ജീവിതം തഖ്‌വയില്‍ അധിഷ്ഠിതമായിരിക്കണം. നന്മതിന്മകള്‍ക്ക് അല്ലാഹു നിശ്ചയിച്ച പരിധികള്‍ പാലിക്കലാണ് തഖ്‌വ. മുള്‍വഴിയിലൂടെ നടക്കുമ്പോള്‍ കാലില്‍ മുള്ളേല്‍ക്കാതിരിക്കാന്‍ നാം കാണിക്കുന്ന ജാഗ്രത പോലെ വഴികേടിന്റെ വിഷമുള്ളുകള്‍ വിതറിയ കാലത്ത് കരുതലോടെ ജീവിക്കുമ്പോഴാണ് തഖ്‌വയുള്ളവരായി മാറുന്നത്. ചെറിയ വീഴ്ചകളെ നാം നിസ്സാരമായി കാണരുത്. ചരല്‍കല്ലുകള്‍ കുമിഞ്ഞ് കൂടിയാണ് വലിയ പര്‍വതങ്ങള്‍ രൂപപ്പെടുന്നത്. ചെറിയ തെറ്റുകള്‍ പരിധിയില്‍ കവിഞ്ഞാല്‍ അത് പാപങ്ങളുടെ വന്‍ പര്‍വതങ്ങളായി രൂപാന്തരപ്പെടുകയും നമ്മുടെ ജീവിതത്തെ നശിപ്പിക്കുകയും ചെയ്യും.
ഈമാന്‍ നമ്മുടെ ജീവിതത്തിന്റെ സുപ്രധാനമായ ഘടകമാണ്. പഴയ ചരിത്രങ്ങള്‍ തിരുത്തി പുതിയ വര്‍ത്തമാനവും ഭാവിയും രൂപപ്പെടുത്തുന്ന ഘടകമാണ് മനുഷ്യ ജീവിതത്തില്‍ ഈമാന്‍. വളരെ മോശം പ്രകൃതിയിലും ചുറ്റുപാടിലും ജീവിച്ചവരില്‍പോലും അതുണ്ടാക്കിയ മാറ്റങ്ങള്‍ അത്ഭുതകരമാണ്. ഫുദൈലുബ്‌നു ഇയാദ് അറിയപ്പെട്ട ദൈവഭക്തനും വൈരാഗിയും പണ്ഡിതനുമായിരുന്നു. പക്ഷേ, അദ്ദേഹത്തിന് ഒരു ഭൂതകാല ചരിത്രമുണ്ട്. അന്നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവായിരുന്നു അദ്ദേഹം. വഴിയാത്രക്കാര്‍ ഭയപ്പെട്ടിരുന്ന കൊടുംകൊള്ളക്കാരന്‍. പക്ഷേ, അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരു രാത്രിയുണ്ടാക്കിയ മാറ്റം അപാരവും അവര്‍ണനീയവുമായിരുന്നു.
ഒരു ദിവസം അദ്ദേഹം ഒരു വീട്ടില്‍ മോഷണത്തിന് പോയി. വീടിന്റെ അവസ്ഥ മനസ്സിലാക്കാന്‍ അദ്ദേഹം ജനല്‍ പാളിയിലൂടെ അകത്തേക്ക് നോക്കിയപ്പോള്‍ ഒരു വൃദ്ധന്‍ അരണ്ട വെളിച്ചത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്തു കൊണ്ടിരിക്കുകയാണ്. മകളെന്ന് തോന്നിക്കുന്ന പെണ്‍കുട്ടി അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നു. ഫുദൈല്‍ വൃദ്ധന്റെ ഖുര്‍ആന്‍ പാരായണം സശ്രദ്ധം കേട്ടു. സൂറ അല്‍ഹദീദ് 16-ാം സൂക്തം മുതലുള്ള വചനങ്ങളാണ് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പതിഞ്ഞത്. ''ദൈവസ്മരണ കൊണ്ടും സത്യസന്ദേശം ഗ്രഹിച്ചും ഹൃദയങ്ങള്‍ ഭയവിഹ്വലമാകാന്‍ ഇനിയും മുഅ്മിനുകള്‍ക്ക് സമയമായില്ലേ. അവര്‍ ഒരിക്കലും കഴിഞ്ഞുപോയ വേദക്കാരെ പോലെയാകരുത്. ധാരാളം സമയം ലഭ്യമായിട്ടും (അതുപയോഗപ്പെടുത്താതെ) അവരുടെ ഹൃദയങ്ങള്‍ കടുത്തുറച്ച് പോവുകയും ചെയ്തു. അവരില്‍ അധികപേരും പാപികളായിത്തീര്‍ന്നു'' ഈ സൂക്തങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചു.
