Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>വായനാമുറി


മുസ്ലിം ജീവിതത്തിന്റെ സമകാലിക ഭാഷ്യം

 

# കെ. അശ്റഫ്

 
 


മുസ്ലിം ജീവിതത്തിന്റെ സങ്കീര്‍ണതകളെക്കുറിച്ച് ധാരാളമൊന്നും ആരും എഴുതിയിട്ടില്ല. എന്നാല്‍ ഇന്ന് പുറത്തിറങ്ങുന്ന, മുസ്ലിം സമൂഹത്തെക്കുറിച്ച് ആധികാരിക ധാരണകള്‍ പങ്കുവെക്കുന്നുവെന്നവകാശപ്പെടുന്ന അകം വ്യവഹാരങ്ങള്‍ കൊളോണിയല്‍ വാര്‍പ്പുമാതൃകകളുടെ തടവുകളിലാണുള്ളത്. യൂറോ കേന്ദ്രീകൃത ജീവിതവീക്ഷണങ്ങളെ മുന്‍നിര്‍ത്തി മുസ്ലിം സാമുദായിക ജീവിതത്തില്‍ വ്യക്തിസ്വാതന്ത്യ്രം, ലൈംഗിക സ്വാതന്ത്യ്രം, പുരുഷാധിപത്യ വിരുദ്ധത, ഖുര്‍ആന്റെ ലിബറല്‍ വായന തുടങ്ങിയവ ഉണ്ടെന്നവകാശപ്പെടുന്ന ആഖ്യാനങ്ങള്‍ നിരന്തരം ഊട്ടിയുറപ്പിക്കുന്നത് യൂറോ ലിബറല്‍ മൂല്യങ്ങളെയാണ്. ഇങ്ങനെയുള്ള എഴുത്തുകള്‍ നമ്മുടെ മാധ്യമങ്ങള്‍ ധാരാളം ആഘോഷിക്കുകയും ചെയ്യുന്നു. ഇറാനില്‍ ജനിച്ച് അമേരിക്കയില്‍ താമസിക്കുന്ന അസര്‍ നഫീസിയുടെ Reading Lolita in Tehran, ഈ വര്‍ഷം പുറത്തിറങ്ങിയ Things I have been Silent About തുടങ്ങിയ നോവലുകള്‍ ലിബറല്‍ മാധ്യമങ്ങള്‍ ധാരാളമായി ചര്‍ച്ച ചെയ്യുന്നു. എന്നാല്‍ ഇതേ ഇറാനില്‍നിന്ന് പടിഞ്ഞാറിലേക്ക് പോയി, അവിടെ വാഷിംഗ്ടണ്‍ യൂനിവേഴ്സിറ്റിയില്‍ പഠിക്കുന്ന ഫാത്വിമ കഷാവ്സ് എഴുതിയ പുസ്തകമാണ് 'Reading More than Lolita in Tehran: Jasmine and star (Washington University Press-2006).
ഈ പുസ്തകത്തെക്കുറിച്ച് ഒരൊറ്റ നിരൂപണവും മലയാള മാധ്യമങ്ങളില്‍ വന്നിട്ടില്ല. അസര്‍ നഫീസിയെയും ഇറാനിയന്‍ ഗ്രാഫിക് നോവലിസ്റായ മര്‍ജാന സത്രാപിയെ(Prespolisന്റൈ കര്‍ത്താവ്)ക്കുറിച്ചും ഘോരഘോരം സംസാരിക്കുന്ന ഒരു സുഹൃത്തിനോട്, ഇതിനെപ്പററി ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞത് ഇറാനിലെ മുല്ലമാര്‍ എഴുതുന്നത് അതേപടി പകര്‍ത്തുകയാണ് ഫാത്വിമ കഷാവ്സിനെപ്പോലെയുള്ളവര്‍ ചെയ്യുന്നതെന്നാണ്. കൌതുകകരമായ വസ്തുത ഇതല്ല, ഈ സുഹൃത്ത് ആദ്യമായാണ് ഫാത്വിമ കഷാവ്സ് എന്നു കേള്‍ക്കുന്നതു തന്നെ. ഇങ്ങനെ 'ലിബറല്‍ അഹന്ത' പുലര്‍ത്തുന്ന നമ്മുടെ നാട്ടില്‍, മുക്താര്‍ മയിയും അയാന്‍ ഹിര്‍സി അലിയും ഒക്കെ നിരത്തുന്ന ഇരകളുടെ ആഖ്യാനങ്ങള്‍ അതിന്റെ രാഷ്ട്രീയ പരിസരങ്ങളില്‍നിന്നകറ്റി കാണുന്ന പ്രവണതയാണുള്ളത്. ഇത് വായനയുടെയും എഴുത്തിന്റെയും ലോകത്തെ നിര്‍ണയിക്കുന്ന അധികാര ഘടനയെ കാണുന്നില്ല.
