ചോദ്യപേപ്പറില്‍ മുഹമ്മദ് നബിയെ നിന്ദിക്കുന്ന പരാമര്‍ശം നടത്തിയ തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവമറിഞ്ഞ് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അസിസ്റ്റന്റ് അമീര്‍ എം.ഐ അബ്ദുല്‍ അസീസ് സാഹിബിന്റെ നേതൃത്വത്തില്‍ ജമാഅത്ത്, സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി തങ്ങളുടെ ദുഃഖമറിയിക്കുകയും ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. രക്തം ആവശ്യമായി വന്നപ്പോള്‍ ജോസഫിന്റെ സഹോദരി സ്റ്റെല്ല സോളിഡാരിറ്റി പ്രവര്‍ത്തകരെ സമീപിക്കുകയും പ്രവര്‍ത്തകര്‍ രക്തം നല്‍കുകയും ചെയ്തു. ഇതേതുടര്‍ന്ന് ചില ദുശ്ശക്തികള്‍ സോളിഡാരിറ്റിക്കെതിരെ രൂക്ഷമായ ആക്ഷേപങ്ങളും വിമര്‍ശനങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അല്ലാഹുവിനെയും പ്രവാചകനെയും പരിഹസിക്കുകയും ചീത്ത വിളിക്കുകയും ചെയ്ത ആള്‍ക്ക് രക്തം നല്‍കിയത് ശരിയാണോ എന്ന് മറ്റുചിലര്‍ അന്വേഷിക്കുന്നു.
ന്യൂമാന്‍സ് കോളേജ് അധ്യാപകന്‍ ജോസഫ് ചെയ്ത തെറ്റ് പ്രവാചകന്റെ കാലത്തായിരുന്നുവെങ്കില്‍ പ്രവാചകന്റെ പ്രതികരണം എന്താകുമായിരുന്നു? പ്രവാചകജീവിതത്തില്‍ നിന്നുതന്നെ ഇതിനുത്തരം ലഭിക്കും. ഹിജ്‌റ അഞ്ചാംവര്‍ഷം മക്ക കടുത്ത ക്ഷാമത്തിനടിപ്പെട്ടു. പണക്കാര്‍ പോലും പട്ടിണിയുടെ പിടിയിലമര്‍ന്നു. ആഹാര സാധനങ്ങള്‍ കിട്ടാതായി. അപ്പോള്‍ മക്കയിലുണ്ടായിരുന്നവരെല്ലാം പ്രവാചകന്റെ കഠിനശത്രുക്കളായിരുന്നു. പ്രവാചകന്റെ ശരീരത്തില്‍ ഒട്ടകത്തിന്റെ അളിഞ്ഞ അവശിഷ്ടം കൊണ്ടിട്ടവര്‍, സാമൂഹിക ബഹിഷ്‌കരണത്തിലൂടെ ഒറ്റപ്പെടുത്തി പട്ടിണിക്കിട്ടവര്‍, നാട്ടില്‍നിന്ന് ആട്ടിയോടിച്ചവര്‍, നാടുവിട്ടിട്ടും സൈ്വരം കൊടുക്കാതെ ബദ്ര്‍-ഉഹുദ്-അഹ്‌സാബ്....... യുദ്ധങ്ങള്‍ നടത്തിയവര്‍, പ്രവാചകന്റെ പല്ല് അമ്പെയ്ത് പൊട്ടിച്ചവര്‍, അദ്ദേഹത്തിന്റെ പിതൃവ്യന്‍ ഉള്‍പ്പെടെ ഒട്ടേറെ ബന്ധുക്കളെയും അനുയായികളെയും കൊന്നൊടുക്കിയവര്‍. എന്നിട്ടും മക്കയിലെ എതിരാളികള്‍ ദാരിദ്ര്യത്താല്‍ ദുരിതത്തിലകപ്പെട്ടപ്പോള്‍ പ്രവാചകന്റെ മനസ്സലിഞ്ഞു. അവരുടെ പ്രയാസം അദ്ദേഹത്തെ ഒട്ടും സന്തോഷിപ്പിച്ചില്ല. നബി(സ) തന്റെ അനുയായികളോട് വീടുകളിലുള്ള ധാന്യം കൊണ്ടുവരാന്‍ കല്‍പിച്ചു. അവിടുന്ന് അതൊക്കെയും ശേഖരിച്ച് അംറുബ്‌നു ഉമയ്യ വശം മക്കയിലേക്ക് കൊടുത്തയച്ചു. അദ്ദേഹം അത് കൈമാറിയത് ശത്രുക്കളുടെ നേതാവായിരുന്ന അബൂസുഫ്‌യാനാണ്. അബൂസുഫ്‌യാന്‍ അത് വാങ്ങി വിതരണം ചെയ്തു. ഈ മാതൃക പിന്തുടര്‍ന്ന്, ഗുജറാത്തില്‍ ജമാഅത്തെ ഇസ്‌ലാമി ദുരിതബാധിതര്‍ക്ക് അയ്യായിരത്തോളം വീട് നിര്‍മിച്ചു നല്‍കിയപ്പോള്‍ നാനൂറോളം വീടുകള്‍ വീട് നഷ്ടപ്പെട്ട ഹൈന്ദവ സഹോദരന്മാര്‍ക്കും നല്‍കി. ഇപ്പോള്‍ രക്തം നല്‍കിയതിന്റെ പേരില്‍ സോളിഡാരിറ്റി പ്രവര്‍ത്തകരെ പ്രവാചകന്റെ ശത്രുക്കളായി ചിത്രീകരിക്കുന്നവര്‍ അന്നും ജമാഅത്തിനെ ആക്ഷേപിക്കുകയുണ്ടായി.
പ്രവാചകത്വത്തിന്റെ പത്താംവര്‍ഷം നബി(സ)യുടെ പരിരക്ഷണം ഏറ്റെടുത്തിരുന്ന പിതൃവ്യന്‍ അബൂത്വാലിബും പ്രിയപത്‌നി ഖദീജയും മരണമടഞ്ഞു. അതോടെ മക്കയില്‍ ജീവിതം ദുസ്സഹമായി. അതിനാല്‍ മക്കയുടെ അടുത്ത പ്രദേശമായ ത്വാഇഫില്‍ അഭയം തേടാന്‍ തീരുമാനിച്ചു. അദ്ദേഹം സൈദുബ്‌നു ഹാരിസിനോടൊപ്പം അവിടെയെത്തി. എന്നാല്‍ അന്നാട്ടുകാര്‍ പ്രവാചകന് അഭയം നല്‍കിയില്ലെന്നു മാത്രമല്ല, രൂക്ഷമായി ആക്ഷേപിക്കുകയും ശകാരിക്കുകയും പരിഹസിക്കുകയും ചെയ്തു. അന്ന് പ്രവാചകന്റെ നേരെ വന്ന കല്ലുകള്‍ സൈദുബ്‌നു ഹാരിസ് സ്വന്തം കൈകള്‍കൊണ്ട് തടുക്കുകയായിരുന്നു. അഭയം നിഷേധിച്ച സാഹചര്യത്തില്‍ താനിവിടെ വന്ന വിവരം മക്കയിലെ ശത്രുക്കളെ അറിയിക്കരുതെന്ന് നബി(സ) അവരോടാവശ്യപ്പെട്ടു. അതും അവരംഗീകരിച്ചില്ല. ഉടനെ അവര്‍ മക്കാനിവാസികളെ വിവരമറിയിച്ചു. അതോടൊപ്പം കുട്ടികളെ വിട്ട് തെറിവിളിപ്പിക്കുകയും ചെയ്തു. മുറിവേറ്റ ശരീരവും മനസ്സുമായി ത്വാഇഫിനോട് വിട പറഞ്ഞ പ്രവാചകനോട് അവര്‍ക്കെതിരെ ശിക്ഷാനടപടിക്ക് അനുവാദം ചോദിച്ചപ്പോള്‍ അതനുവദിച്ചില്ല. അതോടൊപ്പം അവര്‍ക്കായി ഇങ്ങനെ പ്രാര്‍ഥിക്കുകയും ചെയ്തു: ''അല്ലാഹുവേ, എന്റെ ജനതയെ നീ നേര്‍വഴിയില്‍ നയിക്കേണമേ, അവര്‍ക്ക് നീ മാപ്പേകണമേ; അവര്‍ അറിവില്ലാത്ത ജനമാണ്.''
