മനുഷ്യന് ലഭിക്കാവുന്ന അമൂല്യമായ വെളിച്ചാണ് ദൈവസ്മരണ. ഏതു കൂരിരുട്ടില്‍നിന്നും ആപത്തില്‍നിന്നും മനുഷ്യനെ രക്ഷിക്കാന്‍ പര്യാപ്തമാണത്. ഏതു ദുഃഖവും ദുരിതവും അകറ്റാനും പുതിയൊരു ജീവിതം സമ്മാനിക്കാനും കഴിവുള്ളവനാണ് അല്ലാഹു എന്ന ചിന്ത നല്‍കുന്ന കരുത്ത് അപാരമാണ്. രാത്രിക്കു ശേഷം പ്രഭാതം വരുന്നതുപോലെ, ദുരിതനാളുകള്‍ക്കു ശേഷം ക്ഷേമത്തിന്റെ ദിനങ്ങള്‍ വരുമെന്ന് പ്രകൃതി പ്രതിഭാസങ്ങളില്‍നിന്ന് പഠിക്കാന്‍ തയാറാകണം. എല്ലാ അനീതിയും വഞ്ചനയും കാപട്യവും ദൈവം കാണുന്നുണ്ടെന്നും ദൈവത്തിന്റെ മുന്നില്‍ കുറ്റവാളികള്‍ രക്ഷപ്പെടുകയില്ലെന്നുമുള്ള ബോധ്യം വിശ്വാസിക്ക് നല്‍കുന്ന ആശ്വാസം അതിരില്ലാത്തതാണ്.
''അറിയുക, അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ കൊണ്ടുമാത്രമാണ് മനസ്സുകള്‍ ശാന്തമാകുന്നത്'' (ഖുര്‍ആന്‍ 13:28).
ജീവിതവിശുദ്ധി നേടാന്‍ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ പ്രേരകമാകുന്നില്ലെങ്കില്‍ ആ ദൈവസ്മരണ നിഷ്ഫലമാണ്. ഏതു ദുര്‍ഘട ഘട്ടങ്ങളിലും എല്ലാം അല്ലാഹുവില്‍ സമര്‍പ്പിക്കാന്‍ കഴിയണം. അതാണ് യഥാര്‍ഥ ദൈവസ്മരണ. അതാണ് പ്രവാചകന്റെ ജീവിതം നല്‍കുന്ന സവിശേഷമായ പാഠം. ദൈവസ്മരണ അതിന്റെ ഏറ്റവും ഭംഗിയോടെ നിറഞ്ഞുനിന്നു പ്രവാചക ജീവിതത്തില്‍. ഒപ്പം തജ്ജന്യമായ ശാന്തിയും. ശത്രു തന്റെ വാള്‍ നബിയുടെ തലക്കുമുകളില്‍ ഉയര്‍ത്തി, 'ഇപ്പോള്‍ രക്ഷിക്കുന്നവനാര്?' എന്നു ചോദിച്ചപ്പോള്‍, സംശയലേശമന്യേ, 'അല്ലാഹു' എന്നു പറഞ്ഞ പ്രവാചകന് അല്ലാഹു തന്റെ നിറസാന്നിധ്യവും നിത്യസാന്നിധ്യവുമായിരുന്നു.
മനുഷ്യന്‍ തനിക്കു വേണ്ടി മാത്രം ജീവിച്ചാല്‍ പോരാ എന്ന ഉള്‍ക്കാഴ്ചയാണ് ദൈവസ്മരണ നമുക്ക് തരുന്നത്. അല്ലാഹുവിനെ ഓര്‍ക്കുന്നവന്‍ അനിവാര്യമായും മനുഷ്യനെയും ഓര്‍ക്കണം. മനുഷ്യനെ ഓര്‍ക്കുക എന്നാല്‍ അവരിലെ അവശവിഭാഗങ്ങളെ പരിഗണിക്കുക എന്നാണര്‍ഥം. അഗതികളെ അവഗണിക്കുന്നവന്‍ ദൈവനിഷേധിയാണെന്ന് ഖുര്‍ആന്‍ പറയുന്നു: ''മതനിഷേധിയെ നീ കണ്ടുവോ? അനാഥയെ ആട്ടിയപ്പായിക്കുന്നവനാണവന്‍. അഗതിക്ക് അന്നം നല്‍കാന്‍ പ്രേരിപ്പിക്കാത്തവനും.'' ജനസേവനം ദൈവാരാധനയായി കണക്കാക്കുന്ന ദര്‍ശനമാണ് ഖുര്‍ആന്റേത്. ദൈവത്തെക്കുറിച്ചുള്ള സ്മരണ ദുര്‍ബലന്റെ കണ്ണീരൊപ്പാന്‍ പ്രേരണ നല്‍കണം. അല്ലാഹുവോടുള്ള സ്‌നേഹത്താല്‍ അഗതികള്‍ക്കും അനാഥര്‍ക്കും തടവുകാര്‍ക്കും ഭക്ഷണം നല്‍കുന്ന സുകൃതികളെക്കുറിച്ച് ഖുര്‍ആന്‍ എടുത്തു പറയുന്നുണ്ട്. മനുഷ്യനെ സ്‌നേഹിക്കാതെ ദൈവത്തെ സ്‌നേഹിക്കാനാവില്ല. അഥവാ അങ്ങനെയുള്ള സ്‌നേഹം അല്ലാഹു സ്വീകരിക്കുകയില്ല.
