കഴിഞ്ഞ മാര്‍ച്ചില്‍ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ അധ്യാപകന്‍ ടി.ജെ ജോസഫ് തയാറാക്കിയ ചോദ്യപേപ്പറില്‍ മുഹമ്മദ് നബിയെ നിന്ദിച്ചത് മുസ്‌ലിം സമുദായത്തില്‍ വലുതായ വേദനയും പ്രതിഷേധവും ഉളവാക്കിയത് സ്വാഭാവികമായിരുന്നു. വാസ്തവത്തില്‍ കോളേജ് കാമ്പസിനകത്തു തന്നെ തീര്‍ക്കാവുന്നതായിരുന്നു ആ പ്രശ്‌നം. കുത്സിത പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടും അര്‍ഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്യാന്‍ ഉത്തരവാദപ്പെട്ടവര്‍ തയാറായില്ല. എങ്കിലും പ്രശ്‌നം പുറത്തെത്തുകയും മുസ്‌ലിം സമുദായത്തില്‍ പ്രതിഷേധം കനക്കുകയും ചെയ്തപ്പോള്‍ അവരുണര്‍ന്നു പ്രവര്‍ത്തിച്ചു. വിവാദ ചോദ്യം തയാറാക്കിയ അധ്യാപകനെ സസ്‌പെന്റ് ചെയ്തു. കോളേജ് മാനേജ്‌മെന്റ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു. സര്‍ക്കാരും ഊര്‍ജസ്വലമായി. ടി.ജെ ജോസഫിനെ പ്രതിയാക്കി പോലീസ് കേസെടുത്തു. ഒരു കലാപമായി കത്തിപ്പടരുമായിരുന്ന ആ സംഭവം അങ്ങനെ ഏറെ കുറെ സമാധാനപരമായി കെട്ടടങ്ങുകയായിരുന്നു.
ഈ കെട്ടടങ്ങല്‍ എല്ലാ മതവിഭാഗങ്ങളും ഓര്‍ത്തിരിക്കേണ്ട ഒരു സന്ദേശം നല്‍കുന്നുണ്ട്: ഉത്തരവാദപ്പെട്ടവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ മതസമുദായങ്ങള്‍ക്കിടയിലുണ്ടാകുന്ന അസ്വാരസ്യങ്ങള്‍ കലാപത്തിലേക്കു വളരാതെ സമാധാനപരമായി പരിഹരിക്കാനാകും. നമ്മുടേതു പോലുള്ള ബഹുസ്വരസമൂഹത്തില്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പ്രാഥമികോപാധികള്‍ നിയമവ്യവസ്ഥയും ജനാധിപത്യസംവിധാനവുമാണ്. അതവഗണിച്ച് ബന്ധപ്പെട്ട കക്ഷികള്‍ കത്തിയും കുറുവടിയുമെടുത്ത് കണക്കു തീര്‍ക്കാന്‍ മുതിരുന്നതാണ് ഏറ്റം വലിയ വിപത്ത്.
കേരളത്തിന്റെ പൊതുമനസ്സ് വര്‍ഗീയകരിക്കപ്പെട്ടു കഴിഞ്ഞിട്ടില്ല എന്നതാണ് ശുഭോദര്‍ക്കമായ മറ്റൊരു സന്ദേശം. പരാതിക്കാരാരായാലും പരാതി ന്യായമാണെങ്കില്‍ അവരോടൊപ്പം നില്‍ക്കാന്‍ പൊതുസമൂഹം തയാറാണ്. ചോദ്യ പേപ്പര്‍ വിവാദത്തില്‍ എല്ലാ മതവിഭാഗങ്ങളും മതമില്ലാത്തവര്‍പോലും മുസ്‌ലിംകളുടെ പരാതി അംഗീകരിക്കുകയുണ്ടായി. ഈ മനോഭാവം സാമുദായിക സൗഹാര്‍ദത്തിന്റെയും സമാധാനത്തിന്റെയും പ്രബലമായ ഈടുവെയ്പാണ്. ഇത് നിലനിര്‍ത്താനും പുഷ്ടിപ്പെടുത്താനും എല്ലാ മതവിഭാഗങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.
