ചോദ്യപേപ്പറിലൂടെ പ്രവാചകനെ നിന്ദിച്ച അധ്യാപകന്റെ കൈപ്പത്തി വെട്ടി മാറ്റിയവര്‍ ദൈവിക മാര്‍ഗത്തില്‍ ഒരു 'മഹാജിഹാദ്' നടത്തിയതിന്റെ നിര്‍വൃതി അനുഭവിക്കുകയായിരിക്കും ഇപ്പോള്‍. അജ്ഞാത കേന്ദ്രങ്ങളില്‍ അരണ്ട മെഴുകുതിരി വെട്ടത്തിന്റെ പശ്ചാത്തലത്തില്‍ ചോര തിളപ്പിച്ച വാഗ്വിസ്മയങ്ങളില്‍നിന്ന് ആവാഹിച്ച ഊര്‍ജം 'പ്രവാചക സ്‌നേഹത്തി'നായി തന്നെ ചെലവഴിക്കാന്‍ കഴിഞ്ഞതിന്റെ ആത്മഹര്‍ഷം! എത്രവലിയ പാതകമാണ് തങ്ങള്‍ ചെയ്തതെന്ന് അവര്‍ തിരിച്ചറിയുമോ?
ഇസ്‌ലാമിന്റെയും പ്രവാചകന്റെയും ചെലവില്‍ പൈശാചിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇത്തരം 'വികാര ജീവികള്‍' പ്രവാചക ചരിത്രം ഒരിക്കലെങ്കിലും മനസ്സിരുത്തി വായിച്ചെങ്കില്‍! എണ്ണമറ്റ ചരിത്ര സത്യങ്ങള്‍ അവരുടെ ചെയ്തി ഇസ്‌ലാമിക അധ്യാപനങ്ങള്‍ക്കും നബിചര്യക്കും നിരക്കാത്തതാണെന്ന് പഠിപ്പിക്കുന്നു.
പ്രവാചകന്റെ പള്ളിയില്‍ ഒരു അവിശ്വാസി കയറി മൂത്ര വിസര്‍ജനം നടത്തി അശുദ്ധമാക്കി. കണ്ടുനിന്ന സ്വഹാബികള്‍ അയാളെ പിടികൂടി 'കൈകാര്യം' ചെയ്യാന്‍ ഒരുങ്ങുന്നു. ഉടനെ നബി(സ)യുടെ ഇടപെടല്‍! ''അയാളെ വിട്ടേക്കുക. അശുദ്ധമായ സ്ഥലം വെള്ളമൊഴിച്ച് വൃത്തിയാക്കുക.'' പ്രവാചക ശ്രേഷ്ഠന്റെ ആ അധ്യാപനത്തിന് അവാച്യമായ മനോഹാരിതയും അര്‍ഥവ്യാപ്തിയുമുണ്ട്. മലിനമാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവനെ ആക്രമിക്കുന്നതിലല്ല; നമ്മുടെ കൈവശമുള്ളത് ശുദ്ധമാക്കി കൊണ്ടുനടക്കുന്നതിലാണ് ശൂരത കാട്ടേണ്ടത് എന്ന മഹത്തായ പാഠം. മലിനമാക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും, സമുദായത്തിന്റെ സമീപനം നന്മയില്‍ അധിഷ്ഠിതവും മാതൃകാപരവുമായിരിക്കണം എന്ന പാഠം.
ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍ മാലകള്‍ നമസ്‌കാര വേളയില്‍ തിരു ശരീരത്തില്‍ ചാര്‍ത്തിയവര്‍, വീട്ടിലെ മാലിന്യങ്ങള്‍ വഴി നടക്കുമ്പോള്‍ ദേഹത്തേക്ക് എറിഞ്ഞവര്‍, ഭ്രാന്തനെന്നും ജോത്സ്യനെന്നും മാരണക്കാരനെന്നും ആക്ഷേപം ചൊരിഞ്ഞവര്‍, ത്വാഇഫില്‍ തെരുവുകുട്ടികളെ വിട്ട് അസഭ്യ വര്‍ഷം നടത്തുകയും കല്ലെറിഞ്ഞ് രക്തമൊലിപ്പിക്കുകയും ചെയ്തവര്‍... ചരിത്രത്തില്‍ പ്രവാചകനെ അധിക്ഷേപിച്ചവരും ദ്രോഹിച്ചവരും അസംഖ്യം. അവരുടെ കൈപത്തികള്‍ സുരക്ഷിതമായിരുന്നു. ഇസ്‌ലാം അവര്‍ക്കുമേല്‍ ആധിപത്യം നേടിയതിനു ശേഷവും! ആയുധ സ്‌നേഹികള്‍ എന്തേ ഈ പ്രവാചക മാതൃക കാണാതെ പോയത്? അതോ പ്രവാചകന്റെ ഈ സഹിഷ്ണുതയും ദാക്ഷിണ്യവും നബിക്ക് പറ്റിയ മഹാ അബദ്ധമായിപ്പോയി എന്ന് ഗവേഷണം നടത്തി കണ്ടെത്തിക്കളഞ്ഞോ ഇവരിലെ ബുദ്ധിജീവികള്‍?
'തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് പ്രതിരോധിക്കുക; നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവര്‍ ആത്മമിത്രമായി മാറും' എന്ന ഖുര്‍ആനിന്റെ അനന്യ സുന്ദര വചനം കാണാനുള്ള കണ്ണുകള്‍ ഇവര്‍ക്ക് ഇല്ലാതെ പോയത് എന്തു കൊണ്ട്? റസൂലിന്റെ തലയറുക്കാന്‍ വന്ന ഉമറും ഉഹ്ദില്‍ പരാജയം രുചിപ്പിച്ച ഖാലിദും ഹംസ(റ)യെ വധിച്ച് ഇസ്‌ലാമിക സമൂഹത്തിന് കനത്ത ആഘാതമേല്‍പിച്ച വഹ്ശിയും എങ്ങനെ പ്രവാചകന്റെ മിത്രങ്ങളും അനുചരന്മാരുമായി മാറി എന്ന് ഇവര്‍ക്ക് പിടികിട്ടാതെ പോകുന്നതെന്ത്?
പ്രവാചക നിന്ദ നടത്തിയ വ്യക്തിയെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കോളേജ് അധികൃതരും ക്രിസ്തീയ സഭയും മാപ്പു പറഞ്ഞു. സംഭവിച്ചത് വലിയ തെറ്റു തന്നെയെന്ന് പൊതുസമൂഹം വിലയിരുത്തി. ഇപ്രകാരം സമുദായത്തിന് മൊത്തം നന്മയായി മാറിയ കാര്യമാണ് നിമിഷാര്‍ധം കൊണ്ട് ദുഷ്ടശക്തികള്‍ തല്ലിയുടച്ചത്. 'അല്ലാഹുവേ, എന്റെ സമൂഹത്തിന് നീ പൊറുത്തു കൊടുക്കേണമേ, അവര്‍ക്ക് വിവരമില്ലാത്തത് കൊണ്ടാണ് അവര്‍ അവിവേകം പ്രവര്‍ത്തിച്ചത്' എന്ന് കണ്ണീരോടെ പ്രാര്‍ഥിച്ച പ്രവാചകന്‍ ഈ ദുഷ്‌കൃത്യം ചെയ്തവരോട് പൊറുക്കുമോ?
ഒ. അശ്‌റഫ് പിണങ്ങോട്
ഇങ്ങനെ പേടിക്കാന്‍ കാരണമെന്ത്?
'പര്‍ദപ്പേടിയുടെ രാഷ്ട്രീയം' (ശിഹാബ് പൂക്കോട്ടൂര്‍, ലക്കം 1) സമകാലീന സാമൂഹിക കാഴ്ചപ്പാടുകളെ ഉജ്ജ്വലമായി വരച്ചുകാട്ടുന്നതായിരുന്നു.
കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്റെ റൂമില്‍ വെച്ച് 'ഇമയം' എന്ന തമിഴ് ചാനലില്‍ ഒരു ഇസ്‌ലാമിക പ്രഭാഷണം കേള്‍ക്കാനിടയായി. ചോദ്യോത്തര സെഷനില്‍ ഒരു അമുസ്‌ലിം സഹോദരന്റെ ചോദ്യം: ''താങ്കള്‍ ഇതുവരെ പ്രസംഗിച്ചതെല്ലാം നന്മകള്‍ മാത്രമായിരുന്നു. എല്ലാം എനിക്ക് ഉള്‍ക്കൊള്ളാനും സാധിക്കുന്നുണ്ട്. പക്ഷേ, ഇത്ര മിതവാദിയായ താങ്കളെന്തിനാ തീവ്രവാദികളെപ്പോലെ തൊപ്പിയും താടിയും വെച്ചിരിക്കുന്നത്?'' അദ്ദേഹത്തിന്റെ പ്രഭാഷണവും അതിലെ നന്മകളും ഉള്‍ക്കൊള്ളാന്‍ സാധിച്ച അമുസ്‌ലിം സഹോദരന്, തൊപ്പിയും താടിയും ഉള്‍ക്കൊള്ളാന്‍ സാധിക്കാതിരുന്നതിലെ രാഷ്ട്രീയം, പര്‍ദപ്പേടിയുടെ രാഷ്ട്രീയംതന്നെയാണ്. അതാവട്ടെ ഒരാഗോള പ്രതിഭാസമാണ് താനും.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇസ്‌ലാമിക നവജാഗരണം ശക്തിപ്പെടുകയും പൗരോഹിത്യവത്കരിക്കപ്പെട്ട ഇസ്‌ലാമിക ചിന്തകളെ ചില 'മുജദ്ദിദുകള്‍' ഏറ്റെടുക്കുകയും ചെയ്തതോടെ, പാശ്ചാത്യരും ഓറിയന്റലിസ്റ്റുകളും വേവിച്ചുവെച്ച 'സാംസ്‌കാരിക ഇസ്‌ലാം' എന്ന ആശയത്തിനാണ് പ്രഹരമേറ്റത്. ക്രിസ്തീയ ചിഹ്നങ്ങളെയും വിശ്വാസത്തെയും പൗരോഹിത്യവത്കരിച്ചതുപോലെ, ഖുര്‍ആന്‍ പള്ളിക്കകത്തും വിശ്വാസം സ്വകാര്യ ജീവിതത്തിലും മതിയെന്ന ആശയത്തിന് ഓശാന പാടാന്‍ സമുദായത്തില്‍ നിന്നുതന്നെ ആളെ ഉണ്ടാക്കിയെടുക്കുന്നതില്‍ ഇക്കൂട്ടര്‍ വിജയിച്ചുവെങ്കിലും, ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ഇടപെടല്‍ കുറച്ചൊന്നുമല്ല ഇക്കൂട്ടരെ അസ്വസ്ഥരാക്കിയത്.
