്‍ ഉറച്ച പര്‍വതങ്ങളെ സ്ഥാപിക്കുകയും അതില്‍ അനുഗ്രഹം ചൊരിയുകയും നാലു ദിവസങ്ങളിലായി ആഹാര വിഭവങ്ങള്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്തു. അന്വേഷകര്‍ക്ക് കൃത്യമായിട്ടാണിതെല്ലാം ചെയ്തിട്ടുള്ളത്. പിന്നീടവന്‍ ആകാശത്തിലേക്ക് തിരിഞ്ഞു. അത് ധൂമം ആയിരുന്നു. എന്നിട്ട് അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: ''നിങ്ങള്‍ രണ്ടും അനുസരിച്ച് കൊണ്ടോ നിര്‍ബന്ധിതമായോ വരുക.'' അവ രണ്ടും പറഞ്ഞു: ''ഞങ്ങള്‍ അനുസരിച്ചുകൊണ്ട് തന്നെയിതാ വന്നിരിക്കുന്നു.'' അങ്ങനെ രണ്ട് ദിവസങ്ങളിലായി അല്ലാഹു അവയെ ഏഴാകാശങ്ങളാക്കിത്തീര്‍ക്കുകയും ഓരോ ആകാശത്തിലും അതതിന്റെ കാര്യം അറിയിച്ച് കൊടുക്കുകയും ചെയ്തു. (ഭൂമിയോട്) ഏറ്റവും അടുത്ത ആകാശത്തെ ചില വിളക്കുകള്‍ (നക്ഷത്രങ്ങള്‍) കൊണ്ട് നാം അലങ്കരിക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്തു. അജയ്യനും സര്‍വജ്ഞനുമായ അല്ലാഹുവിന്റെ നിര്‍ണയമാണത് (ഖുര്‍ആന്‍ 41:10-12).
ഭൂമിയെ സൃഷ്ടിക്കാനെടുത്ത രണ്ട് ദിവസങ്ങളും അതില്‍ പര്‍വതങ്ങള്‍ സ്ഥാപിക്കാനും ആഹാരം സംവിധാനിക്കാനും അനുഗ്രഹം ചൊരിയാനുമെടുത്ത രണ്ട് ദിവസങ്ങളും ചേര്‍ന്നുള്ള നാലു ദിവസങ്ങളെ എങ്ങനെയാണ് നാം തിട്ടപ്പെടുത്തുക? തീര്‍ച്ചയായും ആ ദിവസങ്ങള്‍ അല്ലാഹുവിന്റേതാണ്. അവന് മാത്രമേ അതിന്റെ ദൈര്‍ഘ്യം അറിയൂ. ഭൂമിയിലിരുന്നുകൊണ്ട് കണക്ക് കൂട്ടുന്ന ദിവസങ്ങളല്ല അത്. ഭൂമിയുടെ ദിവസങ്ങളെന്ന് പറയുന്നത് ഭൂമി പിറവിയെടുത്തതിനു ശേഷം പുതുതായി രൂപകല്‍പന ചെയ്യപ്പെട്ട കാലഗണം മാത്രമാണ്. സ്വന്തം അച്ചുതണ്ടില്‍ ഭൂമി ഒരു പ്രാവശ്യം കറങ്ങുന്നതിനെടുക്കുന്ന സമയ ദൈര്‍ഘ്യത്തെയാണ് ഒരു ദിവസമെന്ന് കണക്കാക്കുന്നത്. ഭൂമിക്കുള്ളതുപോലെ ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും അവയുടേതായ ദിവസങ്ങളുണ്ട്. ഭൂമിയുടെ ദിവസങ്ങളെയപേക്ഷിച്ച് അവയുടെ ദിവസങ്ങള്‍ ദൈര്‍ഘ്യമേറുകയോ കുറയുകയോ ചെയ്യാം. ഭൂമിയെ സൃഷ്ടിക്കാനും അതില്‍ പര്‍വതങ്ങളെ സ്ഥാപിക്കാനും ആഹാരം സംവിധാനിക്കാനുമായി എടുത്ത ദിവസങ്ങള്‍ നമുക്കജ്ഞാതമായ മാനദണ്ഡങ്ങളോടു കൂടിയ ദിവസങ്ങളാകാനാണ് സാധ്യത. നമുക്ക് സുപരിചിതമായ ദിവസങ്ങളെയപേക്ഷിച്ച് ദൈര്‍ഘ്യമേറിയ ദിവസങ്ങളാണ് അവയെന്നതില്‍ സംശയമില്ല. നാം സ്വായത്തമാക്കിയ ശാസ്ത്രജ്ഞാനം വെച്ചു നോക്കുമ്പോള്‍ പ്രസ്തുത ദിവസങ്ങളെ സംബന്ധിച്ച് നമുക്ക് വിഭാവനം ചെയ്യാവുന്നത് ഇത്രമാത്രം: ജീവജാലങ്ങള്‍ക്ക് കഴിഞ്ഞുകൂടാനും സഹവസിക്കാനും സാധ്യമാവുംവിധം ഭൂമിയെ പാകപ്പെടുത്താനെടുത്ത കാലം. ശാസ്ത്രീയ കണക്ക് പ്രകാരം രണ്ടായിരം മില്യന്‍ വര്‍ഷങ്ങളാണ് അതിന് വേണ്ടിവന്നത്. പാറകളെ കുറിച്ചുള്ള പഠനത്തെ അവലംബിച്ചു നടത്തിയ ശാസ്ത്രീയമായ വെറും നിഗമനങ്ങള്‍ മാത്രമാണിത്. നാം അവലംബിക്കേണ്ടത് വിശുദ്ധ ഖുര്‍ആനെയാണ്. ശാസ്ത്രീയ നിഗമനങ്ങളെ അന്തിമ സത്യമായി നാം പരിഗണിക്കേണ്ടതില്ല.