മനുഷ്യര്‍ക്കു മാത്രമല്ല സര്‍വ ജീവജാലങ്ങള്‍ക്കും കരുണ ചെയ്യാന്‍ യഥാര്‍ഥ ദൈവഭക്തന്‍ തയാറാകും. 'എല്ലാ പച്ചക്കരളുള്ള ജീവികളോടും കാരുണ്യം കാണിക്കുക' എന്നു പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. ഉറുമ്പിന്‍ കൂടിന്നരികെ തീ കത്തിച്ച സഖാക്കളെ നബി (സ) ശാസിച്ചു. തീ കെടുത്താന്‍ ആവശ്യപ്പെട്ടു. ജീവകാരുണ്യം തുളുമ്പുന്ന ഇത്തരം കഥകള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ വായിക്കാം. സത്യവിശ്വാസിയുടെ ചിന്തയും പ്രവര്‍ത്തനങ്ങളും ലോകത്തിനാകെ ഗുണകരമായി ഭവിക്കണമെന്നാണ് നബി(സ)യുടെ ജീവിതം പഠിപ്പിക്കുന്നത്.
നാം നമ്മുടെ ജീവിതം ജീവിച്ചാല്‍ പോരാ, നമ്മുടെ സഹോദരന്മാര്‍ക്കു വേണ്ടി കൂടി ജീവിക്കണം എന്ന് ദൈവികസന്ദേശം ഓര്‍മപ്പെടുത്തുന്നു. ''നിങ്ങള്‍ സ്വന്തത്തിന് വേണ്ടി ഇഷ്ടപ്പെടുന്നത് ദാനം ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ പുണ്യം നേടുകയില്ല'' (ഖുര്‍ആന്‍). ''താനിഷ്ടപ്പെടുന്നത് തന്റെ സഹോദരനു കൂടി ഇഷ്ടപ്പെടാത്ത കാലത്തോളം ഒരാളും മുസ്‌ലിമാവുകയില്ല'' (നബിവചനം). ഹിജ്‌റയുടെ വേളയിലും തുടര്‍ന്നും മദീനയില്‍ കണ്ടത് കറകളഞ്ഞ ഈ സഹോദര സ്‌നേഹമാണ്. നമുക്കെന്ന പോലെ മറ്റുള്ളവര്‍ക്കും ഗുണകരമായ വിധത്തിലേ ജീവിക്കാവൂ. വീട്ടിലെ മാലിന്യം അന്യന്റെ വീട്ടുപരിസരത്തും റോഡിലും വലിച്ചെറിയുന്നവന്റെ മനസ്സില്‍ കുടിയിരിക്കുന്നത് പിശാചാണ്.
മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കുക എന്ന വീക്ഷണം വിശാലമാക്കിയാല്‍ നാം ഇന്നത്തെ തലമുറക്കു വേണ്ടി ജീവിച്ചാല്‍ പോരാ, വരാന്‍ പോകുന്ന തലമുറകള്‍ക്കു വേണ്ടി കൂടി ജീവിക്കണമെന്ന് ഗ്രഹിക്കാനാകും. ഭൂമിയെയും ആകാശത്തെയും മലിനമാക്കുന്നതൊന്നും ചെയ്യരുത്. വരുംതലമുറകള്‍ക്കു വേണ്ടി ജീവിക്കേണ്ടത് അങ്ങനെയാണ്. ''ഭൂമിയെ യഥാവിധി ചിട്ടപ്പെടുത്തിയിരിക്കെ നിങ്ങളതില്‍ നാശമുണ്ടാക്കരുത്'' (ഖുര്‍ആന്‍). 'കൈയില്‍ ഒരു ചെടിയുണ്ടെങ്കില്‍, ലോകാന്ത്യം സംഭവിക്കാന്‍ പോകുന്ന നിമിഷത്തിലും ആ ചെടി നടുക' എന്ന നബിവചനം പരിസ്ഥിതി പരിപാലനത്തെക്കുറിച്ച്, ഭൂമിയുടെ സുസ്ഥിതിയെക്കുറിച്ച്, മനുഷ്യന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് വാള്യങ്ങള്‍ സംസാരിക്കുന്നുണ്ട്.