മൊഹ്ജാ കഹ്ഫ്, ഫാത്വിമ കഷാവ്സ് ഇവരെ പോലെ ഒരൊറ്റ മുസ്ലിം സ്ത്രീ എഴുത്തുകാരെയും നമ്മുടെ മുഖ്യധാര കണ്ടിട്ടില്ല; കണ്ടാല്‍ തന്നെ കാര്യമായി എടുത്തിട്ടില്ല. മതേതര ലിബറല്‍ ലോകബോധത്തെ കാര്യമായെടുക്കാത്ത മുസ്ലിംകളെ മ്ളേഛരായി മാത്രമേ അവര്‍ക്ക് കാണാന്‍ കഴിയുന്നുള്ളൂവെന്നതാണ് ശരി. ലിബറലിസത്തിന്റെയും പടിഞ്ഞാറന്‍ യുക്തിയുടെയും പുറത്തു ജീവിക്കുന്ന മുസ്ലിംകളെ നാഗരികവിരുദ്ധരായും മ്ളേഛന്മാരായും മാത്രമേ ലിബറല്‍ ഫാഷിസ്റുകളും അവരുടെ സാമന്തന്മാരും കരുതിയിട്ടുള്ളൂ. അകം വ്യവഹാരങ്ങളുടെ ദൃക്സാക്ഷി വിവരണം നിര്‍വഹിക്കുന്ന മുസ്ലിംകളാകട്ടെ, തങ്ങളുടെ ലിബറല്‍ സത്യവാങ്മൂലം നിരന്തരം സമര്‍പ്പിച്ചുകൊണ്ടേയിരിക്കണം. പക്ഷേ, എഡ്വേര്‍ഡ് സൈദ് എന്നൊക്കെ ഉറക്കിലെണീറ്റു ഇവര്‍ പറയാറുണ്ട്.
ഈ പൊതു മാതൃകകളില്‍നിന്ന് വ്യത്യസ്തത അവകാശപ്പെടുന്ന നോവലാണ് ലൈല അബൂ ലൈലയുടെ 'ട്രാന്‍സ്ലേറ്റര്‍'. മിനാരെറ്റ്, കളേര്‍സ്, ലൈറ്റ്സ് തുടങ്ങിയ നോവലുകളുടെ രചയിതാവായ ലൈല 1964-ല്‍ സുഡാനിലെ ഖാര്‍തൂമില്‍ ജനിച്ചു. നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഈ നോവല്‍ നവാഗതര്‍ക്കുള്ള ഓറഞ്ച് പ്രൈസിന് പരിഗണിക്കപ്പെട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
തന്റെ വിശ്വാസത്തോടും ജീവിതത്തോടും അതിന്റെ മുഴുവന്‍ സങ്കീര്‍ണതകളോടെയും സത്യസന്ധത പുലര്‍ത്തുന്ന എഴുത്തുകാരിയാണ് ലൈല അബൂ ലൈല. സാധാരണ ഒരു മുസ്ലിമിന്റെ ജീവിത പരിസരമാണ് ഈ നോവലില്‍ അവര്‍ ഒരുക്കിയിട്ടുള്ളത്. തന്റെ മത ജീവിതത്തിന്റെ ആന്തരിക ബോധ്യങ്ങളോട് സത്യസന്ധത പുലര്‍ത്താന്‍ ലൈലക്ക് നോവലിലൂടെ കഴിയുന്നുണ്ട്.
സമ്മര്‍ എന്ന വിധവയായ സുഡാനീസ് യുവതി, റാഇ എന്ന മതേതരനായ ഇസ്ലാം വിദഗ്ധന്റെ വിവര്‍ത്തകയായി സ്കോട്ട്ലന്റില്‍ ജോലി ചെയ്യുന്നു. ഇവര്‍ തമ്മിലുള്ള ബന്ധം ഇസ്ലാമിനെക്കുറിച്ചും സമകാലിക ലോകത്തെക്കുറിച്ചുമുള്ള സംവാദത്തിലൂടെ വികസിക്കുന്നതായിരുന്നു. ഇസ്ലാമിനെക്കുറിച്ച് വിദ്വേഷം പുലര്‍ത്തുന്ന ഒരു എഴുത്തുകാരനല്ല, മറിച്ച് ഇസ്ലാമിനെ കുറിച്ച് നിലനിര്‍ത്തുന്ന വാര്‍പ്പുമാതൃകകളെ ധീരമായി ചോദ്യം ചെയ്യുന്നയാളാണ് റാഇ.