ശാസ്ത്രത്തിന്റെ അഭിപ്രായം സൂര്യനെ പോലെ ഭൂമിയും സ്‌ഫോടനാത്മകമായൊരവസ്ഥയില്‍ ഉരുകിക്കൊണ്ടിരുന്ന ഒരു ഗോളമായിരുന്നു എന്നാണ്. പ്രവചനാതീതമായ കാരണത്താല്‍, സൂര്യനില്‍നിന്നും പൊട്ടിപ്പിളര്‍ന്നു പോയ ഒരു കഷ്ണമാണ് ഭൂമിയെന്ന മറ്റൊരു വീക്ഷണമുണ്ട്. ഉപരിതലം തണുക്കാനും ഘനീഭവിക്കാനും ഭൂമിക്ക് പിന്നീട് വളരെകാലം വേണ്ടിവന്നു. ഭൂമിയുടെ അധോതലം ചൂടിന്റെ കാഠിന്യത്താല്‍ ഇപ്പോഴും ദ്രവീകരണാവസ്ഥയിലാണെന്നു പറയപ്പെടുന്നു. ഉപരിതലം തണുത്തതോടെ ഭൂമി ഉറക്കുകയും ഘനീഭവിക്കുകയും ചെയ്തു. ആദ്യത്തില്‍ ഭൂമി കടുത്തുറച്ച പാറയായിരുന്നു; മേല്‍ക്കുമേല്‍ അടുക്കിവെച്ച പാറകളുടെ സംഘാതം. പിന്നെ ഹൈഡ്രജനും ഓക്‌സിജനും 2:1 എന്ന അനുപാതത്തില്‍ ഭൂമിയില്‍ സമുദ്രങ്ങളുണ്ടായി. ഭൂമിക്ക് മുകളിലെ പാറകളെ ചിന്നഭിന്നമാക്കാനും ധൂളികളാക്കി അവയെ വഹിച്ചുകൊണ്ട് പോയി ഭിന്ന സ്ഥലങ്ങളില്‍ വിതറാനും വായുവും വെള്ളവും പരസ്പരം സഹായിച്ചു. അങ്ങനെയാണിവിടെ കൃഷിയോഗ്യമായ മണ്ണുണ്ടായത്. പര്‍വതങ്ങളെയും കുന്നിന്‍പുറങ്ങളെയും തകര്‍ത്തെറിഞ്ഞ് ഗര്‍ത്തങ്ങള്‍ നിറക്കാനും അതുപോലെ വായുവും പരസ്പരം സഹകരിച്ചു. അങ്ങനെ നിര്‍മാണത്തിന്റെയോ സംഹാരത്തിന്റെയോ പാടുകളില്ലാത്ത യാതൊന്നും ഭൂമിയില്‍ കാണാതായി (ഡോ. അഹ്മദ് സക്കിയുടെ അല്ലാഹുവിനോടൊപ്പം ആകാശത്ത് എന്ന കൃതിയില്‍നിന്ന്, ഫീ ളിലാലില്‍ ഖുര്‍ആന്‍).