ഇവ്വിധം ദ്രോഹിച്ചവര്‍ക്ക് മാപ്പ് നല്‍കുകയും അവര്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്ത പ്രവാചകന്‍ ഉറങ്ങിക്കിടന്നിരുന്ന തന്നെ തന്റെ വാളെടുത്ത് കൊല്ലാനൊരുങ്ങിയ ഗൗറസ് ബ്‌നു ഹാരിസിന് മാപ്പുകൊടുത്ത സംഭവം സുവിദിതമാണ്. അതുസംബന്ധിച്ച വള്ളത്തോളിന്റെ വിഖ്യാതമായ കവിത മലയാളികള്‍ക്ക് സുപരിചതവുമാണ്.
മുഹമ്മദ് നബിയുടെ എതിരാളികളുടെ നേതാവായിരുന്നു അബൂ സുഫ്‌യാന്‍. മക്കയില്‍ പ്രവാചകനും അനുയായികള്‍ക്കുമെതിരെ നടന്ന അക്രമമര്‍ദനങ്ങളില്‍ മിക്കതിനും നേതൃത്വം നല്‍കിയവരില്‍ ഒരാള്‍ അദ്ദേഹമാണ്. നബി(സ)ക്ക് നാടുവിടേണ്ടിവന്നതിലും അദ്ദേഹത്തിന് പങ്കുണ്ട്. മദീനയിലെത്തിയശേഷം പ്രവാചകനെതിരെ നടന്ന യുദ്ധങ്ങളിലേറെയും സംഘടിപ്പിച്ചത് അദ്ദേഹവും കൂട്ടാളികളുമാണ്. അബൂസുഫ്‌യാനെപ്പോലെത്തന്നെ പ്രവാചകനെ കഠിനമായി ദ്രോഹിച്ചയാളാണ് അബ്ദുല്ലാഹിബ്‌നു ഉമയ്യ. അവരെ സംബന്ധിച്ച് നബി(സ) പറഞ്ഞു: ''അബൂസുഫ്‌യാനില്‍നിന്ന് ഞാന്‍ വളരെയേറെ ദ്രോഹം സഹിച്ചു. അബ്ദുല്ലാഹിബ്‌നു ഉമയ്യ എനിക്കെതിരെ മക്കയിലുടനീളം അപവാദം പ്രചരിപ്പിക്കുകയും ചെയ്തു.'' എന്നിട്ടും നബി(സ) ഇരുവര്‍ക്കും മാപ്പുനല്‍കി.