പ്രപഞ്ച സൃഷ്ടിപ്പിലെ താളപ്പൊരുത്തം, ജീവജാലങ്ങളുടെ വൈവിധ്യം, മനുഷ്യസൃഷ്ടിയുടെ മാഹാത്മ്യം- ഇതേക്കുറിച്ചൊക്കെ ചിന്തിക്കാന്‍ ദൈവസ്മരണ നമുക്ക് പ്രേരണയാകുന്നു. ഖുര്‍ആനിലെ ആദ്യമിറങ്ങിയ സൂക്തങ്ങളില്‍ മനുഷ്യനെ വായിക്കാനും എഴുതാനും പഠിപ്പിച്ച ഔദാര്യം എടുത്തു പറയുന്നതും അതുവഴി സൃഷ്ടിവൈഭവം കണ്ടെത്താന്‍ ആഹ്വാനം ചെയ്യുന്നതും ശ്രദ്ധേയമാണ്. ദൈവസ്മരണയുടെ ഒന്നാമത്തെ ഉത്തേജനം സൃഷ്ടിമാഹാത്മ്യത്തെക്കുറിച്ച ചിന്തയാണെന്ന് ഇത് വ്യക്തമാക്കുന്നു.
ചിന്തിക്കുന്ന മനുഷ്യനെ സംബന്ധിച്ചേടത്തോളം ദൈവസ്മരണ കര്‍മരംഗത്തിറങ്ങാനുള്ള ശക്തമായ പ്രേരണയാകും. മനുഷ്യരില്‍നിന്നകന്ന് വനവാസത്തിനു പോകുന്നത് ഖുര്‍ആന്റെ തത്ത്വങ്ങള്‍ക്കെതിരാണ്. സന്യാസമോ ബ്രഹ്മചര്യയോ അല്ലാഹു വിധിച്ചിട്ടില്ല.
സൗമ്യമായ സംസാരവും ദൈവസ്മരണയുടെ ഭാഗംതന്നെ. ഒരു സംസ്‌കൃതകാവ്യത്തിന്റെ സാരം ഇങ്ങനെ: ''മധുരവും സൗമ്യവുമായ വാക്ക് പ്രയോഗിക്കുന്നതുകൊണ്ട് എല്ലാവരുടെയും ഇഷ്ടം നേടാനാവും. പരുഷമായ വാക്കുപയോഗിക്കുന്നവര്‍ മറ്റുള്ളവര്‍ക്കു ചെയ്യുന്ന ഉപകാരം പോലും അനിഷ്ടത്തിന് കാരണമാകും. എല്ലാവരും കുയിലിനെ ഇഷ്ടപ്പെടുന്നു. കുയില്‍ നമുക്ക് എന്തുകൊണ്ടുവന്നു തന്നിട്ടാണ്? കുരുമുളക് തുടങ്ങിയ ഫലങ്ങള്‍ തിന്നു നശിപ്പിക്കുകയും ചെയ്യും. എങ്കിലും കുയിലിനെ നമുക്ക് ഇഷ്ടമാണ്. എന്നാല്‍ പാവം കഴുതയുടെ കാര്യമോ? എന്തൊക്കെ ഉപകാരങ്ങളാണ് കഴുത നമുക്ക് ചെയ്തുതരുന്നത്. എന്നിട്ടും കഴുത എന്നു കേട്ടാല്‍ ഒരുതരം വെറുപ്പാണ് മനസ്സില്‍ ഉണ്ടാവുക. കാരണം അതിന്റെ ശബ്ദപാരുഷ്യംതന്നെ.'' സൗമ്യമായി സംസാരിക്കണമെന്ന് ലുഖ്മാന്‍ മകനെ ഉപദേശിക്കുന്നുണ്ടല്ലോ.