കേരളത്തില്‍ പര്‍ദയും താടിയും തൊപ്പിയുമൊക്കെ ബ്രാന്റ് ചെയ്യപ്പെടാന്‍ തുടങ്ങിയത് ഈയടുത്ത കാലത്താണ്. ഇവയെല്ലാം പൗരോഹിത്യവത്കരിച്ചെടുക്കുക എന്നത് ഇന്ന് ചിലരുടെ ആവശ്യമാണ്. സെക്യുലര്‍ നാട്യക്കാരായ ചിലരെ കൂട്ടുപിടിച്ച് രാഷ്ട്രീയ കേരളം നടത്തുന്ന ഈ പേക്കൂത്തിന് കൂട്ടുചേരാന്‍ ചില പുരോഹിതന്മാരും രംഗത്തിറങ്ങിയിട്ടുണ്ട്. എല്ലാവര്‍ക്കും ആവശ്യം പര്‍ദയെ പൗരോഹിത്യവത്കരിക്കാന്‍ അനുവദിക്കില്ല എന്ന് കുറ്റിപ്പുറം സമ്മേളനത്തോടെ ഉറക്കെപ്പറഞ്ഞ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ രക്തമാണ്. തൊപ്പിയും താടിയും പര്‍ദയും പൗരോഹിത്യവത്കരിക്കാത്തിടത്തോളം ഇക്കൂട്ടര്‍ ഇവ ധരിച്ച്, പ്ലാച്ചിമടയിലും മുക്കാല്‍ സെന്റ് കോളനിയിലും കിനാലൂരും ഇടപെടാന്‍ തുടങ്ങിയാല്‍ ഇസ്‌ലാമിന് ഇവര്‍ കല്‍പിച്ചതിനപ്പുറം ഒരര്‍ഥമുണ്ടെന്നും അത് പ്രയോഗവത്കരിച്ചാല്‍ ഇടതും വലതുമായുള്ള നില്‍പ് അപകടത്തിലാവുമെന്നുമുള്ള തിരിച്ചറിവാണ് ഈ പര്‍ദാപേടിയുടെ മുഖ്യഹേതു.
അബൂ മര്‍യം പുന്നയൂര്‍ക്കുളം
അന്വേഷണത്വരയുണര്‍ത്തുന്ന പുസ്തകം
ഏകത്വത്തിന്റെ സ്വരഭേദങ്ങള്‍ മാത്രം ഉരുവിടുന്ന ഒരു ഗ്രന്ഥമാണ്, ബുദ്ധന്‍, യേശു, മുഹമ്മദ് എന്ന പുസ്തകം. എല്ലാ മതങ്ങളും ആദിമമായ ശുദ്ധ രൂപത്തില്‍ ഏകദൈവവിശ്വാസമാണ് പുലര്‍ത്തിയിരുന്നത് എന്നും പിന്നീട് അവ പല കൈവഴികളായി പിരിഞ്ഞുപോയി എന്നും ഗ്രന്ഥം സമര്‍ഥിക്കുന്നു. മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടതും പ്രസിദ്ധീകരിക്കപ്പെടുന്നതുമായ ഗ്രന്ഥങ്ങളില്‍ പലതും ഭൂതകാലത്തെ എപ്പോഴും കാല്‍പനികവത്കരിച്ച് കാണിക്കാന്‍ താല്‍പര്യപ്പെടുന്നവയാണ്. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ വൈകാരികതക്കു പകരം നിരീക്ഷണത്തിനും ശാസ്ത്രീയചിന്തകള്‍ക്കും ഒരുപോലെ പ്രാധാന്യം കൊടുത്തു. ഹിന്ദുമതത്തിലെയും ക്രിസ്തു മതത്തിലെയും പുനര്‍ജന്മ ചിന്തകളിലെ വൈവിധ്യങ്ങള്‍ കണ്ടെത്തി അവയിലടങ്ങിയ ഏകത്വത്തെ പരിപോഷിപ്പിക്കാന്‍ ശ്രമിക്കുന്ന പുസ്തകം വേറിട്ട് നില്‍ക്കുന്നു. മതവിശ്വാസികളുടെ അന്വേഷണ ത്വരയെ പ്രചോദിപ്പിക്കാനും കൃതി സഹായിക്കുന്നു.
