ഗസ്സയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പോയ കപ്പലിനെ ഇസ്രയേല്‍ ആക്രമിച്ച സംഭവത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച ചര്‍ച്ച നടക്കുകയാണ് ഇപ്പോഴും ലോക മീഡിയയില്‍. ഇസ്രയേലിനു വേണ്ടി അമേരിക്കയില്‍ ലോബിയിംഗ് നടത്തുന്ന അമേരിക്കന്‍-ഇസ്രേയല്‍ പബ്ലിക്ക് അഫയേഴ്‌സ് കമ്മിറ്റി (AIPAC) എന്ന ജൂത ലോബിക്കേറ്റ തിരിച്ചടിയാണ് പ്രത്യാഘാതങ്ങളില്‍ അധികമാരും ശ്രദ്ധിക്കാതെ പോയ വശം. ഇസ്രയേലിന്റെ എന്ത് കൊടുംക്രൂരതകളെയും നിയമലംഘനങ്ങളെയും കണ്ണടച്ച് പിന്തുണക്കുകയാണ് 'ഐപകി'ന്റെ സ്ഥിരം പോളിസി. അമേരിക്കന്‍ പ്രസിഡന്റ് ഡമോക്രാറ്റോ റിപ്പബ്ലിക്കനോ, ആരായിരുന്നാലും ഇസ്രയേലിന് അനുകൂലമായി നിലപാട് അവര്‍ എടുപ്പിക്കുകയും ചെയ്യും.
പതിറ്റാണ്ടുകളായി അമേരിക്കന്‍ മധ്യ പൗരസ്ത്യ നയത്തെ നിയന്ത്രിക്കുന്ന ഐപക് ഒന്ന് രണ്ട് വര്‍ഷമായി കടുത്ത പാളയത്തില്‍ പട നേരിടുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേലിനെ കണ്ണടച്ച് അനുകൂലിക്കേണ്ടതില്ലെന്ന ചിന്ത അമേരിക്കന്‍ ജൂത സമൂഹത്തില്‍ ശക്തിപ്പെട്ട് വരികയാണ്. ഇസ്രയേലിന്റെ അതിക്രമങ്ങളെ തുറന്ന് എതിര്‍ക്കണമെന്നാണ് അവരുടെ പക്ഷം. അതിനൊരു ബദല്‍ വേദിയും അവര്‍ ഉണ്ടാക്കി. ജെ. സ്ട്രീറ്റ് പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി എന്നാണ് ഈ ബദല്‍ ലോബി ഗ്രൂപ്പിന്റെ പേര്. ജെ. കാള്‍ എന്ന പേരില്‍ ഇതിനൊരു യൂറോപ്യന്‍ പതിപ്പുമുണ്ട്.
1951-ല്‍ സ്ഥാപിതമായതാണ് ഐപക്. പണത്തിന്റെയും മീഡിയയുടെയും പിന്‍ബലത്തില്‍ ഇവരാണ് ഇത്രയും കാലം അമേരിക്കന്‍ വിദേശനയത്തെ നിയന്ത്രിച്ചത്. ഐപകിനോട് വിയോജിപ്പുള്ള സംഘങ്ങളും വ്യക്തികളും അമേരിക്കന്‍ ജൂത സമൂഹത്തില്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ നിശ്ശബ്ദരാക്കപ്പെടുകയായിരുന്നു. 2008-ലാണ് ജെ. സ്ട്രീറ്റ് കമ്മിറ്റിയുടെ രൂപവത്കരണം. ലബനാനില്‍ ഇസ്രയേല്‍ നടത്തിയ കൊടുംക്രൂരതകളാണ് അതിന് നിമിത്തമായത്. തൊട്ടുടനെ ഗസ്സയില്‍ ഇസ്രയേല്‍ നടത്തിയ നരനായാട്ടും ഈ ബദല്‍ വേദിക്ക് ശക്തി പകര്‍ന്നു. തുര്‍ക്കി മുന്‍കൈയെടുത്ത് അയച്ച ദുരിതാശ്വാസ കപ്പലിനെ ഇസ്രയേല്‍ ആക്രമിച്ചപ്പോള്‍, ആ രാഷ്ട്രം പിന്തുടരുന്ന തീവ്ര വലതുപക്ഷ രാഷ്ട്രീയത്തെ കടുത്ത ഭാഷയിലാണ് ജെ. സ്ട്രീറ്റ് കമ്മിറ്റി വിമര്‍ശിച്ചത്.
അമേരിക്കന്‍ ജൂത സമൂഹത്തിലുണ്ടാകുന്ന സാമൂഹിക-ഡമോഗ്രാഫിക് മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ജെ.സ്ട്രീറ്റ് കമ്മിറ്റിയുടെ രൂപവത്കരണം. ഹോളോകാസ്റ്റിന്റെ ഓര്‍മകളില്‍ കഴിയുന്നവരല്ല പുതിയ അമേരിക്കന്‍ ജൂത തലമുറ. അവര്‍ ഇസ്രയേലിനെ ചേക്കേറേണ്ട സ്വപ്നഭൂമിയായോ, അതിന്റെ തിരോധാനം ദുരന്തമായോ കാണുന്നവരല്ല. പോളാന്‍ ബെര്‍ത്തേസിനെപ്പോലുള്ള ഗവേഷകര്‍ ചൂണ്ടിക്കാട്ടിയത് പോലെ, വിവിധ ജനവിഭാഗങ്ങളുമായി വിവാഹബന്ധത്തിലേര്‍പ്പെട്ട് പുതിയ തലമുറ 'ജൂതത്തനിമ' ഏറെക്കുറെ കൈയൊഴിക്കുകയും ചെയ്തിരിക്കുന്നു.
