Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>കാലം സാക്ഷി


ഉമ്മു സുലൈമിന് ആദര്‍ശവിവാഹം

 

# കുഞ്ഞിമുഹമ്മദ് വളാഞ്ചേരി്

 
 

 


അന്‍സ്വാരി വനിതയായ ഉമ്മുസുലൈം മദീനയിലെ ഖസ്‌റജ് ഗോത്രത്തിലെ നജ്ജാര്‍ കുടുംബാംഗമാണ്. ബുദ്ധിമതിയും സുന്ദരിയും സുഭാഷിണിയുമായ അവര്‍ ഇസ്‌ലാമിന്റെ ആരംഭത്തിലേ അതില്‍ ആകൃഷ്ടയായി. പത്‌നി മതംമാറിയതോടെ അവരെ ഭര്‍ത്താവ് മാലിക്കുബ്‌നു നള്‌റ് മൊഴിചൊല്ലി നാടുവിട്ടു. ഈ ദമ്പതികളുടെ പുത്രനാണ് പ്രസിദ്ധ സ്വഹാബിയും നബിശിഷ്യനുമായ അനസു ബ്‌നു മാലിക്(റ).
ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ, ഉമ്മുസുലൈമിനെ സ്വപത്‌നിയാക്കാന്‍ മദീനയിലെ പ്രശസ്തനും പണക്കാരനുമായ അബൂത്വല്‍ഹത്തുല്‍ അന്‍സ്വാരി വിവാഹാഭ്യര്‍ഥന നടത്തി. അദ്ദേഹവും പക്ഷേ, ഉമ്മു സുലൈമിന്റെ മുന്‍ ഭര്‍ത്താവിനെപ്പോലെ ബഹുദൈവാരാധകനായിരുന്നു. ഉമ്മുസുലൈം പറഞ്ഞു: ''അബൂത്വല്‍ഹാ, അങ്ങയെപ്പോലെ പ്രതാപവാനായ ഒരാളുടെ വിവാഹാഭ്യര്‍ഥന നിരസിക്കപ്പെടേണ്ടതല്ല. തടസ്സം പക്ഷേ, അങ്ങയുടെ വികലമായ ദൈവവിശ്വാസമാണ്. മണ്ണില്‍ മുളച്ചുണ്ടാകുന്ന മരക്കഷണങ്ങളെ ദൈവമാക്കുന്നവരുടെ കൂട്ടത്തില്‍ പെട്ടവനാകുന്നു താങ്കള്‍. കേവലം മനുഷ്യന്‍ മാത്രമായ ആശാരിയല്ലേ അവയെ ചെത്തിമിനുക്കി ദൈവങ്ങളാക്കി പടച്ചുവിടുന്നത്.'' ഉത്തരം മുട്ടി അബൂത്വല്‍ഹഃ തിരിച്ചു പോന്നെങ്കിലും ഉമ്മു സുലൈമിന്റെ തന്റേടവും സ്‌ത്രൈണഗുണങ്ങളുമോര്‍ത്ത് അന്ന് രാത്രി അദ്ദേഹത്തിന് ഉറക്കം വന്നില്ല. പിറ്റേന്ന് വീണ്ടും അദ്ദേഹം ഉമ്മുസുലൈമിനെ സമീപിച്ചു പറഞ്ഞു: ''ഭവതിക്ക് ഞാന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന വിവാഹമൂല്യം എന്താണെന്നറിയാമോ? മഞ്ഞയും വെള്ളയും (സ്വര്‍ണവും വെള്ളിയും) വേണ്ടുവോളം.''
''രണ്ടും വേണ്ട. തീപ്പിടിച്ചാല്‍ കത്തിനശിക്കുന്നതാണ് നിങ്ങളുടെ ദൈവം. അതിന് കാണാന്‍ കണ്ണുകളുണ്ടോ? കേള്‍ക്കാന്‍ കാതുണ്ടോ?'' ഉമ്മുസുലൈം ചോദിച്ചു.
അബൂത്വല്‍ഹഃ അങ്കലാപ്പിലായി. അന്ന് രാത്രി ഉമ്മു സുലൈമിനെക്കുറിച്ച ഓര്‍മയായിരുന്നില്ല അദ്ദേഹത്തെ മഥിച്ചത്. തന്റെ വികലമായ ദൈവവിശ്വാസത്തിന്റെ പൊള്ളത്തരമായിരുന്നു. ഉമ്മുസുലൈം കൈക്കൊണ്ട ദൈവവിശ്വാസത്തിന്റെ ചിലമ്പൊലികള്‍ ഇപ്പോള്‍ മാത്രമാണ് അദ്ദേഹത്തിന്റെ കര്‍ണപുടങ്ങളില്‍ മാറ്റൊലി കൊള്ളാന്‍ തുടങ്ങിയത്.