മക്കാനിവാസികള്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് മുഖ്യമായി ആശ്രയിച്ചിരുന്നത് യമാമ ദേശക്കാരെയാണ്. അവരുടെ നേതാവായ സുമാമതു ബ്‌നു ആഥാല്‍ ഇസ്‌ലാം സ്വീകരിച്ചു. അതോടെ അദ്ദേഹം, പ്രവാചകനെയും അനുചരന്മാരെയും കഠിനമായി പ്രയാസപ്പെടുത്തിക്കൊണ്ടിരുന്ന മക്കാ നിവാസികള്‍ക്ക് ഒരു മണിധാന്യവും നല്‍കരുതെന്ന് നാട്ടുകാരോട് നിര്‍ദേശിച്ചു. അതോടെ പ്രയാസത്തിലകപ്പെട്ട മക്കക്കാര്‍ സുമാമയുടെ നിലപാട് മാറ്റാന്‍ പല ശ്രമങ്ങളും നടത്തി. ഒന്നും വിജയിച്ചില്ല. മുഹമ്മദ് നബി(സ) ആവശ്യപ്പെട്ടാലല്ലാതെ അദ്ദേഹം വഴങ്ങുകയില്ലെന്ന് ബോധ്യമായ മക്കക്കാര്‍ പ്രവാചകന് കത്തെഴുതി: ''ഞങ്ങള്‍ക്ക് ഭക്ഷ്യധാന്യം നല്‍കുന്നത് നിരോധിച്ചു കൊണ്ട് യമാമക്കാരോട് സുമാമ നല്‍കിയ നിര്‍ദേശം പിന്‍വലിക്കാനാവശ്യപ്പെട്ടാലും. ഈ പ്രയാസത്തില്‍നിന്ന് ഞങ്ങളെ രക്ഷിക്കണം.''
കത്ത് വായിച്ച നബി(സ) സുമാമക്ക് അയച്ച കത്തിലിങ്ങനെ കുറിച്ചിട്ടു: ''ദൈവം തന്നെ തള്ളിപ്പറയുന്നവരോടും തന്നില്‍ പങ്കുചേര്‍ക്കുന്നവരോടും കരുണകാണിക്കുന്നവനാണ്. നാമും ഉള്‍ക്കൊള്ളേണ്ടത് അതാണ്. അതിനാല്‍ മക്കയിലേക്കുള്ള ധാന്യക്കടത്ത് നിര്‍ത്തരുത്.''
മദീനയിലെ ജൂതനേതാവായിരുന്ന സലാമുബ്‌നു മിശ്കമിന്റെ ഭാര്യ സൈനബ് പ്രവാചകന് വിഷം കലര്‍ത്തിയ മാംസം നല്‍കി. പ്രവാചകന് ഈ ഹീന വൃത്തി മനസ്സിലായിട്ടും അവര്‍ക്ക് മാപ്പ് നല്‍കുകയാണുണ്ടായത്.
സ്വഫ്‌വാനുബ്‌നു ഉമയ്യ, ഉമൈറുബ്‌നു വഹബ് തുടങ്ങി ഇരുപതു വര്‍ഷത്തോളം തന്നെ ദ്രോഹിച്ച കൊടിയ ശത്രുക്കള്‍ക്കു പോലും മാപ്പു നല്‍കിയ പ്രവാചകന്‍ മക്കാ വിജയവേളയില്‍ സ്വീകരിച്ച ഉദാരമായ സമീപനത്തിന് ചരിത്രത്തില്‍ തുല്യതയില്ല. പ്രവാചകത്വ ലബ്ധി മുതല്‍ അന്നോളം തന്നെ നിരന്തരം ഉപദ്രവിച്ചു കൊണ്ടിരുന്ന തീരെ സൈ്വരം തരാതെ കഷ്ടപ്പെടുത്തിക്കൊണ്ടിരുന്ന, മുഴുവന്‍ എതിരാളികളെയും അദ്ദേഹത്തിന്റെ മുമ്പില്‍ ബന്ദികളാക്കി കൊണ്ടുവന്നു. വിവരണാതീതമായ അതിക്രമങ്ങളും കൊലകളും യുദ്ധങ്ങളും നടത്തിയവരായിരുന്നു അവര്‍. എന്നിട്ടും നബി(സ) അവര്‍ക്ക് മാപ്പേകി. പ്രവാചകന്‍ പ്രഖ്യാപിച്ചു: ''ഇന്ന് നിങ്ങള്‍ക്കെതിരെ പ്രതികാരമില്ല. നിങ്ങള്‍ക്കു പോകാം. നിങ്ങളെല്ലാം സ്വതന്ത്രരാണ്.''