പി.വി മുഹമ്മദ് ഈസ്റ്റ് മലയമ്മ
ജനപക്ഷ രാഷ്ട്രീയം വിശദീകരിക്കണം
മുസ്‌ലിം ലീഗിനും സി.പി.എമ്മിനും സംഭവിച്ച അബദ്ധങ്ങള്‍ ഗുണകാംക്ഷയോടെ അവരെ ബോധ്യപ്പെടുത്തുന്നതായിരുന്നു രണ്ട് ലക്കങ്ങളിലായി വന്ന ഡോ. കൂട്ടില്‍ മുഹമ്മദലിയുടെ ലേഖനം (ലക്കം: 3,4). എല്ലാ വിഭാഗങ്ങള്‍ക്കും പ്രവര്‍ത്തിക്കാവുന്ന വിധം ജമാഅത്ത് രൂപം കൊടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും സാധാരണ ജനങ്ങള്‍ക്ക് ബോധ്യപ്പെടും വിധം വിശദീകരിക്കേണ്ടതുണ്ട്. എങ്കിലേ രാഷ്ട്രീയക്കാര്‍ സാധാരണക്കാര്‍ക്കിടയില്‍ പരത്തുന്ന തെറ്റിദ്ധാരണകള്‍ തിരുത്താന്‍ കഴിയൂ. അധികാരം നഷ്ടപ്പെടുമെന്നും തങ്ങള്‍ അടിമകളാക്കിവെച്ചിരിക്കുന്ന അണികള്‍ തങ്ങള്‍ക്കെതിരെ തിരിയുമെന്നും ഭയപ്പെട്ടിരുന്ന പ്രമാണിവര്‍ഗം എന്നും പ്രയോഗിച്ചിരുന്ന തന്ത്രം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സത്യത്തിനെതിരെ ഇളക്കിവിടുകയായിരുന്നു. ആ ചരിത്രം ആവര്‍ത്തിച്ചുകൊണ്ടിരിക്കും.
അബൂ ആദില്‍ എടക്കഴിയൂര്‍
മുതലാളിത്ത ജീര്‍ണതകള്‍ പേറുന്ന ഇടതുപക്ഷം
ഷഹനാസിന്റെ കാഴ്ചപ്പാട് (വാള്യം 67, ലക്കം 2) ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്ര കാപട്യം തുറന്നു കാട്ടുന്നതായിരുന്നു. ഇടതുപക്ഷ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ കാപട്യം വ്യക്തമാകും.
ഇടതു രാഷ്ട്രീയം ഇന്ന് മുതലാളിത്തത്തിന്റെ ജീര്‍ണതകള്‍ പേറുന്നതാണ്. അടിസ്ഥാന ജനവിഭാഗങ്ങളുടെ പുരോഗതിയേക്കാള്‍ കുത്തക മുതലാളിമാരുടെ വികസനത്തിനാണ് അവര്‍ ചൂട്ടുപിടിക്കുന്നത്. മൂന്നാറില്‍ ടാറ്റക്ക് ഏക്കര്‍ കണക്കിന് ഭൂമി വിട്ടുനല്‍കിയ അവര്‍ അന്തിയുറങ്ങാന്‍ ഒരു കൂര പോലുമില്ലാത്ത സാധാരണക്കാരന്റെ പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടുന്നു. ഭൂമിക്ക് വേണ്ടിയുള്ള അവന്റെ പോരാട്ടങ്ങളെ മര്‍ദിച്ചൊതുക്കുന്നു. നന്ദിഗ്രാമും സിങ്കൂരും ചെങ്ങറയും നമ്മോട് വിളിച്ചോതുന്നത് മറ്റെന്താണ്? കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് എ.ഡി.ബി ഏജന്റുമാരെ കരിഓയില്‍ അഭിഷേകം നടത്തിയ ഇടതു യുവത, അവരുടെ ഭരണത്തില്‍ അതേ എ.ഡി.ബിക്ക് പച്ചപരവതാനി വിരിക്കുന്ന അപഹാസ്യത നാം കണ്ടു. ഇവരുടെ പ്രത്യയശാസ്ത്ര തലവും പ്രായോഗിക തലവും വൈരുധ്യാധിഷ്ഠിതമാണ്. സാമ്രാജ്യത്വത്തിനെതിരെ ശബ്ദിക്കുകയും എന്നാല്‍ കുത്തകകള്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നത് വൈരുധ്യമാണ്.