അദ്ദേഹം ആലോചിച്ചു. എന്റെ ജീവിതം വല്ലാത്ത വഴികേടില്‍ തന്നെയാണ്. ഇനിയും ഞാനിങ്ങനെ തുടര്‍ന്നാല്‍ പരിഹരിക്കാനാകാത്ത നഷ്ടങ്ങള്‍ അനുഭവിക്കേണ്ടി വരും. മാറിയേ തീരൂ. മാറാനുള്ള പ്രതിജ്ഞയുമായി അദ്ദേഹം ആ വീടിന്റെ പടിയിറങ്ങി. അദ്ദേഹം പറഞ്ഞു: ''എന്റെ നാഥാ, ഈ രാത്രിയില്‍ തന്നെ ഞാന്‍ നിന്നിലേക്ക് പശ്ചാത്തപിച്ച് മടങ്ങിയിരിക്കുന്നു. മസ്ജിദുല്‍ ഹറമിന്റെ സാമീപ്യം എന്റെ പശ്ചാത്താപത്തിന്റെ ഭാഗമായി ഞാന്‍ സ്വീകരിക്കുകയും ചെയ്തിരിക്കുന്നു.''
തിരിച്ചു നടക്കുമ്പോള്‍ വഴിവക്കില്‍ ഒരു യാത്രാസംഘത്തിന്റെ അടക്കിപ്പിടിച്ച സംസാരം അദ്ദേഹത്തെ പിന്നെയും അസ്വസ്ഥനാക്കി. അവര്‍ പറഞ്ഞു: ''നമ്മുടെ തുടര്‍ന്നുള്ള യാത്ര ഭീകര കൊള്ളക്കാരന്‍ ഫുദൈലിന്റെ വിഹാര കേന്ദ്രങ്ങളിലൂടെയാണ്. സൂക്ഷിച്ചില്ലെങ്കില്‍ ജീവന്‍ തന്നെ നഷ്ടപ്പെടാനിടയുണ്ട്.'' ഈ സംഭാഷണം അദ്ദേഹത്തെ വേദനിപ്പിച്ചു. നല്ല ഒരു വ്യക്തിത്വമായി മാറാനുള്ള ദൃഢപ്രതിജ്ഞ വീണ്ടും പുതുക്കി.
പിന്നീട് അദ്ദേഹത്തെ കാണുന്നത് രാത്രി മുഴുവന്‍ നമസ്‌കരിക്കുന്ന, ആരാധനാ കര്‍മങ്ങളില്‍ കണിശത പുലര്‍ത്തുന്ന, ഭൗതിക ജീവിതത്തിന്റെ ശീതളിമയില്‍ നിന്ന് ഒഴിഞ്ഞുമാറി സുഹ്ദിന്റെ പാത തെരഞ്ഞെടുത്ത, ഇസ്‌ലാമിനെക്കുറിച്ചും മറ്റും തികഞ്ഞ ബോധ്യമുള്ള പാണ്ഡിത്യത്തിന്റെ ഉടമയായ, ജനങ്ങളുടെ ആദരവിനും സ്‌നേഹത്തിനും പാത്രമായ ഉന്നത വ്യക്തിത്വത്തിന്റെ ഉടമയായിട്ടാണ്.