ഈ അന്തരീക്ഷത്തിലേക്ക് വന്നു പതിച്ച ഇടിത്തീയാണ് കഴിഞ്ഞ 4-നു ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി.ജെ ജോസഫിനു നേരെ മൂവാറ്റുപുഴയില്‍ നടന്ന കിരാതമായ അക്രമം. അദ്ദേഹത്തിന്റെ കൈവെട്ടി മാറ്റുകയും കാലുകള്‍ ഗുരുതരമായി മുറിവേല്‍പിക്കുകയും ചെയ്തിരിക്കുന്നു. ഏറക്കുറെ പരിഹരിക്കപ്പെട്ട ഒരു പ്രശ്‌നം വീണ്ടും കുത്തിപ്പൊക്കാനും ആളിക്കത്തിക്കാനുമുള്ള ഈ ശ്രമം അങ്ങേയറ്റം അപലപനീയവും ആപല്‍ക്കരവുമാണ്. മതാഭിമാനത്തിന്റെയും സമുദായ രക്ഷയുടെയും പേരിലാണീ കുത്സിത ചെയ്തിയെങ്കില്‍, സമുദായത്തെ നാണം കെടുത്താനും അരക്ഷിതമാക്കാനും മാത്രമേ അതുപകരിക്കുന്നുള്ളൂ എന്ന് ഇനിയും ആര്‍ക്കാണറിഞ്ഞുകൂടാത്തത്? കൈവെട്ടല്‍ സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയാണ് പിന്നിലെന്ന് പോലീസ് പറയുന്നു. ആ സംഘടന അത് നിഷേധിക്കുകയും ചെയ്യുന്നു. അതിന്റെ ചില പ്രവര്‍ത്തകരാണ് അറസ്റ്റിലായിട്ടുള്ളത്. ഒരു കാര്യം വ്യക്തമാണ്. ഒരു യാദൃശ്ചിക സംഘട്ടനത്തിനിടയിലുണ്ടായ അത്യാഹിതമല്ല; നീണ്ട നാളത്തെ ഗൂഢാലോചനയുടെ പരിസമാപ്തിയാണീ സംഭവം. അതിനു പിന്നില്‍ ആരായാലും സ്വന്തം 'വീര കൃത്യ'ത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള നട്ടെല്ലു പോലുമില്ലാത്ത ഭീരുക്കളാണവര്‍. ഈ ഭീരുത്വത്തിലൂടെ മുസ്‌ലിം സമുദായത്തെ മുഴുവന്‍ അവര്‍ സംശയത്തിന്റെ നിഴലിലാക്കുകയാണ്. പതിയിരുന്ന് ആളുകളെ ആക്രമിച്ച് ഉത്തരവാദിത്വമേല്‍ക്കാതെ ഓടിയൊളിക്കുക വിപ്ലവകാരികളുടെയോ സമുദായോദ്ധാരകരുടെയോ രീതിയല്ല. വഴിവെട്ടിക്കൊള്ളക്കാരുടെയും മാഫിയാ സംഘങ്ങളുടെയും രീതിയാണ്.
