'മുസ്‌ലിം മതം' പ്രവാചകന്‍ മുഹമ്മദ് സ്ഥാപിച്ച മതമാണെന്നും വിശുദ്ധ ഖുര്‍ആന്‍ പ്രവാചകനാല്‍ രചിക്കപ്പെട്ട ഗ്രന്ഥമാണെന്നും മുഹമ്മദ് ലോക മുസ്‌ലിംകളുടെ ആരാധ്യ പുരുഷനാണെന്നും വിശ്വസിക്കുന്ന ധാരാളം ആളുകള്‍ നമ്മുടെ അടുത്ത സുഹൃത്തുക്കളില്‍ പോലുമുണ്ടെന്നത് സത്യമല്ലേ? 'ജിഹാദ്' എന്ന പദം ഇപ്പോള്‍ ഭീകരതയുടെ പര്യായമാണ്. 'ലൗ ജിഹാദ്' അടുത്ത കാലത്തുയര്‍ത്തിയ പുക്കാറുകള്‍ മറക്കാറായിട്ടില്ല. ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിം ജനസമൂഹത്തെക്കുറിച്ചും ശുദ്ധ മതേതര ചിന്താഗതിക്കാരായ നിഷ്പക്ഷമതികളില്‍പോലും ധാരണകളെക്കാളുപരി തെറ്റിദ്ധാരണകള്‍ നാള്‍ക്കുനാള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലമാണിത്.
മുഖ്യധാരാ മാധ്യമങ്ങള്‍ ഇത്തരം തെറ്റിദ്ധാരണ പരത്തുന്നതില്‍ അറിഞ്ഞോ അറിയാതെയോ അവയുടേതായ പങ്കു വഹിക്കുന്നു. പില്‍ക്കാലത്ത് തെറ്റാണെന്നു വ്യക്തമായ കാര്യങ്ങള്‍ക്കു പോലും തിരുത്തുകൊടുക്കുന്നതില്‍ അവ കുറ്റകരമായ അനാസ്ഥ കാണിക്കുന്നു. ഈ സാഹചര്യത്തില്‍ ഇസ്‌ലാമിന്റെ യഥാര്‍ഥ സന്ദേശം മുസ്‌ലിംകളല്ലാത്ത സഹോദരങ്ങളിലെത്തിക്കാനും അവരുടെ തെറ്റിദ്ധാരണകളകറ്റാനും തന്നാലാകുന്നത് ചെയ്യുകയെന്നത് ഓരോ മുസ്‌ലിമിന്റെയും ബാധ്യതയാണ്. ഇക്കാര്യത്തില്‍ ഇതര മാധ്യമങ്ങളുടെ സഹകരണം പ്രതിലോമകരമോ പരിമിതമോ ആകുമ്പോള്‍ സൈബര്‍ ലോകത്തിന്റെ അതിരുകളും വിലക്കുകളുമില്ലാത്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിന് വര്‍ധിച്ച പ്രസക്തിയുണ്ട്. ഈ തിരിച്ചറിവില്‍നിന്നാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ഡയലോഗ് സെന്റര്‍ കേരള പ്രായോജകരായ http://islammalayalam.net എന്ന വെബ്‌സൈറ്റ് പിറവിയെടുക്കുന്നത്.
സൈറ്റിന്റെ മുഖപ്പേജ് തുറക്കുമ്പോള്‍ ഇടതുഭാഗത്ത് ഇസ്‌ലാമിനെക്കുറിച്ച് പ്രാഥമിക അറിവുകള്‍ പോലുമില്ലാത്ത വ്യക്തിക്ക് വളരെ ചുരുങ്ങിയ വാക്കുകളില്‍ ഇസ്‌ലാം, ഖുര്‍ആന്‍, പ്രവാചകന്‍ എന്നിവ ലളിതമായി പരിചയപ്പെടുത്തുന്ന മൂന്നു ലിങ്കുകള്‍ ആദ്യം ശ്രദ്ധയില്‍ പെടും. തൊട്ടു മുകളില്‍ കാണുന്ന വിശ്വാസം, അനുഷ്ഠാനം, ജീവിതം തുടങ്ങിയ ലിങ്കുകളും തുടക്കക്കാരെ ഉദ്ദേശിച്ചു തന്നെയുള്ളവയാണ്. ഇസ്‌ലാമിനെക്കുറിച്ചുള്ള അടിസ്ഥാനപരമായ കാര്യങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന അമുസ്‌ലിം സുഹൃത്തുക്കള്‍ക്കു മാത്രമല്ല അക്കാര്യങ്ങള്‍ ചുരുങ്ങിയ വാക്കുകളില്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാനാഗ്രഹിക്കുന്ന ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്കും ഒരു 'ക്വിക് റഫറന്‍സ്' എന്ന നിലയില്‍ മേല്‍പറഞ്ഞ മൂന്നു ലിങ്കുകളിലെ വിവരങ്ങള്‍ ഏറെ പ്രയോജനപ്പെടും.