ഹാറൂന്‍ റശീദ് ഒരിക്കല്‍ തന്റെ സ്‌നേഹിതനോടൊപ്പം ഫുദൈലിനെ സന്ദര്‍ശിച്ചു. രാജകീയ പ്രൗഢിയോടെ തന്റെ മുന്നില്‍ നില്‍ക്കുന്ന ഹാറൂന്‍ റശീദിനെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ''താങ്കളുടെ മുന്‍ഗാമി ഉമറുബ്‌നു അബ്ദുല്‍ അസീസിന് അധികാരം ഒരു പരീക്ഷണമായിരുന്നു. പക്ഷേ താങ്കള്‍ക്ക് അതൊരനുഗ്രഹമായിരിക്കുന്നു. താങ്കളുടെ മുഖത്തെയും ശരീരത്തെയും നരകത്തില്‍നിന്നും മോചിപ്പിക്കണമെന്ന് താങ്കള്‍ ആഗ്രഹിക്കുന്നില്ലേ?'' ഇതുകേട്ട് ഹാറൂന്‍ റശീദ് പൊട്ടിക്കരഞ്ഞു. യാത്രപറഞ്ഞ് പിരിയാന്‍ നേരത്ത് കുടുംബ ചെലവിന് 1000 ദിനാറിന്റെ ഒരു പണക്കിഴി അദ്ദേഹത്തെ ഏല്‍പിച്ചപ്പോള്‍ സന്തോഷപൂര്‍വം മടക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ പ്രധാന ഉപദേശം ഇപ്രകാരമായിരുന്നു: ''നിശ്ചയം, നന്മയുടെ താക്കോല്‍ ഭൗതിക വിരക്തി മാത്രമാണ്. ഭൗതിക വിരക്തി എന്നാല്‍ ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് സംതൃപ്തിയോടെ ജീവിക്കലാണ്.'' അദ്ദേഹം ഇപ്രകാരം പ്രാര്‍ഥിക്കാറുണ്ടായിരുന്നു: ''നാഥാ, ദുന്‍യാവില്‍ ഞങ്ങളെ നീ സാഹിദുകളാക്കണമേ, നിശ്ചയം അത് ഞങ്ങളുടെ ഹൃദയങ്ങളുടെ സംസ്‌കരണവും പ്രതീക്ഷയുമാണ്.'' രോഗശയ്യയില്‍ കിടന്ന് അദ്ദേഹം ഇപ്രകാരം പ്രാര്‍ഥിച്ചുകൊണ്ടിരുന്നു: ''നിന്നോടുള്ള സ്‌നേഹം എന്നില്‍ നിലനിര്‍ത്തിക്കൊണ്ട് എന്നോട് നീ കരുണ കാണിക്കേണമേ.'' ഒരു സൂക്തം അദ്ദേഹത്തിലുണ്ടാക്കിയ അത്ഭുതകരമായ മാറ്റമാണിതെല്ലാം.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''എല്ലാ കളവ് പറയുന്നവര്‍ക്കും കുറ്റവാളികള്‍ക്കും നാശം. അവന്റെ മേല്‍ പാരായണം ചെയ്യപ്പെടുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ അവന്‍ കേള്‍ക്കുന്നു. പക്ഷേ പിന്നീട് ഒന്നും കേള്‍ക്കാത്തവനെ പോലെ അഹങ്കരിച്ച് കൊണ്ട് അവന്‍ പിന്‍മാറുന്നു. വേദനയേറിയ ശിക്ഷയാല്‍ താങ്കളവന് സന്തോഷ വാര്‍ത്ത അറിയിക്കുക'' (അല്‍ ജാസിയ 7,8). ഖുര്‍ആന്‍ നമ്മുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കണം. അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ. ആമീന്‍.