ഇസ്ലാമിന് അനുകൂലമായി നിലപാടെടുത്തതിനാല്‍ തന്റെ നാട്ടില്‍നിന്നു തന്നെ അയാള്‍ക്ക് നിരവധി ഭീഷണികള്‍ വന്നുകൊണ്ടിരിക്കുന്നു. ഈ ഭീഷണി ഒന്നുംതന്നെ അയാളെ തന്റെ നിലപാടില്‍നിന്ന് പിന്തിരിപ്പിക്കുന്നില്ല.
സുഡാനില്‍വെച്ച് കാറപകടത്തില്‍ കൊല്ലപ്പെട്ട ഭര്‍ത്താവ് താരിഖിന്റെ വിയോഗം സമ്മറിനെ തളര്‍ത്തി. അവള്‍ ഏകാകിയും വിഷാദത്തിനടിമയുമായി മാറിയിരുന്നു. എന്നാല്‍ സമ്മര്‍ പറയുന്നത് അക്കാലത്തെ തന്നെ രക്ഷിച്ചത്, നോര്‍മലാക്കി നിര്‍ത്തിയത് അഞ്ചു നേരത്തെ നമസ്കാരമായിരുന്നുവെന്നാണ്. എല്ലാ അബ്നോര്‍മാലിറ്റികളെയും മറികടക്കാന്‍ തന്നെ സഹായിച്ചത്, പാശ്ചാത്യ ഭാവന അബ്നോര്‍മലായി കാണുന്ന ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിലൊന്നായ നമസ്കാരമായിരുന്നുവെന്നാണ്. ഇതേ സന്ദര്‍ഭം തന്നെ ഒര്‍ഹാന്‍ പാമുകിന്റെ 'മഞ്ഞി'(ടിീം)ലും കാണാം. അവിടെ 'കാ' എന്ന നായക കഥാപാത്രം എല്ലായ്പ്പോഴും വിഷാദത്തെ പ്രതീക്ഷിക്കുന്നവനാണ്. നിരന്തരം വിഷാദത്തിന്റെ നിഴലില്‍ കഴിയുന്ന 'കാ' ഒരിക്കല്‍ തന്റെ യാത്രക്കിടെ പള്ളിയുടെ മുമ്പില്‍ എത്തുന്നു. പള്ളിയില്‍ നമസ്കാരം നിര്‍വഹിച്ചുവരുന്നവരുടെ മുഖത്തെ പ്രശാന്തത കണ്ട് 'കാ' അന്ധാളിച്ചു നില്‍ക്കുന്നതായി നാം കാണുന്നു. ഇവിടെ പാമുകില്‍നിന്ന് ലൈല ചില വ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്.
ലൈല അബൂ ലൈല പാമുകില്‍നിന്ന് വ്യത്യസ്തയാവുന്നത് ഇസ്ലാമിന്റെ പ്രശാന്തതയെക്കുറിച്ച് പടിഞ്ഞാറിനോട് പറഞ്ഞുകൊണ്ട് മാത്രമല്ല, മറിച്ച് അതിനെ തന്റെ അനുഭവ ജീവിതത്തിന്റെ ഭാഗമാക്കി കൂടിയാണ്. ഉത്തരഘടനാവാദത്തിന്റെ പക്ഷത്തുനിന്നുള്ള അധികാരത്തോടുള്ള കേവല നിരൂപണ ശൈലിയല്ല നമ്മുടെ കാലം ആവശ്യപ്പെടുന്നത്. മറിച്ച്, തിരിച്ചു പറയലിന്റെ (Speaking back) കാലഘട്ടമാണിതെന്ന് ഹാമിദ് ദബാശി Post Orientalism എന്ന തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. ഇങ്ങനെ Speaking back to Power എന്ന ഒരു ഉത്തര ഓറിയന്റലിസ്റ് സമീപനമാണിവിടെ ലൈല അബൂ ലൈല പുലര്‍ത്തുന്നത്.