ഋഗ്വേദത്തിലെ പ്രപഞ്ചം കാണുക, ''ജലം, വായു എന്നിവയെ ആത്യന്തിക ഘടകങ്ങളായി കണക്കാക്കുകയും അവയില്‍ നിന്നാണ് പ്രപഞ്ചത്തിന്റെ വൈവിധ്യമുളവാകുകയും ചെയ്തതെന്ന് കരുതുകയും ചെയ്തു. ജലം കാലത്തിന്റെയോ (സംവത്സരത്തിന്റെ) കാമത്തിന്റെയോ ബുദ്ധി അഥവാ, പുരുഷന്റെയോ തപസ്സ് അഥവാ ഊഷ്മാവിന്റെയോ ശക്തി നിമിത്തം പ്രപഞ്ചമായി വികസിക്കുന്നു'' എന്ന് പറയപ്പെട്ടിരിക്കുന്നു.1
''ജലമുണ്ടായത് രാത്രി അഥവാ വ്യവസ്ഥാ ശൂന്യതയില്‍നിന്നോ തമസ്സില്‍ നിന്നോ, വായുവില്‍ നിന്നോ ആണെന്ന്'' ചിലേടത്ത് പറഞ്ഞിട്ടുണ്ട്. 2
ദശമണ്ഡലത്തിലെ 72-ാം സൂക്തത്തില്‍ ലോകത്തിന്റെ പ്രഭവം അസത്ത (ഇല്ലാത്തത്) ആണെന്ന് പറഞ്ഞിരിക്കുന്നു. അസത്തും അദിതിലും (അമേയത) ഒന്നാണെന്നും പറഞ്ഞിരിക്കുന്നു. സത്തായതെല്ലാം ദിതി അഥവാ സീമിതം ആകുന്നു. അദിതി അഥവാ നിസ്സീമം അസത്തുമാകുന്നു. നിസ്സീമത്തില്‍നിന്ന് പ്രപഞ്ചശക്തി ഉളവാകുന്നു. ചിലേടത്ത് പ്രപഞ്ചശക്തിയില്‍ നിന്നാണ് നിസ്സീമം ഉളവായതെന്ന് പറഞ്ഞിട്ടുണ്ട്.3
ദശമണ്ഡലത്തിലെ 121-ാമത്തെ സൂക്തത്തില്‍ ''സര്‍വശക്തനായ ഈശ്വരന്‍ മുമ്പേ നിലനിന്നിരുന്ന ഭൗതിക പദാര്‍ഥത്തില്‍നിന്ന് പ്രപഞ്ചത്തെ സൃഷ്ടിച്ചതിന്റെ വിവരണം കാണാം. ഹിരണ്യ ഗര്‍ഭന്‍ ആദിയില്‍ ബ്രഹ്മാണ്ഡമാകെ വ്യാപിച്ചിരുന്ന കാരണജലത്തില്‍നിന്നുളവായി. അന്നു നിലനിന്നിരുന്നത് രൂപരഹിതമായ കാരണജലം(chaos) മാത്രമായിരുന്നു. അതില്‍ നിന്ന് ഈ സുന്ദരമായ പ്രപഞ്ചത്തെ ഹിരണ്യഗര്‍ഭന്‍ വികസിപ്പിച്ചു. എന്നാല്‍ കാരണജലം ഹിരണ്യ ഗര്‍ഭനെ എങ്ങനെ ഉല്‍പാദിപ്പിച്ചു. ഹിരണ്യ ഗര്‍ഭന്റെ ഉല്‍പത്തിക്ക് കാരണമായ അജ്ഞാത ശക്തി അഥവാ വികാസ നിയമം എന്തായിരുന്നു? മനുസ്മൃതി, ഹരിവംശം, പുരാണങ്ങള്‍ എന്നിവയനുസരിച്ച് കാരണ ജലത്തെ സൃഷ്ടിച്ചത് ഈശ്വരനത്രെ.4
അപ്പോള്‍ അസത്തുണ്ടായിരുന്നില്ല. സത്തുമുണ്ടായിരുന്നില്ല ആകാശമുണ്ടായിരുന്നില്ല. അതിന്നപ്പുറത്തുള്ള വ്യോമവുമുണ്ടായിരുന്നില്ല. എന്താണ് മൂടി നിന്നത്? എവിടെ? ആരുടെ ആശ്രയത്തില്‍? (അത് കിടന്നിരുന്ന) ജലം ഗഹനമായ അഗാധത ആയിരുന്നുവോ?
''മരണമുണ്ടായിരുന്നില്ല, അതിനാല്‍ അമര്‍ത്ത്യമായ ഒന്നുമുണ്ടായിരുന്നില്ല. രാത്രിക്കും പകലിനുമിടക്ക് പ്രകാശം (വ്യത്യാസം) ഉണ്ടായിരുന്നില്ല. ആ ഒന്ന് സ്വന്തം തനിമയാല്‍ വായുവില്ലാതെ സൃഷ്ടിച്ചു. അതില്‍നിന്ന് അന്യമായി ഒന്നും ഉണ്ടായിരുന്നില്ല.''
