|
കാലുകൊണ്ട്
അപരനടുത്തേക്ക്
നീക്കം ചെയ്യപ്പെടുമ്പോള്‍
കരയുകയായിരുന്നു
ആരുടെ ഭാഗത്തും
സ്ഥിരമായി നില്‍ക്കാനാവാത്ത
ശരീരഘടനയാലെ
ഉരുളുകയായിരുന്നു ഞാന്‍
ഈ ആരവങ്ങളും
കൈയടികളും
ആര്‍ക്കുവേണ്ടിയാണെന്നറിയില്ല
ഒരിക്കലെങ്കിലും
വിശക്കുന്നവന് മുന്നിലേക്ക്
ഒരു കായപ്പമായി
ഉരുണ്ടു പോകണമെനിക്ക്,
അല്ലാതെ എന്ത് പന്ത് ജീവിതം.
സത്യചന്ദ്രന്‍ പൊയില്‍ക്കാവ്
|
കളികമ്പക്കാരാ!
വ്യത്യസ്തമായൊരു കാല്‍പന്ത് കളിയിലേക്ക്
സ്വാഗതം.
ജഴ്‌സിയണിഞ്ഞ്, ബൂട്ട്‌കെട്ടി എതിരാളികള്‍
നഗ്നപാദരായി, ജഴ്‌സിപോലുമില്ലാതെ ഞങ്ങള്‍
ചോര പടരുന്ന മൈതാനം
ഒറ്റക്കണ്ണുള്ള റഫറി
(എതിര്‍ ടീമിന്റെ കോച്ചും അയാള്‍!)
ഞങ്ങളുടെ മുന്തിയ കളിക്കാരെയൊക്കെയും
ചോപ്പുകാര്‍ഡ് കാണിച്ച് പുറത്താക്കി,
(കളി നിയമങ്ങള്‍ ഞങ്ങള്‍ക്ക് മാത്രമുള്ളതാണ്)
അവര്‍ ഞങ്ങളുടെ പോസ്റ്റിലേക്ക്
ചടുപിടുന്നനെ ഗോളുതിര്‍ക്കുന്നു.
ചത്ത ഗാലറി.
ഏകപക്ഷീയമായ കേളിയുടെ വൈരസ്യത്തില്‍
കാണികളൊക്കെയും ഇ(ഉ)റങ്ങിപ്പോയി.
ഇടവേള,
ശവപ്പെട്ടികളുടെ പരസ്യം,
ശവക്കച്ച ചുറ്റിപ്രേതസുന്ദരികള്‍ നര്‍ത്തനമാടി.
ഞങ്ങളുടെ ഒടുക്കത്തെ കളിക്കാരനും
ചോപ്പുകാര്‍ഡിനാല്‍ പുറത്താക്കപ്പെടുവോളം
നിര്‍ത്തിവെക്കില്ല, ഇക്കളി.
കാരണം, കളിനടക്കുന്നത് പോര്‍ട്ട് എലിസബത്തിലല്ല,
ജോഹന്നാസ് ബര്‍ഗിലല്ല,
ഗസ്സയിലാകുന്നു.
നിത്യന്‍ മുണ്ടിതൊടിക
|