പ്രഭാതമാകുന്നതേയുള്ളു. വിരിപ്പില്‍ നിന്ന് എഴുന്നേറ്റ് അദ്ദേഹം നേരെ ഉമ്മുസുലൈമിന്റെ വീട്ടില്‍ എത്തി. അവര്‍ക്ക് മുമ്പാകെ ഇങ്ങനെ പ്രഖ്യാപിച്ചു: അശ്ഹദു അന്‍ലാഇലാഹ ഇല്ലല്ലാഹ്...........
ഉമ്മുസുലൈം അതിരറ്റു സന്തോഷിച്ചു. ഇരുവര്‍ക്കും ഇഹപരഗുണം ഉറപ്പായതില്‍ അവര്‍ അല്ലാഹുവിനെ സ്തുതിച്ചു. ''അല്‍ഹംദുലില്ലാഹ്.'' അതോടെ ഇരുവരും ഇസ്‌ലാമികാടിസ്ഥാനത്തില്‍ മനപ്പൊരുത്തമുള്ള ഇണകളായി ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വധുവിന് മഹ്‌റായി മദീനയിലെ തന്റെ ഏറ്റവും വലിയ ഈന്തപ്പനത്തോട്ടമാണ് അബൂത്വല്‍ഹഃ സമ്മാനിച്ചതെങ്കിലും ഉമ്മുസുലൈം സന്തോഷപൂര്‍വം അത് തിരിച്ചുനല്‍കി. ഭര്‍ത്താവിന്റെ ഇസ്‌ലാം ആശ്ലേഷം തന്നെയാണ് തന്റെ മഹ്‌റെന്ന് ആ മഹതി പ്രഖ്യാപിക്കുകയും ചെയ്തു.
ധനികനും ഉദാരമതിയുമായ അബൂത്വല്‍ഹഃ ഇസ്‌ലാമില്‍ വന്ന ശേഷം ഒരു ഖുര്‍ആന്‍ വചനം ശ്രവിക്കാനിടയായി: ''നിങ്ങള്‍ക്ക് പ്രിയങ്കരമായ വസ്തുക്കളെന്തോ, അത് (ദൈവമാര്‍ഗത്തില്‍) ചെലവഴിക്കാതെ പുണ്യമാര്‍ജിക്കാന്‍ സാധ്യമല്ല. നിങ്ങള്‍ ചെലവഴിക്കുന്നതെന്തും സൂക്ഷ്മമായറിയുന്നവനാകുന്നു അല്ലാഹു.'' ഉടനെ അദ്ദേഹം പ്രവാചകനെ സമീപിച്ചു പറഞ്ഞു: ''നബിയേ, എനിക്കേറ്റം ഇഷ്ടപ്പെട്ട ധനം ബൈറുഹാ തോട്ടമാണ്. അത് ദൈവമാര്‍ഗത്തില്‍ വിനിയോഗിച്ചുകൊള്ളാന്‍ അങ്ങയെ ഞാന്‍ ഏല്‍പിച്ചിരിക്കുന്നു.'' ഈ ദമ്പതികളുടെ ദാനധര്‍മ സംഭവങ്ങള്‍ വേറെയും ഉണ്ട്. ഒരുരാത്രി ദമ്പതികളിരുവരും പട്ടിണികിടന്നാണ് അവിചാരിതമായി കിട്ടിയ അതിഥിയെ അന്നം ഊട്ടിയത്. ഖുര്‍ആനില്‍ ഈ സംഭവം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
പണം മാത്രമല്ല, ശരീരവും ദൈവിക സമരങ്ങളില്‍ വിനിയോഗിക്കുകയായിരുന്നു ആ ദമ്പതികള്‍. നബിയെ വധിക്കാനായി ഉഹ്ദില്‍ പ്രവാചകനു ചുറ്റും ശത്രുക്കള്‍ താവളമടിച്ച സന്ദര്‍ഭം അപ്പോള്‍ മുറിവേറ്റവരെ ശുശ്രൂഷിക്കുകയായിരുന്നു ഉമ്മുസുലൈം. ഉടന്‍ അവര്‍ നെട്ടോട്ടമോടി നബിയുടെ അടുത്തെത്തി. താമസിയാതെ അബൂത്വല്‍ഹയും എത്തിച്ചേര്‍ന്നു. ഹുനൈന്‍ യുദ്ധത്തിലും ഈ ദമ്പതികള്‍ കടുത്ത പോരാട്ടം നടത്തി. രണാങ്കണത്തില്‍ നിന്ന അധികപേരും പിന്തിരിഞ്ഞോടിയപ്പോള്‍ നബിയോടൊപ്പം ഉറച്ചു നിന്ന വിശ്വാസികളില്‍ ഈ ദമ്പതികളുണ്ടായിരുന്നു. ആത്മധൈര്യം കൈവിടാതിരിക്കാന്‍ ഉഹ്ദ് സംഭവം അവര്‍ക്ക് പാഠമാവുകയായിരുന്നു. ഉമ്മുസുലൈം ഹുനൈന്‍ യുദ്ധത്തില്‍ അരയില്‍ ഒരു കഠാരി ഒളിപ്പിച്ചു വെച്ചിട്ടുണ്ടായിരുന്നു. അത് കണ്ടെത്തിയ നബി(സ) ഇതെന്തിനാണെന്ന് അവരോട് ചോദിച്ചു. 'ശത്രുവിനെ നേരിടേണ്ടി വന്നാല്‍ അവന്റെ വയറ് കുത്തിക്കീറാന്‍' എന്നായിരുന്നു അവരുടെ മറുപടി.