''തമസ്സുണ്ടായിരുന്നു ആദിയില്‍. അതെല്ലാം അപ്രകാശമായ സമുദ്രമായിരുന്നു. ബീജം ഉമി കൊണ്ട് മൂടപ്പെട്ടു കിടന്നു. തപസ്സിന്റെ (ഊഷ്മാവിന്റെ) മഹിമാവു കൊണ്ട് ആ ഒന്ന് ജനിച്ചു.''
''കാമം അതിനെ ആദിയില്‍ കീഴടക്കി. മനസ്സിന് ഉണ്ടായ രേതസ്സായിരുന്നു ഈ കാമം. കവികള്‍ ഹൃദയങ്ങളില്‍ അന്വേഷിച്ചു. ബുദ്ധിശക്തി കൊണ്ട് സത്തിന് അസത്തിലുള്ള ബന്ധത്തെ കണ്ടറിഞ്ഞു.''
''ഇവയുടെ രശ്മി വിലങ്ങനെ വിതതമായിരിക്കുന്നു. അത് താഴെയായിരുന്നുവോ? അതോ മുകളിലായിരുന്നുവോ? രേതസ്സിനെ ധരിച്ചവര്‍ ഉണ്ടായിരുന്നു. മഹിമാവുകള്‍ ഉണ്ടായിരുന്നു. താഴെ സ്വധ (സ്വശക്തി) ഉണ്ടായിരുന്നു. മേലെ പ്രയതി (ഇഛാശക്തി) ഉണ്ടായിരുന്നു.''
''എവിടെ നിന്നാണ് ഈ സൃഷ്ടി ഉണ്ടായത്, ആര്‍ക്കറിയാം? ആര്‍ ഇവിടെ അത് പ്രഖ്യാപിച്ചിരിക്കുന്നു? ഈ സൃഷ്ടി ഉണ്ടായതിന് ശേഷമാണ് ദേവന്മാര്‍ ഉണ്ടായത്. ആ നിലക്ക് ഇത് എവിടെ നിന്നുണ്ടായി എന്നാര്‍ക്കറിയാം.''
''അദ്ദേഹം ഇതിനെ ഉണ്ടാക്കിയെങ്കിലാകട്ടെ, ഉണ്ടാക്കിയില്ലെങ്കിലാകട്ടെ ഈ സൃഷ്ടി ആരില്‍നിന്നുളവായോ, പരമമായ വ്യോമത്തിലുള്ള ഇതിന്റെ ആ അധ്യക്ഷന്‍ (പരമോന്നത ദര്‍ശകന്‍) ഇതിനെ അറിയുന്നുണ്ട്. അദ്ദേഹം പോലും ഇതിനെ അറിയില്ല എന്നുണ്ടോ?''5
പുരുഷന്‍, പ്രകൃതി എന്നീ രണ്ട് തത്ത്വങ്ങളെ മാത്രം വിഷയീകരിക്കുന്ന സൂക്തങ്ങളുണ്ട്. വിശ്വകര്‍മാവ് ദേവതായുള്ള 5-ഉം 6-ഉം മന്ത്രങ്ങളില്‍ സമുദ്രത്തിലെ ജലം പ്രഥമമായ ഗര്‍ഭം ധരിച്ചിരിക്കുന്നതായി പറയപ്പെട്ടിരിക്കുന്നു. അവ്യവസ്ഥിത തത്ത്വമാകുന്ന കാരണ ജലത്തി(രവമീ)െല്‍ പൊന്തിക്കിടക്കുന്ന ബ്രഹ്മാണ്ഡമാണ് പ്രഥമ ഗര്‍ഭം. ജീവപ്രപഞ്ചത്തിന്റെ തത്ത്വവും പ്രപഞ്ചത്തില്‍ ആദ്യമായി പിറന്നവനും ഭൂമിയുടെ സ്രഷ്ടാവും സംവിധായകനും ആയ വിശ്വകര്‍മാവ് ഉണ്ടായത് ഈ ഗര്‍ഭത്തില്‍നിന്നാണ്. ഗ്രീക്കുകാര്‍ 'രവമീ'െ എന്ന് വിവരിക്കുന്നതേതോ അനന്തമായ ഇഛാശക്തി രൂപരഹിതമായ ശൂന്യത എന്ന ഉല്‍പത്തി പുസ്തകം ഏതിനെ വിവരിക്കുന്നവോ അത് തന്നെയാണ് പ്രഥമ ഗര്‍ഭത്തെ ധരിച്ച ജലം, കാമം, ഇഛാശക്തി. ആത്മാവബോധം, മനസ്സ്, വാക്ക് ഇവയെല്ലാം അമേയമായ ചിഛക്തിയുടെ ഗുണങ്ങളത്രെ. ഈ ചിഛക്തി തന്നെയാണ് ജലങ്ങളുടെ മുകളില്‍ പൊരുന്നിരുന്ന 'ഈശ്വരവ്യക്തി.' അനന്തനില്‍ പള്ളികൊള്ളുന്ന നാരായണന്‍ 'ഉണ്ടാകട്ടെ' എന്ന് ആര്‍ പറഞ്ഞപ്പോള്‍ എല്ലാം ഉണ്ടായോ ആ ഉല്‍പത്തി പുസ്തകത്തിലെ ദൈവമാണിത്. ഈ ലോകങ്ങളെയെല്ലാം സൃഷ്ടിക്കുമെന്നദ്ദേഹം ചിന്തിച്ചു. എന്നിട്ടദ്ദേഹം ജലം, തേജസ്സ് മുതലായ ഈ വിഭിന്ന ലോകങ്ങളെ സൃഷ്ടിച്ചു.