അധ്യാപകന്റെ കൈവെട്ടിയ നടപടിക്ക് മതത്തിന്റെയോ സമുദായത്തിന്റെയോ പിന്തുണ ഒട്ടുമില്ല. പ്രവാചക നിന്ദയെ ഇസ്‌ലാം സ്വാഭാവികമായും ഗുരുതരമായ പാപമായി കാണുന്നു. എന്നാല്‍ അതുചെയ്യുന്നവരെ കൈവെട്ടാന്‍ എന്നല്ല കായികമായ ഒരു നടപടിക്കും വിധേയരാക്കാന്‍ പ്രവാചകന്‍ കല്‍പിച്ചിട്ടില്ല. വല്ല നടപടിയും എടുക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അതെടുക്കേണ്ടത് ഭരണകൂടമാണ്; വ്യക്തികളല്ല. മുഹമ്മദ് നബി(സ) അദ്ദേഹത്തിന്റെ ജീവിത കാലത്ത് ഏറെ പരിഹാസങ്ങള്‍ക്കും നിന്ദകള്‍ക്കും വിധേയനായിട്ടുണ്ട്. പ്രതികാര നടപടിയെടുക്കാനുള്ള എല്ലാ അധികാരവും ശക്തിയും കൈവന്നപ്പോഴും അത്തരക്കാര്‍ക്ക് മാപ്പ് നല്‍കുകയാണ് നബി(സ) ചെയ്തത്. നിന്ദയും ശകാരവുമൊക്കെ അജ്ഞരും അവിവേകികളുമായ ആളുകള്‍ ഉത്തരം മുട്ടുമ്പോള്‍ അവലംബിക്കുന്ന ഉപായങ്ങളാണ്. ആയുധംകൊണ്ടല്ല; വിവേകം കൊണ്ടും വിജ്ഞാനം കൊണ്ടുമാണതിനെ നേരിടേണ്ടത്.
മുസ്‌ലിം സമുദായത്തിലെ എല്ലാവിഭാഗങ്ങളും മൂവാറ്റുപുഴ സംഭവത്തെ അപലപിച്ചിരിക്കുകയാണ്. അനിഷ്ട സംഭവങ്ങളുണ്ടാകുമ്പോള്‍ അപലപിക്കുന്നതിലും സമാധാനം പാലിക്കാന്‍ ആഹ്വാനം ചെയ്യുന്നതിലും മതിയാക്കാതെ, പ്രകോപനങ്ങളെ സമചിത്തതയോടെ, സമാധാനപരമായി ജനാധിപത്യമാര്‍ഗത്തിലൂടെ നേരിടാനുള്ള വിവേകവും പരിശീലനവും അണികള്‍ക്കു നല്‍കാന്‍ സംഘടനാ നേതാക്കള്‍ അസൂത്രിതമായ പരിപാടികളാസൂത്രണം ചെയ്യുക കൂടി വേണമെന്ന് മനസ്സിലാക്കേണ്ട സന്ദര്‍ഭമാണിത്. മൂവാറ്റുപുഴ സംഭവത്തില്‍ മാരകമായി മുറിവേറ്റിരിക്കുന്നത് ഒരധ്യാപകന് മാത്രമല്ല; അതിലുപരി മതമൈത്രിക്കും സമുദായ സൗഹാര്‍ദത്തിനുമാണ്. ശിഥിലമാകുന്ന ബന്ധങ്ങള്‍ ദൃഢീകരിക്കാന്‍ ഇരു സമുദായത്തിന്റെയും നേതാക്കള്‍ മുന്നോട്ടു വരേണ്ടതുണ്ട്. നിഷ്‌കളങ്കമായ സ്‌നേഹവായ്പും സഹകരണ സന്നദ്ധതയുമാണ് അവര്‍ ആയുധമാക്കേണ്ടത്. അക്രമത്തിനിരയായ സഹോദരന് രക്തം നല്‍കാന്‍ മുന്നോട്ടുവന്ന സോളിഡാരിറ്റി പ്രവര്‍ത്തകരുടെ മാതൃക അനുകരണീയമാണ്. ജാതിമത വ്യത്യാസമന്യെ മനുഷ്യരെല്ലാം ഒരേ ചോരയാണ് എന്ന സത്യത്തിന്റെ സന്ദര്‍ഭോചിതമായ സാക്ഷാത്കാരമായിക്കൂടി നമുക്കതിനെ കാണാം. ഈ രക്തബന്ധം സമുദായങ്ങള്‍ തമ്മിലുള്ള മൈത്രിയും സഹകരണവുമായി പുഷ്‌കല സുരഭിലമാവട്ടെ.