അല്ലാഹുവിനെ ഓര്‍ക്കുമ്പോള്‍ മനസ്സിലുണരേണ്ട ശ്രേഷ്ഠ വിചാരമാണ് പ്രാര്‍ഥന. ''പ്രാര്‍ഥന ദൈവസമര്‍പ്പണത്തിന്റെ മജ്ജയാകുന്നു'' (നബിവചനം). 'ഹറാമി'ന്റെ കലര്‍പ്പില്ലാത്ത പ്രാര്‍ഥനക്ക് ഫലമുണ്ടാകുമെന്ന് തീര്‍ച്ചയാണ്; ഇന്നല്ലെങ്കില്‍ നാളെ. മനസ്സിന്റെ ഭാരമിറക്കിവെക്കാനുള്ള ഏറ്റവും ഉത്തമമായ അത്താണിയാണ് പ്രാര്‍ഥന. പ്രാര്‍ഥന നല്‍കുന്ന മാനസികവും ശാരീരികവുമായ സുസ്ഥിതിയെക്കുറിച്ചുള്ള ആധുനിക ശാസ്ത്രത്തിന്റെ ഗവേഷണഫലങ്ങളെക്കുറിച്ച് മനഃശാസ്ത്രജ്ഞന്മാര്‍ ഉപന്യസിച്ചിട്ടുണ്ട്. വിശ്വാസിയെ സംബന്ധിച്ചേടത്തോളം അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം എടുത്തു പ്രയോഗിക്കേണ്ട തുരുപ്പുശീട്ടല്ല പ്രാര്‍ഥന. നിത്യജീവിതത്തിന്റെ ഭാഗംതന്നെയാണത്. ദൈവസന്നിധിയിലേക്ക് കാഴ്ചദ്രവ്യങ്ങളുമായി കയറിച്ചെല്ലാനുള്ള എളുപ്പമായ ഏണിപ്പടിയാണ് പ്രാര്‍ഥന. സല്‍ക്കര്‍മങ്ങളാണ് അല്ലാഹുവിന്റെ മുന്നില്‍ സമര്‍പ്പിക്കേണ്ട കാഴ്ചവസ്തുക്കള്‍.
അല്ലാഹുവിന്റെ ഗുണങ്ങള്‍ സ്വാംശീകരിക്കാന്‍ ശ്രമിക്കുക എന്നതാണ് ദൈവസ്മരണയുടെ മറ്റൊരു താല്‍പര്യം. കാരുണ്യം, നീതി നിഷ്ഠ, ദയ എന്നിവ മഹത്തായ ദൈവിക ഗുണങ്ങളാണ്. വെറുക്കുന്നവനോടും നീതിപാലിക്കണമെന്ന് ഖുര്‍ആന്‍ പറയുന്നു. 'എടുക്കുന്നതിലല്ല, കൊടുക്കുന്നതിലാണ് ആനന്ദം' എന്ന ചൊല്ല് അര്‍ഥവത്താണ്. ദൈവിക ഗുണമാണത്. തന്നെ ദുഷിക്കുന്നവനു പോലും അവന്‍ കൊടുക്കുന്നു. മനഃശുദ്ധി, സല്‍സ്വഭാവം എന്നിവയും ദൈവസ്മരണയുടെ സ്വാഭാവിക ഫലങ്ങളാണ്.
ദൈവസ്മരണ നല്‍കുന്ന മറ്റൊരു സമ്മാനമാണ് സംതൃപ്തി. ''മനഃസംതൃപ്തിയാണ് യഥാര്‍ഥ ഐശ്വര്യം'' (നബിവചനം). അല്‍പം കിട്ടിയാലും അധികം കിട്ടിയാലും സംതൃപ്തി കണ്ടെത്താന്‍ കഴിയണം. ഒന്നും കിട്ടിയില്ലെങ്കില്‍ ക്ഷമിക്കണം. നിരാശ അവനെ സ്പര്‍ശിക്കുകയേയില്ല. ഒരു ഗ്രന്ഥകാരന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്. ''ഒരു ഗ്ലാസ്സില്‍ കുറച്ച് പാല്‍ കിട്ടി. 'ഇത്രയേയുള്ളോ' എന്ന് ചിന്തിച്ചാല്‍ സന്തോഷമില്ല. 'ഇത്രയും പാല്‍ കിട്ടിയല്ലോ' എന്ന് ആത്മാര്‍ഥമായി പറയുമ്പോഴാണ് സന്തോഷമുണ്ടാകുന്നത്.'' വളരെ കഷ്ടപ്പെടുകയും തുഛ വരുമാനം കൊണ്ട് ജീവിക്കുകയും ചെയ്യുന്ന, ഷൂ പോളിഷ് ചെയ്യുന്ന ഈജിപ്ഷ്യന്‍ ബാലന്റെ 'അല്‍ഹംദുലില്ലാഹ്' എന്ന സംതൃപ്തി നിറഞ്ഞ വാക്കുകളാണ് തന്നെ ഇസ്‌ലാമില്‍ എത്തിച്ചതെന്ന് ബ്രിട്ടീഷ് നവമുസ്‌ലിമായ ഇദ്‌രീസ് തൗഫീഖ് വെളിപ്പെടുത്തുന്നുണ്ട്.