പ്രപഞ്ച സൃഷ്ടിയും ഉദ്ദേശ്യവും വിവരിക്കുന്ന ഖുര്‍ആന്‍ സൂക്തം കാണുക:
''ആകാശ ഭൂമികളെ ആറ് ദിവസങ്ങളിലായി (ഘട്ടങ്ങളിലായി) സൃഷ്ടിച്ചവനാണവന്‍. അവന്റെ സിംഹാസനം വെള്ളത്തിന്മേലായിരുന്നു. നിങ്ങളില്‍ ആരാണ് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാന്‍ വേണ്ടിയാണ് (അവന്‍ ഇവയെല്ലാം സൃഷ്ടിച്ചത്). മരണാനന്തരം തീര്‍ച്ചയായും നിങ്ങള്‍ പുനര്‍ജീവിപ്പിക്കപ്പെടും എന്ന് താങ്കള്‍ പറഞ്ഞാല്‍ വ്യക്തമായ മാരണമല്ലാതെ മറ്റൊന്നുമല്ല എന്ന് സത്യനിഷേധികള്‍ പറയുക തന്നെ ചെയ്യും'' (ഖുര്‍ആന്‍ 11:7).
മനോഹരമായ പ്രപഞ്ചം, കളകൂജനം പുറപ്പെടുവിച്ച് ആമോദത്തോടെ പാറി നടക്കുന്ന വര്‍ണശഭളമായ പക്ഷിക്കൂട്ടങ്ങള്‍. കാനനവും കാട്ടുമൃഗങ്ങളും, ചൂളം വിളിച്ചോടിവരുന്ന കാട്ടരുവികള്‍. പര്‍വത സമാനമായ തിരമാലകള്‍ കൊണ്ട് അലയടിച്ച് നില്‍ക്കുന്ന സാഗരങ്ങള്‍. ഹരിതാഭയാര്‍ന്ന കുന്നുകളും മേടുകളും. മരതക പട്ടുടുത്ത താഴ്‌വരകള്‍. അങ്ങനെ പലതും പലതും. പക്ഷേ, ഇത് കണ്ടാസ്വദിക്കാനും ഇതിന്റെ പിന്നിലെ സൃഷ്ടാവിനെയും സൃഷ്ടി വൈഭവത്തെയും കണ്ടെത്താന്‍ പറ്റിയ സംവേദനക്ഷമതയുള്ള ഒരു സൃഷ്ടിയുടെ അഭാവം. അഥവാ അഹത്തെ ചിന്തിച്ചറിയുന്ന അനഹം. ''തട്ടുകളായി ഏഴ് ആകാശങ്ങളെ സൃഷ്ടിച്ചവനാണവന്‍. കരുണാനിധിയായ അല്ലാഹുവിന്റെ സൃഷ്ടിയില്‍ യാതൊരേറ്റക്കുറവും താങ്കള്‍ കാണുകയില്ല. എങ്കില്‍ ഒന്നുകൂടി നോക്കുക. എന്തെങ്കിലും വിടവ് കാണുന്നുണ്ടോ. പരാജയപ്പെട്ടുകൊണ്ട് നിന്നിലേക്ക് തന്നെ മടങ്ങിവരും. അത് അങ്ങേയറ്റം ക്ഷീണിതമായിരിക്കും (ഖുര്‍ആന്‍ 67:3,4). മേല്‍ സൂക്തങ്ങളുടെ സംബോധിതരാകേണ്ട സംവേദന ശേഷിയുള്ള സൃഷ്ടികള്‍- അത്തരം സൃഷ്ടികളെയാണ് മനുഷ്യന്‍ എന്ന് പേരിട്ടാദരിച്ചുകൊണ്ട് തന്റെ ഖലീഫയായി സൃഷ്ടാവ് ഭൂമിയിലേക്കയച്ചത്. പ്രപഞ്ചമാകുന്ന മഹാഗ്രന്ഥത്തോടൊപ്പം, വെളിപാടിലൂടെ ലഭ്യമാകുന്ന പരിശുദ്ധ ഗ്രന്ഥവും വായിച്ചു. മനുഷ്യ പ്രകൃതിയുടെയും ഭൂമിയുടെയും സന്തുലിതത്വം നിലനിര്‍ത്തുന്ന, പ്രാതിനിധ്യം ഏറ്റെടുക്കുന്ന വിനീത ദാസന്മാര്‍. അങ്ങനെയുള്ള ഖലീഫയെ ഭൂമിയിലേക്ക് അയക്കുന്നതിന് മുമ്പ് മാലാഖമാരുമായി സൃഷ്ടാവ് ആലോചിച്ച രംഗം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട് (2:30).