മുതലാളിത്ത മൂലധന വ്യവസ്ഥക്ക് വിധേയമായിപ്പോയ ഇടതുപക്ഷത്തിന് ബദല്‍ സാമ്പത്തിക വ്യവസ്ഥ സ്ഥാപിക്കാനുള്ള പ്രത്യയശാസ്ത്ര ഉള്‍ക്കരുത്തില്ല എന്നത് അവരുടെ താത്ത്വികവും പ്രായോഗികവുമായ പാപ്പരത്തം എടുത്തുകാട്ടുന്നു.
ലിയാഖത്ത് അലി പുന്നപ്ര
ചുരുക്കെഴുത്ത്
'നമ്മള്‍ വന്നു മടങ്ങുന്നതിനിടയിലെ ദൂരം' (ചിന്താവിഷയം, ലക്കം 3) ചിന്തോദ്ദീപകമായിരുന്നു. സരളമായിരുന്നു ശൈലി. വിജ്ഞാനങ്ങളുടെ നിറക്കൂട്ടുകള്‍ ഒത്തുചേര്‍ന്നതും ആയത്തുകളുടെയും ഹദീസുകളുടെയും തിക്കിതിരക്കുകള്‍ ഇല്ലാത്തതും. എങ്കിലും ജീവിതത്തെയും മരണത്തെയും കുറിച്ച് തീപിടിപ്പിക്കുന്ന ചില വിചാരപ്പെടലുകള്‍ അതിലുണ്ടായിരുന്നു. ഇത് പുത്തന്‍ എഴുത്തുരീതികളുടെ കാലമാണ്. ഇനിയും പാടിപഴകിയ പ്രസംഗശൈലി താളുകളിലേക്ക് തേച്ചുപിടിപ്പിച്ചാല്‍ പാരഗ്രാഫ് നീളുന്ന വാചകമൊന്നും വായിക്കാന്‍ ആളെ കിട്ടില്ല. വായനക്ക് കുളിരു പകരുന്ന എഴുത്തുകള്‍ ഇനിയും ഉണ്ടാകട്ടെ എന്ന പ്രാര്‍ഥനയോടെ.
വി. അംജദ് പത്തപ്പിരിയം
ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന സമ്മേളനം പ്രഖ്യാപിച്ചപ്പോഴേക്കും ശാപപ്രാര്‍ഥനകളും ഫത്‌വകളുമായി രംഗത്തുവന്നു ചിലര്‍. അവര്‍ പിന്തുണക്കുന്ന മുസ്‌ലിം ലീഗിന്റെ വനിതാ വിഭാഗം കോഴിക്കോടടക്കമുള്ള ജില്ലകളില്‍ സമ്മേളനങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. ഇപ്പോള്‍ എന്തേ ശാപ പ്രാര്‍ഥനകളുടെ കാലം കഴിഞ്ഞോ? മുസ്‌ലിം സമുദായത്തിലെ സ്ത്രീകളോട് മാപ്പ് പറഞ്ഞ് മതത്തിന്റെ പേരിലുള്ള കാപട്യം അവസാനിപ്പിക്കാന്‍ ഇത്തരക്കാര്‍ തയാറാവണം.
പി.കെഎന്‍ ഫറോക്ക്
നമസ്‌കാരാനന്തര ദുആയില്‍ ആക്രമിക്കപ്പെടുന്നവര്‍ക്കായി പ്രാര്‍ഥിക്കുമ്പോള്‍ ഫലസ്ത്വീനില്‍ മനുഷ്യാവകാശം നിഷേധിക്കപ്പെടുന്ന ദൈന്യതയാര്‍ന്ന മുഖമാണ് മനസ്സില്‍ വരാറ്. അവരുടെ ആത്മധൈര്യവും പോരാട്ട വീര്യവും ലേഖനത്തിലൂടെയും മറ്റും (ലക്കം 2) അറിയുമ്പോള്‍ പ്രാര്‍ഥിക്കുന്നവര്‍ക്ക് കൂടുതല്‍ മനസാന്നിധ്യമുണ്ടാകും.
സുമറ കണ്ണൂര്‍