ജീവിതത്തിലുടനീളം വിട്ടുവീഴ്ചയുടെയും മാപ്പിന്റെയും മാര്‍ഗമവലംബിച്ച പ്രവാചകന്‍ കഅ്ബ്ബുനു അശ്‌റഫിനെ കൊല്ലാന്‍ കല്‍പിച്ച കാര്യം എടുത്തുകാണിച്ചാണ് ടി.ജെ ജോസഫിന്റെ കൈവെട്ടിമാറ്റിയതിനെ ഇ-മെയിലിലൂടെയും ടെലഫോണ്‍ സന്ദേശങ്ങളിലൂടെയും ചിലര്‍ ന്യായീകരിക്കുന്നത്. എന്നാല്‍ കഅ്ബുബ്‌നു അശ്‌റഫിന്റെ സംഭവം തീര്‍ത്തും വ്യത്യസ്തമാണ്. മദീനയിലെ ഒരു യഹൂദ പണ്ഡിതനായിരുന്നു കഅ്ബ്. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ വിജയവും വളര്‍ച്ചയും അയാളെ അത്യധികം അസൂയാലുവും അസ്വസ്ഥനുമാക്കി. ബദ്ര്‍ യുദ്ധത്തില്‍ മുസ്‌ലിംകള്‍ വിജയിച്ചതോടെ അയാളുടെ ശത്രുത പതിന്മടങ്ങ് വര്‍ധിച്ചു. അതിനാല്‍ മക്കയില്‍ പോയി ഇസ്‌ലാമിന്റെ ശത്രുക്കളെ കണ്ട് പ്രവാചകന്നും മദീനയിലെ ഇസ്‌ലാമിക രാഷ്ട്രത്തിനുമെതിരെ യുദ്ധം ചെയ്യാന്‍ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ബദ്‌റില്‍ വധിക്കപ്പെട്ടവരുടെ ബന്ധുക്കളെ കണ്ട് പാട്ടുപാടി പ്രവാചകനെതിരെ അവരില്‍ പ്രതികാരവാഞ്ഛ ഉണര്‍ത്തി. തുടര്‍ന്ന് മദീനയിലേക്ക് മടങ്ങി മുസ്‌ലിംകള്‍ക്കും നബിതിരുമേനിക്കുമെതിരെ പ്രചാരണങ്ങള്‍ നടത്തി. കുലീനകളായ സ്ത്രീകളുടെ പേരില്‍ ശൃംഗാര കവിതകള്‍ ചൊല്ലി അവരെ അപമാനിച്ചു. ഇങ്ങനെ വ്യക്തമായ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരുന്ന കഅ്ബുബ്‌നു അശ്‌റഫ് രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷക്കും ഭദ്രതക്കും സമാധാനത്തിനും ഭീഷണിയായി. അപ്പോള്‍ ഭരണാധികാരിയെന്ന നിലയില്‍ നബി(സ) അയാളെ കുഴപ്പക്കാരനായി പ്രഖ്യാപിച്ചു. തന്ത്രപൂര്‍വം അയാളുടെ കഥകഴിച്ച് സമൂഹത്തെ രക്ഷിക്കാന്‍ മുന്നോട്ടുവന്ന മുഹമ്മദ്ബ്‌നു മസ്‌ലമക്കും കൂട്ടുകാര്‍ക്കും നബി(സ) അതിനനുമതി നല്‍കുകയാണുണ്ടായത്.