ദൈവത്തിന്റെ പ്രതിനിധിയായി ഭൂമിയിലേക്കയക്കപ്പെട്ട മനുഷ്യന്‍, ഈശ്വരനിയമമാണ് പാലിക്കേണ്ടത്. ഈശ്വരനിയമം പാലിക്കുമ്പോള്‍ മാത്രമാണ്, ഈശ്വരനോടുളള കടപ്പാടുപോലെ മനുഷ്യകുലത്തോടുള്ള കടപ്പാടും വര്‍ഗ, വര്‍ണ, ഭാഷ, ദേശ പക്ഷപാതിത്വങ്ങള്‍ക്കതീതമായി നിര്‍മിക്കപ്പെടുകയുള്ളൂ. ഋഗ്വേദസൂക്തം കാണുക: ''ഈശ്വര നിയമം അനുസരിക്കലാണ് പുണ്യം. ഇതില്‍ മനുഷ്യസ്‌നേഹവും ഉള്‍പ്പെടുന്നു. ഈശ്വര നിയമത്തെ അനുസരിക്കാതിരിക്കലത്രെ പാപം'' (ഋഗ്വേദംV85.7).
പ്രാപഞ്ചിക നിയമത്തിന്റെ അധിപനായ വരുണന്‍ (ഈശ്വരന്‍) തന്നെയാണ് മനുഷ്യന്‍ അനുവര്‍ത്തിക്കേണ്ട സദാചാര ധാര്‍മിക നിയമവും അവതരിപ്പിക്കുന്നത്. ഈ നിയമത്തില്‍ 'ഋതം' എന്നാണ് വേദം പരിചയപ്പെടുത്തുന്നത്. ഇതുതന്നെയാണ് ഈശ്വര നിയമം. ഈ നിയമം അനുസരിക്കുന്നവരെ വ്യവസ്ഥിതരും സത്യസന്ധരും നല്ല മനുഷ്യരുമായിട്ടാണ് വേദം പരിചയപ്പെടുത്തുന്നത്. ഈ ദൈവിക വ്യവസ്ഥ അംഗീകരിക്കാത്തവരെ അനൃതത്തിന്റെ വക്താക്കളായിട്ടും വേദം പറയുന്നു (ഋഗ്വേദം vii 5612: ix 144.4: ii 6.10 iv 55: viii 6.2 vii 47.3 ix 121.1:x 37.5 )
അനൃതത്തിന്റെ വക്താക്കളെ അഥവാ ദൈവിക വ്യവസ്ഥ അംഗീകരിക്കാത്തവരോട് ഖുര്‍ആന്‍ പറയുന്നു. ''അപ്പോള്‍ അല്ലാഹുവിന്റെ ദീന്‍ (ദൈവിക വ്യവസ്ഥ) അല്ലാത്തതിനെയാണോ അവര്‍ ആഗ്രഹിക്കുന്നത്. വാസ്തവമാകട്ടെ ആകാശഭൂമികളിലുള്ളവരെല്ലാം സ്വമനസ്സാലോ, നിര്‍ബന്ധിതമായോ അവന് കീഴപ്പെട്ടിരിക്കുന്നു. അവങ്കലേക്കാണവ മടക്കപ്പെടുന്നതും'' (ഖുര്‍ആന്‍ 3:83).