'അല്ലാഹുവിനെ കൂടുതലായി സ്മരിക്കുക, നിങ്ങള്‍ വിജയം വരിക്കാന്‍' എന്ന് ഖുര്‍ആന്‍ പറയുന്നു. യഥാര്‍ഥ വിശ്വാസിയില്‍ അല്ലാഹുവിനെക്കുറിച്ച സ്മരണ സൃഷടിക്കുന്ന ചലനങ്ങള്‍ അല്ലാഹു വരച്ചിടുന്നുണ്ട്. ''അല്ലാഹുവിന്റെ പേര് അനുസ്മരിക്കുമ്പോള്‍ ഹൃദയം ചകിതമാകുന്നവര്‍ മാത്രമാണ് യഥാര്‍ഥ വിശ്വാസികള്‍'' (അന്‍ഫാല്‍ 2). 'അല്ലാഹുവിന്റെ സ്മരണയില്‍നിന്നകന്ന് ഹൃദയം കടുത്തുപോയവര്‍ക്ക് കൊടിയ നാശമാണുണ്ടാവുക' എന്നും അല്ലാഹു മുന്നറിയിപ്പ് നല്‍കുന്നു.
ഭൗതികജീവിതമാണ് സര്‍വസ്വമെന്ന് ധരിക്കുന്നവര്‍ക്ക് എത്ര ചെറിയ പരാജയവും വലിയ ആഘാതമായിരിക്കും. ഇഹലോകസുഖങ്ങളും സമ്പത്തും നീങ്ങിപ്പോകുന്ന നിഴലാണെന്നും പരലോകമാണ് ശാശ്വതമെന്നും വിശ്വസിക്കുന്നവര്‍ക്ക് ദുഃഖിക്കാന്‍ കാരണമില്ല. ഭൗതികപ്രേമം ഒരിക്കലും സമാധാനം കൊണ്ടുവരികയില്ല. ബ്രിട്ടീഷ് നവ മുസ്‌ലിമായ ഇദ്‌രീസ് തൗഫീഖ് എഴുതുന്നു: ''ഭൗതിക സൗകര്യങ്ങളും സുഖവും പരമാവധി ആസ്വദിച്ച് സന്തോഷവും സമാധാനവും ലഭിക്കുമെന്ന് കരുതി അവയുടെ പിന്നാലെ നെട്ടോട്ടമോടുന്ന പാശ്ചാത്യരില്‍ ഭൂരിപക്ഷവും എത്തുന്നത് വലിയ അസമാധാനത്തിലാണ്. ഇവിടെയാണ് ഇസ്‌ലാമിന്റെ പ്രസക്തി വര്‍ധിക്കുന്നത്. അസ്വസ്ഥതയില്‍നിന്ന് സ്വസ്ഥതയിലേക്കും സമാധാനത്തിലേക്കും നയിക്കാനുള്ള മാസ്മരികത ഇസ്‌ലാമിനുണ്ട്.''