ഇസ്രയേലിനോടുള്ള വിധേയത്വം മധ്യപൗരസ്ത്യ ദേശത്തെ അമേരിക്കന്‍ താല്‍പര്യങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് ജെ.സ്ട്രീറ്റ് കമ്മിറ്റിയുടെ വിലയിരുത്തല്‍. ഒരു 'അന്യ രാഷ്ട്ര'ത്തിനു വേണ്ടി ഇത്രയേറെ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടതില്ലെന്നാണ് അവരുടെ പക്ഷം.
ഇതിന്റെ യൂറോപ്യന്‍ പതിപ്പായ ജെ.കാള്‍ 2010 മേയ് 3-ന് ബ്രോക്‌സലില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് തങ്ങളുടെ വേറിട്ട നിലപാടുകള്‍ വ്യക്തമാക്കിയത്. ജൂത വംശജരായ ഏതാനും പ്രമുഖ യൂറോപ്യന്‍ ബുദ്ധിജീവികളാണ് ജെ.കാളിന്റെ അണിയറ ശില്‍പികള്‍. അവരുടെ വിമര്‍ശങ്ങള്‍ താരതമ്യേന മൃദുവാണ്. ഇപ്പോഴത്തെ ധിക്കാരപരമായ നിലപാട് തുടര്‍ന്നാല്‍, അത് ഭാവിയില്‍ ഇസ്രയേലിന്റെ നിലനില്‍പ് തന്നെ അപകടപ്പെടുത്തുമെന്ന മുന്നറിയിപ്പാണ് അവര്‍ നല്‍കുന്നത്.
ഇത്തരം ബദല്‍ നീക്കങ്ങള്‍ക്ക് ഇസ്രയേലിന്റെ നിലപാടുകളെ തിരുത്താനുള്ള ശക്തി കൈവരിക്കാനാവുമോ? കണ്ടുതന്നെ അറിയണം. പണത്തിന്റെയും മീഡിയയുടെയും കനത്ത പിന്‍ബലമുള്ള ഐപക് പോലുള്ള ലോബിയെ മറികടക്കുക അത്ര എളുപ്പമല്ല.
മുഹമ്മദ് ഹുസൈന്‍ ഫദ്‌ലുല്ല
കഴിഞ്ഞയാഴ്ച ലബ്‌നാനില്‍ അന്തരിച്ച ശീഈ ആത്മീയ നേതാവ് മുഹമ്മദ് ഹുസൈന്‍ ഫദ്‌ലുല്ല(75)യുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നിരവധി പ്രമുഖരാണ് എത്തിച്ചേര്‍ന്നത്. ലബ്‌നാനിന് പുറത്ത് മധ്യ-പൗരസ്ത്യ ദേശത്തും ഗള്‍ഫ് നാടുകളിലും അനുയായികളുണ്ട് ഫദ്‌ലുല്ലക്ക്. ലബ്‌നാനിലെ പോരാളി സംഘമായ ഹിസ്ബുല്ലയുടെ ആത്മീയാചാര്യനായും ഇദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. 'കാരുണ്യവാനായ പിതാവിനെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു' എന്നാണ് അനുശോചന സന്ദേശത്തില്‍ ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്വ്‌റുല്ല പറഞ്ഞത്.
അമേരിക്കയുടെ മധ്യ-പൗരസ്ത്യ വിദേശ നയത്തിന്റെ കടുത്ത വിമര്‍ശകനായിരുന്നു ഫദ്‌ലുല്ല. ബില്‍ക്ലിന്റണ്‍ അമേരിക്കന്‍ പ്രസിഡന്റായിരിക്കെ 1995ല്‍ ഹസന്‍ നസ്വ്‌റുല്ലയോടൊപ്പം ഫദ്‌ലുല്ലയെയും ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതിന് മുമ്പ് തന്നെ ഫദ്‌ലുല്ലയെ വധിക്കാന്‍ ഇസ്രയേല്‍ പലതവണ ശ്രമിച്ചിരുന്നു. 1985ല്‍ തെക്കന്‍ ലബ്‌നാനിലുള്ള അദ്ദേഹത്തിന്റെ വീട്ടിന്റെ സമീപം സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഒരു കാര്‍ പൊട്ടിത്തെറിച്ചു. എണ്‍പത് പേരാണ് ആ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 2006ല്‍ ഇസ്രയേല്‍ ലബ്‌നാന്‍ ആക്രമിച്ചപ്പോള്‍, ഇസ്രയേലി ബോംബര്‍ വിമാനങ്ങള്‍ ഫദ്‌ലുല്ലയുടെ വീട് കല്‍ക്കൂമ്പാരമാക്കി. ആ സമയം അദ്ദേഹം വീട്ടില്‍ ഇല്ലായിരുന്നു.
ചില ശീഈ ആചാരങ്ങള്‍ക്കെതിരെയും അദ്ദേഹം ശബ്ദമുയര്‍ത്തിയിരുന്നു. ആശൂറാ ദിനത്തില്‍ കര്‍ബലയില്‍ രക്തസാക്ഷിയായ ഹുസൈന്റെ സ്മരണയില്‍ മൂര്‍ച്ച കൂടിയ ആയുധങ്ങള്‍ കൊണ്ട് സ്വയം ശരീരത്തെ കുത്തി പരിക്കേല്‍പിക്കുന്നത് ഇസ്‌ലാമികമല്ലെന്ന് അദ്ദേഹം ഫത്‌വ നല്‍കി. ഇറാഖിലെ നജ്ഫ് നഗരത്തില്‍ 1935ലാണ് ഫദ്‌ലുല്ലയുടെ ജനനം. 1966ലാണ് അദ്ദേഹം ലബ്‌നാനിലെത്തിയത്.