ഋതമാര്‍ഗം പിന്തുടരുന്നവര്‍ മനുഷ്യസേവയുള്‍പ്പെടെയുള്ള ഈശ്വരനിയമം അനുസരിക്കുന്നവരാണെന്ന ഋഗ്വേദ സൂക്തങ്ങളുടെ വെളിപ്പെടുത്തല്‍ തന്നെയാണ് 'ഇഷ്ടപൂര്‍ത്തനം' എന്ന് ധര്‍മശാസ്ത്രം പറയുന്ന 'ദൈവത്തെ ആരാധിക്കലും സഹജീവികള്‍ക്ക് സേവനം ചെയ്യലും.' ഇതിനു വിരുദ്ധമായി മതത്തിന്റെയോ ജാതി, വര്‍ഗ, ഭാഷാ ദേശത്തിന്റെയോ പേരില്‍ മനുഷ്യര്‍ക്കിടയില്‍ വര്‍ഗീയതയും ജാതീയതയും മതതീവ്രതയും പ്രചരിപ്പിക്കുന്നവര്‍ ദൈവത്തിന്റെയെന്ന പോലെ മനുഷ്യവര്‍ഗത്തിന്റെയും ശത്രുക്കളാണ്. ഈശ്വരനിയമത്തിന്റെ അവസാനത്തെ വെളിപാടു ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക: ''മനുഷ്യരേ, ഒരു പുരുഷനില്‍നിന്നും ഒരു സ്ത്രീയില്‍നിന്നും നിങ്ങളെ നാം സൃഷ്ടിച്ചു. നിങ്ങളെ നാം ശാഖകളും ഗോത്രങ്ങളുമാക്കിയത് നിങ്ങള്‍ അന്യോന്യം അറിയാന്‍ വേണ്ടിയാണ്. നിങ്ങളില്‍ ഏറ്റവും ഭയഭക്തിയുള്ളവനാണ് നിങ്ങളില്‍ വെച്ച് അല്ലാഹുവിങ്കല്‍ ഏറ്റവും ആദരണീയന്‍. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനും തന്നെയാണ്'' (49:13).
ഏകമാനവികതയുടെയും തുല്യ നീതിയുടെയും അവകാശങ്ങളുടെയും എല്ലാവിധ പക്ഷപാതങ്ങള്‍ക്കതീതമായ ഒരു ബഹുസ്വര സമൂഹത്തിന്റെ അടിയാധാരമായിരിക്കേണ്ട വിളംബരമത്രെ മേല്‍ കൊടുത്ത ഖുര്‍ആന്‍ സൂക്തം. സാമൂഹിക ജീവിതത്തിന് അടിത്തറയാവേണ്ട, മുഖം നോക്കാത്ത തുല്യനീതിയുടെ ഏതാനും സൂക്തങ്ങള്‍ കൂടി കാണുക:
''അല്ലയോ വിശ്വാസികളേ, നിങ്ങള്‍ നീതിയുടെ ധ്വജവാഹകരും അല്ലാഹുവിനു വേണ്ടി സാക്ഷ്യം വഹിക്കുന്നവരും ആയിരിക്കുവിന്‍. നിങ്ങളുടെ നീതിനിഷ്ഠയുടെയും സാക്ഷ്യത്തിന്റെയും ഫലം നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ ബന്ധുമിത്രാദികള്‍ക്കോ എതിരായിരുന്നാലും. കക്ഷി ധനികനാകട്ടെ, ദരിദ്രനാകട്ടെ, അല്ലാഹുവാകുന്നു നിങ്ങളിലേറെ അവരുടെ ഗുണകാംക്ഷിയായിട്ടുള്ളവന്‍. അതിനാല്‍, സ്വേഛകളെ പിന്‍പറ്റി നീതിയില്‍നിന്നകന്ന് പോകാതിരിക്കുവിന്‍. വളച്ചൊടിച്ച് സംസാരിക്കുകയോ സത്യത്തില്‍നിന്ന് ഒഴിഞ്ഞു മാറുകയോ ചെയ്യുകയാണെങ്കില്‍ അറിഞ്ഞുകൊള്ളുക: നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതൊക്കെയും അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്'' (അന്നിസാഅ് 35).
''അല്ലയോ വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി നേര്‍മാര്‍ഗത്തില്‍ ഉറച്ച് നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമാകുവിന്‍. ഒരു ജനത്തോടുള്ള വിരോധം നിങ്ങളെ നീതിയില്‍നിന്ന് വ്യതിചലിപ്പിക്കാന്‍ പാടില്ലാത്തതാകുന്നു. നീതി പാലിക്കുവിന്‍. അതാണ് ഭക്തിയോട് അനുയോജ്യമായിട്ടുള്ളത്. അല്ലാഹുവിനോട് ഭക്തിയുള്ളവരായി വര്‍ത്തിക്കുവിന്‍. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതൊക്കെയും അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്'' (അല്‍മാഇദ 8).
''നിങ്ങളെ മസ്ജിദുല്‍ ഹറാമിലേക്ക് വഴി മുടക്കിയ ജനത്തോടുള്ള രോഷം അവര്‍ക്കെതിരെ അതിക്രമം പ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാവതല്ല. നന്മയുടെയും ദൈവഭക്തിയുടേതുമായ കാര്യങ്ങളിലൊക്കെയും നിങ്ങള്‍ എല്ലാവരോടും സഹകരിക്കേണ്ടതാകുന്നു. പാപകരവും അതിക്രമപരവുമായ കാര്യങ്ങളില്‍ ആരോടും സഹകരിക്കാവതുമല്ല. അല്ലാഹുവിനെ ഭയപ്പെടുവിന്‍. അവന്റെ ശിക്ഷ കഠിനകരമാകുന്നു'' (അല്‍മാഇദ 2).