ദൈവവിശ്വാസമില്ലാത്തവരെ സംബന്ധിച്ചേടത്തോളം എല്ലാ ദുരിതങ്ങളും പേറി സ്വയം വെന്തുരുകേണ്ട അവസ്ഥയാണുള്ളത്. ഭാരമിറക്കിവെക്കാന്‍ ഒരത്താണിയുമില്ല. വിശ്വാസിക്ക് ബലിഷ്ഠമായ ആശ്രയമുണ്ട്. ഏതു ഭാരവും ഇറക്കിവെക്കാവുന്ന അത്താണി. അതുകൊണ്ടാണ് പല ദര്‍ശനങ്ങള്‍ മാറി മാറി പരീക്ഷിച്ച ശേഷം ഇസ്‌ലാമില്‍ വന്നവര്‍ ഏറെ ആശ്വാസം കൊള്ളുന്നത്. തേടിയലഞ്ഞ സമാധാനം കണ്ടെത്തിയെന്ന ആശ്വാസമാണവര്‍ക്ക്. ഖുര്‍ആന്‍ തങ്ങളുടെ എല്ലാ സംശയങ്ങളും തീര്‍ത്തുകൊടുത്തതായി അവര്‍ക്ക് ആശ്വസിക്കാനാവുന്നു. സ്വിറ്റ്‌സര്‍ലന്റിലെ മിനാരം വിരുദ്ധ കാമ്പയിന് നേതൃത്വം നല്‍കവേ, യാദൃഛികമായി ഖുര്‍ആന്‍ പഠിക്കാനിടയാവുകയും ഖുര്‍ആന്റെ വശ്യതയില്‍ ആകൃഷ്ടനായി ഇസ്‌ലാം സ്വീകരിക്കുകയും ചെയ്ത ഡാനിയേല്‍ സ്‌ട്രൈഷിന്റെ വാക്കുകള്‍ സ്മരണീയമാണ്: ''ക്രിസ്തുമതത്തില്‍ ലഭിക്കാതിരുന്ന ജീവിതത്തിന്റെ യാഥാര്‍ഥ്യം ഇസ്‌ലാമിലാണ് എനിക്ക് കണ്ടെത്താനായത്. ജീവിതത്തെക്കുറിച്ച് ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കും യുക്തിപൂര്‍ണമായ മറുപടി എനിക്ക് ലഭിച്ചത് ഇസ്‌ലാമില്‍നിന്നാണ്.''
അല്ലാഹുവിനെക്കുറിച്ച സ്മരണ ഒരു പൂര്‍ണ മനുഷ്യനെ സൃഷ്ടിക്കുന്നു. അങ്ങനെയുള്ളവര്‍ ഒത്തുചേരുമ്പോള്‍ ഐശ്വര്യപൂര്‍ണമായ ഒരു ഇന്നിനെ സൃഷ്ടിക്കുന്നു. ഐശ്വര്യപൂര്‍ണമായ നാളേക്കുവേണ്ടി പണിയെടുക്കാന്‍ പ്രേരണ നല്‍കുന്നു. അതുകൊണ്ടാണ് അല്ലാഹു പറഞ്ഞത്: ''അല്ലാഹുവിനെക്കുറിച്ച സ്മരണയാണ് മഹത്തരം'' (ഖുര്‍ആന്‍).
എല്ലാം നശിച്ചു മണ്ണാകുന്ന ഒരു ലോകത്ത് മരണത്തിലേക്ക് സഞ്ചരിക്കുന്ന യാത്രക്കാരന് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയെക്കാള്‍ അമൂല്യമായി മറ്റെന്താണുള്ളത്?
ഹൃദയവാടിയില്‍ ദൈവസ്മരണ പൂക്കുമ്പോള്‍ സല്‍ഗുണസമ്പന്നനായ മനുഷ്യന്‍ രൂപം കൊള്ളുന്നു. അല്ലാഹുവുണ്ട് എന്ന പരമസത്യത്തെക്കുറിച്ച ബോധ്യത്തില്‍നിന്ന് സന്മാര്‍ഗദര്‍ശനം എന്ന സൗഭാഗ്യത്തിലേക്ക് വളരുന്ന വെളിച്ചമാകണം ദൈവസ്മരണ. സമ്പൂര്‍ണവും ശ്രേഷ്ഠവുമായ ദൈവസ്മരണ മനുഷ്യജീവിതത്തിന്റെ ഓരോ അണുവും സംസ്‌കരിക്കുന്നു. അത്തരം ധന്യജീവിതത്തിനൊടുവിലാണ് വിധിദിനത്തിന്റെ നാഥന്റെ ഈ സ്വാഗതമൊഴി കേള്‍ക്കാന്‍ സൗഭാഗ്യമുണ്ടാവുക:
''അല്ലയോ സമാധാനം പുല്‍കിയ ആത്മാവേ, നീ നിന്റെ നാഥനിലേക്ക് മടങ്ങിവരിക. പൂര്‍ണ സംതൃപ്തനായി; തൃപ്തിഭാജനമായി. എന്റെ അടിയാറുകളില്‍ അണിചേരുക. എന്റെ ആരാമത്തിന്റെ അകം പൂകുക'' (ഖുര്‍ആന്‍ 89: 27-30).