ഇസ്‌ലാമിനെ ഇതരമതസ്ഥരായ സുഹൃത്തുക്കളുടെ വീക്ഷണത്തിലൂടെ നോക്കിക്കാണാന്‍ 'ഇസ്‌ലാം വായന' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി. മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍ മുതല്‍ ഖുശ്‌വന്ത് സിംഗ്, വി.ആര്‍ കൃഷ്ണയ്യര്‍, സ്വാമി അഗ്നിവേശ്, സക്കറിയ, എം.ഡി നാലപ്പാട്ട്, സ്വാമി ശിവാനന്ദ സരസ്വതി, ബി.എസ് പാണ്ഡെ, രാംപുനിയാനി, കെ.പി രാമനുണ്ണി, വാണിദാസ് എളയാവൂര്‍, വയലാര്‍ ഗോപകുമാര്‍, കെ.ജി രാഘവന്‍ നായര്‍, യു.കെ കുമാരന്‍, ബാലചന്ദ്രന്‍ വടക്കേടത്ത്, ദേവദത്ത് ജി. പുറക്കാട്, ജയമോഹന്‍, പ്രഫ. എ.കെ രാമകൃഷ്ണന്‍, അഡ്വ. പ്രേംദാസ് സ്വാമി ദാസ് യഹൂദി തുടങ്ങി പ്രഗത്ഭരുടെ പ്രൗഢ ഗംഭീരങ്ങളായ ലേഖനങ്ങളും കവിതകളും ഈ ലിങ്കിലൂടെ വായിക്കാം.
മുഖപ്പേജിന്റെ മധ്യഭാഗം ഇസ്‌ലാമിക ലോകത്തെ മുഖ്യ വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ ലഭ്യമാക്കത്തക്കവിധം സജ്ജീകരിച്ചിരിക്കുന്നു. എന്നാല്‍ അവയുടെ വിശദാംശങ്ങളിലേക്കു നേരിട്ടു കടക്കാന്‍ മുകള്‍ഭാഗത്തു കാണുന്ന 'വാര്‍ത്തകള്‍' എന്ന ലിങ്കില്‍ ക്ലിക് ചെയ്യണം. അനുബന്ധ ലിങ്കായ 'ഗാലറി'യിലൂടെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും പുറമെ ഇസ്‌ലാമിക വിഷയങ്ങളുമായി ബന്ധപ്പെട്ട പി.ഡി.എഫ് ഫോര്‍മാറ്റിലുള്ള നിരവധി ഇ-ബുക്കുകളും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഇസ്‌ലാമിനെ കുറിച്ച് ഉന്നയിക്കപ്പെടാറുള്ള ഒട്ടേറെ സംശയങ്ങള്‍ക്ക് ആധികാരിക വിശദീകരണമാണ് 'ചോദ്യോത്തരം' എന്ന മെനുവില്‍ ഒരുക്കിയിരിക്കുന്നത്.
ലളിതമായി ഒരുക്കപ്പെട്ടിട്ടുള്ള http://islammalayalam.net േവായനക്കാര്‍ക്ക് ആയാസരഹിതമായി നാവിഗേറ്റ് ചെയ്യത്തക്ക രീതിയിലാണ്. ചെറിയ ന്യൂനതകളൊഴിച്ചാല്‍ സൈറ്റിലെ വിവര വിന്യാസത്തിന്റെ രീതി കിടയറ്റതുതന്നെ.
സൈറ്റിന്റെ പ്രായോജകരെക്കുറിച്ച് അവരുടെതന്നെ വാക്കുകളില്‍: 'കേരളത്തിലെ വിവിധ സമുദായങ്ങള്‍ക്കിടയിലും വ്യത്യസ്ത വീക്ഷണഗതിക്കാര്‍ക്കിടയിലും നിലനില്‍ക്കുന്ന അകല്‍ച്ചയും തെറ്റിദ്ധാരണയും അകറ്റി പരസ്പര സഹകരണവും സൗഹാര്‍ദവും വളര്‍ത്തിയെടുക്കുന്നതിനു വേണ്ടി 1999ല്‍ രൂപീകൃതമായ വേദിയാണ് ഡയലോഗ് സെന്റര്‍ കേരള. സ്‌നേഹത്തിലും പരസ്പര സഹകരണത്തിലും സൗഹാര്‍ദത്തിലും ഗുണകാംക്ഷയിലും അധിഷ്ഠിതമായ മുഖാമുഖങ്ങളും ചര്‍ച്ചകളും സെമിനാറുകളും സംവാദങ്ങളും സംഘടിപ്പിക്കുന്നതോടൊപ്പം ഉത്തമ ഗ്രന്ഥങ്ങളും ഡയലോഗ് സെന്റര്‍ കേരള തയാറാക്കി വരുന്നു.'