''തെളിഞ്ഞ ദൃഷ്ടാന്തങ്ങളും മാര്‍ഗദര്‍ശനങ്ങളുമായി നാം നമ്മുടെ ദൂതന്മാരെ അയച്ചിരിക്കുന്നു. അവരോടൊപ്പം വേദവും തുലാസും അയച്ചിട്ടുണ്ട്- ജനങ്ങള്‍ നീതിപൂര്‍വം നിലകൊള്ളാന്‍. നാം ഇരുമ്പും ഇറക്കിയിരിക്കുന്നു. അതില്‍ വലിയ ശക്തിയുണ്ട്. ജനങ്ങള്‍ക്ക് പലതരം പ്രയോജനങ്ങളും. അല്ലാഹുവിനെ കാണാതെ തന്നെ അവനെയും അവന്റെ ദൂതന്മാരെയും പിന്തുണക്കുന്നത് ആരാണെന്ന് അല്ലാഹു കണ്ടറിയേണ്ടതിന്. അല്ലാഹു മഹാശക്തിയുടയവനും അജയ്യനുമല്ലോ'' (അല്‍ഹദീദ് 25).
പ്രവാചകന്മാരും ദിവ്യഗ്രന്ഥങ്ങളും വഴി ഈ ലോകത്ത് നേടിയെടുക്കേണ്ട ഒരു മഹാ കാര്യമാണിവിടെ എടുത്തു കാണിക്കുന്നത്. വ്യക്തികള്‍, സമൂഹങ്ങള്‍, രാഷ്ട്രങ്ങള്‍ തമ്മില്‍ പരസ്പരം നീതിപുലര്‍ത്തുക, ലോകജനത നീതിപൂര്‍വം നിലകൊള്ളുക, നീതിയുടേതായ ഒരു ലോകക്രമം നിലവില്‍ വരിക. വര്‍ഗത്തിന്റെയും ദേശത്തിന്റെയും വര്‍ണത്തിന്റെയും മതത്തിന്റെയുമൊക്കെ പേരില്‍ നീതി നിഷേധിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്ത് പ്രവാചകന്മാരും ദിവ്യഗ്രന്ഥങ്ങളും മുമ്പോട്ടുവെക്കുന്ന പ്രമാണങ്ങളിലൂടെ മാത്രമേ കുറ്റമറ്റ നീതി സംസ്ഥാപിക്കപ്പെടുകയുള്ളൂ.
പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പും അതിന്റെ ഉദ്ദേശ്യവും വിവരിക്കുന്ന ഖുര്‍ആന്‍ സൂക്തം ഒന്നുകൂടി അനുസ്മരിക്കുന്നു: ''ആകാശഭൂമികളെ ആറു ദിവസങ്ങളിലായി (ഘട്ടങ്ങളിലായി) സൃഷ്ടിച്ചവനാണവന്‍. അവന്റെ സിംഹാസനം വെള്ളത്തിന്മേലായിരുന്നു. നിങ്ങളില്‍ ആരാണ് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് നിങ്ങളെ പരീക്ഷിക്കാന്‍ വേണ്ടിയാണ് അവന്‍ ഇവയെല്ലാം സൃഷ്ടിച്ചത്'' (11:7).
സത്യസന്ധരും ധര്‍മവാഹകരും നീതിമാന്മാരുമായ വ്യക്തികള്‍ക്ക് പാരിതോഷികവും, അധര്‍മികളും അക്രമികളും നീതിനിഷേധികളുമായവര്‍ക്ക് ശിക്ഷയും. ഇതാണ് നമ്മുടെ മുമ്പിലുള്ള ന്യായപ്രമാണവും നീതിശാസ്ത്രവും. പ്രപഞ്ച സൃഷ്ടിപ്പിന്റെ ന്യായപ്രമാണവും നീതിശാസ്ത്രവും അതുതന്നെയാണ്.
കുറിപ്പുകള്‍
1. ഋഗ്വേദംx190
2. v 168
3. ഋഗ്വേദം x 72.3
4. മനുസ്മൃതി 1-5-8 മൈത്രി ഉപനിഷത്ത് 5.2
5. ഋഗ്വേദം x 129 ശതപഥ ബ്രഹ്മണം 5.31
(റഫറന്‍സ് ഭാരതീയ ദര്‍ശനം)