ഇസ്ലാമിനെക്കുറിച്ച് മുസ്ലിംകള്‍ പറയുന്നത് കേള്‍ക്കുക, അത് അവരുടെ സവിശേഷ സാഹചര്യമാണ്. അതവിടെ ശരിയാണ്; പടിഞ്ഞാറന്‍ യുക്തിക്കത് മനസ്സിലാവില്ല. ഇങ്ങനെ ചിന്തിക്കുന്ന റാഇയോട് തന്നെ വിവാഹം കഴിക്കാന്‍ സമ്മര്‍ ആവശ്യപ്പെടുന്നു. അത് റാഇ നിരാകരിക്കുന്നു. നേരത്തെ പറഞ്ഞ കാരണങ്ങളായിരുന്നു അയാള്‍ നിരത്തിയത്. ഇവിടെ സമ്മര്‍ മനസ്സിലാക്കുന്നത് മറ്റൊരു കാരണമാണ്. ഒരാള്‍ വിശ്വാസം സ്വീകരിക്കുന്നത് മറ്റൊരാളുമായുള്ള പ്രേമത്താലല്ല, മറിച്ച് തന്റെതന്നെ സ്വയം ബോധ്യത്താലാവണമെന്ന പ്രവാചക പാഠം താന്‍ വിസ്മരിച്ചിരിക്കുന്നു. അതിനാല്‍ റാഇയോട് വളരെയധികം ഭൌതികപരതയുള്ള ബന്ധമാണ് കാത്തുസൂക്ഷിച്ചതെന്ന് അവള്‍ സ്വയം മനസ്സിലാക്കുന്നു, പശ്ചാത്തപിക്കുന്നു.
സമ്മര്‍ നാട്ടിലേക്ക് മടങ്ങുന്നു. അവിടെ ഭര്‍ത്താവിന്റെ ഉമ്മയോടൊത്ത് കഴിഞ്ഞുവരുന്നതിനിടെ മറ്റൊരു സുഹൃത്ത് മുഖേന റാഇ ഇസ്ലാമിലേക്ക് പ്രവേശിച്ചതായി മനസ്സിലാക്കുന്നു. ഇങ്ങനെ നമുക്ക് പരിചിതമായ കഥാസന്ദര്‍ഭങ്ങള്‍ തന്നെയാണ് നോവലിലുടനീളം നിറഞ്ഞുനില്‍ക്കുന്നത്.
ഈ നോവലിലുടനീളം നിറഞ്ഞുനില്‍ക്കുന്ന വൈകാരിക സന്ദര്‍ഭങ്ങള്‍ ദൈനംദിന മുസ്ലിം ജീവിതത്തിന്റെ ആഴങ്ങളില്‍നിന്ന് രൂപപ്പെട്ടതാണ്. ഇങ്ങനെ മുസ്ലിം ജീവിതത്തിന്റെ സങ്കീര്‍ണതകളെ അടയാളപ്പെടുത്തുക എന്ന വളരെ പ്രധാനപ്പെട്ട സമകാലിക രാഷ്ട്രീയ പ്രതിനിധാനം ഈ നോവല്‍ ഉള്‍വഹിക്കുന്നുണ്ട്.
പെണ്ണെഴുത്തുകളെ കുറിച്ച് പൊതുവെ ആണ്‍ വിമര്‍ശകര്‍ എഴുതുന്നത്, അവര്‍ (സ്ത്രീകള്‍) എപ്പോഴും വൈകാരികതയുടെ പ്രശ്നങ്ങളിലാണുള്ളതെന്നാണ്. ഈ വിമര്‍ശത്തെ നിരവധി സ്ത്രീ ചിന്തകര്‍ തന്നെ ഖണ്ഡിച്ചിട്ടുണ്ട്. ഈയൊരു വീക്ഷണകോണില്‍നിന്ന് വായിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഈ നോവലിന് മഹത്വമുണ്ട്. വിഖ്യാത ആഫ്രിക്കന്‍ എഴുത്തുകാരനായ ത്വയ്യിബ് സ്വാലിഹിനെയൊന്നും നമ്മള്‍ ലൈലാ അബൂ ലൈലയില്‍ പ്രതീക്ഷിക്കരുത്. പക്ഷേ, ലൈലയുടെ എഴുത്തിന് സാങ്കേതികത്തികവിനും ആണുങ്ങള്‍ നിശ്ചയിച്ച സൌന്ദര്യാനുഭൂതികള്‍ക്കുമപ്പുറം ജീവിതബോധ്യങ്ങളുടെ ആഴമുണ്ട് എന്ന് നമുക്ക് മനസ്സിലാകും.
The Translator- Leila Aboo Leila

 
© Prabodhanam weekly, Kerala