ഹുനൈനില്‍ വിശ്വാസികളായ പടയാളികള്‍ക്ക് ധൈര്യം പകരാന്‍ രണാങ്കണത്തിലിറങ്ങുമ്പോള്‍ അവര്‍ ഗര്‍ഭിണിയായിരുന്നു. അബൂത്വല്‍ഹഃ-ഉമ്മുസുലൈം ദമ്പതികള്‍ക്കു ജനിച്ച ഈ കുട്ടിക്ക് അബൂ ഉമൈര്‍ എന്ന് പേരിട്ടു. കുട്ടിയുടെ കളിചിരികളും കൊച്ചു കൊച്ചുവര്‍ത്തമാനങ്ങളും മാതാപിതാക്കള്‍ക്ക് നിര്‍വൃതിയേകി. നബി(സ)യും ഈ കുട്ടിയെ കളിപ്പിക്കാറുണ്ടായിരുന്നു.
ഒരുനാള്‍ കുട്ടി രോഗബാധിതനായി മരണപ്പെട്ടു. പിതാവായ അബൂത്വല്‍ഹഃ വെളിയിലെവിടെയോ പോയ സമയത്തായിരുന്നു സംഭവം. ഉമ്മുസുലൈം മുന്‍കൈയെടുത്ത് കുട്ടിയുടെ അന്ത്യകര്‍മങ്ങളെല്ലാം ചെയ്തു. ഏതാനും നാളുകള്‍ കഴിഞ്ഞാണ് അബൂത്വല്‍ഹഃ തിരിച്ചെത്തിയത്. കുറെ നേരത്തേക്ക് കുട്ടിയുടെ മരണവാര്‍ത്ത അബൂത്വല്‍ഹയെ അറിയിക്കാതെ ഉമ്മുസുലൈം മറച്ചുവെച്ചു. അവര്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. പിന്നീടത് അവര്‍ ഭര്‍ത്താവിനെ അറിയിക്കുന്നതാകട്ടെ വളരെ നാടകീയമായിട്ടും. ''അബൂത്വല്‍ഹാ, ആരെങ്കിലും അമാനത്തായി ഏല്‍പിച്ച ഒരു വസ്തു യഥാസമയം തിരിച്ചു ചോദിച്ചാല്‍ എന്ത് വേണം?'' ഉമ്മു സുലൈം ചോദിച്ചു. ''ഉടനെ തിരിച്ചു നല്‍കണം.'' അബൂത്വല്‍ഹയുടെ മറുപടി. ഉമ്മുസുലൈം: ''എന്നാല്‍ അറിഞ്ഞോളൂ. നമ്മുടെ മോന്‍ അബൂഉമൈറിനെ ഉടമസ്ഥനായ അല്ലാഹു തിരിച്ചുവിളിച്ചിരിക്കുന്നു.''
അബൂത്വല്‍ഹഃ (അല്‍പനേരം മൗനം പൂണ്ട്) പറഞ്ഞു: ''എന്റെ ശരീരം മലിനമാകും വരെ ഈ സംഭവം നീ എന്നില്‍നിന്ന് മറച്ചുവെച്ചു. അത് ശരിയായില്ല; പ്രഭാതമാകട്ടെ, നബിയോടിത് ഞാന്‍ പറയും തീര്‍ച്ച.'' അദ്ദേഹം പിറ്റേന്ന് അതികാലത്ത് നബിയെ കാണാന്‍ പോയി. സംഭവം വിവരിക്കും മുമ്പായി നബി(സ) അദ്ദേഹത്തോടു പറഞ്ഞു: ''സന്തുഷ്ടരായിക്കൊള്ളുക, ഇന്നലത്തെ നിങ്ങളിരുവരുടെയും സമ്പര്‍ക്കത്തില്‍ ഒരു സന്താനത്തിന് ബീജാവാപം ചെയ്യപ്പെട്ടിരിക്കുന്നു.'' അബ്ദുല്ലയാണ് ഈ സമ്പര്‍ക്കത്തില്‍ അവര്‍ക്കുണ്ടായ സന്താനം.
അബൂത്വല്‍ഹാ-ഉമ്മുസുലൈം ദമ്പതികള്‍ വാര്‍ധക്യത്തിലും ഇസ്‌ലാമിക സേവനരംഗങ്ങളില്‍ മുന്‍പന്തിയില്‍ തന്നെ നിലകൊണ്ടു. ഒരു നാവിക സേനാ കപ്പലില്‍വെച്ചാണ് അബൂത്വല്‍ഹഃ പരലോകം പ്രാപിച്ചത്. സ്വര്‍ഗപ്രവേശം കൊണ്ട് നബി(സ) സന്തോഷവാര്‍ത്ത അറിയിച്ച പ്രമുഖ സ്വഹാബി വനിതകളില്‍ ഒരാളാണ് ഉമ്മുസുലൈം.

 
© Prabodhanam weekly, Kerala