എന്നാല്‍ ഇവിടെ കൈവെട്ടാന്‍ ഒരു ഭരണാധികാരിയും ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. മാത്രമല്ല, ടി.ജെ ജോസഫും അദ്ദേഹത്തിന്റെ മതമേലധ്യക്ഷന്മാരും സംഭവത്തില്‍ മാപ്പു ചോദിച്ചിട്ടുണ്ട്. ന്യൂമാന്‍ കോളേജ് അധികൃതര്‍ അദ്ദേഹത്തെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ കേസെടുക്കുകയും അറസ്റ്റ് ചെയ്ത് നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
ന്യൂമാന്‍ കോളേജ് സംഭവത്തില്‍ രാജ്യത്തെ പത്രമാധ്യമങ്ങളും പൊതു സമൂഹവും മുസ്‌ലിംകളോടൊപ്പമായിരുന്നു. ഈ സാഹചര്യത്തില്‍ ജോസഫിന്റെ കൈകൊത്തിയ ക്രൂരകൃത്യം പ്രവാചക മാതൃകക്കും ഇസ്‌ലാമിക അധ്യാപനങ്ങള്‍ക്കും എതിരാണെന്നതുപോലെ തന്നെ, മുസ്‌ലിം സമുദായത്തിന് ചീത്തപ്പേരും ഏറെ ദോഷവും വരുത്തിവെച്ച പൈശാചിക വൃത്തിയുമാണ്. അത് പ്രവാചക സ്‌നേഹത്തിന്റെ പ്രകടനമോ ഇസ്‌ലാമികമോ അല്ല. ഇസ്‌ലാമിക വിരുദ്ധമായ ഹീനകൃത്യമാണ്. അതിനാലാണ് ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമുള്ള മുസ്‌ലിം സംഘടനകളും നേതാക്കളും പണ്ഡിതന്മാരും അതിനെ ശക്തമായി വിമര്‍ശിച്ചതും അധിക്ഷേപിച്ചതും.
അതേസമയം ജമാഅത്തെ ഇസ്‌ലാമിയുടെയും സോളിഡാരിറ്റിയുടെയും സമീപനം വിശുദ്ധ ഖുര്‍ആന്റെ പ്രഖ്യാപനം അന്വര്‍ഥമാക്കുന്നതായി. പ്രതികാരത്തേക്കാള്‍ മാപ്പിനു ഊന്നല്‍ നല്‍കിയ ഖുര്‍ആന്‍ പറയുന്നു: ''നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മകൊണ്ട് തടയുക. അപ്പോള്‍ നിന്നോട് ശത്രുതയില്‍ കഴിയുന്നവന്‍ ആത്മമിത്രത്തെപ്പോലെ ആയിത്തീരും. ക്ഷമ പാലിക്കുന്നവര്‍ക്കല്ലാതെ ഈ നിലവാരത്തിലെത്താനാവില്ല. മഹാഭാഗ്യവാനല്ലാതെ ഈ പദവി ലഭ്യമല്ല.'' (41:34,35).
ടി.ജെ ജോസഫിനുവേണ്ടി സഹോദരി സ്റ്റെല്ല സോളിഡാരിറ്റി പ്രവര്‍ത്തകരോട് രക്തം ആവശ്യപ്പെട്ടത് സോളിഡാരിറ്റിയുടെയും ജമാഅത്ത് പ്രവര്‍ത്തകരുടെയും സമീപനത്തില്‍ ആകൃഷ്ടയായാണ്. അതുവഴി സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്ക് പ്രവാചക മാതൃക പ്രയോഗവല്‍ക്കരിക്കാന്‍ അവസരം ലഭിച്ചു; അതിലൂടെ ഇസ്‌ലാമിന്റെ യഥാര്‍ഥ നിലപാട് സമൂഹത്തെ ബോധ്യപ്പെടുത്താനും. ഇതിന്റെ പേരില്‍ സോളിഡാരിറ്റിയെ ആക്ഷേപിക്കുന്നത് ജോസഫിന്റെ കൈവെട്ടിമാറ്റിയതുപോലെത്തന്നെ പ്രവാചക നിന്ദയാണ്.